കഴിഞ്ഞ ജൂലൈയില്‍ ഒരു സമാധാന ചര്‍ച്ച കവര്‍ചെയ്യാന്‍ തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലില്‍ എത്തിയ വാര്‍ത്ത ലേഖകരോട് ക്ഷുഭിതനായി ‘കടക്കൂ പുറത്ത്’ എന്ന് ആജ്ഞാപിച്ചു മുഖ്യമന്ത്രി പിണറായി വിജയന്. പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അബദ്ധത്തിലുണ്ടായ പ്രതികരണമായിരുന്നില്ല അത്. മുഖ്യമന്ത്രിയുടെയും രണ്ടുവര്‍ഷം പ്രായമെത്തുന്ന ഇടതു സർക്കാറിെൻറയും മുഖമുദ്രയാണ് ആ ആജ്ഞ. സാധാരണക്കാരായ ജനങ്ങളെയും പാവങ്ങളെയും ഭരണത്തിെൻറ ഏഴയലത്തുനിന്ന് പോലും ആട്ടിപ്പായിച്ചുകൊണ്ടുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിെൻറ രണ്ടാം വാര്‍ഷികമാണ് ഇപ്പോള്‍. സർക്കാറിെൻറ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ കടക്കൂ പുറത്ത് ശൈലി പ്രതിഫലിക്കുന്നു. ഓഖി ദുരന്തമുണ്ടായപ്പോഴും പകര്‍ച്ചപ്പനി നാടുനീളെ മരണം വിതച്ചപ്പോഴും സ്വാശ്രയ പ്രവേശന കെണിയില്‍പെട്ട് കുട്ടികളും രക്ഷിതാക്കളും കണ്ണീര് കുടിച്ചപ്പോഴും നാഷനല്‍ ഹൈവേ വികസനത്തിന് കിടപ്പാടം നഷ്ടപ്പെട്ട പാവങ്ങള്‍ പ്രതിഷേധിച്ചപ്പോഴും ഒക്കെ സാധാരണക്കാരെ ചവിട്ടിമെതിക്കുന്ന ഈ മനോഭാവം തെളിഞ്ഞുകണ്ടു.
മന്ത്രിസഭയുടെ രണ്ടുവര്‍ഷം വിലയിരുത്തുമ്പോള്‍ ആദ്യം വിലയിരുത്തേണ്ടത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ്. അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരം. ഈ സര്‍ക്കാറില്‍ പൂർണമായി പരാജയപ്പെട്ടതും ഈ വകുപ്പാണ്. കൊള്ളയും കൊലപാതകങ്ങളും ഗുണ്ടാ ആക്രമണവും സ്ത്രീപീഡനങ്ങളും വീടുകയറിയുള്ള വന്‍കവര്‍ച്ചകളും നാടുനീളെ പടര്‍ന്നുപിടിച്ചത് ഒരു ഭാഗത്ത്. പൊലീസിെൻറ അതിരുവിട്ട അതിക്രമങ്ങള്‍ മറുഭാഗത്ത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൊലീസിെൻറ കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതാണ്. കേരളത്തിെൻറ ചരിത്രത്തില്‍ ഒരു സർക്കാറിനുകീഴിലും ഇത്രയും പേര് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടില്ല. പൊലീസിനെ ക്രിമിനല്‍ സംഘമാക്കി മാറ്റിയതിെൻറ പരിണിതഫലമാണ് അത്.
