Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅ​വ​യ​വ​ദാ​ന​വും...

അ​വ​യ​വ​ദാ​ന​വും അ​യി​ത്താ​ച​ര​ണ​വും

text_fields
bookmark_border
അ​വ​യ​വ​ദാ​ന​വും അ​യി​ത്താ​ച​ര​ണ​വും
cancel

ജന്മത്തിൽ ആഹ്ലാദമായും, വളർച്ചയിൽ അഭിനന്ദനമായും, വീഴ്ചകളിൽ വിമർശനമായും, രോഗാവസ്ഥകളിൽ സാന്ത്വനമായും, സൗഹൃദങ്ങളിൽ ‘കളികളായും’ കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിത്യസാന്നിധ്യമായ ‘സമൂഹം’ മരണത്തിനുമുന്നിൽ ഇന്നലെവരെ എത്തിയത് വെറുമൊരു അനുശോചനവുമായിട്ടാണ്. എന്നാലിനിമുതലത് ‘അനുശോചനങ്ങളോടൊപ്പം’ ‘അന്വേഷണവേദികൾ’ കൂടിയായി മാറേണ്ടിയിരിക്കുന്നു. ‘എന്റെ അവസാനത്തെ ശ്വാസംവരെ നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന’ പഴയ തീർപ്പുകൾ, മരണാനന്തരവും ഞാൻ നിങ്ങളോടൊപ്പം പുതുരൂപങ്ങളിൽ തുടരുമെന്ന പ്രതിജ്ഞകൾക്ക് വഴിമാറേണ്ടിയിരിക്കുന്നു.

മൃതദേഹങ്ങൾക്കുപോലും സാമൂഹിക പ്രവർത്തനം തുടരാൻ കഴിയുന്ന പുതിയ പശ്ചാത്തലത്തെ ഉള്ളിന്റെയുള്ളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് ആവേശപൂർവം ആരംഭിക്കേണ്ടിയിരിക്കുന്നത്. ‘കൊള്ളാൻ വല്ലതുമൊന്ന്, കൊടുക്കാനില്ലാതില്ലൊരു മുൾച്ചെടിയും, ഉദയക്കതിരിനെമുത്തും മാനവഹൃദയപ്പൂന്തോപ്പിൽ’ എന്ന വൈലോപ്പിള്ളിയുടെ കാവ്യയുക്തിക്കുമുന്നിൽനിന്നാണ്, സംസ്കാരസംഘട്ടനമെന്ന ഹണ്ടിങ്ടെന്റെ മനുഷ്യവിദ്വേഷത്തിന്റെ ക്രൂരയുക്തിയുടെ നടുവിൽ നിന്നല്ല മനുഷ്യർ പുളകത്തിന്റെ പൂക്കൾ കണ്ടെടുക്കേണ്ടത്. ആന്തരികാവയവങ്ങൾ മാത്രമല്ല, പഴയ പല്ലും നഖവും തൊലിയുമടക്കം മരണശേഷം മറ്റുള്ളവർക്ക് ഉപയോഗപ്രദമാവുന്നതെന്തും എന്നിൽ നിന്നെടുത്തോളൂ എന്ന വിനയപൂർണമായ അപേക്ഷ ചരിത്രത്തിൽ സമർപ്പിക്കപ്പെടും മുറയ്ക്കാണ് മനുഷ്യരാശിയുടെ ജീവിതം ചൈതന്യ നിർഭരമാകുന്നത്. അപ്പോഴാണ് ‘അവനവനാത്്മസുഖത്തിന്നാചരിക്കുന്നവ അപരന്റെ സുഖത്തിനായ് മാറുന്നത്’.

അവയവദാനം മഹാദാനം ഇതാണ്, ഇതാവണം, പുതിയ കാലത്തിന്റെ മുദ്രാവാക്യം. ആലിൻ ഷെറിൻ അബ്രഹാം എന്ന പത്ത് മാസം പ്രായമുള്ള കുട്ടിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ മലയാളികൾ സങ്കടത്തോടെ, അതേസമയം അഭിമാനത്തോടെയും തലതാഴ്ത്തി. മഹാദുഃഖങ്ങളിലേക്കുപോലും സന്തോഷം കടന്നുവന്നതിന് കാലം സാക്ഷ്യം വഹിച്ചു. നാലുപേർക്കാണ് കേരളം നെഞ്ചേറ്റിയ ആ പിഞ്ചുകുഞ്ഞ് മരണത്തിലും പുതുജീവൻ നൽകിയത്. റോഡപകടത്തിൽ മരിച്ച അമലിന്റെ ഹൃദയം അജ്മലിന് ജീവൻ പകർന്നപ്പോൾ മലയാളികൾ മതസൗഹാർദത്തിന്റെ മാതൃകയായി, ആ ഹൃദയമാറ്റത്തെ മനസ്സിൽ പ്രതിഷ്ഠിച്ചു. ഇതുപോലുള്ള മഹത്തായ എത്രയോ ആവിഷ്‍കാരങ്ങൾ 2003നുശേഷം നമുക്ക് അഭിമാനത്തോടെ എടുത്തുകാണിക്കാൻ കഴിയും. അർഹിക്കുന്ന പ്രാധാന്യത്തോടെ സമൂഹവും മാധ്യമങ്ങളും ഇപ്രകാരമുള്ള സൽകൃത്യങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ മുന്നിലാണെന്നുള്ളതും ആവേശകരമാണ്. എന്നാൽ, 2003ൽ കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ചരിത്രപരമായ പ്രാധാന്യവും, അതിന്റെ സാംസ്കാരിക പ്രത്യാഘാതവും ഒപ്പം പ്രസക്തിയും വേണ്ടരീതിയിൽ ഇന്നുപോലും തിരിച്ചറിയപ്പെട്ടിട്ടില്ല.

