Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിമോചനാത്മകമായ...

വിമോചനാത്മകമായ സഹോദരദര്‍ശനം

text_fields
bookmark_border
വിമോചനാത്മകമായ സഹോദരദര്‍ശനം
cancel

 

ധര്‍മമേ ധര്‍മമേ മാര്‍ഗമന്യമില്ളൊന്നുമോര്‍ക്കുകില്‍
സഹോദരനയ്യപ്പന്‍, ‘ധര്‍മം’

ആന്തരാധിനിവേശവും സമഗ്രാധിപത്യവും ജനതയെ വിഭജിപ്പിക്കുകയും ഭരണാധിപത്യത്തിലേറുകയും ചെയ്യുമ്പോഴാണ് സാഹോദര്യത്തിന്‍െറ വഴിയും വെളിച്ചവും നാം തേടുന്നത്.  നാണുഗുരുവിലൂടെ കേരളമണ്ണില്‍ ആധുനികകാലത്ത് ദാര്‍ശനികമായി വീണ്ടെടുക്കപ്പെടുന്ന മാനവസാഹോദര്യത്തിന്‍െറ നൈതിക ചിന്തയെ കേരള നവോത്ഥാന ആധുനികതയുടെ സാംസ്കാരിക അടിത്തറയാക്കിയത് സഹോദരനാണ്.  പദ്യകൃതികളെന്ന പാട്ടുകളിലൂടെ ബഹുജനമനസ്സുകളെയും അതുവഴി കേരള സംസ്കാരത്തെയും ഏറെ സ്വാധീനിച്ചു നിര്‍ണയിച്ച സാംസ്കാരിക പ്രവര്‍ത്തകനാണ് നാണു ഗുരുവിന്‍െറ ശിഷ്യനായ സഹോദരനയ്യപ്പന്‍ (1889-1968).  വാമനാദര്‍ശമെന്ന ബ്രാഹ്മണിസത്തെ വെടിഞ്ഞ് ജനായത്തപരവും തദ്ദേശീയവുമായ മാബലിവാഴ്ച വരുത്തിടേണമെന്ന് സഹോദരന്‍ മലയാളികളോട് നിരന്തരം ധര്‍മശാസനം ചെയ്തു. മധ്യകാല ദലിത കവിയായ പാക്കനാരുടെ പാട്ടുപാരമ്പര്യത്തെ ഉണര്‍ത്തിയെടുക്കുന്ന ഓണപ്പാട്ടെന്ന കവിത തന്നെ മാവേലിയുടെ രാജ്യത്തെക്കുറിച്ചുള്ളതാണ്. അംബേദ്കര്‍ തന്‍െറ സാമൂഹിക ജനായത്ത സങ്കല്‍പം രൂപവത്കരിക്കുന്നത് പാശ്ചാത്യ ജ്ഞാനോദയ ആധുനികതയില്‍നിന്നും ഇന്ത്യയിലെ ബൗദ്ധപാരമ്പര്യത്തില്‍ നിന്നുമാണെന്നുള്ള വസ്തുതയും നാരായണഗുരുവിന്‍െറ ഉള്‍ച്ചേര്‍ക്കലിനെ ഊന്നുന്ന സമുദായ പരികല്‍പനയും ഫൂലേയുടെ ബഹുജന സമുദായം എന്ന സങ്കല്‍പവും ബൗദ്ധമായസംഘം എന്ന ആശയലോകത്തോടു കാണിക്കുന്ന ചാര്‍ച്ചയും സഹോദരന്‍െറ മാനവസമുദായത്തെക്കുറിച്ചുള്ള സാമൂഹികഭാവനയും പാഠാന്തരമായ ചര്‍ച്ചകളെ ഉണര്‍ത്തുന്നു. പൊയ്കയില്‍ അപ്പച്ചന്‍െറ പ്രത്യക്ഷരക്ഷാ സങ്കല്‍പവും ജ്ഞാനത്തിന്‍െറ ആശയലോകവും  ലോകക്ഷേമത്തെ ഊന്നുന്നതുപോലെതന്നെയാണ് ജാതിബാഹ്യരായ അഖിലരും ബൗദ്ധപാരമ്പര്യമുള്ളവരാണെന്ന സഹോദരന്‍െറ വിശാലവീക്ഷണവും. പത്തൊമ്പതാം നൂറ്റാണ്ടിന്‍െറ ഒടുവില്‍ തമിഴകത്തെ അയ്യോതി താസരുടെ നവ ബൗദ്ധവാദത്തിനുശേഷം 1920-1930കളില്‍ പ്രോജ്വലിച്ച കേരളത്തിലെ നവബൗദ്ധവാദം സഹോദരന്‍െറ ബൗദ്ധിക പരിശ്രമമായിരുന്നു. മിതവാദിയും സി.വി. കുഞ്ഞുരാമനും സഹോദരന്  ശക്തമായ പിന്തുണ നല്‍കിയിരുന്നു. അയ്യരെന്ന പുത്തരുടെ ഓതിയ വചനത്തിന്‍െറ ദാസരായ അയ്യോതി താസരെ അയോധ്യാദാസനാക്കാനുള്ള പല പ്രമുഖ ചരിത്രകാരന്മാരുടെയും കരസേവ അസ്ഥാനത്താണ്.

