Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅ​േൻറാണിയോ ഗ്രാംഷി...

അ​േൻറാണിയോ ഗ്രാംഷി @130

text_fields
bookmark_border
Antonio Gramsci @ 130
cancel
camera_alt

അ​േ​ൻറാണിയോ ഗ്രാംഷി, ബെനിറ്റോ മുസോളിനി

കഴിഞ്ഞ നൂറ്റാണ്ടി​​െൻറ രണ്ടാം പകുതിയിൽ ഏറ്റവും ബഹുജനസ്വാധീനമുള്ള മുഖ്യ രാഷ്​ട്രീയകക്ഷികളിലൊന്നായി​ ഇറ്റലിയിലെ കമ്യൂണിസ്​റ്റ്​ പാർട്ടി വളർന്നു. 34 ശതമാനം വരെ വോട്ട്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്​റ്റ്​ പാർട്ടി നേടി. 2014ൽ ഇന്ത്യയിലെ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ 30 ശതമാനം വോട്ടുനേടിയ നരേന്ദ്ര മോദിയും ബി.ജെ.പിയും കൂട്ടുകെട്ടിലൂടെ ഗവൺമെൻറ്​ രൂപവത്​കരിച്ചത്​ താരതമ്യപ്പെടുത്തിയാൽ ഇറ്റാലിയൻ അനുഭവത്തി​​െൻറ പ്രാധാന്യം വ്യക്തമാവും.

1922ൽ ആ ​രാജ്യത്ത്​ ആധിപത്യം സ്​ഥാപിച്ച ​െബനിറ്റോ മുസോളിനിയുടെ ഫാഷിസ്​റ്റ്​ കിരാതത്വത്തിനെതിരായ ചെറുത്തുനിൽപു സമരങ്ങൾക്ക്​ ത്യാഗപൂർവം നേതൃത്വം കൊടുത്തുകൊണ്ടാണ്​ അവിടെ കമ്യൂണിസ്​റ്റുകാർ പുരോഗമനവാദികളായി ജനങ്ങളെ അണിനിരത്തിയത്​.

രണ്ടാം ലോകയുദ്ധത്തി​െൻറ പര്യവസാനത്തിൽ സോവിയറ്റ്​ യൂനിയ​െൻറ ചുവപ്പുസേനയും ബ്രിട്ടനും ഫ്രാൻസും അമേരിക്കയും അടങ്ങുന്ന സഖ്യശക്തികളും വിജയശ്രീലാളിതരായതോടെ കമ്യൂണിസ്​റ്റ്​-തൊഴിലാളി പ്രസ്​ഥാനങ്ങൾക്ക്​ വമ്പിച്ച സ്വീകാര്യത ജനങ്ങളിൽ രൂപമെടുത്തു. ഈ പശ്ചാത്തലത്തിൽ ഇറ്റലിയിലും ഗ്രീസിലും പോർചുഗലിലും ഫ്രാൻസിലും സ്​പെയിനിലും കമ്യൂണിസ്​റ്റ്​ ഇടതുപക്ഷശക്തികൾ സ്വാധീനം വർധിപ്പിക്കുകയും ജർമനിയുടെ പകുതി മുതൽ സോവിയറ്റ്​ യൂനിയൻ വരെയുള്ള ഭൂവിഭാഗങ്ങളിലെ ഹംഗറി, ചെക്കോസ്​​േലാവാക്യ, റുമേനിയ, അൽബേനിയ, ബൾഗേറിയ, യൂഗോസ്​ലാവ്യ, പോളണ്ട്​ തുടങ്ങിയ രാജ്യങ്ങൾ സോഷ്യലിസ്​റ്റ്​ കൂട്ടായ്​മയായി പരിണമിക്കുകയും ചെയ്​തു.

