Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനഷ്ടതാരകമായി സഞ്ജു;...

നഷ്ടതാരകമായി സഞ്ജു; നാടകം കളിയുമായി ബി.സി.സിഐ

text_fields
bookmark_border
Sanju Samson
cancel

രോ കളിയിലും പുതിയൊരു നാടകം പിറവികൊള്ളുന്നുവെന്നാണ് ക്രിക്കറ്റിനെക്കുറിച്ച് ഹരോൾഡ് പിന്റർ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റിൽ നാടകം കളിക്കുമുന്നേ തുടങ്ങും. ബി.സി.സി.ഐയുടെ ടീം തിരഞ്ഞെടുപ്പുപോലും ലക്ഷണമൊത്തൊരു നാടകമാണ്. അടുത്തകാലത്തായി ആ നാടകത്തിലെ ദുരന്തനായകനാവാനാണ് സഞ്ജു സാംസൺ എന്ന മലയാളിയുടെ നിയോഗം. ഭാഗ്യ-നിർഭാഗ്യങ്ങളുടെ കളിയായ ക്രിക്കറ്റിൽ പരിക്കില്ലാതെ മുന്നോട്ടുപോകണമെങ്കിൽ പ്രതിഭ മാത്രം പോരാ, അൽപം ഭാഗ്യംകൂടി വേണം. എന്നാലും സഞ്ജുവിന്‍റെ ഭാഗ്യക്കേട് ചില്ലറയല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐ.പി.എല്ലിലുമൊക്കെ ഏറെ മിന്നിത്തിളങ്ങിയിട്ടെന്ത്? ദേശീയ ടീം പ്രഖ്യാപിക്കുമ്പോൾ കെട്ടിയാടാൻ ഔട്ട് സൈഡറുടെ വേഷമാണ് അധികൃതർ നൽകുക. അപൂർവമായി നീല ജഴ്സി സമ്മാനിക്കപ്പെട്ടാൽ അത്യപൂർവ സന്ദർഭങ്ങളിലൊഴികെ ബാക്കി എല്ലായ്പ്പോഴും സൈഡ് ബെഞ്ചുതന്നെ ശരണം.

ഏഴു വർഷമായി തുടരുന്ന നാടകത്തിലെ വേഷംകെട്ട് സഞ്ജുവിനു പതിവു ശീലമായെന്നുതോന്നുന്നു. അഞ്ചാറു മാസം മുമ്പ്, ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 സീരീസിൽനിന്ന് പതിവുപോലെ തഴയപ്പെട്ടപ്പോൾ സഞ്ജുവിനു ഭാവഭേദമൊന്നുമുണ്ടായില്ല: 'അവസരം കിട്ടിയാൽ കളിക്കും; ഇല്ലെങ്കിൽ ഇല്ല'-ആ ഒറ്റ വീശലിൽ എല്ലാം അവസാനിപ്പിച്ചു. ഇപ്പോൾ അതുതന്നെ ആവർത്തിക്കാനാണ് വിധി. തരക്കേടില്ലാത്ത ഫോമിലായിരുന്നിട്ടും നിർണായക ടൂർണമെന്റുകളെത്തുമ്പോൾ സഞ്ജു പുറത്ത്; കാര്യമായ ഫോമിലല്ലാത്ത ഇഷ്ടക്കാർ അകത്തും. ദുബൈയിൽ ഈയിടെ സമാപിച്ച ഏഷ്യ കപ്പിൽ സ്ഥാനം ലഭിക്കാതെപോയത് അങ്ങനെയാണ്. അന്ന് സഞ്ജുവിനു പകരം കളത്തിലിറങ്ങിയവരൊക്കെയും ദയനീയമായി പരാജയപ്പെട്ട ആ ടൂർണമെന്റിനുശേഷം ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിന് പഴയ ഔട്ട്സൈഡർ വേഷം തന്നെ. അപ്പോഴും സഞ്ജു മിസ്റ്റർ കൂൾ! എന്നുവെച്ച്, കളിപ്രേമികൾക്ക് അടങ്ങിയിരിക്കാനൊക്കുമോ? അവർ പ്രതികരിച്ചു, ബി.സി.സിഐയോടും സെലക്ടർമാരോടുമെല്ലാം കട്ടക്കലിപ്പിൽ തന്നെ. സമൂഹ മാധ്യമങ്ങളിൽ അവർ അതിനെ ട്രെൻഡിങ് സ്റ്റോറീസാക്കി മാറ്റി.