പൊലീസിനെ രാഷ്ട്രീയവത്കരിച്ചു എന്നതാണ് ഇടതു സർക്കാറിെൻറ ഏറ്റവും അപകടകരമായ നീക്കങ്ങളിലൊന്ന്. സി.പി.എം ലോക്കല്‍ സമ്മേളനങ്ങള്‍ പോലെയാക്കി പൊലീസ് അസോ. സമ്മേളനങ്ങള്‍. ജനങ്ങളുടെ ൈസ്വരജീവിതം ഉറപ്പാക്കാന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് സേനയില്‍ വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. സ്ത്രീസുരക്ഷയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും മലവെള്ളപ്പാച്ചില്‍ കണക്കെയാണ് സ്ത്രീപീഡനങ്ങളുടെ കുത്തൊഴുക്ക്. വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ ഈ രണ്ടാം വാര്‍ഷികത്തിലും നിലക്കുന്നേയില്ല. സ്വദേശികള്‍ക്ക് മാത്രമല്ല കേരളത്തിലെത്തുന്ന വിദേശ വനിതകള്‍ക്കുപോലും രക്ഷയില്ലെന്നാണ് കോവളത്തെ ദാരുണ കൊലപാതകം വെളിവാക്കുന്നത്. അട്ടപ്പാടിയില്‍ വിശന്നപ്പോള്‍ അൽപം അരിയെടുത്തതിന് ആദിവാസി യുവാവിനെ ജനക്കൂട്ടം പിടിച്ചുകെട്ടി അടിച്ചുകൊന്ന സംഭവം ഒറ്റപ്പെട്ടതല്ല; പൊതുവായ ക്രമസമാധാന തകര്‍ച്ചയുടെ ഫലമാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ പൂർണ വിരാമമിട്ടിരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇരട്ടി ശക്തിയോടെ മടങ്ങിെയത്തി. 24 മാസങ്ങള്‍ക്കുള്ളില്‍ 25 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി ഈ കൊച്ചു കേരളത്തില്‍. ഇതില്‍ 12 എണ്ണവും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പരിസരത്തുമാണ്. മിക്കവാറും എല്ലാ കൊലപാതകങ്ങളിലും ഒരറ്റത്ത് സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും മറ്റേയറ്റത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ആര്.എസ്.എസ് ശക്തികളുമാണ്. സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ച് നടത്തുന്ന ഈ ചോരക്കളിക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെപ്പോലെയും യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിനെപ്പോലുള്ളവരും കൊലക്കത്തിക്കിരയാവുന്നു. സി.പി.എമ്മിനോടൊപ്പം ചേര്‍ന്ന സി.പി.ഐക്കും രക്തത്തിെൻറ രുചി പിടിച്ചുതുടങ്ങിയിരിക്കുന്നു. ആകപ്പാടെ ഭയത്തിെൻറ അന്തരീക്ഷമാണ്. പിണറായി കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്?
രണ്ടുവര്‍ഷം പ്രായമെത്തുേമ്പാൾ ഈ സര്‍ക്കാറിന് പുതുതായി ഏറ്റെടുത്ത ഒരൊറ്റ പദ്ധതിയെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? പുതിയതൊന്നും ഇല്ലെന്ന് മാത്രമല്ല യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ടു കൊണ്ടുപോയിരുന്ന വന്‍പദ്ധതികളെല്ലാം അവതാളത്തിലാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിെൻറ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിെൻറ പണി അവതാളത്തിലാണെന്ന് കരാറുകാരായ അദാനി ഗ്രൂപ് രേഖാമൂലം അറിയിച്ചിരിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിരുന്നപോലെ പണിക്ക് ആവശ്യമായ പിന്തുണ നല്‍കാനോ മേല്‍നോട്ടം വഹിക്കാനോ സര്‍ക്കാര്‍ തയാറാവുന്നില്ല. 48 മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കേണ്ടത്. ഇനി അവശേഷിക്കുന്നത് 20 മാസം. പണി 25 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം 45 മാസം കൊണ്ടാണ് യു.