Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശയുണ്ട്, പക്ഷേ...

ആശയുണ്ട്, പക്ഷേ ആശ്വാസം അകലെ

text_fields
bookmark_border
ആശയുണ്ട്, പക്ഷേ ആശ്വാസം അകലെ
cancel

സൂര്യന്‍ ഉദിക്കുന്നുണ്ട്, ഉച്ചസ്ഥായിയിലത്തെുന്നുണ്ട്, അടുത്തദിവസം തിരിച്ചത്തെുമെന്ന പ്രതീക്ഷ നല്‍കി മടങ്ങുന്നുമുണ്ട്. ഈ പ്രത്യാശയാണ് ജീവജാലങ്ങളെ നയിക്കുന്നത്. പക്ഷേ, ഈ സീസണില്‍ നമ്മുടെ രാത്രികള്‍ക്ക് പകലിനെക്കാള്‍ നീളമുണ്ട്. പ്രത്യാശയുടെ കിരണങ്ങളത്തൊന്‍ വൈകുന്നുവെന്നര്‍ഥം. ഇന്ന് ലോക എയ്ഡ്സ് ദിനം ആചരിക്കുമ്പോള്‍ പ്രത്യാശയുടെ കിരണങ്ങളെക്കുറിച്ച് ആശ്വസിക്കാം. പക്ഷേ, അതിലേക്കുള്ള സമയം നീളുന്നുവെന്ന് സൂചിപ്പിക്കാന്‍ ഇപ്പോഴത്തെ ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ. ആ രോഗത്തിനു പണ്ട് കല്‍പിച്ച ഭീകരതയും  വിവേചനവും ഇന്ന് അത്ര രൂക്ഷമായി തോന്നുന്നില്ല. പക്ഷേ, എന്തുകൊണ്ടോ ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ആശ്വസിക്കാന്‍ തോന്നുന്നില്ല.

പ്രത്യാശയുടെ പ്രകാശരശ്മികളുണ്ടെന്നു പറയാന്‍ കാരണമുണ്ട്. എച്ച്.ഐ.വി ബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ  പാസാക്കി പാര്‍ലമെന്‍റിന്‍െറ പരിഗണനക്കു സമര്‍പ്പിച്ചിരിക്കുകയാണ്. എച്ച്.ഐ.വി ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള അവകാശങ്ങളാണ് ഈ ബില്‍ വിഭാവനം ചെയ്യുന്നത്.

എയ്ഡ്സ് ഭീകരമായ ഒരു രോഗമെന്ന സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. മരുന്നുകളിലൂടെ രോഗികളുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നു. എച്ച്.ഐ.വി ബാധിതരായാല്‍ മരണം ഉറപ്പാണ് എന്ന സ്ഥിതി മാറിയിരിക്കുന്നു. വിദഗ്ധ ചികിത്സ ലഭിക്കുന്ന എത്രയോ പേര്‍ ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവര്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നിരിക്കുന്നു. ഞാന്‍ ചെയര്‍മാനായിട്ടുള്ള കേരളീയത്തിന് ഇതിനായി ലോകത്തിന്‍െറ പല കോണുകളില്‍നിന്നും സഹായം ലഭിച്ചത്  നന്ദിയോടെ ഓര്‍ക്കുന്നു.

എയ്ഡ്സിനോടുള്ള സമൂഹത്തിന്‍െറ സമീപനത്തിലെ മാറ്റം ശുഭകരമാണ്. കേരളീയം കുറെ വര്‍ഷംമുമ്പ് സാമ്പത്തിക സഹായം നല്‍കിയ രണ്ടുകുട്ടികള്‍തന്നെ ഉദാഹരണം. അവരെ സമൂഹം ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ നിവൃത്തിയില്ലാതെ അമ്മയും രണ്ടു മക്കളും നാടുവിടുകയും ചെയ്തിരുന്നു. അവരെ സ്കൂളിലോ അംഗന്‍വാടിയിലോ കയറ്റാന്‍ സമൂഹം തയാറായില്ല. ഒരു കുട്ടി അംഗന്‍വാടിയില്‍ ചെന്നപ്പോള്‍ മറ്റുകുട്ടികളെ  രക്ഷാകര്‍ത്താക്കള്‍ അവിടെനിന്ന് വിളിച്ചുകൊണ്ടുപോയി. ഇന്ന് അവര്‍ കോളജ് വിദ്യാര്‍ഥികളാണ്. പഴയ വിവേചനം അത്രയില്ല എന്നു പറയാം. എന്നാലും ഇതിലൊരു കുട്ടിയുമായി മുറിയില്‍ കൂടെ താമസിക്കാന്‍ മറ്റു കുട്ടികള്‍ തയാറാകാത്ത സ്ഥിതി പിന്നീടുണ്ടായി. വീടും വിദ്യാഭ്യാസ സഹായവുമൊക്കെ ലഭിച്ച സ്ഥിതിക്ക് ഈ കുട്ടികളുടെ സ്ഥിതി മെച്ചമാകുമെന്ന് ആശിക്കാം.

