ചാണ്ടിയിറങ്ങിയാൽ ശശീന്ദ്രൻ?

തോമസ്​ ചാണ്ടി ഇന്നു രാജിവെക്കുകയോ ​െവക്കാതിരിക്കുകയോ ചെയ്യാം. അവസാന കച്ചിത്തുരുമ്പുവരെ തേടിനടക്കുന്ന സ്വഭാവവിശേഷത്തിനുടമയായ ചാണ്ടി. സുപ്രീം േകാടതിയിൽനിന്ന് ഒരു സ്​റ്റേ ഉത്തരവിനുകൂടി സാധ്യത തേടാം. ആ പശ്ചാത്തലത്തിൽ ചാണ്ടി സ്വന്തം നിലക്ക് കുറച്ചുകൂടി സാവകാശം തേടാനും ശ്രമിക്കാം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയും ഇക്കാര്യത്തിൽ അമാന്തം വരുത്തുമെന്നു കരുതാനിടയില്ല. ന്യായീകരണങ്ങൾ എത്രയുണ്ടെങ്കിലും േകാടതിയോടൊപ്പം ജനവും തോമസ്​ ചാണ്ടിക്കെതിരെ വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു. ആ നിലക്ക് ഇനിയും പിടിച്ചുനിൽക്കാനുള്ള ശ്രമം സർക്കാറിന്​ ആത്മഹത്യാപരമാണ്. എൻ.സി.പി എന്ന പാർട്ടിയും തീരുമാനത്തിനുള്ള അധികാരം മുഖ്യമന്ത്രിക്കു വിട്ടുെകാടുത്തു കഴിഞ്ഞിരിക്കുന്നു. അതിനാൽ, ചാണ്ടിക്ക്​ ഇനിയും കടിച്ചു തൂങ്ങിനിൽക്കാനുള്ള സാധ്യത കുറവാണ്. 

ഇൗ അഴിമതിക്കഥ ഇത്രയും നീണ്ടുപോയതിൽ പ്രഥമദൃഷ്​ട്യാ കുറ്റക്കാരൻ പിണറായി വിജയനെന്നു തോന്നാം. തോമസ്​ ചാണ്ടിയെ സംബന്ധിച്ച ചാനൽ ചർച്ചകളിൽ തകർത്തുവാരുന്നത് പിണറായി വിജയനെയാണ്. ഭരണസാരഥി എന്ന നിലക്ക് മുഖ്യമന്ത്രി വിമർശനവിധേയനാവുക സ്വാഭാവികം. അങ്ങനെയൊരു വിഷയം ഇത്രകാലം നീട്ടിനീട്ടി വഷളാക്കി, പേരുദോഷമുണ്ടാക്കിയത് എന്തിനെന്ന ചോദ്യം വേറെ നിൽക്കുന്നു. സരിതക്കേസെന്ന സോളാർ േകസിൽ ഇടതുമുന്നണി േനടിയ മേൽ​ൈക്ക ഇവിടെ നഷ്​ടമാക്കിയെന്ന വിമർശനം മുന്നണിയിൽ തന്നെയുണ്ട്​. പി. ജയരാജനെയും എ.െക. ശശീ​ന്ദ്രനെയും ഞൊടിയിടയിൽ രാജിവെപ്പിച്ച മുഖ്യമന്ത്രി എന്തുെകാണ്ട് ചാണ്ടി മന്ത്രിയെ രാജിവെപ്പിച്ചില്ലെന്നതാണ് ചോദ്യം. എന്നാൽ, ഒരു മുന്നണി േനതാവ് എന്ന നിലക്ക് പിണറായി ചെയ്തതും ചെയ്യുന്നതും അത്രതന്നെ വലിയ തെറ്റാണോയെന്ന് ചിന്തിക്കുന്നവരാണ് സി.പി.എമ്മിലെ വലിയ വിഭാഗം. അതും  സ്വന്തം മന്ത്രിസഭയിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി മന്ത്രിമാർ ഇറങ്ങിപ്പോകുന്നുവെന്ന ആക്ഷേപം മുഴക്കാൻ പ്രതിപക്ഷം അവസരം പാർത്തിരിക്കെ?

