Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിശ്വാസയോഗ്യനായ...

വിശ്വാസയോഗ്യനായ പിടികിട്ടാപ്പുള്ളി

text_fields
bookmark_border
വിശ്വാസയോഗ്യനായ പിടികിട്ടാപ്പുള്ളി
cancel

പിടികിട്ടാപ്പുള്ളിയെ വിശ്വസിക്കണോ, മന്ത്രിയെ വിശ്വസിക്കണോ? വിജയ് മല്യയുടെ വെളിപ്പെടുത്തലും അരുൺ ജെയ്​റ് റ്​ലിയുടെ വിശദീകരണവും പുറത്തുവരുേമ്പാൾ സാധാരണ നിലക്കാണെങ്കിൽ തട്ടിപ്പുകാരൻ ഒറ്റപ്പെടുകയും ഭരണകർത്താവി​​െൻറ വാക്കുകൾ ആധികാരികമായി മാറുകയും ചെയ്തേനെ. എന്നാൽ, മല്യയുടെ വാക്കുകൾ തള്ളിക്കളയാനും മന്ത്രിയുടെ വാക്കുകൾ അതേപടി വിഴുങ്ങാനും പൊതുസമൂഹം തയാറാകുന്നില്ല. അത് മല്യയുടെ നേട്ടമല്ല. പക്ഷേ, അരുൺ ജെയ്​റ്റ്​ലിയുടെ പരാജയമാണ്.
2016 മാർച്ച് രണ്ടിന് മദ്യവ്യവസായിയും കിങ്ഫിഷർ എയർലൈൻസ് ഉടമയുമൊക്കെയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നു. രാജ്യസഭാംഗമായ മല്യ അതിനു തലേന്ന് പാർലമ​​െൻറിൽ വന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹാജരാക്കിയ സാക്ഷിയും രാജ്യസഭാംഗവുമായ പി.എൽ. പുനിയ പറയുന്നതനുസരിച്ച് സെൻട്രൽ ഹാളിൽ ഇരുന്നും മാറിനിന്നുമായി 15 മിനിറ്റിൽ കുറയാതെ ജെയ്​റ്റ്​ലിയും മല്യയും സ്വകാര്യം പറഞ്ഞു. മല്യയുമായി സംസാരിച്ചില്ലെന്ന് ജെയ്​റ്റ്​ലി പറയുന്നില്ല. സെൻട്രൽ ഹാളിൽനിന്ന് സ്വന്തം ഒാഫിസിലേക്ക് പോകുേമ്പാൾ മല്യ തിരക്കിട്ട്​ പിറകെ വന്നു. കടം തിരിച്ചടക്കുന്ന കാര്യത്തിൽ ബാങ്കുകളുമായുള്ള തർക്കം ഒത്തുതീർക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞു. ബാങ്കുകളുമായി അക്കാര്യം സംസാരിക്കുക എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് താൻ ചെയ്തത്. നാളെ ലണ്ടനിലേക്ക് പോകുന്നുവെന്ന് മല്യ പറഞ്ഞ കാര്യം ജെയ്​റ്റ്​ലി ശരിവെക്കുകയും ചെയ്യുന്നു.

ഇക്കാര്യം മല്യയാണ്, മന്ത്രിയല്ല ആദ്യം വെളിപ്പെടുത്തിയത്. ജെയ്​റ്റ്​ലിയുടെ വിശ്വാസ്യത ചോർന്നുപോകുന്നത് അവിടെയാണ്. ഒരു സ്വകാര്യ സംഭാഷണം നാട്ടുകാരോട് വെളിപ്പെടുത്തേണ്ട കാര്യം മന്ത്രിക്കില്ല. എന്നാൽ, മല്യയുമായുള്ള ഇൗ സംഭാഷണം കഴിഞ്ഞ രണ്ടര വർഷമായി ധനമന്ത്രി മറച്ചുപിടിച്ചു. പിടികിട്ടാപ്പുള്ളി രാജ്യംവിട്ട പ്രശ്നം പലവട്ടം പാർലമ​​െൻറിൽ ഉയർന്നുവന്നിട്ടുണ്ട്. അപ്പോഴൊന്നും ജെയ്​റ്റ്​ലി ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. ലണ്ടനിലേക്ക് പോകുന്ന കാര്യം മന്ത്രി മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന യാഥാർഥ്യവും അതിനൊപ്പം മറച്ചുവെച്ചു. പിടികിട്ടാപ്പുള്ളിയുടെ വാക്കുകൾക്ക് കൂടുതൽ വിശ്വാസ്യത വരുകയും മന്ത്രി സംശയത്തി​​െൻറ പ്രതിക്കൂട്ടിലാവുകയും ചെയ്യുന്നതി​​െൻറ കാരണവും അതുതന്നെ.