ലോകത്തെ അഗാധമായി സ്വാധീനിച്ച ഈ സംഭവവികാസങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവഹിച്ച ഭരണാധികാരികളും വിപ്ലവകാരികളായ പ്രസ്​ഥാന സ്​ഥാപകരുമുണ്ട്​. അതിൽ ശാസ്​ത്രീയമായ സോഷ്യലിസ്​റ്റ്​ പ്രപഞ്ചവീക്ഷണം അവതരിപ്പിച്ച കാൾ മാർക്​സും ​​​െ​ഫ്രഡറിക്​ എംഗൽസും ഒരുതലത്തിൽ നിലകൊള്ളുന്നു.

1917ലെ മഹത്തായ ഒക്​ടോബർ സോഷ്യലിസ്​റ്റ്​ വിപ്ലവത്തിന്​ നേതൃത്വം നൽകിയ ലെനിനും അദ്ദേഹത്തി​​െൻറ സൈദ്ധാന്തിക സംഭാവനകളുമാണ്​ മാർക്​സിനും എംഗൽസിനും തൊട്ടടുത്തുനിൽക്കുന്നത്​. ചൈനയുടെ മാവോ സെ തൂങ്ങും വിയറ്റ്​നാമി​​െൻറ ഹോചി​മിനും ക്യൂബയുടെ ഫിദൽ കാസ്​ട്രോയും വിശ്വവിപ്ലവകാരി ചെ ഗുവേരയും അതി​െൻറ തുടർച്ചയായി വരുന്നു. (ഗുരുതരമായ ചില പിശകുകൾക്ക്​ ഉത്തരവാദിയാണെങ്കിലും) രണ്ടാം ലോകയുദ്ധത്തിൽ ഫാഷിസ്​റ്റുകളെ അടിതകർത്തു തോൽപിക്കുന്നതിൽ മർമപ്രധാനമായ നേതൃപങ്കുവഹിച്ച ജോസഫ്​ സ്​റ്റാലി​െൻറ സംഭാവനകളും പ്രധാനമാണ്​.

എന്നാൽ, വിപ്ലവത്തെ വിജയകരമായി നയിക്കുകയോ ഭരണാധികാരിയാവുകയോ ചെയ്യാതെതന്നെ ലോക വിപ്ലവപ്രസ്​ഥാനങ്ങളുടെ ചരിത്രത്തിൽ മായ്​ച്ചുകളയാനാവാത്ത സ്​ഥാനം നേടിയ, ഒരേയൊരു സമരനായകൻ അ​േൻറാണിയോ ഗ്രാംഷിയാണ്​.

ഇറ്റലിയിലെ വിപ്ലവകാരികളായ സോഷ്യലിസ്​റ്റുകൾ കമ്യൂണിസ്​റ്റ്​ പാർട്ടിയായി സ്വയം പുനഃസംഘടിപ്പിച്ചതി​െൻറ നൂറാം ആണ്ടിൽത്തന്നെയാണ്​ ഗ്രാംഷിയുടെ 130ാം ജന്മദിനവും. ഗ്രാംഷിക്ക്​ രണ്ടു​ വയസ്സുള്ളപ്പോഴാണ്​ കമ്യൂണിസ്​റ്റ്​ മാനിഫെസ്​റ്റോയുടെ ഇറ്റാലിയൻ പരിഭാഷ വരുന്നത്​. 1895ൽ മരിക്കുന്നതിന്​ രണ്ടുവർഷം മുമ്പ്​ 1893ൽ മാനിഫെസ്​റ്റോയുടെ ഇറ്റാലിയൻ പതിപ്പിന്​ എംഗൽസ്​ തനിച്ച്​ മുഖവുര എഴുതി.

