Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹനീഫ് മൗലവിയോട് ഇ.ടി....

ഹനീഫ് മൗലവിയോട് ഇ.ടി. ബഷീര്‍ ചെയ്തത് 

text_fields
bookmark_border
ഹനീഫ് മൗലവിയോട് ഇ.ടി. ബഷീര്‍ ചെയ്തത് 
cancel



മലപ്പുറത്തെ നിരത്തുകളില്‍ കര്‍ണാടക പൊലീസിന്‍െറ കറുത്ത സ്കോര്‍പിയോ ചെറുപ്പക്കാരെ പരതി നടക്കുന്ന കാലം. കേരള പൊലീസ് ചൂണ്ടിക്കാണിച്ചും പിടിച്ചുകൊണ്ടുവന്നും കൊടുത്ത പലരെയും കൊണ്ടുപോയി ബംഗളൂരുവിലെ കോടതികളില്‍ ഭീകര കേസുകളില്‍ ഹാജരാക്കിക്കൊണ്ടിരിക്കുന്നു. പല വീടുകളിലും പാതിരാവുകളിലത്തെി ചെറുപ്പക്കാരെ മുട്ടിവിളിച്ച് ഒന്നും രണ്ടും വര്‍ഷം മുമ്പ് നിങ്ങളെയീ നമ്പറില്‍ വിളിച്ചതാരെന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. അന്നൊരു ദിവസം രാത്രി ബ്യൂറോയില്‍നിന്ന് ഇറങ്ങാന്‍ നേരത്താണ് ഇപ്പോള്‍ തിരുവനന്തപുരം ബ്യൂറോയിലുള്ള മാധ്യമം ലേഖകന്‍ നൗഫലിന്‍െറ വിളിവരുന്നത്. പരപ്പനങ്ങാടിനിന്ന് തൊഴിലിനായി എന്നും തിരൂരിലെ കടയില്‍ പോകാറുള്ള സകരിയ എന്ന പാവപ്പെട്ട കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ തിരൂരിലെ കടയില്‍നിന്ന് ആരോ പിടിച്ചിറക്കികൊണ്ടുപോയിരിക്കുന്നു. കാണാതായവന്‍െറ അമ്മാവന്‍െറ മകന്‍ ശുഐബ് ആണ് വിവരമറിയിച്ചതെന്നും എന്തെങ്കിലും അറിയുന്ന വിവരം ഉടന്‍ അറിയിക്കണമെന്നുമാവശ്യപ്പെട്ടു. എം.എല്‍.എയെയും പൊലീസിനെയും ബന്ധപ്പെട്ടിട്ടും ആരും ഒന്നും പറയുന്നില്ല. ഇനിയാരെങ്കിലും ആളുമാറി തട്ടിക്കൊണ്ടുപോയോ എന്ന സംശയമുണ്ടെന്നും അവന്‍ പറഞ്ഞു.  തിരൂര്‍ പൊലീസില്‍ വിളിച്ച് വിവരമന്വേഷിച്ചപ്പോള്‍ കൊണ്ടുപോയത് കര്‍ണാടക പൊലീസാണെന്നും കേസ് ഭീകരക്കേസാണെന്നുമുള്ള വിവരം കിട്ടി. ഉടന്‍ ആ വിവരം നൗഫലിന് കൈമാറുകയും ചെയ്തു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് കര്‍ണാടകയില്‍ നിന്നുള്ള ഒരു ഫോണ്‍വിളിയാണ് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. താന്‍ ബംഗളൂരുവിലാണെന്നും പേടിക്കാനൊന്നുമില്ളെന്നും തനിക്ക് കുഴപ്പമൊന്നുമില്ളെന്നും ആ കുറഞ്ഞ സമയം കൊണ്ടവന്‍ പറഞ്ഞൊപ്പിച്ചു.  ആരോ പറയിപ്പിക്കുകയാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ആ സംസാരം. കര്‍ണാടക പൊലീസിന്‍െറ അജ്ഞാത കേന്ദ്രത്തില്‍നിന്നായിരിക്കണം ആ വിളി. അനധികൃതമായ അത്രയും ദിവസത്തെ തടങ്കലിന് ശേഷമാണ് പിറ്റേന്ന് ബംഗളൂരു കോടതിയില്‍ സകരിയ എന്നുപേരുള്ള ആ ചെറുപ്പക്കാരനെ ഹാജരാക്കുന്നതും ഭീകരക്കുറ്റം ചുമത്തി എന്നെന്നേക്കുമായി കാരാഗൃഹത്തിലടക്കുന്നതും. 