ബി.സി.സി.ഐ ഈ കളിയൊക്കെ എത്ര കണ്ടിരിക്കുന്നു. പ്രതിഷേധത്തിന് അവർ മരുന്നു കണ്ടെത്തി-'ലോലിപോപ് ഡിപ്ലോമസി'. സഞ്ജുവിനെ ഇന്ത്യ 'എ' ടീമിന്റെ ക്യാപ്റ്റനാക്കി. ഒരുവശത്ത്, അർഹതയുള്ളവനെ മൂലക്കിരുത്തി സ്വന്തക്കാരെ തിരുകിക്കയറ്റുക; മറുവശത്ത്, സൈഡായിപ്പോയ ഹതഭാഗ്യന് അപ്രധാനമായൊരു പദവി വലിയ ആഘോഷങ്ങളോടെ നൽകി സന്തോഷിപ്പിക്കുക. ഇന്ത്യ 'എ' ടീം എന്നൊക്കെയാണ് പേരെങ്കിലും സത്യത്തിൽ അതൊരു 'ബി' ടീമാണ്. നിഷ്കാസിതരും ഭാഗ്യാന്വേഷികളുമാണ് ആ സംഘത്തിലധികവും. അപ്പോഴും, 'അവസരം കിട്ടിയാൽ കളിക്കും' എന്ന പോളിസിയിൽ തന്നെയാണ് സഞ്ജു. ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളിൽ നായകനായി കളത്തിലിറങ്ങാൻ തന്നെയാണ് തീരുമാനം.

കണക്കുകളുടെ കളി കൂടിയാണ് ക്രിക്കറ്റ്. ആ കണക്കുവെച്ചുനോക്കുമ്പോൾ സഞ്ജു ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാകേണ്ടയാളാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐ.പി.എല്ലിലും നടത്തിയ പ്രകടനങ്ങൾ വിലയിരുത്തിയാലും ദേശീയ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തിന് മറ്റാരേക്കാളും അർഹൻ സഞ്ജുതന്നെ. ഈ കണക്കുകൾ ഒന്നു ശ്രദ്ധിക്കൂ: ഐ.പി.എല്ലിൽ കഴിഞ്ഞ ആറ് സീസണുകളിലും മികച്ച ബാറ്റ്സ്മാന്മാരുടെ കൂട്ടത്തിലുണ്ട്. അതിൽ മൂന്നിലും 400ൽകൂടുതൽ റൺസും നേടി. മൊത്തം കണക്ക് പരിശോധിച്ചാൽ, 138 മാച്ചിൽനിന്ന് 3526 റൺസ്. ഇതിൽ 190 സിക്സറുകളുണ്ട്. സ്ട്രൈക് റൈറ്റ് 135. എന്നുവെച്ചാൽ, കഴിഞ്ഞ ആറ് ഐ.പി.എൽ സീസണുകളിൽ വെടിക്കെട്ട് നടത്തി ഗാലറികളെ ത്രസിപ്പിച്ചയാളാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്നു. സഞ്ജുവിന്റെ തോളിലേറി ടീം ഫൈനൽവരെയെത്തി. സഞ്ജുവിന്റെ സ്ഥാനത്ത് ടീമിലെത്തിയ ദിനേഷ് കാർത്തികിന്റെയും ഋഷഭ് പന്തിന്റെയും കണക്കുകൾകൂടി നോക്കണം. 2004 മുതൽ തട്ടിയും മുട്ടിയും ദേശീയ ടീമിനൊപ്പമുള്ള ദിനേഷ് കാർത്തിക് എന്ന ഡി.കെ കഴിഞ്ഞ അഞ്ച് ട്വന്റി20 മത്സരങ്ങളിൽ ആകെ സ്കോർ ചെയ്തത് 76 റൺസാണ്. ഈ 'മികച്ച' ഫോമിലും ടിയാന് 22 മത്സരങ്ങളിൽ സെലക്ടർമാർ അവസരം നൽകി. അവസാന അഞ്ച് മത്സരങ്ങളിൽ സഞ്ജു നേടിയത് 180 റൺസും. പന്തിന്റെ കഥയും ഏതാണ്ടിതുപോലെയൊക്കെയാണ്. ഏഷ്യ കപ്പിൽ മോശം പ്രകടനം. പക്ഷേ, ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ഡി.കെയും പന്തും അകത്ത്. നഷ്ടതാരകമായി സഞ്ജു.