തെങ്ങുകയറ്റ തൊഴിലാളിയായ കെ.കെ. സുകുമാരന്റെ ഹൃദയം, മസ്തിഷ്കമരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ, അബ്രഹാമിന് നൽകുകയായിരുന്നു. ഓർമിക്കേണ്ടത് അവയവദാന സംബന്ധമായ ഒരു പ്രചാരണവും നിലവിലില്ലാത്ത സന്ദർഭത്തിലാണ്, ആ കുടുംബം മഹത്തായൊരു സമർപ്പണത്തിന് സന്നദ്ധമായതെന്നുള്ളതാണ്. ആരും തങ്ങളെ അഭിവാദ്യം ചെയ്യുമെന്നോ, ആദരിക്കുമെന്നോ ഈയൊരു ആവിഷ്‍കാരം ചരിത്രത്തിൽ അനശ്വരമാംവിധം അടയാളപ്പെടുത്തുമെന്നോ, അന്നവർ വിചാരിച്ചിട്ടുണ്ടാവില്ല. ഇതുസംബന്ധമായി, ആ സമയത്ത്, അതായത് 2003ൽത്തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘മരണം ജീവിതത്തോട്’ എന്ന പേരിൽ, ആ കുടുംബത്തെ അഭിവാദ്യംചെയ്തും, അവയവദാനത്തിന്റെ സാംസ്കാരിക പ്രസക്തിയെ ഉയർത്തിപ്പിടിച്ചും ഒരു പ്രബന്ധം, ഞാനെഴുതിയത് ഒഴിച്ചാൽ, മറ്റ് പ്രധാന ഇടപെടലുകളൊന്നും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ ഇത് പ്രത്യേകിച്ചും എടുത്തെഴുതാൻ കാരണം, ഒരുഭാഗത്ത് അവയവദാനം നടക്കുമ്പോൾതന്നെ, മറുഭാഗത്ത് അയിത്തവും ആഘോഷിക്കപ്പെടുന്നു എന്ന് വ്യക്തമാക്കാനും; അതോടൊപ്പം അവയവ ആവിഷ്‍കാരത്തിന്റെ ആദ്യമാതൃകയെന്ന നിലയിൽ എന്നും ഉയർത്തിപ്പിടിക്കേണ്ട കെ.കെ. സുകുമാരനെയും കുടുംബത്തെയും അർഹിക്കുംവിധം അടയാളപ്പെടുത്തപ്പെടാതെ പോയി എന്ന് ഓർമിപ്പിക്കാനുമാണ്. സാംസ്കാരിക മൂലധനമില്ലാത്തതുകൊണ്ട്, ഗ്ലാമർ ഇല്ലാതാവുന്ന എത്രയെത്രയോ പ്രതിഭകൾ അവഹേളിതരും തിരസ്കൃതരുമാവുന്നപോലെ; അന്യജീവിതത്തിനുതകി സ്വജീവിതം സമർപ്പിക്കുന്നവരും ഒഴിവാക്കപ്പെടുകയാണ്. സത്യത്തിൽ അവയവദാനം ഉൾപ്പെടെയുള്ള ജീവിതസമർപ്പണങ്ങളെ ദാനം എന്ന വാക്കുകൊണ്ടല്ല, ആവിഷ്‍കാരം എന്ന വാക്കുകൊണ്ടാണ് ശരിക്കും അടയാളപ്പെടുത്തേണ്ടത്.

