അണ്ണാ ഹസാരെയിൽ നിന്ന് സോനം വാങ്ചുകിലേക്ക്
text_fields2011 ആഗസ്റ്റിലെ ഒരു ദിവസം, ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്യൂണിക്കേഷൻ, റിസർച് ആൻഡ് ട്രെയിനിങ്ങിലെ എന്റെ ചില വിദ്യാർഥികൾ അസാധാരണമായ ഒരു അഭ്യർഥനയുമായി വന്നു. ഡൽഹി രാംലീല മൈതാനത്ത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിനായി ക്ലാസ് നേരത്തെ അവസാനിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള എല്ലാവരെയും കുറിച്ച് അന്വേഷിക്കാൻ അധികാരമുള്ള സ്വതന്ത്ര അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ എന്ന ലക്ഷ്യത്തോടെ, ജൻ ലോക്പാൽ ബില്ലിനായി 2011 ആഗസ്റ്റ് 16നാണ് അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പെട്ടെന്നുതന്നെ ഈ പ്രക്ഷോഭം ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രസ്ഥാനങ്ങളിലൊന്നായി മാറി. മേം അണ്ണാ ഹൂ (ഞാൻ അണ്ണാ ആണ്) എന്നെഴുതിയ ഗാന്ധി തൊപ്പി ധരിച്ചും ത്രിവർണ പതാക വീശിയും ആയിരങ്ങളാണ് രാംലീല മൈതാനത്ത് തടിച്ചുകൂടിയത്. അതിന്റെ ഫലമായി 2013 ഡിസംബറിൽ ലോക്പാൽ നിയമം പാർലമെന്റ് പാസാക്കിയപ്പോൾ, അത് ജനശക്തിയുടെ വിജയമായാണ് കൊണ്ടാടപ്പെട്ടത്.
അഴിമതി വിരുദ്ധ പോരാട്ടം എന്ന പേരിൽ മാധ്യമങ്ങൾ പ്രകീർത്തിച്ച ഈ മുന്നേറ്റം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെത്തന്നെ മാറ്റിമറിച്ചു. ഈ പ്രചാരണം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വൻ വിജയം നേടാൻ സഹായിച്ച രാഷ്ട്രീയ അന്തരീക്ഷമൊരുക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുകയും ചെയ്തു.
വിരോധാഭാസമെന്നു പറയട്ടെ, പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും, തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ട എണ്ണമറ്റ അഴിമതി ആരോപണങ്ങളിൽ പലതിലും ശിക്ഷാവിധികൾ വളരെ കുറവായിരുന്നു. ഒരിക്കൽ അഴിമതിയുടെ പ്രതീകങ്ങളെന്ന് കുറ്റപ്പെടുത്തിയ പല നേതാക്കളെയും പിന്നീട് ബി.ജെ.പി ഇരുകൈയും നീട്ടി സ്വീകരിച്ച് ഉന്നത സ്ഥാനങ്ങളിൽ ഇരുത്തുകയും ചെയ്തു.
പൊതുചർച്ചകളിൽ നിന്ന് ലോക്പാൽ ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. അടുത്തിടെ ലോക്പാൽ വാർത്തകളിൽ ഇടംപിടിച്ചത് അഴിമതി വിരുദ്ധതയുടെ പേരിലല്ല, മറിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപയോഗിക്കുന്നതിന് സമാനമായ ബി.എം.ഡബ്ല്യു വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയ റിപ്പോർട്ടുകൾ വന്നപ്പോഴാണ്. രാംലീല മൈതാനത്ത് മുദ്രാവാക്യം വിളിച്ച കോടിക്കണക്കിന് ഇന്ത്യക്കാർ കണ്ട സ്വപ്നം ഇതൊന്നുമായിരുന്നില്ല. ഏറ്റവും നിരാശപ്പെടുത്തിയത് അണ്ണാ ഹസാരെയായിരുന്നു. ഒരിക്കൽ രാജ്യത്തെ ഇളക്കിമറിച്ച ആ ധാർമിക പോരാളി, പിന്നീട് ഉയർന്ന പ്രമുഖ അഴിമതി വിവാദങ്ങളിലൊക്കെ മൗനം പാലിച്ചു മാറിനിൽക്കുകയാണുണ്ടായത്.
റഫാൽ യുദ്ധവിമാന ഇടപാടിൽ ചോദ്യങ്ങൾ ഉയർന്നു; സുതാര്യമല്ലാത്ത ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കി; വിവിധ മേഖലകളിൽ മറ്റു ഗുരുതരമായ ആരോപണങ്ങളും ഉയർന്നുവന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം നേരിട്ട ബി.ജെ.പി നേതാവും റെസ്ലിങ്ങ് ഫെഡറേഷൻ മേധാവിയുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇത്തരമൊരു ആരോപണം ഉയർന്നാൽ സാധാരണ ക്രിമിനൽ കേസുകളിൽ അറസ്റ്റാണ് പതിവ്. എന്നിട്ടും അണ്ണാ ഹസാരെ മിണ്ടിയില്ല. പരീക്ഷാ ക്രമക്കേടുകൾ രാജ്യത്തെ ഉലച്ചപ്പോഴും അദ്ദേഹം മുന്നോട്ടുവന്നില്ല. ആ ഒഴിവ് നികത്തിയത് മറ്റൊരാളാണ്-സോനം വാങ്ചുക്.