ഡി.എഫ് കാലത്ത് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നിട്ട് 24 മാസം കഴിഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം എവിടെയെങ്കിലും എത്തിയോ? കണ്ണൂര്‍ വിമാനത്താവളത്തിെൻറ പണി മിക്കവാറും പൂര്‍ത്തിയാക്കി വിമാനവും ഇറക്കിയ ശേഷമാണ് യു.ഡി.എഫ് അധികാരമൊഴിഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ എന്താണ്? മറ്റൊരു സ്വപ്നമായിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥകഴിഞ്ഞ മട്ടാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയിരുന്ന സാമൂഹിക സുരക്ഷ പദ്ധതികളെല്ലാം തകിടംമറിച്ചു. പകരം കൊണ്ടുവന്ന ലൈഫ്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയൊന്നും ടേക് ഓഫ് ചെയ്തിട്ടുമില്ല. വികസന സ്വപ്നങ്ങളെല്ലാം സര്‍ക്കാര്‍ പടുത്തുയര്‍ത്തുന്നത് കിഫ്ബി എന്ന സങ്കൽപത്തിന്മേലാണ്. 50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുമെന്ന് പറയുന്നത്. ൈകയിലുള്ളത് 4000 കോടി രൂപയും. ബാക്കി ഗള്‍ഫില്‍ ചിട്ടി നടത്തി സ്വരൂപിക്കുമെന്നാണ് പറയുന്നത്. ഇതുവരെ ചിട്ടി തുടങ്ങിയിട്ടില്ല. അതേസമയം, കിഫ്ബിയുടെ കൈവശമുള്ള 4000 കോടിയില്‍ 1227 കോടി നിക്ഷേപിച്ചിരിക്കുന്നത് സി.പി.എം ഇതുവരെ ബ്ലേഡ് കമ്പനികള്‍ എന്ന് ആക്ഷേപിച്ചിരുന്ന ന്യൂ ജനറേഷന് ബാങ്കുകളിലാണെന്നത് ഇവരുടെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നു. പിണറായി സർക്കാറിെൻറ രണ്ടുവര്‍ഷത്തിനിടയില്‍ മൂന്ന് മന്ത്രിമാർ നാണംകെട്ട രീതിയിൽ രാജിവെക്കേണ്ടിവന്നു. സ്വന്തക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം പതിച്ചുനല്‍കി ഇ.പി. ജയരാജനും കായല്‍നിലം ൈകയേറി തോമസ് ചാണ്ടിയും തെറിച്ചപ്പോള്‍ അശ്ലീല സംഭാഷണക്കെണിയില് കുടുങ്ങിയാണ് എ.കെ. ശശീന്ദ്രന് രാജിെവക്കേണ്ടിവന്നത്. ശശീന്ദ്രനെ ആ നാണക്കേടോടെ മന്ത്രിക്കസേരയില്‍ തിരിച്ചെത്തിച്ചും ചരിത്രമുണ്ടാക്കി.
കേരളത്തിെൻറ പൊതുഭൂമി ൈകയേറ്റക്കാര്ക്കും കൊള്ളക്കാര്‍ക്കും തുറന്നുകൊടുത്തു എന്നതാണ് ഇടതുസർക്കാറിെൻറ പാതകങ്ങളില്‍ മറ്റൊന്ന്. മൂന്നാറില്‍ സി.പി.എം ആഭിമുഖ്യത്തിലാണ് ഭൂമിൈകയേറ്റമെങ്കില് വയനാട്ടില്‍ സി.പി.ഐ നേതൃത്വത്തിലാണ് കൊള്ള. ൈകയേറ്റം തടയാന്‍ വരുന്ന ഉദ്യോഗസ്ഥരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പ്രഖ്യാപിച്ചത് മന്ത്രിതന്നെയാണ്. ഇത്രയും നഗ്നമായ ഭൂമികൊള്ള ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെയും നാഷനല്‍ ഹൈവേ വികസനത്തിനും ഗെയില്‍ പൈപ്പ് ലൈനിനും വേണ്ടി സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുജനങ്ങളെ ചര്‍ച്ചക്കുപകരം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ജിഷ്ണു പ്രണോയിയുടെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചപ്പോഴും തെളിഞ്ഞത് സർക്കാറിെൻറ ഇതേ വികൃത മുഖമായിരുന്നു. എല്ലാം ശരിയാക്കുമെന്ന മോഹനവാഗ്ദാനം നല്കി അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ എല്ലാം തകര്‍ത്തെറിയുകയാണ് ചെയ്തത്.