അണുശക്തി നിലയങ്ങൾ ആവശ്യമോ?
text_fields
ആധുനിക ജനജീവിതത്തിന്റെ ചാലക ശക്തിയായ വൈദ്യുതിയുടെ ഉൽപാദനത്തിന് ഇന്ന് നിരവധി മാർഗങ്ങളുണ്ട്. അവയിൽ ചിലത് പരിസ്ഥിതിയെ നുള്ളിനോവിക്കുമ്പോൾ മറ്റുപലതും സ്ഥായിയായ നാശം വരുത്തുന്നവയാണ്. മനുഷ്യരാശിയുടെ നിലനിൽപിനും സുസ്ഥിര വികസനത്തിനും പ്രകൃതിയെന്ന നമ്മുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ മുന്നോട്ടുപോകൽ പരമപ്രധാനമാണ്. ആകയാൽ കഴിയുന്നത്ര ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ മാർഗങ്ങൾ വേണം വൈദ്യുതോൽപാദനത്തിനായി ആശ്രയിക്കാൻ. നിലവിൽ...
ആധുനിക ജനജീവിതത്തിന്റെ ചാലക ശക്തിയായ വൈദ്യുതിയുടെ ഉൽപാദനത്തിന് ഇന്ന് നിരവധി മാർഗങ്ങളുണ്ട്. അവയിൽ ചിലത് പരിസ്ഥിതിയെ നുള്ളിനോവിക്കുമ്പോൾ മറ്റുപലതും സ്ഥായിയായ നാശം വരുത്തുന്നവയാണ്. മനുഷ്യരാശിയുടെ നിലനിൽപിനും സുസ്ഥിര വികസനത്തിനും പ്രകൃതിയെന്ന നമ്മുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ മുന്നോട്ടുപോകൽ പരമപ്രധാനമാണ്. ആകയാൽ കഴിയുന്നത്ര ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ മാർഗങ്ങൾ വേണം വൈദ്യുതോൽപാദനത്തിനായി ആശ്രയിക്കാൻ. നിലവിൽ നാം നേരിടുന്ന ഊർജപ്രതിസന്ധിക്ക് പരിഹാരം ആണവ നിലയങ്ങളാണെന്ന മട്ടിൽ ചർച്ചകൾ വ്യാപകമായ പശ്ചാത്തലത്തിൽ ആ വാദത്തെ പരിശോധിക്കാനാണ് ഈ കുറിപ്പ്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അണുശക്തി കണ്ടെത്തപ്പെടുന്നത്. അണുശക്തി ലഭ്യമാക്കാൻ കഴിയുക രണ്ടുവിധത്തിലാണ്.
1. അണു വിഘടനം (atomic fission)
2. അണുതാപ സംയോജനം (thermonuclear fusion)
പ്രകൃതിയിൽ കാണുന്ന മൂലകങ്ങളിൽവെച്ച് ഏറ്റവും ഭാരം കൂടിയതായ യുറേനിയത്തിന്റെ അണുകേന്ദ്രത്തെ ന്യൂട്രോണുകളുപയോഗിച്ച് പിളർന്നാൽ വൻതോതിൽ താപോർജം പുറന്തള്ളുമെന്ന് 1939ൽ ഓട്ടോഹാനും ലിസെമെയ്ത്നറും ചേർന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അണുവിഘടന ഊർജത്തിലേക്കുള്ള പാത തുറന്നുകിട്ടിയത്. ഒരൽപം ദ്രവ്യമെന്നത് വളരെ വലിയ ഊർജത്തിനു തുല്യമാണെന്ന് ഐൻസ്റ്റൈൻ പറഞ്ഞത് ഇവിടെ യാഥാർഥ്യമാവുകയായിരുന്നു. ഒരു കിലോഗ്രാം യുറേനിയം വിഘടനം നടത്തിയാൽ കിട്ടുന്ന ഊർജം 2,750 ടൺ കൽക്കരി കത്തിച്ചാൽ ലഭിക്കുന്നത്ര താപോർജത്തിന് തുല്യമാണ്.