ഒട്ടേറെ നൂതനാശയങ്ങൾ അവതരിപ്പിച്ചിട്ടുള്ള ലഡാക്കിൽ നിന്നുള്ള വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമാണ് വാങ്ചുക്. ആമിർ ഖാൻ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് പ്രചോദനമായത് അദ്ദേഹത്തിന്റെ ആശയങ്ങളാണ്. ആ സിനിമ വാങ്ചുകിന്റെ ജീവിതകഥയായിരുന്നില്ലെങ്കിലും, ജിജ്ഞാസ, നവീനാശയങ്ങൾ, പ്രായോഗിക പ്രശ്നപരിഹാരം എന്നിവയിലൂടെയുള്ള വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ തത്ത്വചിന്തയിൽ നിന്നാണ് ‘റാഞ്ചോ’ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ഈ ചിത്രം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുചർച്ചകളെ മാറ്റിമറിച്ചു.
ഏതാനും വർഷങ്ങൾ മുൻപു വരെ മോദി സർക്കാരിന്റെ പല നിലപാടുകളെയും പിന്തുണച്ചയാളാണ് വാങ്ചുക്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിൽ അദ്ദേഹം പങ്കുചേർന്നില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള 2019-ലെ തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു.
പട്ടികവർഗക്കാരുടെ അവകാശങ്ങളും ഭൂമിയും ദുർബലമായ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്ന ആറാം ഷെഡ്യൂൾ പ്രകാരമുള്ള ഭരണഘടനാ സംരക്ഷണവും സംസ്ഥാന പദവിയും ലഡാക്കിന് ലഭിക്കുമെന്ന പ്രതീക്ഷയിലാവാം അദ്ദേഹം ഈ പിന്തുണ നൽകിയത്. എന്നാൽ ആ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ കിടന്നു. ലോകത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ പർവത ആവാസവ്യവസ്ഥകളിലൊന്നിന് വീണ്ടെടുക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവെക്കുന്ന അനിയന്ത്രിതമായ വാണിജ്യ വികസനത്തിനെതിരെ വാങ്ചുക് നിരന്തരം മുന്നറിയിപ്പ് നൽകി.
കോട്ടയം ആസ്ഥാനമായുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അസാധാരണമായ നിശ്ചയദാർഢ്യമുള്ള, മൃദുഭാഷിയായ ഒരു മനുഷ്യനായാണ് എനിക്ക് അദ്ദേഹത്തെ അനുഭവപ്പെട്ടത്.
തന്റെ ജനങ്ങൾക്കായി ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെട്ട്, ലഡാക്കിലെ കൊടും തണുപ്പിൽ 21 ദിവസം നിരാഹാര സമരം അനുഷ്ഠിച്ചപ്പോൾ വാങ്ചുകിന്റെ നിശ്ചയദാർഢ്യം വ്യക്തമായിരുന്നു. ഇന്നത്തെ കാലത്ത് ഇത്തരം വ്യക്തിപരമായ ധൈര്യം കാണിക്കുന്ന പൊതുപ്രവർത്തകർ ചുരുക്കമാണ്. പിന്നീട്, ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് നടത്തുന്നതിനിടെ കടുത്ത നിയമ വ്യവസ്ഥകൾ ചുമത്തി അദ്ദേഹത്തെയും അനുയായികളെയും തടഞ്ഞുവെച്ചു. അക്രമത്തിന്റെ പേരുപറഞ്ഞ് ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി അദ്ദേഹത്തെ 170 ദിവസത്തോളം ജയിലിലടച്ചു.
ഇപ്പോൾ, പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പിന്തുണച്ചുകൊണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്ന് മറുപടി ആവശ്യപ്പെട്ടുകൊണ്ടും വാങ്ചുക് വീണ്ടും പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ജന്മദിനങ്ങളിൽ എല്ലാ മന്ത്രിമാർക്കും പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ആശംസകൾ നേരാറില്ല.
എന്നാൽ അടുത്തിടെ ധർമ്മേന്ദ്ര പ്രധാനെ ആശംസിക്കാനും വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ പ്രശംസിക്കാനും പ്രധാനമന്ത്രി സമൂഹമാധ്യമം ഉപയോഗിച്ചു. അതിലൂടെ മോദി നൽകിയ രാഷ്ട്രീയ സന്ദേശം വ്യക്തമായിരുന്നു: മന്ത്രിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. ഇത്തരം രാജി ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടല്ല ബി.ജെ.പി പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആ സന്ദേശത്തെ ശരിവെച്ചു.
വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയം കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. കോക്ക്റോച്ച് ജനതാ പാർട്ടി എന്ന് വിളിക്കപ്പെടുന്ന പുതിയൊരു യുവജന പ്രസ്ഥാനം വിദ്യാർഥികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വിജയിച്ചു. നീറ്റ് വിഷയം ആദ്യം മുതൽ ഉയർത്തിക്കൊണ്ടുവന്നത് രാഹുൽ ഗാന്ധിയായിരുന്നിട്ടും, ചെറുപ്പക്കാരുടെ പ്രധാന ശബ്ദമായി അദ്ദേഹം മാറുന്നത് തടയാൻ ഭരണകൂടത്തിലെ ചില വിഭാഗങ്ങൾ ഈ പുതിയ കൂട്ടായ്മയുടെ വളർച്ചയെ നിശബ്ദമായി പ്രോത്സാഹിപ്പിച്ചു എന്ന് ചില വിമർശകർ വിശ്വസിക്കുന്നു. ആ ധാരണ സത്യമാണെങ്കിലും അല്ലെങ്കിലും, ഭരണകൂടത്തിന്റെ പ്രതികരണത്തിലെ വൈരുധ്യം പ്രകടമായിരുന്നു. പാവപ്പെട്ട വിദ്യാർഥികൾ ലാത്തിച്ചാർജിന് ഇരയായപ്പോൾ, അവരുടെ നേതാവായ അഭിജീത് ദിപ്കെയോട് വളരെ മൃദുവായ സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്.
വിദ്യാഭ്യാസത്തിന്റെ അവസ്ഥ മറ്റൊരു കഥയാണ് പറയുന്നത്. സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പകരം, കുറഞ്ഞ എൻറോൾമെന്റും ഭരണപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പതിനായിരക്കണക്കിന് സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. മുൻ മന്ത്രി അഅ്സം ഖാൻ സ്ഥാപിച്ച മുഹമ്മദ് അലി ജൗഹർ സർവകലാശാല പൊളിച്ചുനീക്കാൻ ഉത്തർപ്രദേശ് സർക്കാർ നടപടികൾ ആരംഭിച്ചു. വിദ്യാഭ്യാസപരമായ മുൻഗണനകളേക്കാൾ രാഷ്ട്രീയ താല്പര്യങ്ങളാണ് ഈ നീക്കങ്ങളിൽ നിഴലിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഒ.എൻ.ജി.സി, സേവാഭാരതി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾക്ക് 668 കോടിയിലധികം രൂപ സംഭാവന നൽകിയെന്ന സമീപകാല റിപ്പോർട്ടുകൾ ഈ ചർച്ചകൾക്ക് മറ്റൊരു തലം കൂടി നൽകുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേൽക്കുന്നതിന് മുമ്പ് ധർമ്മേന്ദ്ര പ്രധാൻ പെട്രോളിയം മന്ത്രിയായിരുന്നു എന്നത് രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് ആക്കം കൂട്ടുന്നു.
ഇന്ത്യയിലെ ചെറുപ്പക്കാർ ധാർമിക അധികാരത്തോടെ സംസാരിക്കുന്ന നേതാക്കൾക്കായി അന്വേഷണം തുടരുകയാണ്. ഇന്നലെ അത് അണ്ണാ ഹസാരെ ആയിരുന്നു. ഇന്ന്, പലർക്കും അത് സോനം വാങ്ചുക് ആണ്. നാളെ അത് മറ്റൊരാളായിരിക്കാം.
ജനങ്ങളുടെ ഓർമ്മശക്തി കുറവാണെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് തൊഴിൽ, വിദ്യാഭ്യാസം, ഭരണം എന്നിവയെക്കുറിച്ചുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളെ മറച്ചുവെക്കാൻ ക്ഷേത്ര രാഷ്ട്രീയത്തിനും മത-ദേശീയവാദത്തിനും സാധിക്കുമെന്നും സർക്കാരുകൾ വിശ്വസിക്കുന്നു. ചിലപ്പോൾ ആ കണക്കുകൂട്ടലുകൾ ഫലിച്ചേക്കാം. എന്നാൽ ആ പഴയ ചൊല്ല് അവർ ഓർക്കുന്നത് നന്നായിരിക്കും: ‘‘ചില ആളുകളെ എപ്പോഴും പറ്റിക്കാം, എല്ലാ ആളുകളെയും ചിലപ്പോഴും പറ്റിക്കാം, എന്നാൽ എല്ലാ ആളുകളെയും എപ്പോഴും പറ്റിക്കാൻ കഴിയില്ല.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