 ചാണ്ടിയുടെ േകസിൽ കുറ്റക്കാരെന്ന് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രി എന്തുെകാണ്ട് ഇത്ര സാവകാശം നൽകുന്നു എന്നതാണ് രാഷ്​ട്രീയ ഉപശാലകളിൽ ഉയർന്നുനിന്ന ചോദ്യം. മുന്നണിയിൽ രണ്ടാമത്തെ പാർട്ടി സി.പി.​െഎയാണ്. അവരുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്​തവും ശക്​തവുമാണ്. റവന്യൂവകുപ്പു ഭരിക്കുന്ന ആ പാർട്ടി പറഞ്ഞാൽ മന്ത്രിസഭയിലെ ഒന്നാമനും േനതാവുമായ മുഖ്യമന്ത്രിക്ക് അത് മുഖവിലയ്​ക്കെടുത്തേ പറ്റൂ. എന്നിട്ടും മുഖ്യമന്ത്രി അമാന്തം കാട്ടുന്നത് തോമസ്​ ചാണ്ടിയോടുള്ള ഒരു വേറിട്ട താൽപര്യത്തി​​െൻറ ഭാഗമായുള്ള നിലപാടാണെന്ന വിമർശമാണ് ഉയർന്നിരുന്നത്. പാർട്ടിയിലും മുന്നണിയിലും അധീശത്വമുള്ള േനതാവാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിലും പാർട്ടി േനതാവെന്ന നിലയിലും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ േദശീയതലത്തിൽ പോലും ഒരു പാർട്ടി ഘടകത്തിനും ഇപ്പോൾ ത്രാണിയില്ലെന്നത് പാർട്ടി അംഗീകരിച്ചില്ലെങ്കിൽപോലും ഒരു സത്യമായി പരിണമിച്ചിരിക്കുന്നു. നിർണായക തീരുമാനങ്ങൾവരെ ഇൗ േനതാവിൽ ചുറ്റിക്കറങ്ങുന്നതാണ് േകന്ദ്രകമ്മിറ്റിയിലും കണ്ടത്. എന്നിട്ടുമെന്തേ, േക​ന്ദ്ര നേതൃത്വംപോലും തഴഞ്ഞിരുന്ന എൻ.സി.പി എന്ന പാർട്ടിയുടെ മന്ത്രിയുടെ പേരിൽ ഇത്ര ഭയപ്പെടാൻ എന്ന ചോദ്യത്തിന് ചാനലുകളുടെ രാചർച്ചകൾ പലവിധ ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കുകയായിരുന്നു, കുറച്ചു ദിവസങ്ങളായി. ചാണ്ടി വിജയനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നു വരെ ആരോപണങ്ങൾ ഉയർന്നുവന്നു. 

എന്നാൽ, സ്വന്തം അണികളോടെന്നതുപോലെ കൂടെ നിൽക്കുന്ന ഘടകകക്ഷികളോടും വാത്സല്യം കാട്ടാൻ വിജയൻ മടികാട്ടാറില്ലെന്നതാണു കാര്യമെന്നു വിശദീകരിക്കുന്നവരാണ് അദ്ദേഹത്തോട്​ അടുപ്പമുള്ള പാർട്ടിക്കാർ. സ്വന്തം പാർട്ടിക്കുള്ളിൽ കടുത്ത വിഭാഗീയതയെ വിജയൻ േനരിട്ട പത്തു  പതിേനഴുവർഷം കൂടെ നിന്നവരാണ് എൻ.സി.പിയിലെ മുതിർന്ന േനതാക്കൾ. അവിഭക്​ത കോൺഗ്രസ്-എസിലുണ്ടായിരുന്ന കാലത്തും ഇൗ സൗഹൃദം നിലനിന്നു. പിന്നീട് േദശീയതലത്തിൽ വേറെ സഖ്യങ്ങൾ മാറിവന്നപ്പോൾ കടന്നപ്പള്ളി േകാൺഗ്രസ്​ -എസായി തന്നെ മാറിനിന്നു. അപ്പോഴും േകന്ദ്രത്തിലെ അവിശുദ്ധസഖ്യങ്ങളിൽ നിന്നകന്ന് േകരളത്തിൽ പിണറായി പക്ഷത്തോടു ചേർന്നുനിന്നവരാണ് ടി.പി. പീതാംബരൻ മാസ്​റ്ററും എ.കെ. ശശീന്ദ്രനും മറ്റും. ആ ബന്ധം തോമസ്​ ചാണ്ടിയുമായി വിജയനില്ല. എന്നാൽ, ആ പാർട്ടിയിലെ മറ്റു േനതാക്കളോടുള്ള മമത പിണറായി ൈകവിടുന്നില്ലെന്നതാണ് അടിസ്ഥ​ാന കാരണമെന്ന ന്യായീകരണത്തിൽ സത്യമുണ്ട്. എന്നാൽ, പി. ജയരാജനോടും എ.കെ. ശശീന്ദ്രനോടും ഇൗ ദാക്ഷിണ്യം കാട്ടാതിരുന്നതെന്തെന്നു ചോദിച്ചാൽ അവരുടെ പ്രശ്നങ്ങൾ വേറെയായിരുന്നു എന്നതാണ് മറുപടി. ജയരാജൻ മുഖ്യമന്ത്രിക്കുതന്നെ വെല്ലുവിളിയാവുന്ന തൻപ്രമാണിത്തം കാട്ടിയെന്നതാണത്രേ കാരണം. മുഖ്യമന്ത്രിയും മന്ത്രിസഭയുമറിയാതെ നിയമനങ്ങൾ വരെ നടത്തിയത് ആ  വെല്ലുവിളിക്കുമുപരിയായി. ആ നിയമനങ്ങൾ ക്രമം കെട്ടവയായപ്പോൾ നടപടിയെടുക്കാനും എളുപ്പമായി. എ.െക. ശശീന്ദ്ര​​​െൻറ കാര്യത്തിലാണെങ്കിൽ ആരോപണം തുടർന്നുപോയാൽ മന്ത്രിസഭക്കു തന്നെ നാണക്കേടുണ്ടാകുന്ന വിധം ലൈംഗിക അപവാദക്കേസുമായി. അതിനാൽ രാജി​െവക്കണമെന്നത് ആ പാർട്ടിയുടെ മാത്രമല്ല, ആ മന്ത്രിയുടെയും മന്ത്രിസഭയുടെയും ആവശ്യമായിരുന്നു. 