കേരളത്തിലെ പൊലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് പിടിച്ചുകൊടുത്ത വയനാട് ജില്ലയിലെ കമ്പളക്കാട് സ്വദേശിയായ മതപണ്ഡിതന്‍ മുഹമ്മദ് ഹനീഫ എന്ന ഹനീഫ് മൗലവിക്ക് മുംബൈയിലെ പ്രത്യേക കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ച വാര്‍ത്ത കേട്ടപ്പോഴാണ് എട്ടു വര്‍ഷത്തിന്  ശേഷം ഇതുപോലൊരു നാളില്‍ സകരിയയെ പിടിച്ചുകൊണ്ടുപോയ സന്ദര്‍ഭവും ഓര്‍ത്തുപോയത്. കൊണ്ടുപോയി ചാര്‍ത്തിയത് ഭീകരക്കേസായതോടെ സകരിയയെപ്പോലെ എല്ലാവരും പേടിച്ച് മാറിനില്‍ക്കുകയായിരുന്നു ഹനീഫ് മൗലവിയുടെ കാര്യത്തിലും. പടന്നയില്‍ അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നു ഈ കണ്ണൂര്‍ക്കാരന്‍. ആ സമയത്താണ് പടന്നയില്‍നിന്ന് ഒരു കൂട്ടമാളുകള്‍ നാടുവിട്ട് പലായനം ചെയ്തുവെന്ന വാര്‍ത്ത വരുന്നതും അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതും. പടന്നയില്‍ പതിവായി നടത്താറുണ്ടായിരുന്ന മതപഠന ക്ളാസുകളില്‍ പങ്കെടുത്തവരിലൊരാള്‍ ഇക്കൂട്ടത്തില്‍പ്പെട്ടുവെന്നതായിരുന്നു ഹനീഫ് മൗലവിയുടെ നിര്‍ഭാഗ്യം. അതിന് പൊലീസ് പറഞ്ഞ തെളിവാകട്ടെ താനൊരിക്കലും നല്‍കിയില്ളെന്ന് കാണാതായ കുട്ടിയുടെ പിതാവ് ആണയിടുന്ന ഒരു മൊഴിയും. 

കാണാതായ ഒരാളുടെ പിതാവ് മുംബൈയില്‍ കച്ചവടക്കാരനായിരുന്നു. മുംബൈയിലത്തെിയ പൊലീസ് വിവരങ്ങളാരാഞ്ഞപ്പോള്‍ അവന്‍െറ തിരോധാനത്തെക്കുറിച്ചോ അവനെ കൊണ്ടുപോയവരെക്കുറിച്ചോ തനിക്കൊരു വിവരവുമില്ളെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞിരുന്നത്. മകന്‍ മതവിദ്യാഭ്യാസം നേടിയത് ഹനീഫ് മൗലവിയില്‍നിന്നാണെന്ന് പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന് ശേഷം പിന്നീടും പല തവണ പൊലീസ് വന്നുകാണുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴൊന്നും ഹനീഫ് മൗലവിക്ക് മകന്‍െറ തിരോധാനത്തില്‍ വല്ല ബന്ധവുമുണ്ടോ എന്ന് ചോദിക്കുകയോ അങ്ങനെ പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇതിനിടയില്‍ ഒരു ദിവസം ഹനീഫ് മൗലവിയെ പിടികൂടി കേരള പൊലീസ് എന്‍.ഐ.എക്ക് പിടിച്ചുകൊടുത്ത് ഐ.എസ് റിക്രൂട്ട്മെന്‍റ് കേസില്‍ പ്രതിയാക്കി. 