എന്തുകൊണ്ട് മന്ത്രി മറച്ചുപിടിച്ചു? 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ സ്​റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അടക്കം ഒരു ഡസൻ ബാങ്കുകളുടെ കൺസോർട്യത്തെ ചതിച്ച ഒരാളാണ് ലണ്ടനിലേക്ക് പോകുന്ന കാര്യം മന്ത്രിയോട് പറഞ്ഞത്. വായ്പയുടെ കാര്യം ഒത്തുതീർപ്പാക്കുന്ന കാര്യം ബാങ്കുകാരോടാണ് സംസാരിക്കേണ്ടതെന്ന് മല്യയോട് പറയാൻ തക്ക നിയമബോധം കാണിച്ചപ്പോൾതന്നെ, മല്യ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് കിട്ടിയ സൂചന അന്വേഷണ ഏജൻസികളുമായി പങ്കുവെക്കാതിരുന്നത് എന്തുകൊണ്ട്? എൻഫോഴ്സ്മ​​െൻറ് ഡയറക്ടറേറ്റാക​െട്ട, ധനമന്ത്രിയുടെ കീഴിൽ വരുന്ന അന്വേഷണ വിഭാഗമാണ്. സർക്കാറുമായി ഒത്തുകളിച്ചാണ് മല്യ രാജ്യം വിട്ടതെന്ന ആരോപണങ്ങൾക്ക് കനംവെക്കുന്ന വസ്തുതകളാണ് ഇതെല്ലാം.

ബാങ്കുകളുടെ കൺസോർട്യത്തെ നയിക്കുന്ന സ്​റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ ദിവസങ്ങൾക്കു മുേമ്പ മുന്നറിയിപ്പു നൽകിയതാണ്. പാസ്പോർട്ട് പിടിച്ചെടുക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പിൽ ഉണ്ടായിരുന്നു. ബാങ്ക് നടപടിയൊന്നും എടുത്തില്ല. വിശ്വസിക്കാവുന്ന ബിസിനസുകാരനും സർവോപരി രാജ്യസഭാംഗവുമായ ഒരാൾ രാജ്യത്തെ കബളിപ്പിച്ച് കടന്നുകളയുമെന്ന് വിചാരിച്ചില്ലെന്ന് അന്വേഷണ ഏജൻസികൾ വാദിക്കുന്നുണ്ട്. നേരത്തേയും മല്യ ഇങ്ങനെ പോയിട്ടുണ്ട് എന്നത് ഉപോദ്​ബലകമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വിമാനത്താവളങ്ങളിൽ മല്യ എത്തിയാൽ യാത്ര തടയുന്നതിനുള്ള ലുക്ക്ഒൗട്ട് നോട്ടീസി​​െൻറ വ്യവസ്ഥകളിൽ ഇളവ് നൽകിയത് അന്വേഷണ ഏജൻസികൾ നടത്തിയ മറ്റൊരു തിരിമറിയായി. മല്യ എത്തിയാൽ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ ഭേദഗതി. മാർച്ച് രണ്ടിന് പതിവിൽക്കവിഞ്ഞ ലഗേജുകളുമായാണ് മല്യ മുംബൈയിൽനിന്ന് ലണ്ടനിലേക്ക് പറന്നത്. സംശയങ്ങൾ േബാധപൂർവം വഴിമാറി.

സെമിനാറിൽ പെ​െങ്കടുക്കാൻ ലണ്ടനിലേക്ക് പുറപ്പെട്ട ഗ്രീൻപീസ് പ്രവർത്തകയും മലയാളിയുമായ പ്രിയ പിള്ളയെ വിമാനത്തിൽനിന്ന് പിടിച്ചിറക്കുന്നതിൽ രഹസ്യാന്വേഷണ ഏജൻസികൾ കാണിച്ച ശുഷ്കാന്തിയുമായി ചേർത്തുവെക്കുേമ്പാഴാണ് മല്യ രക്ഷപ്പെട്ടത് ആരും അറിയാതെയാണോ എന്ന സംശയം ബലപ്പെടുക. രാജ്യതാൽപര്യത്തിനു വിരുദ്ധമായി പ്രസംഗിച്ചേക്കാമെന്ന സംശയത്തി​​െൻറ പേരിലായിരുന്നു ആ പിടിച്ചിറക്കൽ. മല്യയോ, ഭരണകൂട സംവിധാനങ്ങളെ കബളിപ്പിച്ച് ഒരിക്കലും തിരിച്ചുവരാത്ത വിധം രക്ഷപ്പെട്ടു കളഞ്ഞേക്കാവുന്ന സാമ്പത്തിക ക്രമക്കേടുകാരൻ.