ഇരുപതാം നൂറ്റാണ്ടിന്‍െറ ഉദയത്തില്‍ ദരിദ്രവും ദലിതവുമായ ഇന്ത്യയെയും തെന്നിന്ത്യയെയും ഹഠാദാകര്‍ഷിച്ച അംബേദ്കറിസവും പെരിയോറുടെ ദ്രാവിഡ പ്രസ്ഥാനവും സഹോദരന്‍ ശ്രദ്ധാപൂര്‍വം പഠിച്ചു. കേരളത്തിലെ സഹജര്‍ക്ക് അപ്പപ്പോള്‍ തന്‍െറ പത്രത്തിലൂടെയും മിതവാദിയും വിവേകോദയവും പോലുള്ള സഹമാധ്യമങ്ങളിലൂടെയും പകര്‍ന്നു കൊടുത്തു. കേരളത്തിലെ നവബുദ്ധമത പ്രസ്ഥാനത്തിന്‍െറ അമരക്കാരായിരുന്നത് സഹോദരനും മിതവാദി സി. കൃഷ്ണനുമായിരുന്നു.  ഒക്ടോബര്‍ വിപ്ളവത്തെ ആദ്യമായി കേരളത്തില്‍ പരിചയപ്പെടുത്തിയ പോലെതന്നെ ഇന്ത്യയിലെ കോടിക്കണക്കായ ദലിത് ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം നവബുദ്ധനും ഇന്ത്യയുടെ ഭാവിസൂര്യനുമായ അംബേദ്കറെയും അദ്ദേഹവും ഗാന്ധിയും തമ്മില്‍ നടന്ന ചരിത്രപരമായ സംവാദങ്ങളെക്കുറിച്ചും സഹോദരന്‍ ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ തന്നെ വിടാതെ എഴുതിക്കൊണ്ടിരുന്നു.  ‘ജാതിഭാരതം’ എന്ന കവിതയിലൂടെ അംബേദ്കറെ ആദ്യമായി അദ്ദേഹത്തിന്‍െറ ജീവിതകാലത്തുതന്നെ തുറന്നു പ്രകീര്‍ത്തിച്ചതും സഹോദരനാണ്. പൂന കരാറിലൂടെ ദലിതരുടെ ജനായത്തപരമായ അധികാര പ്രാതിനിധ്യത്തെ ഗാന്ധിജി അട്ടിമറിച്ചപ്പോള്‍ ഗാന്ധിയുടെ ‘പൂനാപ്പട്ടിണി’ എന്ന ആക്ഷേപ വിമര്‍ശന പ്രയോഗത്തിലൂടെ ബ്രാഹ്മണികമായ മോറല്‍ ഹൈജാക്കിനെ സഹോദരന്‍ കേരളത്തിന്‍െറ ഭാഷാചരിത്രാവബോധത്തിന്‍െറ ഭാഗമാക്കി.  ഇതേ പട്ടിണി ഭീഷണിയുപയോഗിച്ചാണ് ബ്രാഹ്മണിസം  പെരിയാറിന്‍െറ കരയിലുള്ള തൃക്കാരിയൂരും പേരാറിന്‍െറ കരയിലുള്ള തിരുനാവായിലും മറ്റും  7-8 നൂറ്റാണ്ടുകളില്‍ ചമണരെ അവരുടെ നൈതികനിഷ്ഠതന്നെ ദുരുപയോഗം ചെയ്ത് നിഷ്കാസിതരാക്കിയത്.  ‘സോദരരേ’ എന്നുള്ള സ്നേഹവും തുല്യതയും ജൈവബന്ധവും തുടിക്കുന്ന സംബോധനകള്‍ അപ്പച്ചനും സഹോദരനും ഒരുപോലെ തങ്ങളുടെ പാട്ടുകളില്‍ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