(അതിന്​ 10 വർഷം മുമ്പ്​ 1883ൽ അദ്ദേഹത്തി​െൻറ ഉറ്റ സഖാവ്​ കാൾ മാർക്​സ്​ മരിച്ചുകഴിഞ്ഞുവല്ലോ) മാനിഫെസ്​റ്റോ പ്രസിദ്ധീകരിക്കപ്പെട്ട്​ 45 വർഷം കഴിഞ്ഞിരുന്നു. ആ കാലയളവിൽ തൊഴിലാളി പ്രസ്​ഥാനങ്ങൾ കൈവരിച്ച ജയാപചയങ്ങളുടെ അവലോകനം ഹ്രസ്വമായാണെങ്കിലും പതിവുപോലെ, ഈ മുഖവുരയിലും എംഗൽസ്​ നടത്തി. എന്നിട്ട്​ ത​​െൻറ വരികൾ എംഗൽസ്​ ഇപ്രകാരം ഉപസംഹരിച്ചു: ''...ഈ മാനിഫെസ്​റ്റോയുടെ പ്രഥമ പ്രസിദ്ധീകരണം സാർവദേശീയ വിപ്ലവത്തിന്​ എങ്ങനെയായിരുന്നുവോ അതുപോലെ ഈ പരിഭാഷയുടെ പ്രസിദ്ധീകരണം ഇറ്റലിയി​െല തൊഴിലാളിവർഗത്തി​​െൻറ വിജയത്തിനുള്ള ശുഭശകുനമാക​ട്ടെ... ഒന്നാമത്തെ മുതലാളിത്ത രാജ്യം ഇറ്റലിയായിരുന്നു.

ഇറ്റലിയുടെ സന്താനവും പരമോന്നതനുമായ ഡാ​​െൻറയാണ്​- മധ്യകാല കവികളിൽ അവസാന​െത്തയും ആധുനിക കവികളിൽ ആദ്യത്തേയുമായിരുന്നു അദ്ദേഹം- ഫ്യൂഡൽ മധ്യകാലത്തി​െൻറ അന്ത്യവും ആധുനിക മുതലാളിത്തത്തി​െൻറ ആരംഭവും കുറിച്ചത്​. 1300ലെന്നപോലെ ഇന്നും പുതിയൊരു ചരിത്രകാലഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴിലാളിവർഗ കാലഘട്ടത്തി​െൻറ ഉദയമുഹൂർത്തം കുറിക്കുന്ന പുതിയൊരു ഡാ​െൻറയെ ഇറ്റലി നമുക്ക്​ പ്രദാനംചെയ്യുമോ?'

ഇതെഴുതു​േമ്പാൾ ത​െൻറ വരികളുടെ പ്രവചനസ്വഭാവം എംഗൽസ്​ ഒരിക്കലും സങ്കൽപിച്ചിട്ടുണ്ടാവില്ല. കവിയല്ലെങ്കിലും കവിതയും സംസ്​കാരവും വഴങ്ങുന്ന, പുതിയ തൊഴിലാളിവർഗ കാലഘട്ടത്തി​െൻറ ഉദയമുഹൂർത്തം കുറിക്കുന്ന ഒരു വിപ്ലവചിന്തകനും പോരാളിയും ഇറ്റലിയുടെ ഭാഗമായ സാർഡിനിയയിലെ എലെസിൽ 1891ൽ പിറന്നുകഴിഞ്ഞിരുന്നു. അ​േൻറാണിയോ ഫ്രാൻസെസ്​കോ ഗ്രാംഷി. രണ്ടു വയസ്സുള്ള ആ കുഞ്ഞ്​ വളർന്ന്​ ടൂറിൻ സർവകലാശാലയിൽ സാഹിത്യവും ഭാഷാശാസ്​ത്രവും പഠിച്ചു.

