രണ്ടാം വരവ്
text_fieldsപുനഃസംഘടനയും പുനരാഗമനവുമൊക്കെ രാഷ്ട്രീയത്തിലെ നിത്യപ്രതിഭാസങ്ങളല്ലേ. പഞ്ചായത്തിലാണെങ്കിലും പാർലമെൻറിലാണെങ്കിലും അത് മുറക്ക് നടക്കും. സഖാവിെൻറ കാര്യത്തിൽ ഇതിലൊരു ശുഭരാശികൂടിയുണ്ടെന്നാണ് പണ്ഡിറ്റുകളും രാഷ്ട്രീയ ജ്യോതിഷികളും പറയുന്നത്. വെറുതെ പറയുന്നതല്ല, ചരിത്രം തന്നെ സാക്ഷി. ആ ജീവിതം തന്നെ സഖാവിന് രണ്ടാം വരവാണ്. ഒാർമയില്ലേ, 23 വർഷം മുമ്പത്തെ ആ സംഭവം? പാർട്ടിസമ്മേളനം കഴിഞ്ഞ് തീവണ്ടിയിൽ വരികയായിരുന്ന സഖാവിനുനേരെ ആന്ധ്രയിലെ ചിറാക്കലിൽവെച്ച് ഒരു സംഘം വെടിയുതിർത്തു. അന്നത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയതാണ്. സർവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നു; കൂടുതൽ ശക്തിയോടെ രാഷ്ട്രീയഭൂമികയിൽ നിലയുറപ്പിച്ചു. അന്ന് കഴുത്തിൽ തറച്ച വെടിയുണ്ട ഇപ്പോഴും അവിടെയുണ്ട്. അതുംവെച്ചാണ് തൊണ്ട പൊട്ടി പ്രതിയോഗികൾക്കു മുന്നിൽ പതറാതെ പൊരുതുന്നത്. അതുകൊണ്ടുതന്നെ, മരണക്കയത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രമുള്ള സഖാവ് ഇ.പി. ജയരാജൻ ചെറിയ ഇടവേളക്കുശേഷം വീണ്ടും മന്ത്രിയാകുന്നത് ഇത്ര മേൽ ആഘോഷിക്കേണ്ടതുണ്ടോ? ഇൗ പെരുമഴക്കാലത്തും മാധ്യമപ്പട ജയരാജനു മുമ്പിലെത്തുന്നുണ്ടെങ്കിൽ അത് പാർട്ടിയോടുള്ള സ്നേഹംകൊണ്ടല്ലെന്ന് നൂറു തരം.
രണ്ടാം വരവിലാണ് എപ്പോഴും ശോഭിച്ചിട്ടുള്ളത്. വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന് പാർട്ടി പത്രത്തിെൻറ ജനറൽ മാനേജറായിരുന്നു. കുത്തക മുതലാളിയിൽനിന്ന് പത്രം രണ്ട് കോടി രൂപ കൈപ്പറ്റിയത് സിൻഡിക്കേറ്റ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. അതോടെ, ജയരാജന് പുറത്തുപോകേണ്ടിവന്നു. മാനേജരെന്ന നിലയിൽ ജാഗ്രതക്കുറവുണ്ടായി എന്നാണ് പാർട്ടി കമ്മിറ്റി അന്ന് വിലയിരുത്തിയത്. ഒരു വർഷം തികഞ്ഞില്ല, ജാഗ്രത തിരിച്ചുകിട്ടാൻ. പാർട്ടി സെക്രട്ടറിയുടെ ആശീർവാദത്തോടെ വീണ്ടും അതേ കസേര തിരിച്ചുപിടിച്ചു. സെക്രട്ടറിക്ക് അത്രയും വിശ്വാസമായിരുന്നു സഖാവിനോട്. ആ പാർട്ടി സെക്രട്ടറിയാണ് ഇപ്പോൾ സംസ്ഥാന മുഖ്യമന്ത്രി. സ്വാഭാവികമായും കാബിനറ്റിലെ രണ്ടാമൻ ആരാകുമെന്നതിൽ തർക്കിക്കേണ്ട കാര്യമില്ലല്ലോ. വ്യവസായവും കായികവുെമാക്കെ നൽകി തൊട്ടടുത്തിരുത്തി മുഖ്യൻ.
ഒന്നാമൂഴത്തിൽ രാശിയില്ലാത്ത സഖാവിന് സത്യപ്രതിജ്ഞയുടെ 142ാം ദിനം കസേരയൊഴിയേണ്ടി വന്നു. മന്ത്രിസ്ഥാനത്തിരുന്ന് ‘ചിറ്റപ്പൻ’ കളിച്ചതാണ് പ്രശ്നമായത്. മുൻമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രീമതി ടീച്ചർ ഭാര്യ സേഹാദരിയാണ്. ടീച്ചറുടെ മകനെ വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖല സ്ഥാപനത്തിൽ എം.ഡിയാക്കി, സഹോദരെൻറ മരുമകളെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജറാക്കി, പിന്നെയും സ്വന്തം വകുപ്പിൽ ചില്ലറ ബന്ധു നിയമനങ്ങൾ. അതാണ് പുറത്തേക്ക് വഴിയൊരുക്കിയത്. സംഗതി കേസായി. വിജിലൻസ് അന്വേഷണമായി. പക്ഷേ, വിജിലൻസ് കുറച്ചു മാസം മുമ്പ് ക്ലീൻ ചിറ്റ് നൽകി. അപ്പോൾ പിന്നെ, പഴയ വിശ്വസ്തനെ അതേ വകുപ്പ് നൽകി തിരിച്ചെടുക്കുന്നതിൽ എന്താണ് തെറ്റ്? രണ്ടാം വരവിൽ ‘മാസ് എൻട്രി’ കാണിക്കാറുള്ള ജയരാജനെ ഇനി പിടിച്ചാൽ കിട്ടില്ല എന്നു തന്നെയാണ് കരുതേണ്ടത്.