ഇന്ന് ജെയ്​റ്റ്​ലിയെ പ്രശ്നക്കുരുക്കിൽനിന്ന് ഉൗരിയെടുക്കാനുള്ള ശ്രമത്തിൽ സഹമന്ത്രിമാരും ബി.ജെ.പിയും കോൺഗ്രസിനു നേരെ ആരോപണങ്ങളുടെ കുന്തമുന തിരിക്കുകയാണ്. മല്യക്ക് വഴിവിട്ട രീതിയിൽ വായ്പ തരപ്പെടുത്തിയതും അതി​​െൻറ തിരിച്ചടവ് പുനഃക്രമീകരിച്ചതുമൊക്കെ യു.പി.എ സർക്കാറി​​െൻറ കാലത്താണെന്ന് അവർ വാദിക്കുന്നു. ബി.ജെ.പി മാത്രമല്ല കോൺഗ്രസും മല്യക്ക് വഴിവിട്ട സഹായം ചെയ്തു എന്നത് യാഥാർഥ്യം മാത്രം. പക്ഷേ, രാജ്യം വിട്ടതെങ്ങനെ എന്ന ചോദ്യത്തിന്, ലോൺ നൽകിയത് കോൺഗ്രസ് എന്നു മറുപടി പറഞ്ഞാൽ മതിയാവില്ല. മല്യ വിദേശത്തേക്ക് കടക്കുന്നത് ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി മുൻകൂട്ടി അറിഞ്ഞു, തടയാൻ നടപടി സ്വീകരിക്കേണ്ടിടത്ത് വിവരം മറച്ചുപിടിച്ച് ഒത്താശ ചെയ്തു, മല്യ പുറത്തു പറയുന്നതു വരെയുള്ള രണ്ടര വർഷം പാർലമ​​െൻറിൽനിന്നു പോലും മറച്ചുവെച്ചു എന്ന കാതലായ ചോദ്യത്തിനാണ് മറുപടി വേണ്ടത്.

മല്യ ലണ്ടനിലേക്ക് കടന്നത് രണ്ടര വർഷം മുമ്പ് വിവാദമായപ്പോൾ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പാർലമ​​െൻറിൽ പലവട്ടം വിശദീകരണ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കടബാധ്യതയിൽ ഒത്തുതീർപ്പു വേണമെന്ന് ആവശ്യപ്പെട്ട് മല്യ പിറകെ കൂടിയതോ, ലണ്ടനിലേക്ക് പോകുന്നതായി പറഞ്ഞതോ ഒന്നും ജെയ്​റ്റ്​ലി അന്നേരം പറഞ്ഞിട്ടില്ല. സഭാ രേഖകൾതന്നെ അതിനു തെളിവ്. ഒരു സാദാ പരാമർശത്തിലൂടെ ഇന്നത്തെ സ്ഥിതി അദ്ദേഹത്തിന് അന്ന് അനായാസം മാറ്റിയെടുക്കാമായിരുന്നു. പക്ഷേ, മല്യ ഇങ്ങനെ കെണിവെക്കുമെന്ന് ജെയ്​റ്റ്​ലി കരുതിയിട്ടുണ്ടാവില്ല. അതിലേറെ, ജെയ്​റ്റ്​ലിയുടെ മാത്രം ഒത്താശയാണ് മല്യക്ക് കിട്ടിയതെന്ന് കരുതാനുമാവില്ല. മല്യ വളർന്നത് അങ്ങനെയാണ്. കോൺഗ്രസും ബി.ജെ.പിയും മറ്റു പല പാർട്ടികളും മദ്യരാജാവിനു മുന്നിൽ ഒാച്ചാനിച്ചുനിന്ന ഒരു കാലമുണ്ട്്. ഇപ്പോൾ മാത്രമാണ് മല്യയെ ക്രിമിനൽ എന്നു വിളിക്കാൻ ചിലർക്കെങ്കിലും നാവു പൊങ്ങുന്നത്. ഗൂഢബന്ധങ്ങളുള്ള ഒരു മദ്യവ്യവസായി രണ്ടുവട്ടം പാർലമ​​െൻറ് അംഗമായതെങ്ങനെ? 2002ൽ ജനതാദൾ^എസും കോൺഗ്രസും ഒത്തുപിടിച്ചാണ് സ്വതന്ത്ര ലേബലിൽ മല്യയെ രാജ്യസഭയിൽ എത്തിച്ചത്. 2010ൽ ജനതാദൾ^എസും ബി.ജെ.പിയുമാണ് മല്യയെ സഹായിച്ചത്. മല്യയുടെ ലുക്ക്ഒൗട്ട് നോട്ടീസ് ലഘൂകരിച്ചതിന് ധനമന്ത്രാലയത്തിനു നേരെ കുന്തമുന നീട്ടുന്ന ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമിയുടെ ജനത പാർട്ടിയിൽ 2010 വരെ അഖിലേന്ത്യ വർക്കിങ് പ്രസിഡൻറായിരുന്നു മല്യ. സഹസ്രകോടികളുടെ ബാങ്ക് വായ്പയുടെ ബലമുള്ള വ്യവസായ സാമ്രാജ്യം ധൂർത്തടിച്ചു നശിപ്പിച്ചതിനൊടുവിൽ രാജ്യത്തെ കബളിപ്പിച്ചു കടന്ന മല്യയെ രാജ്യസഭ പുറത്താക്കുകയല്ല, മല്യ രാജ്യസഭയിൽനിന്ന് രാജിവെക്കുകയാണ് ഉണ്ടായതെന്നും ഒാർക്കണം.