1913ൽ ഗ്രാംഷി ഇറ്റലിയിലെ സോഷ്യലിസ്​റ്റ്​ പാർട്ടിയിൽ ചേർന്നു. 1917ലെ റഷ്യൻ വിപ്ലവം ഒരു 26 വയസ്സുകാരനായി ടൂറിനിൽനിന്ന്​ നോക്കിക്കണ്ടു വിലയിരുത്തി. ടൂറിനിലെ ഫിയറ്റ്​ ഫാക്​ടറി തൊഴിലാളികളുടെ പഠനക്ലാസുകൾക്ക്​ ഗ്രാംഷി നേതൃത്വം നൽകി. 1919 ഏപ്രിലിൽ മൂന്നാം ഇൻറർനാഷനലിൽ ചേരാൻ സോഷ്യലിസ്​റ്റ്​ പാർട്ടി തീരുമാനിച്ചു. 1921ൽ കമ്യൂണിസ്​റ്റ്​ പാർട്ടിയായി സോഷ്യലിസ്​റ്റ്​ പാർട്ടിയിൽനിന്ന്​ വേർതിരിഞ്ഞ്​ പ്രവർത്തനമാരംഭിച്ചു. 1922ൽ ഗ്രാംഷി വിപ്ലവ റഷ്യയിലേക്ക്​ കമ്യൂണിസ്​റ്റ്​ പാർട്ടി പ്രതിനിധിയായി സഞ്ചരിച്ചു. അവിടെ പരിചയപ്പെട്ട ജൂലിയ അപ്പോലനോവ ഷുശ്​ട്ടിനെ (ഒരു വയലിൻ സംഗീതജ്ഞയായിരുന്നു) പ്രണയിച്ച്​ വിവാഹം കഴിച്ചു.

1922 ൽ ഭരണത്തി​േ​ലറിയ ഫാഷിസ്​റ്റ്​ മുസോളിനിയുടെ മർദകവാഴ്​ചക്കെതിരായ വിശാലമായ ഐക്യമുന്നണി എന്ന സമരതന്ത്രം ഗ്രാംഷി മുന്നോട്ടുവെക്കുകയും കമ്യൂണിസ്​റ്റ്​ പാർട്ടി അതംഗീകരിക്കുകയും ചെയ്​തു. പാർട്ടി ജനറൽ സെക്രട്ടറിയായ ഗ്രാംഷി പാർലമെൻറിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്​റ്റ്​ പാർട്ടിക്കെതിരെ അറസ്​റ്റും മർദനനടപടികളും മുസോളിനി ആരംഭിച്ചു.

1926ൽ ഗ്രാംഷി അറസ്​റ്റ്​ ചെയ്യപ്പെട്ടു. കമ്യൂണിസ്​റ്റ്​ പാർട്ടി നിരോധി​ക്കപ്പെടുകയും ചെയ്​തു. ജയിൽ കാലത്തെഴുതിയ കുറിപ്പുകൾ മാർക്​സിസത്തി​െൻറ കാലോചിതമായ വളർച്ചക്ക്​ ഗ്രാംഷി നൽകിയ ഉജ്ജ്വല സംഭാവനയാണ്​. ഇന്ന്​ വിപ്ലവ ചിന്താലോകം ഗ്രാംഷിയൻ ചിന്തയെ അപ്രകാരമാണ്​ നോക്കിക്കാണുന്നത്​.

വ്യാജമായ ആരോപണങ്ങളെ ആസ്​പദമാക്കി ഗ്രാംഷിയെ വിചാരണ ചെയ്​ത കോടതിയിൽ മുസോളിനിയുടെ വക്താവായ വക്കീൽ വാദിച്ചത്​ പ്രസിദ്ധം: ''20 വർഷം ഈ ത​ലച്ചോർ പ്രവർത്തിക്കില്ല എന്ന്​ നമുക്ക്​ ഉറപ്പുവരുത്തണം.'' ആദ്യം അഞ്ചും പിന്നീട്​ 20 വർഷത്തെയും കാരാഗൃഹവാസത്തിന്​ ഗ്രാംഷി ശിക്ഷിക്കപ്പെട്ടു. കഠിനവും യാതനാനിർഭരവുമായ 11 വർഷത്തെ ജയിൽവാസംകൊണ്ട്​ ഗ്രാംഷി മരണാസന്നനായപ്പോൾ ഒരു സാനിറ്റോറിയത്തിലേക്ക്​ 1993ൽ മാറ്റി.