ചെറിയോരെ കണ്ണിൽപിടിക്കില്ല എന്ന ജാതിമേൽക്കോയ്മാതത്ത്വം ജീവിതത്തിന്റെ സമസ്ത മണ്ഡലത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജാതി, മതം, നിറം, ദാരിദ്യ്രം എന്നിവയുടെ പേരിലുള്ള അവഗണന ആക്ഷേപ-രക്ഷാകർതൃവഴികളിൽ വിഭജിതമാണ്. ആദ്യ അവയവാവിഷ്‍കാരം നടത്തിയത് ഒരു തെങ്ങുകയറ്റത്തൊഴിലാളിയായ കെ.കെ. സുകുമാരനുപകരം, ഏതെങ്കിലും കൊമ്പത്തെ ആളാകുമായിരുന്നെങ്കിൽ, എന്താകുമായിരുന്നു പുകിലെന്ന് ഒന്ന് ആലോചിച്ചുനോക്കൂ!

ഒരു പ്രതിഫലവും വാങ്ങാതെയാണ് സുകുമാരന്റെ കുടുംബം അന്ന് ഹൃദയം മാറ്റിവെക്കലിന് സമ്മതം നൽകിയത്. എന്നാൽ, അതിശയിപ്പിക്കുന്ന ഒരു കാര്യം അന്നുണ്ടായി. 2003 മേയ് 13ന് സുകുമാരന്റെ ശരീരം സംസ്കരിക്കപ്പെട്ടെങ്കിലും, പുരോഹിതർ പുലകർമങ്ങൾ നിർവഹിക്കാൻ വിസമ്മതിച്ചു. ഹൃദയം തുടർന്നും മറ്റൊരാളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ എങ്ങനെ പുലകർമങ്ങൾ നിർവഹിക്കുമെന്ന അവരുടെ ഉത്കണ്ഠ ഒരാദ്യാനുഭവം എന്ന നിലയിൽ മനസ്സിലാക്കാവുന്നതാണ്. 2005ൽ അച്ചടിച്ചുവന്ന, ‘സുകുമാരന്റെ ഹൃദയം നിലച്ചു, അബ്രഹാം മരിച്ചു’ എന്ന പത്രവാർത്ത ഈയൊരാദ്യാനുഭവത്തിന്റെയും, അതേസമയം മാറിവരുന്ന സാഹചര്യങ്ങളോട് തത്സമയം ആരോഗ്യകരമായി പ്രതികരിക്കാനാവാത്ത യാഥാസ്ഥിതിക അവസ്ഥയുടെയും ഭാഗമാണ്. എന്നാൽ, പിന്നീട് നടന്ന ഒരവയവാവിഷ്കൃത മൃതദേഹത്തോടും, ഈവിധം പുരോഹിതന്മാർ പെരുമാറിയതായി ഒരുവാർത്തയും വായിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോഴും മനസ്സിൽ ജീർണമോഹങ്ങൾ സൂക്ഷിക്കുന്ന പുരോഹിതന്മാരേക്കാൾ മോശക്കാരും ബോറ-ബോറത്തിമാരുമായി പെരുമാറാൻ എങ്ങനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, പണ്ഡിതർക്ക് കഴിയുന്നത്?

ജാതി, നിറം, അച്ഛന്റെ തൊഴിൽ അവമാനിച്ചു; ജീവനെടുത്തു. ബി.ഡി.എസ് വിദ്യാർഥിയുടെ ആത്മഹത്യ; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. നിതിൻ തുടർച്ചയായി അധിക്ഷേപം നേരിട്ടതായി പരാതി (മനോരമ; 12.04.2026). കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൻ. നിതിൻ രാജിനെ ജാതിപറഞ്ഞ് ആക്ഷേപിച്ച ആ സ്ഥാപനത്തിലെ മുൽത്താന്മാർ ആരായാലും, നിയമാനുസരണം ശിക്ഷിക്കപ്പെടണം. പഠിപ്പിക്കാനല്ലാതെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ സത്യത്തിൽ അധ്യാപകർ എന്ന പദവി അർഹിക്കുന്നില്ല. ഒരു പൊതുസ്ഥാപനത്തിലേക്ക് പ്രവേശിക്കുമ്പോഴെങ്കിലും ജാതിജീർണത സ്വന്തം വീട്ടിൽ സൂക്ഷിക്കാനുള്ള മിനിമം കപടമാന്യതപോലും ഇവർക്ക് വെച്ചുപുലർത്താനാവുന്നില്ലെങ്കിൽ, ഇവരൊക്കെ പിന്നെ എന്തിന് കൊള്ളും? ആന്തരികാവയവങ്ങൾപോലും ജാതിപൊളിച്ച് ഒന്നിക്കുമ്പോൾ, കേടുവന്ന പല്ലുപോലെ ജാതിമേൽക്കോയ്മയും പിഴുതെടുക്കപ്പെടേണ്ടതുണ്ടെന്ന പ്രബുദ്ധബോധം വളർന്നുവരുന്നൊരു കാലത്ത്, ഇവ്വിധം പെരുമാറുന്നവർ ആരായാലും അവരുടെ സ്ഥാനം കലാലയമല്ല, കാരാഗൃഹമാണ്. അവരർഹിക്കുന്നത് സസ്പെൻഷനല്ല, ഡിസ്മിസലാണ്.