ഹനീഫ് മൗലവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് നാലു മാസമെങ്കിലും പിന്നിട്ട സമയത്താണ് പെരിങ്ങത്തൂരിലും പടന്നയിലുമുള്ള ഒന്ന് രണ്ടാളുകള്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ കണ്ട് ആ കുടുംബത്തിന്‍െറ സങ്കടമറിയിച്ചത്. ഭീകരക്കേസായതിനാല്‍ ഒരു മനുഷ്യന്‍പോലും തിരിഞ്ഞുനോക്കാനില്ലാത്ത, മര്യാദക്ക് കേസ് ഏറ്റെടുത്ത് നടത്താന്‍പോലും ആളില്ലാത്ത ഹനീഫ് മൗലവിയുടെ കാര്യത്തില്‍ കഴിയുന്നതെന്തെങ്കിലും ചെയ്യാന്‍ ആ മനുഷ്യര്‍ ആവശ്യപ്പെട്ടു. മുമ്പ് നിയമസഭയിലേക്ക് ഇ.ടി. ബഷീര്‍ മത്സരിച്ചിരുന്ന കാലത്തെ പരിചയത്തിലാണ് ആ മനുഷ്യര്‍ തങ്ങളുടെ സങ്കട ഹരജിയുമായി ഇ.ടിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയം പഠിക്കാനായി ഹനീഫ് മൗലവിയുടെ ബന്ധു ഫക്രുദ്ദീനെ വിളിച്ചപ്പോള്‍ ബഷീറിന് വിഷയത്തിന്‍െറ ഭീതിദമായ അവസ്ഥ ബോധ്യപ്പെട്ടു. 12,000 രൂപ കൊടുത്ത് മലയാളിയായ ഒരു വക്കീലിനെ കേസ് ഏല്‍പിച്ചുവെന്നതല്ലാതെ കേസ് നടത്തിപ്പില്‍ ഒരു പുരോഗതിയുമില്ലാത്ത സാഹചര്യമാണെന്നും വലിയ അഭിഭാഷകരെ കേസ് ഏല്‍പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതിനുള്ള കഴിവും പ്രാപ്തിയും തങ്ങള്‍ക്കില്ളെന്നും  ഫക്രുദ്ദീന്‍ പറഞ്ഞു. 
വക്കീലിന്‍െറ നമ്പര്‍ വാങ്ങി ബഷീര്‍ നേരിട്ട് വിളിച്ചു. കുടുംബം പറയുന്നത് ശരിയാണെന്നും തനിക്ക് ആ കേസ് നടത്താന്‍ കഴിയാത്തതിനാല്‍ മറ്റൊരു അഭിഭാഷകനെ ഏല്‍പിച്ചിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞിട്ടും ഹനീഫ് മൗലവിയുടെ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടില്ല. ഫയല്‍ ചെയ്യണമെന്ന് കരുതി നില്‍ക്കുകയാണെന്നും വക്കീല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ മുംബൈയിലെ കേസ് ഫയല്‍ നീക്കുകയല്ളേ എന്ന് ബഷീര്‍ ചോദിച്ചപ്പോള്‍ എല്ലാ സഹായവും ചെയ്യാമെന്ന് അഭിഭാഷകന്‍ വാക്ക് നല്‍കി. മുംബൈയില്‍ നേരിട്ടുപോയി കേസിന്‍െറ വിവരം അറിയണമെന്നും അതിന് അഭിഭാഷകര്‍ കൂടെ വരണമെന്നുമുള്ള നിര്‍ദേശം ബഷീര്‍ മുന്നോട്ടുവെച്ചു. മുംബൈയിലെ മുതിര്‍ന്ന  അഭിഭാഷകനെ ഏര്‍പ്പാടാക്കുകയും വേണം. എന്നാല്‍, കുടംബത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മുംബൈയില്‍ വരാന്‍ തങ്ങള്‍ക്ക് പേടിയുണ്ടെന്നായിരുന്നു  മറുപടി. എന്‍.ഐ.എയും യു.എ.പി.എയുമൊക്കെ ഉള്ള കേസായതിനാല്‍ തങ്ങളും കുടുങ്ങുമെന്നുമുള്ള ആശങ്കയാണ് കുടുംബം പ്രകടിപ്പിച്ചത്. ഈ കേസായതിനാല്‍ ഇടപെട്ടാല്‍ പ്രശ്നമാകുമെന്നും മുംബൈയില്‍ നിങ്ങള്‍ പോയാല്‍ അവരും കുടുങ്ങുമെന്നുമാണ് ആളുകള്‍ പറഞ്ഞത്. ഈ പേടികാരണം ഹനീഫ് മൗലവിയെ പിടിച്ചുകൊണ്ടു പോയി ജയിലിലിട്ട ശേഷം തങ്ങളാരും അവിടേക്ക് പോയിട്ടില്ളെന്നും അവര്‍ അറിയിച്ചു. മറ്റൊന്നിനുമല്ലല്ളോ, വക്കീലിനെ കണ്ട് കേസ് നടപടികള്‍ കൈകാര്യം ചെയ്യാനല്ളേ പോകുന്നതെന്നും കൂട്ടത്തില്‍ താനുമുണ്ടല്ളോ എന്ന് പറഞ്ഞ് ബഷീര്‍ അവരെ മുംബെയിലേക്ക് കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചു. ഒരു യോജിച്ച അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ കേസില്‍ അതുവരെ സഹായിച്ചുകൊണ്ടിരുന്ന മുംബൈയിലുള്ള പടന്നക്കാരെയും വിളിച്ചു. തുടര്‍ന്ന് മുംബൈയില്‍ പോയി പഴയ അഭിഭാഷകരില്‍നിന്ന് കേസ് ഫയല്‍ ഏറ്റെടുത്ത് പുതിയ അഭിഭാഷകനെ ഏല്‍പിച്ചു. അങ്ങനെയാണ് ആദ്യമായി ഹനീഫ് മൗലവിയുടെ ജാമ്യാപേക്ഷ ഫയല്‍ചെയ്യാന്‍ തീരുമാനമായത്്. 