പക്ഷേ, ആ ജീവൻ രക്ഷിക്കാനായില്ല. 46ാമത്തെ വയസ്സിൽ, 1937 ഏപ്രിൽ 27ന്​​ ഗ്രാംഷി മരിച്ചു; അല്ല രക്തസാക്ഷിയായി. അധീശത്വം (Hegemony) രാഷ്​ട്രീയത്തി​െൻറ സാംസ്​കാരികതലം, ജൈവബുദ്ധിജീവിതം, ഭരണകൂടവും പൗരസമൂഹവും, ചൂഷക മർദക ഭരണകൂടത്തി​െൻറ സമ്മതനി​ർമാണ സ​മ്പ്രദായം തുടങ്ങിയ ആശയങ്ങൾ വികസിപ്പിക്കുന്നതിൽ ഗ്രാംഷിയുടെ ശ്രദ്ധേയ സംഭാവനകൾ വ്യാപകമായ ചർച്ചക്കും പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്കും വഴിതുറന്നിടുന്നു.

ഇറ്റലിയിലെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നേതൃത്വത്തിൽ 1921 മുതൽ ഫാഷിസ്​റ്റുകളാൽ അറസ്​റ്റ്​ ചെയ്യപ്പെടുന്ന 1926 വരെ ആറു വർഷക്കാലം മാത്രമാണ്​ ജനങ്ങളുമായി ബന്ധപ്പെട്ട രാഷ്​ട്രീയപ്രവർത്തനം നടത്താൻ അ​േ​ൻറാണിയോ ഗ്രാംഷിക്ക്​ (1891-1937) അവസരം ലഭിച്ചത്​. 1913 മുതൽ സോഷ്യലിസ്​റ്റ്​ പാർട്ടിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

എന്നാൽ, അദ്ദേഹത്തി​​െൻറ ജയിൽക്കുറിപ്പുകളിലൂടെ ലോകമെങ്ങുമുള്ള പുരോഗമനവാദികൾക്ക്​ അസാമാന്യമായ ഉൾക്കാഴ്​ചയുള്ള സമരാശയങ്ങൾ പകരാൻ അദ്ദേഹത്തിനു​ കഴിഞ്ഞു. രാഷ്​ട്രീയ സിദ്ധാന്തത്തിലും സംസ്​കാര വിമർശനത്തിലും ഗ്രാംഷിയൻ അപഗ്രഥനരീതി പുതിയ വെളിച്ചം പകരുന്നു.

ബൗദ്ധികദൃഷ്​ടിയിൽ ആപത്തു കണ്ടാലും ഇച്ഛാശക്തികൊണ്ട്​ ശുഭപ്രതീക്ഷ പുലർത്താൻ പോരാളിക്കു​ കഴിയണമെന്ന്​ ഗ്രാംഷി ഓർമിപ്പിച്ചു. കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനം മുന്നേറ്റങ്ങൾക്കിടയിൽ വെല്ലുവിളികളും തിരിച്ചടികളും അഭിമുഖീകരിക്കുന്ന വർത്തമാനകാലത്ത്​ ഗ്രാംഷിയുടെ അപഗ്രഥനങ്ങളും അവതരണങ്ങളും പുതിയ കാലഘട്ടത്തിൽ നടത്തേണ്ട അന്വേഷണങ്ങൾക്ക്​ ദിശാസൂചന പകരാൻ പ്രയോജനപ്പെടുമെന്ന്​ പ്രതീക്ഷിക്കാം; ഫാഷിസ്​റ്റ്​​ വിരുദ്ധ സമരങ്ങളുടെ കാര്യത്തിൽ വിശേഷിച്ച്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fascismAntonio Gramsci
News Summary - Antonio Gramsci @ 130
Next Story