വ്യവസായികൾ പാർലമ​​െൻറിൽ എത്തുക മാത്രമല്ല, നിയന്ത്രിക്കുകയും ചെയ്യുന്നു. കിങ്ഫിഷർ എയർലൈൻസി​​െൻറ ഉടമയായിരിക്കേതന്നെയാണ് വിജയ് മല്യ പാർലമ​​െൻറി​​െൻറ വ്യോമയാന കൂടിയാലോചന സമിതിയിലും വാണിജ്യകാര്യ സ്ഥിരംസമിതിയിലും അംഗമായി പ്രവർത്തിച്ചത്. സ്വന്തം വ്യവസായ താൽപര്യങ്ങൾ എങ്ങനെ പാർലമ​​െൻറിനുള്ളിലേക്ക് കടത്തിയെന്നതി​​െൻറ പ്രത്യക്ഷ ഉദാഹരണങ്ങൾ പലതാണ്. വിമാനക്കമ്പനികളിൽ പ്രത്യക്ഷ വിദേശ നിക്ഷേപം കൂടുതലായി സ്വീകരിക്കണം, വിമാനങ്ങളിൽ ബിയർ വിളമ്പണം എന്നൊക്കെ മല്യ ഇൗ സമിതികൾ വഴി ആവശ്യപ്പെട്ടു. മല്യ മാത്രമല്ല, വ്യവസായി എം.പിമാരുടെ പട്ടികയിൽ ടി. സുബ്ബരാമി റെഡ്​ഡി, എൽ. രാജഗോപാൽ, നമ നാഗേശ്വർ റാവു, ശ്യാം ചരൺ ഗുപ്ത എന്നിങ്ങനെ നിരവധി പേരുണ്ട്; ഉണ്ടായിരുന്നിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ അപകടകാരികളാണെന്ന പരസ്യം പാക്കറ്റി​​െൻറ 85 ശതമാനം ഭാഗത്തു കൊടുക്കണമെന്ന നിർദേശത്തിന് ഉടക്കിട്ടത് ബീഡി രാജാവായ ശ്യാംചരൺ ഗുപ്തയാണ്.

ഇങ്ങനെ പൊതുതാൽപര്യത്തിന് നിരക്കാത്ത വ്യവസായ താൽപര്യങ്ങൾ പാർലമ​​െൻറിനെ ഭരിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നേരിട്ട് വരേണ്ടതില്ലാത്ത അംബാനി, അദാനിമാരുടെ പിൻസീറ്റ് ഡ്രൈവിങ്ങി​​െൻറ കഥ അതു വേറെ. സ്വന്തം വ്യവസായ സാമ്രാജ്യത്തിനു വേണ്ടി പാർലമ​​െൻറിനെയും ജനപ്രതിനിധികളെയും ഭരണകൂടത്തെയും ദുരുപയോഗിക്കുക എന്നതാണ് ജനാധിപത്യംകൊണ്ട് അത്തരക്കാർക്കുള്ള നേട്ടം. അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവർക്ക് പൊതുസമൂഹത്തിനു മുന്നിൽ പിടികിട്ടാപ്പുള്ളിയുടെ വിശ്വാസ്യത പോലും ഉണ്ടായിയെന്നു വരില്ല. അതാണ് പുതിയ മല്യ എപ്പിസോഡ് വിളിച്ചുപറയുന്നത്.

Show Full Article
TAGS:Vijay Mallya arun jaitily OPNION malayalam news 
News Summary - Article about vijay mallya-Opnion
Next Story