Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലക്ഷ്മീപൂജ 

ലക്ഷ്മീപൂജ 

text_fields
bookmark_border
ലക്ഷ്മീപൂജ 
cancel

ലക്ഷ്മി എന്നാല്‍ ഐശ്വര്യം. താമരപ്പൂവില്‍ വാഴും ദേവിയാണ് ലക്ഷ്മി. കൈപ്പത്തിയിലോ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലോ അല്ല ലക്ഷ്മീദേവി കുടിയിരിക്കുന്നതെന്നും താമരയാണ് ദേവിയുടെ ഇരിപ്പിടമെന്നും സ്മൃതി ഇറാനി ഇങ്ങ് സുല്‍ത്താന്‍ ബത്തേരിയില്‍ വന്നപ്പോള്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കൈകളില്‍ താമരപ്പൂവും നിധികുംഭവും അഭയ വരദമുദ്രകളുമൊക്കെയായാണ് ദേവിയുടെ ഇരിപ്പ്. ലക്ഷ്മീപൂജ ചെയ്താല്‍ അഭിവൃദ്ധി പ്രാപിക്കുമെന്നൊരു വിശ്വാസമുണ്ട്. പക്ഷേ, വീട് വൃത്തിഹീനമായാല്‍ ലക്ഷ്മീ ദേവി പൂജാമുറിയിലെ ചിത്രത്തില്‍നിന്നിറങ്ങി മോട്ടോര്‍ സൈക്കിളില്‍ കയറി പോവുമെന്ന് സ്വച്ഛ് ഭാരതിന്‍െറ പരസ്യചിത്രം വഴി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുതരുന്നു. കേരളത്തില്‍ ഇപ്പോള്‍ പ്രശ്നം അതല്ല. ലക്ഷ്മീ നായരും കുറേ കുട്ടികളും നീതിദേവതയെ പൂജിക്കുന്ന സ്ഥലത്തുനിന്ന് സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളുമൊക്കെ കങ്കണ റണൗത്തിന്‍െറ ലക്ഷ്മീദേവിയെപ്പോലെ റ്റാറ്റാ ബൈ ബൈ പറയുന്നു എന്നതാണ്.

ലക്ഷ്മീപൂജ നടത്തണോ നീതിദേവതയെ ബഹുമാനിക്കണോ എന്നതാണ് കേരള ലോ അക്കാദമിയിലെ കുട്ടികളുടെ മുന്നിലുള്ള ചോദ്യം. ലക്ഷ്മീ നായരെ പൂജിച്ചാല്‍ ഇന്‍േറണല്‍ മാര്‍ക്കിന്‍െറ കാര്യത്തില്‍ കുഴപ്പമൊന്നുമുണ്ടാവില്ല. പൂജിച്ചില്ളെങ്കില്‍ ഉണ്ടാകാവുന്ന മാനസിക പീഡനങ്ങളില്‍നിന്ന് രക്ഷനേടുകയും ചെയ്യാം. പക്ഷേ, എന്തു ചെയ്യാം, കുട്ടികള്‍ പഠിക്കുന്നത് നിയമം ആയിപ്പോയി. കണ്ണു മൂടിക്കെട്ടി, ത്രാസ് തൂക്കി, വാളും പിടിച്ചുനില്‍ക്കുന്ന ലേഡി ജസ്റ്റിസിനെയാണ് അവര്‍ക്ക് പൂജിക്കാന്‍ തോന്നുന്നത്. നീതിയുടെ യവനദേവത കണ്ണു മൂടിക്കെട്ടിയിരിക്കുന്നതിന് അര്‍ഥം ഒന്നേയുള്ളൂ; വസ്തുനിഷ്ഠത. നീതി നടപ്പാക്കുന്നതില്‍ പക്ഷപാതിത്വം അരുത്. സമ്പത്തോ പ്രശസ്തിയോ അധികാരമോ നീതി നടപ്പാക്കുന്നതിനെ സ്വാധീനിക്കരുത്. പക്ഷേ, ലോ അക്കാദമിയില്‍ നിയമം പഠിപ്പിക്കുന്ന പ്രിന്‍സിപ്പലിന് പക്ഷപാതിത്വങ്ങളേയുള്ളൂ എന്ന് കുട്ടികള്‍. 