പദ്യഗദ്യകൃതികളിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും കേരളം മുഴുവനും നടത്തിയ പ്രസംഗങ്ങളിലൂടെയും ആന്തരാധിനിവേശമായ ഹിന്ദുബ്രാഹ്മണമതത്തിനെതിരായ വിമര്‍ശവീക്ഷണങ്ങളും പ്രതിരോധയുക്തികളും അദ്ദേഹം ദലിതബഹുജനങ്ങള്‍ക്കിടയില്‍ നിരന്തരം വിതരണം ചെയ്തു.  കേരളത്തിലെ ആദ്യത്തെ നവബുദ്ധധര്‍മ പ്രസ്ഥാനവും സാഹോദര്യപ്രസ്ഥാനവും യുക്തിവാദ പ്രസ്ഥാനവും  മനുഷ്യാവകാശ പ്രസ്ഥാനവും   മിശ്രഭോജന പ്രസ്ഥാനവും മിശ്രവിവാഹ പ്രസ്ഥാനവും ജാതിയുന്മൂലന പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവുമെല്ലാം വിഭാവനം ചെയ്തതും പ്രായോഗികവും രാഷ്ട്രീയവുമായി സാധ്യമാക്കിയതും സഹോദരന്‍ തന്നെ.  മലയാളത്തിലേക്കുണ്ടായ ധമ്മപദ വിവര്‍ത്തനങ്ങള്‍ക്കായി മൂലൂരിനെയും ജസ്റ്റിസ് അയ്യാക്കുട്ടിയെയും പ്രേരിപ്പിച്ചതും സഹോദരനാണ്.