യു.എ.പി.എ ആയതിനാല്‍ എന്‍.ഐ.എ വളരെ ശക്തിയായ സമീപനമെടുക്കുന്നില്ളെങ്കില്‍ ജാമ്യം കിട്ടുമെന്നും മറിച്ചാണെങ്കില്‍ കിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം കിട്ടിയ ശേഷം കേസ് കേരളത്തിലേക്ക് മാറ്റാനുള്ള മറ്റൊരു അപേക്ഷ നല്‍കാമെന്നും അഭിഭാഷകന്‍ അറിയിച്ചു. ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ അഭിഭാഷകന്‍ പറഞ്ഞതുപോലെ എന്‍.ഐ.എ ശക്തമായി എതിര്‍ത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹനീഫ് മൗലവിയുടെ മൊബൈല്‍ ഫോണിന്‍െറ ഫോറന്‍സിക് പരിശോധന കഴിഞ്ഞിട്ടുണ്ടെന്നും ഐ.എസില്‍ ചേരാന്‍ പാലക്കാട്, കണ്ണൂര്‍ ജില്ലയില്‍നിന്ന് പോയവരുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നുമെല്ലാം വാദിച്ച് എന്‍.ഐ.എ ആദ്യ ജാമ്യാപേക്ഷ ഡിസംബര്‍ 23ന് തള്ളിച്ചു. 