ഒന്നാന്തരം നായരാണ്. മനുസ്മൃതിയാണ് സ്വന്തം ഭരണഘടന. ചാതുര്‍വര്‍ണ്യമാണ് നീതി. ടി.വിയില്‍ അരുണാചലിലെ ആദിവാസികളുടെ ഭക്ഷണരീതി പരിചയപ്പെടുത്തുമ്പോള്‍ മാത്രമേ അയിത്തം മറക്കൂ. അക്കാദമിയിലത്തെുമ്പോള്‍ കുട്ടികളെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കും. ‘നായര്‍കുട്ടിയായ നീ ചോവന്‍ ചെക്കനോട് എന്തിനാണ് സംസാരിക്കുന്നത്’ എന്ന് തന്നോടു ചോദിച്ചെന്ന് ഒരു പെണ്‍കുട്ടി ചാനല്‍ ചര്‍ച്ചയില്‍. സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ദലിത് വിദ്യാര്‍ഥികളെക്കൊണ്ട് ബിരിയാണി വിളമ്പിച്ചു. മേശ തുടപ്പിച്ചു. എസ്.സി, എസ്.ടി കുട്ടികള്‍ക്ക് ഗ്രാന്‍റുകള്‍ നിഷേധിക്കും. അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ആവറേജ് എന്ന് എഴുതും. ജോലി, ജാതി, നിറം, സാമ്പത്തിക ശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടിയതിനെ ചോദ്യംചെയ്ത 21 പേരെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇയര്‍ ഒൗട്ടാക്കി.

സമാന്തര ഭരണം നടത്തുന്നത് മകന്‍െറ കാമുകിയായ നാലാംവര്‍ഷ വിദ്യാര്‍ഥിനി. ആ കുട്ടി അമ്മായിയമ്മക്കു പഠിക്കുകയാണെന്ന് പെണ്‍കുട്ടികള്‍. വാര്‍ഡനുണ്ടെങ്കിലും ഹോസ്റ്റലിന്‍െറ ഭരണവും നിയന്ത്രണവും ഭാവിമരുമകള്‍ക്കാണ്. അവരോട് ചോദിക്കാതെ സ്വന്തം വീട്ടില്‍പോലും പോവാന്‍ പാടില്ല. പരാതികള്‍ സത്യസന്ധമാണെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടത്തെല്‍. മനുഷ്യാവകാശ കമീഷന്‍ കേസെടുത്തിട്ടുണ്ട്. ഉറച്ച മനസ്സുള്ള സ്ത്രീയാണ്.  പ്രിന്‍സിപ്പലായത് ആരുടെയും ഒൗദാര്യത്തിലല്ല. അച്ഛന്‍ പറഞ്ഞാലേ രാജിവെക്കൂ.

മുന്‍ സി.പി.എം എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രിയാണ്. ‘കൈരളി’യുടെ സ്വന്തം സെലിബ്രിറ്റി. അതുകൊണ്ടാവാം സി.പി.എമ്മിനും എസ്.എഫ്.ഐക്കും സോഫ്റ്റ് കോര്‍ണര്‍. ആരോപണം നേരിട്ടപ്പോള്‍ അവരുടെ ഭാഗം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനം ‘കൈരളി’യില്‍ ലൈവായി. പല പാര്‍ട്ടിയിലെയും കുട്ടിനേതാക്കള്‍ക്ക് അഭിഭാഷക ബിരുദം കിട്ടാന്‍ തുണയായത് അക്കാദമിയാണ്. അധികാരകേന്ദ്രങ്ങളുടെ ആശീര്‍വാദത്തോടെ തഴച്ചുവളരുന്ന സ്വകാര്യസ്ഥാപനത്തില്‍ ദുരൂഹതകള്‍ ഏറെ. അക്കാദമിയുടെ ഭൂമി സംബന്ധിച്ച രേഖകള്‍ സര്‍ക്കാറിന്‍െറ പക്കലില്ല. പാട്ടത്തിനു കൊടുത്തതോ പതിച്ചുകൊടുത്തതോ എന്നറിയില്ല. അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ സര്‍വകലാശാലയിലുമില്ല. എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും വിദ്യാര്‍ഥി പ്രവേശനം 50:50 എന്ന അനുപാതത്തില്‍ ആയിരിക്കണമെന്ന ചട്ടം പാലിക്കുന്നുമില്ല. ഫീസ് ഘടന സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഇവിടെ മാനേജ്മെന്‍റിനു തോന്നിയതാണ് ഫീസ്. 