ഭൂമിയിലെ കമ്യൂണിസ്റ്റ് സ്വർഗം കേരളത്തിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന് അമേരിക്കൻ പത്രങ്ങൾവരെ സാക്ഷ്യപ്പെടുത്തിയ കാലമാണിത്. ഇൗ ദുർഗതി മുൻകൂട്ടി കണ്ടയാളാണ് ജയരാജൻ. അതിെൻറ അടിസ്ഥാനത്തിൽ സ്വന്തമായി ഒരു സിദ്ധാന്തവും രൂപപ്പെടുത്തി. പാർട്ടി ക്ലാസുകളിലെ ക്ലീഷെ പദങ്ങൾ മാറ്റി, സാധാരണക്കാരുടെ ഭാഷയിൽ അദ്ദേഹം തന്നെ അത് വിശദമാക്കി. കട്ടൻ ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നുവെന്നാണ് ആ സിദ്ധാന്തത്തിെൻറ ചുരുക്കം. ധീരരക്തസാക്ഷികൾ തൻ ചോരകൊണ്ട് നിറം പകർന്ന പത്രത്താളുകൾ നിലച്ചുപോകുമെന്ന ഘട്ടത്തിൽ ലോട്ടറി രാജാവിൽനിന്ന് അൽപം പണം വാങ്ങിയത് ഇൗ സിദ്ധാന്തത്തിെൻറ ബലത്തിലാണ്. പറഞ്ഞിെട്ടന്ത് കാര്യം, ആർക്കും അതൊന്നും മനസ്സിലായില്ല. പരിപ്പുവടയും കട്ടൻചായയും പതിവ് ഭക്ഷണമാക്കി കാലൊടിഞ്ഞ ബെഞ്ചിലിരുന്ന് താടിവെച്ച നേതാക്കളുടെ ചിത്രവും നോക്കി സ്വർഗരാജ്യം സ്വപ്നം കാണുന്ന ആദർശവാദികൾക്ക് നവമാർക്സിസത്തെക്കുറിച്ച് എന്തറിയാം? ആ പാരമ്പര്യവാദികൾ പാർട്ടി ശത്രുക്കളെപ്പോലും കൂട്ടുപിടിച്ച് സഖാവിനെതിരെ തിരിഞ്ഞു. കോഴ, കൈയിട്ടുവാരൽ തുടങ്ങിയ രാഷ്ട്രീയ കലകളിൽ വലിയ പിടിപാടില്ലായിരുന്ന നേതാക്കളിൽനിന്ന് കണ്ണൂർ ലോബിയുടെ കൈകളിലേക്ക് പാർട്ടി എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് അവർ പറഞ്ഞുനടന്നു. ആ ലോബിയിലെ പ്രധാന താരമാണ്. ജയരാജൻമാർ വാഴുന്ന പാർട്ടിയിലെ ഗജരാജൻ എന്നാണ് അന്നൊരു സിൻഡിക്കേറ്റ് മാധ്യമം ഇ.പിയെ വിശേഷിപ്പിച്ചത്. പക്ഷേ, അതിനെെയല്ലാം വകഞ്ഞുമാറ്റിയാണ് ഇവിടെവരെ എത്തിയത്. പാർട്ടിക്കുള്ളിലെയും പുറത്തെയും വർഗശത്രുക്കളെ മുഖം നോക്കാതെ നേരിട്ടിട്ടുണ്ട്. പാർട്ടിയുടെ വാട്ടർ തീം പാർക്കിനെതിരെ സംസാരിച്ച പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും വിവരം കെട്ടവർ എന്ന് വിളിക്കാനും മടികാണിച്ചിട്ടില്ല.
1951 മേയ് 28ന് കണ്ണൂർ ജില്ലയിെല കല്യാശ്ശേരിക്കടുത്ത ഇരിണാവിൽ ജനനം. പരേതനായ ബി.എം. കൃഷ്ണൻ നമ്പ്യാരുടെയും ഇ.പി. പാർവതി അമ്മയുടെയും മകനാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമക്കാരൻ. വിദ്യാർഥി കാലഘട്ടം മുതൽ തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ സജീവം. കെ.എസ്.വൈ.എഫിലും എസ്.എഫ്.ഐയിലും തിളങ്ങിയിട്ടുണ്ട്. 1980ൽ ഡി.വൈ.എഫ്.ഐ രൂപവത്കരിച്ചപ്പോൾ പ്രഥമ ദേശീയ പ്രസിഡൻറായി. 1987ൽ ആദ്യമായി അഴിക്കോട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. കന്നി അങ്കത്തിൽ എം.വി രാഘവനോട് തോൽക്കാനായിരുന്നു വിധി. എന്നാൽ, ’91ൽ ഇതേ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2011ലും ’16ലും മട്ടന്നൂരിൽനിന്ന് നിയമസഭയിലെത്തി. മൂന്നാമൂഴത്തിൽ മന്ത്രിയുമായി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, കർഷക സംഘം സംസ്ഥാന പ്രസിഡൻറ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയുമായിട്ടുണ്ട്. പാപ്പിനിശ്ശേരി അരോളിയിലാണ് താമസം. ഭാര്യ പി.കെ. ഇന്ദിര ജില്ലാ സഹകരണ ബാങ്ക് മാങ്ങാട്ടുപറമ്പ് ശാഖയിൽ സീനിയർ മാനേജർ. രണ്ട് മക്കൾ: ജെയ്സൺ, ജിജിൻരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