ഇവിടെ എൻ.സി.പി എന്ന സന്തതസഹചാരിയെ നിലനിർത്തുന്നതി​​െൻറ ഭാഗമായി എടുത്തതാണ് ചാണ്ടിയെ സംബന്ധിച്ച തീരുമാനം വൈകിപ്പിക്കുന്ന നിലപാടെന്നു പാർട്ടിക്കാർ ന്യായീകരിക്കുമ്പോൾ തന്നെ മറ്റു ചില പിടിവാശികളും പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ടാൽ അത് തള്ളിക്കളയാനാവില്ല. മാധ്യമങ്ങളുടെ ആരോപണങ്ങൾക്ക് വഴങ്ങരുതെന്നത് മന്ത്രിസഭ ഒരു നയമായി തന്നെ ആദ്യം മുതൽ സ്വീകരിച്ചുപോന്നതാണ്. മാധ്യമങ്ങളുടെ വിമർശങ്ങൾക്കു വഴങ്ങിയാൽ അതിേന േനരമുണ്ടാവൂ എന്ന തോന്നലിൽ അവയിൽ നിന്ന് വളരെ അകലം പാലിച്ചും ചിലപ്പോൾ വിരട്ടിയോടിച്ചും വേറിട്ട നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുവന്നത്. മാധ്യമങ്ങൾ പുറത്തുെകാണ്ടുവരുന്ന അഴിമതിക്ക് ചെവിെകാടുക്കേണ്ടതില്ലെന്നത് മുഖ്യമന്ത്രിയുടെ രാഷ്​ട്രീയ ശത്രുക്കൾ അദ്ദേഹത്തി​​െൻറ നിലപാടായി കണക്കാക്കുന്നുണ്ട്. അതിനാലാണ​േത്ര  കലക്ടറുടെ റിപ്പോർട്ടുവന്ന ശേഷവും രണ്ടാം കക്ഷിയായ സി.പി.െഎ നിലപാട് കടുപ്പിച്ച ശേഷവും തുടർന്ന് ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കു നൽകിയിട്ടും ഒരവസരം കൂടി എൻ.സി.പിക്കു നൽകാൻ പിണറായി വിജയൻ തയാറായത്. എൻ.സി.പിയാകട്ടെ, േകാടതിയുടെ അഭിപ്രായം കൂടിയറിയാൻ മുഖ്യമന്ത്രിയോട് സാവകാശം ചോദിച്ചു. 
കാരണം, ഒരു മന്ത്രിപദം എന്നത്​ കാലഹരണപ്പെട്ടുെകാണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് അവസാന ശ്വാസംപോലെ പ്രധാനമാണ്. എന്നാൽ േകാടതിയിൽ നിന്നാകട്ടെ, കടുത്ത പ്രഹരം തോമസ്​ചാണ്ടി ചോദിച്ചു വാങ്ങുകയും ചെയ്തു. േകാടതിയുടെ പരാമർശം ശക്​തമായതാണ്. ഇനിയെങ്കിലും രാജിെവക്കുന്നത​ല്ലേ നല്ലതെന്നാണ് ജഡ്ജിമാരുടെ  ചോദ്യം. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും  േകാടതിവിധിയിൽ അന്തർലീനമാണെന്നും കണ്ടെത്താം. ആ നിലക്ക് ചാണ്ടിക്ക് പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാണ്. എ.െക. ശശീന്ദ്ര​​​െൻറ കേസ്​ േകാടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം െകാണ്ടുപിടിച്ചു നടക്കുന്നുണ്ട്. അതിനായി ഇന്നോ നാളെയോ ഡൽഹിയിൽ നിന്നും േദശീയ നേതാവായ പ്രഫുൽ പട്ടേൽ വരുകയും ചെയ്തേക്കാം. എങ്കിൽ ചാണ്ടി രാജി​െവക്കുമ്പോൾ ശശീന്ദ്രന്​ മന്ത്രിപദം വീണ്ടും ലഭിക്കാം. എന്തായാലും ചാണ്ടിയെ രാജിവെപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെയും ആവശ്യമായി പരിണമിക്കുന്നു എന്നാണ് കരുതേണ്ടത്. 
 
COMMENTS