ഡോ. എന്‍. നാരായണന്‍ നായരുടെയും പൊന്നമ്മയുടെയും മകള്‍. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്‍റില്‍ സ്കൂള്‍ പഠനം. എറണാകുളം സെന്‍റ് തെരേസാസില്‍നിന്ന് പ്രീഡിഗ്രി. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍നിന്ന് രണ്ടാംറാങ്കോടെ ചരിത്രത്തില്‍ ബിരുദം. തിരുപ്പതി എസ്.വി യൂനിവേഴ്സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. കേരള ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി, ഒന്നാംറാങ്കോടെ എല്‍.എല്‍.എം, ‘മതേതരത്വത്തിന്‍െറ നിയമവശങ്ങള്‍’ എന്ന വിഷയത്തില്‍ പിഎച്ച്.ഡി. 1988ല്‍ ചരിത്രത്തില്‍ ഗെസ്റ്റ് ലക്ചററായി ലോ അക്കാദമിയില്‍. നിയമം പഠിപ്പിക്കല്‍ തുടങ്ങിയത് രണ്ടുകൊല്ലത്തിനുശേഷം. ഫുള്‍ടൈം സ്ഥിരം നിയമനം കിട്ടിയത് 1994ല്‍. 2007ല്‍ പ്രഫസര്‍ ആയി. അന്താരാഷ്ട്ര നിയമങ്ങള്‍, മനുഷ്യാവകാശ നിയമങ്ങള്‍, ഭരണഘടന എന്നിവയൊക്കെയാണ് പഠിപ്പിക്കുന്നത്. മനുഷ്യാവകാശങ്ങളിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്. (നോട്ട് ദ പോയന്‍റ്, ‘മനുഷ്യാവകാശം’ യുവറോണര്‍! ) 2009 ജൂണില്‍ അമേരിക്കയിലെ ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഓസ്ട്രിയ, ആസ്ത്രേലിയ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ് എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര നിയമ കോണ്‍ഫറന്‍സുകളിലും ശില്‍പശാലകളിലും പങ്കെടുത്തിട്ടുണ്ട്. അക്കാദമി പ്രസിദ്ധീകരിച്ച പല ടെക്സ്റ്റ് ബുക്കുകളുടെയും കര്‍ത്താവാണ്. 

1986 മുതല്‍ 1988 വരെ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ വാര്‍ത്ത വായിച്ചുകൊണ്ടാണ് ടി.വിയില്‍ മുഖം കാട്ടിയത്. കൈരളി ചാനലില്‍  പത്തു വര്‍ഷമായി എല്ലാ ഞായറാഴ്ചയും മാജിക് അവന്‍ എന്ന പാചക പരിപാടി അവതരിപ്പിക്കുന്നു. മൂന്ന് പാചക പുസ്തകങ്ങള്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈരളി ടി.വിയില്‍ ‘ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ’ എന്ന മറ്റൊരു പരിപാടിയും അവതരിപ്പിച്ചുവരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും പാരമ്പര്യവും ഭക്ഷണരീതിയുമൊക്കെയാണ് പരിചയപ്പെടുത്തുന്നത്. ദുബൈ, മസ്കത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ കേറ്ററിങ് സ്കൂളുകളിലെ ഗസ്റ്റ് അധ്യാപിക. 2005 മുതല്‍ കേരള സംസ്ഥാന സെന്‍സര്‍ ബോര്‍ഡില്‍ അംഗം. ഭര്‍ത്താവ് ഡോ. അജയ് കൃഷ്ണന്‍ നായര്‍. രണ്ടു മക്കള്‍. പാര്‍വതിയും വിഷ്ണുവും. കുടുംബ പാരമ്പര്യമനുസരിച്ച് രണ്ടുപേരും പഠിച്ചത് നിയമം തന്നെ.

Show Full Article
TAGS:law achadamy lakshmi nair 
News Summary - article about lakshmi nair
Next Story