ഒരു യുറേനിയം ന്യൂക്ലിയസ് വിഘടിക്കുമ്പോൾ പുതുതായി രണ്ടോ മൂന്നോ ന്യൂട്രോണുകൾ ഉണ്ടാകുന്നു. ഇവ കൂടുതൽ യുറേനിയം അണുക്കളെ വിഘടിക്കുന്നു. അങ്ങനെ കൂടുതൽ ന്യൂട്രോണുകൾ പുറത്തുവരുകയും അവ വീണ്ടും അണുകേന്ദ്ര വിഘടനങ്ങൾ നടത്തുകയും ചെയ്യുന്നു. വിഘടന യോഗ്യമായ യുറേനിയം ആവശ്യത്തിനുണ്ടെങ്കിൽ ഇതു നിർത്താത്ത നിമിഷങ്ങൾക്കുള്ളിൽ വ്യാപിക്കുന്ന, ഒരു ശൃംഖലാ പ്രവർത്തന (chain reaction)മായി മാറും, അതോടൊപ്പം അതിഭയങ്കരമായി ഊർജം പുറന്തള്ളപ്പെടുകയും ചെയ്യും. ഇതുതന്നെയാണ് ആറ്റംബോബിന്റെ തത്ത്വം. ഈ ശൃംഖലാ പ്രവർത്തനം നിയന്ത്രിതമായ തോതിൽ നടത്തുകയാണെങ്കിൽ ക്രമമായ ഒരു താപോർജ പ്രവാഹം ലഭിക്കും. ഇതാണ് അണുശക്തി നിലയങ്ങളിൽ നടക്കുന്നത്.
അണുശക്തിയുടെ കണ്ടുപിടിത്തത്തെത്തുടർന്ന് ഒരു അണുശക്തി നിലയം സ്ഥാപിക്കുന്നതിന് മുമ്പുതന്നെ മനുഷ്യൻ അണുബോംബാണുണ്ടാക്കിയത്! രണ്ടാം ലോക യുദ്ധത്തിന്റെ കാലമായിരുന്നതിനാൽ പല രാഷ്ട്രങ്ങളും ആണവായുധങ്ങൾ നിർമിക്കാനുള്ള ഗവേഷണത്തിൽ മുഴുകി. അതിൽ ആദ്യം വിജയിച്ചത് അമേരിക്കയായിരുന്നു.
1945 ജൂലൈ 16ന് രാവിലെ 5.30ന് ഒരു പടുകൂറ്റൻ സ്റ്റീൽ ടവറിനുമുകളിൽ ബോംബുവെച്ച് അത് പരീക്ഷിച്ചു; സ്ഫോടനം നടന്ന് ഒരു സെക്കൻഡിന്റെ പത്തു ലക്ഷത്തിലൊന്ന് സമയം (ഒരു മൈക്രോ സെക്കൻഡ്) കഴിഞ്ഞപ്പോൾ തന്നെ ആ സ്റ്റീൽ ടവർ ബാഷ്പീകൃതമായിത്തീർന്നിരുന്നു.
പരീക്ഷിച്ച് വെറും 20 ദിവസങ്ങൾക്കുശേഷം, ആഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമക്കുമേൽ യുറേനിയം ബോംബും ഒമ്പതാം തീയതി നാഗസാക്കിയിൽ പ്ലൂട്ടോണിയം ബോംബും അമേരിക്കൻ വിമാനങ്ങൾ വർഷിച്ചു. ബോംബുവീണ് സെക്കൻഡുകൾക്കുള്ളിൽ ആ രണ്ടു വൻ നഗരങ്ങളും അവിടത്തെ ആളുകളും കത്തിക്കരിഞ്ഞു നശിച്ചു. രണ്ടു ലക്ഷത്തോളം ആളുകൾ ചാമ്പലായി. അതിലേറെ പേർക്ക് അംഗഭംഗം സംഭവിക്കുകയും തലമുറകളിലേക്ക് പകരുന്ന മാരകമായ രോഗങ്ങളുണ്ടാക്കുന്ന അണുപ്രസരമേൽക്കുകയും ചെയ്തു. ഇന്ന് ഹിരോഷിമയിലും നാഗസാക്കിയിലും ഏകദേശം മൂന്നു ലക്ഷം ആളുകൾ രക്താർബുദം, അന്ധത, ബധിരത, അംഗ വൈകല്യം എന്നിവക്ക് വിധേയരായി കഴിയുന്നുണ്ട്.