2014 മുതൽ ഇന്ത്യൻ ടീമിലുണ്ട്. ആഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് ഏകദിന മത്സരങ്ങളും ഒരു ട്വന്റി20യുമടങ്ങുന്ന പരമ്പരയിലേക്കാണ് ആദ്യം ക്ഷണിക്കപ്പെട്ടത്. ധോണി വിക്കറ്റിന് പിന്നിലുള്ളപ്പോൾ മറ്റൊരു കീപ്പറെ പരീക്ഷിക്കുന്നതിനെക്കുറിച്ച് ഒരു കോച്ചും ആലോചിക്കില്ല. അതിനാൽ, ആ സീരീസ് മുഴുവൻ ഡ്രസിങ് റൂമിലിരുന്ന് കാണാനായിരുന്നു വിധി. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് ആദ്യമായി കളത്തിലിറങ്ങാൻ സാധിച്ചത്. സിംബാബ്വെയായിരുന്നു എതിരാളി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ചാമു ഷിഭാഭയുടെ മികവിൽ 147 റൺസെടുത്തു. ചേസിങ്ങിനിറങ്ങിയ മുൻനിര ബാറ്റ്സ്മാന്മാർ ഒന്നിനുപിറകെ ഒന്നായി തിരിച്ചുകയറിയപ്പോൾ, വലിയ നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത് സഞ്ജുവും സ്റ്റുവർട്ട് ബിന്നിയും ചേർന്നായിരുന്നു. ഇരുവരും ചേർന്ന് 36 റൺസെടുത്ത് ടീമിനെ കരകയറ്റിയെങ്കിലും പത്ത് റൺസ് അകലെ വിജയം കൈവിട്ടു. അതുകഴിഞ്ഞ് ടീമിലെത്തുന്നത് 2019ലാണ്; ബംഗ്ലാദേശിനെതിരെ. നാല് മത്സരങ്ങളിലും കരയിലിരുന്നു കാണാനായിരുന്നു യോഗം. ഇങ്ങനെ, പകരക്കാരുടെ റോളിൽ വല്ലപ്പോഴും വന്നുകിട്ടുന്ന അവസരങ്ങളിൽ കളത്തിലിറങ്ങിയത് ആകെ 16 ട്വന്റി20 മത്സരങ്ങളിൽ; ഏഴ് ഏകദിനങ്ങളും. എട്ട് വർഷം, 23 അന്താരാഷ്ട്ര മത്സരങ്ങൾ!

1994 നവംബർ 11ന് തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ ജനനം. ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന സാംസണാണ് പിതാവ്. പണ്ട് ഡൽഹിക്കുവേണ്ടി അദ്ദേഹം സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. മാതാവ് ലിജി വിശ്വനാഥ്. സഞ്ജുവിന്റെ സഹോദരൻ സാലിയും ക്രിക്കറ്ററാണ്; മുമ്പ്, സംസ്ഥാന ടീമിലൊക്കെ കളിച്ചിട്ടുണ്ട്. ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ധ്രുവ് പാണ്ഡവ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-13 ടീമിൽ സഞ്ജുവിന് സെലക്ഷൻ കിട്ടാതായപ്പോഴാണ് കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാംസൺ ജോലി രാജിവെച്ച് കുടുംബവുമായി കേരളത്തിലെത്തിയത്. ആദ്യം തിരുവനന്തപുരത്ത് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബിലായിരുന്നു പരിശീലനം. 2007ൽ അണ്ടർ-13 കേരള ടീമിൽ അംഗമായി. 2010ലെ കുച്ച് ബിഹാർ ട്രോഫിയിലെ പ്രകടനം അണ്ടർ-19 ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കി. 2013ൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉപനായകനായി; ആ സീരീസിൽ രണ്ട് അർധ സെഞ്ച്വറിയും നേടിയതോടെ ഐ.പി.എൽ തട്ടകത്തിലുമെത്തി. ഇക്കാലത്തുതന്നെ രഞ്ജി ട്രോഫിയിലും തിളങ്ങി. മാർ ഇവാനിയോസ് കോളജിലെ സഹപാഠി ചാരുലതയാണ് ജീവിതസഖി. ക്രിക്കറ്റിനൊപ്പം പഠനവും ജോലിയും തുടരുന്നുണ്ട്; ഭാരത് പെട്രോളിയം കോർപറേഷനിൽ ഉദ്യോഗസ്ഥനാണ്.

Show Full Article
TAGS:sanju samson Criket 
News Summary - Article about Sanju Samson
Next Story