അതേസമയം, കാര്യങ്ങള്‍ വിചാരിച്ചപോലെ മെച്ചപ്പെട്ടിട്ടില്ല. ‘എച്ച്.ഐ.വി ആന്‍ഡ് എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍ 2014’ ഈ സമ്മേളനക്കാലത്തെങ്കിലും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഒരു  എച്ച്.ഐ.വി ബാധിതനെയോ എയ്ഡ്സ് രോഗിയെയോ എന്തെങ്കിലും കാരണത്താല്‍ ഒറ്റപ്പെടുത്തുന്നത് കുറ്റമായി കണ്ട് ശിക്ഷ നല്‍കാന്‍ ബില്‍ അനുശാസിക്കുന്നുണ്ട്. ഈ വിവേചനത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, പൊതുജനസേവനങ്ങള്‍, സ്വത്തവകാശം, പൊതുപ്രവര്‍ത്തകര്‍ക്കുള്ള അധികാരസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രോഗിയുടെ പ്രതിരോധശേഷി നശിക്കുമെന്നു കണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതും കുറ്റകരമാണ്.

ഇതൊക്കെ നല്ലതുതന്നെ. എച്ച്.ഐ.വി ബാധിതര്‍ക്ക് സാധാരണജീവിതം നയിക്കാന്‍ ഇത് സഹായിക്കും. പക്ഷേ, ബില്‍ നിയമമാകുകയും ബന്ധപ്പെട്ടവര്‍ അത് നടപ്പാക്കാനുള്ള സന്മനസ്സ് കാണിക്കുകയും വേണം. സ്ത്രീപീഡനത്തിനെതിരെ കര്‍ശന നിയമങ്ങളുണ്ടാക്കിയിട്ടും സമൂഹവും മാധ്യമങ്ങളും ജാഗ്രത പാലിച്ചിട്ടും വേലിതന്നെ വിളവുതിന്നുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

പല ആശുപത്രികളും ഡോക്ടര്‍മാരും പോലും ഇക്കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ. ആശുപത്രിയില്‍ മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സക്കു ചെല്ലുമ്പോള്‍ മിക്ക എച്ച്.ഐ.വി ബാധിതരും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള മര്യാദ കാണിക്കുന്നുണ്ട്. അപ്പോള്‍ ആശുപത്രിയിലുണ്ടാകുന്ന ബഹളവും വെപ്രാളവും കാണുമ്പോള്‍ ചിരി വരാറുണ്ടെന്ന് ഇവര്‍ മനോവിഷമം മറച്ചുവെച്ച് തമാശപോലെ ഞങ്ങളോടു പറയാറുണ്ട്.

എച്ച്.ഐ.വി ബാധിതരായ പലരും തങ്ങളുടെ രോഗസ്ഥിതിയെക്കുറിച്ച് പുറത്തുപറയാത്തത് സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭയത്താലാണ്. രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ മാത്രമാണ് ഇവര്‍ ആതുരശുശ്രൂഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. എച്ച്.ഐ.വി ബാധിതര്‍ക്ക് കുറ്റമറ്റ ചികിത്സ ലഭിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ ഇവര്‍ മുന്നോട്ടുവരുമെന്നാണ് കരുതുന്നത്.

സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് ഇന്ത്യയില്‍ 21 ലക്ഷം പേര്‍ എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരാണ്. ഇവരില്‍ 40 ശതമാനം സ്ത്രീകളും ഏഴു ശതമാനം കുട്ടികളുമാണ്.  മൊത്തം രോഗികളില്‍ 43 ശതമാനത്തിനുമാത്രമേ  ഇപ്പോഴത്തെ സ്ഥിതിയില്‍ ആന്‍റി റിട്രോവൈറല്‍ തെറപ്പി എന്ന എ.ആര്‍.ടി ചികിത്സ ലഭിക്കുന്നുള്ളൂ. എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി നഷ്ടപ്പെടുന്നതുകൊണ്ട് ഇവര്‍ വളരെ പെട്ടെന്ന് മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെടും. ഓപ്പര്‍ച്യൂണിസ്റ്റിക് ഡിസീസസ് എന്നറിയപ്പെടുന്ന ഈ രോഗങ്ങളില്‍ ഏറ്റവും അപകടകാരി ക്ഷയരോഗമാണ്. നിരവധി എച്ച്.ഐ.വി ബാധിതര്‍ ക്ഷയരോഗംമൂലം മരിക്കുന്നുവെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമയത്ത് ചികിത്സ നല്‍കിയാല്‍ ഇവരെ രക്ഷപ്പെടുത്താനാവും. എച്ച്.ഐ.വി ബാധമൂലമുള്ള മരണം ഇങ്ങനെ കുറക്കാനുമാവും.

എച്ച്.ഐ.വി ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത് കുട്ടികളിലാണ്. രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ പെട്ടെന്ന് മരിക്കുന്നതുകൊണ്ട് പലരും അനാഥരായി മാറുന്നതാണ് നാം കാണുന്നത്. ഇവര്‍ പലപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല. പെണ്‍കുട്ടികള്‍ നിരാലംബരായി സമൂഹമധ്യത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴുള്ള ആപത്ത് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളം എയ്ഡ്സ് ബോധവത്കരണത്തിലും എച്ച്.ഐ.വി ബാധ കൈകാര്യം ചെയ്യുന്നതിലും ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ചില പഴുതുകള്‍ ഇനിയും അടക്കപ്പെട്ടിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനതന്നെ ഇതില്‍ പ്രധാനം. പക്ഷേ, നാട്ടില്‍നിന്ന് അകന്നുകഴിയുന്ന ഇവര്‍ ലൈംഗികത്തൊഴിലാളികളെ സമീപിക്കുമ്പോള്‍ എത്രത്തോളം സുരക്ഷിതത്വമാണ് ലഭിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.

ഓരോ വര്‍ഷവും ഇന്ത്യ രണ്ടുലക്ഷത്തോളം പുതിയ എച്ച്.ഐ.വി ബാധിതരെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്ന് ആഗോള ഏജന്‍സികള്‍ പറയുന്നു. നമ്മുടെ ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (നാക്കോ) പക്ഷേ, ഇത് 86,000 മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. രോഗം നിയന്ത്രിക്കാനും ഒരു പരിധിവരെ തടയാനും കഴിയുമെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുമ്പോള്‍ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന ഇന്ത്യ എയ്ഡ്സ് രോഗികളെ മറന്നുകൂടാ. ലോകത്തിന്‍െറ ഒൗഷധ ഫാക്ടറിയെന്ന വിശേഷണത്തിലേക്ക് നീങ്ങുന്ന ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികളെ സൃഷ്ടിക്കുന്ന രാജ്യമാണെന്നും ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ മരിക്കുന്ന രാജ്യമാണെന്നുമുള്ള നാണക്കേട് ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിജ്ഞ എയ്ഡ്സ് ദിനത്തിലെങ്കിലും നാം ഓരോരുത്തരും  എടുക്കണം. ഇരുട്ടിന്‍െറ മിനിറ്റുകള്‍ക്ക് നീളം കുറയട്ടെ. പ്രകാശം പെട്ടെന്ന് എത്തട്ടെ.

എയ്ഡ്സ് പ്രതിരോധരംഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ കേരള ഇനിഷ്യേറ്റിവ്- കേരളീയത്തിന്‍െറ ചെയര്‍മാനാണ് ലേഖകന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aidsHIV
News Summary - aids
Next Story