അണുഭാരം വളരെ കുറഞ്ഞ മൂലകങ്ങളുടെ അണുകേന്ദ്രങ്ങളെ തമ്മിൽ ചേർക്കാൻ (സംയോജിപ്പിക്കാൻ) കഴിഞ്ഞാൽ ഊർജം ഉൽപാദിപ്പിക്കപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അണുതാപ സംയോജനം എന്ന പ്രക്രിയ. അണുഭാരം ഏറ്റവും കുറഞ്ഞ ഹൈഡ്രജന്റെ സമസ്ഥാനീയമായ ഡ്യൂട്ടീരിയമാണ് ഇതിന് അഭികാമ്യം. കടൽവെള്ളത്തിൽനിന്നും ഡ്യൂട്ടീരിയം വേർതിരിച്ചെടുക്കാനാവും. അണുവിഘടന ശക്തിയെ അപേക്ഷിച്ച് ഇതിനെ ആകർഷകമാക്കുന്ന പ്രധാന കാര്യം ഇത് റേഡിയേഷൻ അപകടങ്ങൾ വരുത്തുന്ന അവശിഷ്ടമൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ്. നിഷ്ക്രിയമായ ഹീലിയമാണ് ഇതിലെ അവശിഷ്ടം. സൂര്യനിലും മറ്റു നക്ഷത്രങ്ങളിലുമെല്ലാം ഈ പ്രക്രിയയിലൂടെയാണ് താപോർജം ഉണ്ടാവുന്നത്. പക്ഷേ, ഈ സാങ്കേതികത ഇന്നും പരീക്ഷണശാലയിൽ ഒതുങ്ങിനിൽക്കുന്നതേയുള്ളൂ.
വറ്റിക്കൊണ്ടിരിക്കുന്ന ഖനിജ ഇന്ധനങ്ങളായ കൽക്കരി, ഇന്ധനയെണ്ണ, പ്രകൃതിവാതകം എന്നിവക്ക് പകരമേർപ്പാടായി അണുശക്തിയെ രണ്ടുമൂന്നു ദശകങ്ങൾക്ക് മുമ്പുവരെ ശാസ്ത്രജ്ഞർ പൊതുവേ കണ്ടിരുന്നു. എന്നാൽ, അണുശക്തി നിലയങ്ങളിലുണ്ടായ പല അപകടങ്ങൾ -പ്രധാനമായും 1979ൽ അമേരിക്കയിൽ പെൻസൽവേനിയയിലെ ‘ത്രീ മൈൽ ഐലൻഡി’ലും 1986ൽ റഷ്യയിലെ ‘ചെർണോബിൽ’ലും ഏറ്റവും ഒടുവിലായി 2011ൽ ജപ്പാനിലെ ‘ഫുക്കുഷിമയിലും നടന്ന വൻ അപകടങ്ങൾ -ഈ രംഗത്ത് പുനർ വിചിന്തനത്തിന് ആക്കംകൂട്ടുകയും പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിനും വിമർശനങ്ങൾക്കും ഇടയാക്കുകയുമുണ്ടായി.
കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയെന്നത് അണുശക്തി നിലയങ്ങളുടെ നിർമാണച്ചെലവ് വളരെയേറെ ഉയർത്തുന്നു. ന്യൂക്ലിയർ നിലയങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ആണവ അവശിഷ്ട നിർമാർജനമാണ്. ലെഡ് പെട്ടികളിൽ അടക്കംചെയ്ത് കരയിൽ ആഴത്തിൽ കുഴിയെടുത്തോ അല്ലെങ്കിൽ ലവണ ഖനികളിലോ കുഴിച്ചിടുക, കടലിൽ നിക്ഷേപിക്കുക തുടങ്ങിയ മാർഗങ്ങളൊക്കെ പരീക്ഷിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ശൂന്യാകാശത്ത് കൊണ്ടുപോയി തള്ളുന്നതിനെപ്പറ്റിപോലും ശാസ്ത്രജ്ഞർ ആലോചിച്ചു. സുരക്ഷിതമായ ഒരു മാർഗവും ഇന്നോളം കണ്ടെത്തിയിട്ടില്ല. പ്രവർത്തനം കഴിഞ്ഞ റിയാക്ടറുകളെ റേഡിയേഷൻ അപകടങ്ങളുണ്ടാവാതെ പൊളിച്ചുമാറ്റുകയെന്നതും വളരെ ചെലവേറിയതാണ്. മുപ്പതോ നാൽപതോ വർഷത്തെ ആയുസ്സുള്ള അണുശക്തി നിലയങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലം പിന്നീട് 500 വർഷത്തേക്കെങ്കിലും ഉപയോഗ ശൂന്യമാണ്. കുറഞ്ഞപക്ഷം പത്തു മൈൽ ചുറ്റളവിലെങ്കിലും കാര്യമായ ജനവാസമില്ലാത്ത സ്ഥലത്തായിരിക്കണം അണുശക്തി നിലയം സ്ഥാപിക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
(ഗവ. എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലും അനെർട്ട് മുൻ ഡയറക്ടറുമാണ് ലേഖകൻ)
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