മുംബൈയിലെ ഈ നീക്കങ്ങള്‍ക്കിടയിലാണ് ഹനീഫ് മൗലവിയുടെ അറസ്റ്റിന് കാരണമായ മൊഴി നല്‍കിയെന്ന് എന്‍.ഐ.എ പറഞ്ഞ മജീദ് താന്‍ അത്തരത്തിലൊരു മൊഴി നല്‍കിയിട്ടില്ളെന്ന് വെളിപ്പെടുത്തുന്നത്. എന്‍.ഐ.എ കൊണ്ടുവന്ന കടലാസില്‍ തന്നെ ഒപ്പുവെപ്പിക്കുകയാണ് ചെയ്തതെന്നും അയാള്‍ വെളിപ്പെടുത്തി. പിന്നീട് ചാനലുകളും ഈ വെളിപ്പെടുത്തല്‍ പരസ്യപ്പെടുത്തി. അന്ന് ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനം വിളിച്ച് ബഷീര്‍ ഇക്കാര്യം മുംബൈയിലെ അഭിഭാഷകനെയും അറിയിച്ചു. എന്നാല്‍. ഈ വെളിപ്പെടുത്തല്‍ ജാമ്യാപേക്ഷക്കല്ല , തുടര്‍ന്നു വരുന്ന കേസിനാണ് സഹായകരമാകുകയെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ജാമ്യം നേടി കേസിന്‍െറ വാദം കേള്‍ക്കുന്ന കാലത്ത് അക്കാര്യം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ സമയത്തും ഹനീഫ് മൗലവിക്കെതിരെ കുറ്റപത്രം  സമര്‍പ്പിക്കാന്‍ എന്‍.ഐ.എക്ക് കഴിഞ്ഞിട്ടില്ളെന്നും അക്കാര്യം ചൂണ്ടിക്കാട്ടി മറ്റൊരു അപേക്ഷകൂടി നല്‍കാമെന്നുമുള്ള ബദല്‍ നിര്‍ദേശം അഭിഭാഷകന്‍ മുന്നോട്ടുവെച്ചു. ബഷീര്‍ സമ്മതം മൂളിയതോടെ ഇക്കാര്യം കാണിച്ച് നല്‍കിയ രണ്ടാമതൊരു ജാമ്യാപേക്ഷകൂടി കൊടുത്തു. അങ്ങനെ കൊടുത്ത അപേക്ഷയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതി പരിഗണിച്ചത്. രണ്ടാമത്തെ അപേക്ഷ വന്നപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം സമര്‍പ്പിക്കാനായെന്നും പറഞ്ഞ് എന്‍.ഐ.എ വീണ്ടും പഴയ തടസ്സവാദമുന്നയിച്ചു. കഴിഞ്ഞ പ്രാവശ്യവും നിങ്ങളതുതന്നെയാണ് പറഞ്ഞതെന്നും എന്നിട്ടിത്രയും ദിവസമായിട്ടും കുറ്റപത്രം നല്‍കിയില്ലല്ളോ എന്നും പ്രത്യേക കോടതി ജഡ്ജി തിരിച്ചടിച്ചു. ശക്തമായ നിലപാടെടുത്ത ജഡ്ജി കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ഇനിയും കാത്തുനില്‍ക്കാനാവില്ളെന്ന് വ്യക്തമാക്കി. കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാന്‍ പറഞ്ഞ് ജാമ്യം അനുവദിച്ച് ഉത്തരവിടുകയും ചെയ്തു. 

മതപണ്ഡിതനായ ഹനീഫ് മൗലവിയുടെ അറസ്റ്റ് പടന്നയിലും പെരിങ്ങത്തൂരിലും അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ ഉടനീളം നീറിപ്പുകഞ്ഞിട്ടും യു.എ.പി.എ ഭീതി മൂലം ഒരാളും അടുക്കാന്‍ തയാറാകാതിരുന്ന സന്ദിഗ്ധഘട്ടത്തിലാണ് മൗലവിയുടെ കുടുംബത്തെയും കൊണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ മുംബൈക്ക് വണ്ടികയറിയത്. തിരക്കഥയുണ്ടാക്കി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് പടന്നയിലെയും പെരിങ്ങത്തൂരിലെയും സഹൃദയരുടെ അഭ്യര്‍ഥന മാനിച്ച് ഇടപെടാന്‍ ഇ.ടി   മുന്നോട്ടുവന്നില്ലായിരുന്നുവെങ്കില്‍ മുംബൈയിലെ കല്‍തുറുങ്കില്‍ ജാമ്യമില്ലാതെ മറ്റൊരു സകരിയ ആയി കഴിയാനായിരുന്നേനെ ഹനീഫ് മൗലവിയുടെ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E.T Muhamad basheerhaneef maulavi
News Summary - article about e.t muhamad basheer
Next Story