അയിത്തം അവസാനിപ്പിക്കാൻ നടന്ന സാമൂഹിക സമരവും, ആന്തരികാവയവങ്ങളെപ്പോലും അയിത്തവിമുക്തമാക്കിയ സാങ്കേതികവിപ്ലവവും തമ്മിൽ അടിസ്ഥാനപരമായ ഒരകലമുണ്ട്. ആദ്യത്തേത് മാനവികതയുടെ മാനിഫെസ്റ്റോയായപ്പോൾ, രണ്ടാമത്തേത് സാങ്കേതിക വിദ്യയുടെ മാത്രം സത്യവാങ്മൂലമായിത്തീരുകയാണുണ്ടായത്. ആദ്യത്തേത് മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും വൻതോതിൽ വഴിയൊരുക്കിയപ്പോൾ, രണ്ടാമത്തേത് സ്വന്തം ജീവിതം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾക്കാണ് പൊതുവേ ശക്തിപകരുന്നത്. സുകുമാരന്റെയും അബ്രഹാമിന്റെയും കാര്യത്തിലെന്നപോലെ ഹിന്ദു മസ്തിഷ്കം നിലക്കുകയും ക്രിസ്ത്യൻ ഹൃദയം തുടിക്കുകയും ചെയ്യുമ്പോൾ, പുലയടിയന്തിരത്തെക്കുറിച്ച് വേവലാതിപ്പെടുകയല്ല മറിച്ച് ‘സെക്കുലറായി തീരുന്ന’ പുതുശരീരഘടനയെക്കുറിച്ചോർത്ത് പുളകം കൊള്ളുകയാണ് വേണ്ടത്. ശരീരം സെക്കുലറാവുന്ന മുറക്ക്, മനസ്സ് സങ്കുചിതമായി തീരുന്നതോർത്ത് സങ്കടപ്പെടുകയാണ് വേണ്ടത്. ആരുടെയൊക്കെയോ കണ്ണും ചോരയും വൃക്കയും ഹൃദയവും ഒരു മനുഷ്യനിൽ സംഗമിക്കുമ്പോൾ, മരിച്ചുപോകുന്നവർ ‘ജീവിച്ചിരിക്കുന്നു’ എന്ന് തിരിച്ചറിയുന്നതോടൊപ്പം, എന്തുകൊണ്ട് ജീവിത-മരണങ്ങളെ സംബന്ധിച്ച പഴയ കാഴ്ചപ്പാടുകൾ എന്നിട്ടും മരിക്കുന്നില്ല എന്നും നാം ചോദിക്കണം.

രോഗിയാവുമ്പോൾ ആരുടെ സഹായവും വേണം. ആരോഗ്യമുള്ളപ്പോൾ മ്പക്ക് മ്പള്മാത്രം മതി! പുറത്ത് മാന്യത നടിക്കുമ്പോഴും, അവസരമൊത്തുവന്നാൽ ജാതിമേൽക്കോയ്മയുടെ അകത്തെ തേറ്റകളും ദംഷ്ട്രകളും പുറത്തുചാടും. നിതിൻ രാജിന്റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നത്, അധ്യാപകവേഷം കെട്ടിയ രണ്ടോ നാലോ ജാതിഭീകരരെ കാത്തിരിക്കുന്ന ശിക്ഷ മാത്രമല്ല, സന്ദർഭാനുസരണം പതുങ്ങാനും, കഴുത്ത് ഞെരിക്കാനും കഴിയുന്ന ജാതിമേൽക്കോയ്മക്കെതിരായ നിരന്തര സമരമാണ്. കേരളത്തിലെന്ത് ജാതി എന്ന് ചോദിക്കുന്നവരെ പിടിച്ചുകെട്ടി; ഭാഷയിൽ, സിനിമകളിൽ, രൂപകങ്ങളിൽ, പെരുമാറ്റങ്ങളിൽ, നയങ്ങളിൽ, അയ്യോപാവം കളികളിൽ, കുടിപാർക്കുന്ന ജാതികുടിലതകളിലേക്ക്, അവരുടെ കണ്ണുതുറപ്പിക്കുംവിധമുള്ള ഇടതടവില്ലാത്ത ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. ജാതിക്കൊലകൾ നടക്കുമ്പോഴുള്ള, താൽക്കാലികം മാത്രമായ അയ്യോ പാവം കളികളിൽ പ്രതികരണങ്ങൾ ഒരു കാരണവശാലും ഒതുങ്ങരുത്, ഒതുക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleliterature
News Summary - article
Next Story