ഈഴവര്‍ ജാതിയുടെ മേലോട്ടുള്ള തൃഷ്ണയെ തകര്‍ത്ത് കീഴോട്ടിറങ്ങി ദലിതരോട് ഏകോദര സഹോദരരായി വര്‍ത്തിച്ചാല്‍ മാത്രമേ അവര്‍ മനുഷ്യരാകൂ എന്ന നാരായണഗുരുവിന്‍െറ നൈതികതത്ത്വം പ്രായോഗികമാക്കിയതും റാഡിക്കലായി വ്യഖ്യാനിച്ചതും സഹോദരന്‍ മാത്രമാണെന്ന് പി.കെ. ബാലകൃഷ്ണനെ പോലുള്ളവര്‍ വിലയിരുത്തുന്നു.  തന്‍െറ ഗുരുവിനെയും ഉല്ലംഘിക്കുന്ന ആദര്‍ശവാദിയും സാമൂഹിക പരിഷ്കര്‍ത്താവുമാണ് സഹോദരനെന്ന് ജെ. രഘുവിനെപോലുള്ള പുതിയ വിമര്‍ശപഠിതാക്കള്‍ നിരീക്ഷിക്കുന്നു.  എല്ലാവരുമാത്മ സഹോദരരല്ളോ എന്ന് നാരായണഗുരുവും മനുഷ്യരെല്ലാം ഏകോദര സഹോദരര്‍ എന്ന് അയ്യപ്പനും ആവര്‍ത്തിച്ചപ്പോള്‍ അപ്പച്ചന്‍ ഒരുപടികൂടി കീഴോട്ടിറങ്ങി.  മനുഷ്യകേന്ദ്രിതത്വത്തെ ആത്മവിമര്‍ശനത്തോടെ മറികടക്കുന്ന കേരള നവോത്ഥാനത്തിന്‍െറ പാഠവത്കരിക്കപ്പെടാത്ത ഒരേടാണിത്. സഹോദരന്‍ നിയമപരമായിതന്നെ ബൗദ്ധനായി മാറുകയും കലര്‍പ്പിന്‍െറ ചിന്തയും കലയും കലാപവും പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ അപ്പച്ചന്‍ മനുഷ്യ കര്‍തൃത്വ കേന്ദ്രീകരണത്തെതന്നെ അപനിര്‍മിച്ചുകൊണ്ട് മൃഗസാഹോദര്യവാദവും വിപുലമായ മൈത്രീവാദവും ശാക്യമുനിയെ പോലെതന്നെ പ്രത്യക്ഷണം ചെയ്തു.  അയ്യപ്പന്‍ പുലയനായി മനുഷ്യനായപ്പോള്‍ അപ്പച്ചന്‍ മണ്ണിലേക്കും ഭൂമിയിലേക്കും പടര്‍ന്നു.  അടിത്തട്ടിലേക്കും ചവുട്ടിനില്‍ക്കുന്ന മണ്ണിലേക്കുമുള്ള ഈ വ്യാപനവും വികേന്ദ്രീകരണവും ബുദ്ധന്‍െറ ഭൂമീസ്പര്‍ശമുദ്ര പോലെ വാചാലവും കരുണാര്‍ദ്രവും വിമോചനാത്മകവുമാണ്.  ഭൗമികവും ജൈവികവും നൈതികവുമായ ധര്‍മചിന്തയില്‍തന്നെയാണ് കേരള നവോത്ഥാനത്തിന്‍െറ കീഴാള കാവ്യധാരകളുടെ വേരിറക്കം. ജാതിബാഹ്യരായ അവര്‍ണരുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് സഹോദരനെയും വീണ്ടെടുത്തുകൊണ്ട് കേരളത്തിന്‍െറ കീഴാളമായ പുതിയ വായനകളെയും വ്യാഖ്യാനങ്ങളെയും വര്‍ത്തമാനത്തില്‍ മുന്നോട്ടു കൊണ്ടുവന്നത്. ബുദ്ധനിലാരംഭിച്ച് കബീറിലും ഫൂലേയിലും അംബേദ്കറിലും നാണുഗുരുവിലും അയ്യങ്കാളിയിലും അപ്പച്ചനിലും അയ്യോതി താസരിലും സഹോദരനിലും വികസിക്കുന്ന കീഴാളമായ മാനവിക നൈതിക പാരമ്പര്യത്തിലാണ് പുതിയ ദലിതെഴുത്തുകളും വിശകലനങ്ങളും ഉയര്‍ന്നു വരുന്നത്. മനുഷ്യമോചനത്തിന്‍െറയും മതേതരത്വത്തിന്‍േറതുമായ നവോത്ഥാന ആശയലോകം കൂടുതല്‍ വിപുലവും വ്യാപകവുമായ മൈത്രീബോധങ്ങളും ഉള്‍ക്കൊള്ളലുകളും വികസിപ്പിക്കുന്നതാണ് നാം നവോത്ഥാനാനന്തര കാവ്യവ്യവഹാരങ്ങളിലൂടെ കാണുന്നത്. സംസ്കാരത്തിന്‍െറ രാഷ്ട്രീയത്തെ കേരളത്തില്‍ ജനായത്തപരമായി പരിവര്‍ത്തിപ്പിച്ച മുന്‍നിര ജൈവബുദ്ധിജീവിയാകുന്നു സഹോദരന്‍. കേരള നവോത്ഥാനകാലത്ത് നാണുവാശാനിലൂടെ സജീവമായ ജാതിവിമര്‍ശനവും ബ്രാഹ്മണ മൂല്യമണ്ഡലത്തോടുള്ള വിച്ഛേദവും ഇന്നും സജീവമായി തുടരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ബുദ്ധനെ വിഷ്ണുവിന്‍െറ അവതാരമായി സ്വാംശീകരിക്കാന്‍ ശ്രമിച്ചതുപോലെ നാണുഗുരുവിനെയും അയ്യങ്കാളിയേയുമെല്ലാം ഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കാനുള്ള ഫാഷിസ്റ്റ് പ്രചാരണങ്ങളും കൊടുമ്പിരിക്കൊള്ളുന്നു. അടിമത്ത ചരിത്രത്തെയും ആന്തരാധിനിവേശത്തെയും കുറിച്ചുള്ള തിരിച്ചറിവുകളായി പൊയ്കയുടെ പാട്ടുകളും സഹോദരന്‍െറ പദ്യകൃതികളും സമകാലിക ദലിത് കവിതയെയും സാഹിത്യ വ്യവഹാരങ്ങളെയും ആഴത്തില്‍ നിര്‍ണയിക്കുകയും പൊതുസാഹിത്യ സാംസ്കാരികഭൂമികയില്‍ നിര്‍ണായകമായിത്തീരുകയും ചെയ്യുന്ന വിമോചനസാധ്യതയുടെ സാംസ്കാരിക രാഷ്ട്രീയസന്ദര്‍ഭവും കൂടിയാണിത്. വൈദിക വര്‍ണാശ്രമധര്‍മത്തിന്‍െറ ഹിന്ദുസാമ്രാജ്യത്വത്തെ കേരളം അപനിര്‍മിക്കേണ്ടത് സാഹോദര്യത്തിന്‍െറ ജനായത്ത സംസ്കാര രാഷ്ട്രീയത്തിലൂടെയാണ്. വാമനനെന്ന ജാതിബ്രഹ്മത്തെ നാം കത്തിച്ചേ മതിയാവൂ.

Show Full Article
TAGS:Sahodaran Ayyappan 
News Summary - article about ayyappan
Next Story