ഗ്രാമീണതയുടെ ജീവതേജസ്സായും സമൃദ്ധിയുടെ ഹൃദയതാളമായും പാടത്തും പറമ്പിലും നിറഞ്ഞു നിന്നിരുന്ന ഗ്രാമീണ കര്‍ഷകര്‍ നമുക്കിന്ന് ഓർമച്ചിത്രമാണ്. മണ്ണും കൃഷിയും ജീവിതത്തിെൻറ ഭാഗമാണെന്ന് ജീവിതംകൊണ്ട് കാണിച്ചു തന്നവരായിരുന്നു പഴയകാല കര്‍ഷകര്‍. എന്നാല്‍, ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന ഒരു സംസ്കൃതിയാണ് കൃഷിയും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളും. കേരളീയ സംസ്കാരത്തിെൻറ മുഖമുദ്രതന്നെ കൃഷിയായിരുന്നു. സവിശേഷമായ പ്രകൃതിമേഖലകളും മണ്ണിനങ്ങളും കാലാവസ്ഥയുമാണ് കേരളത്തിെൻറ കാര്‍ഷിക ജീവിതത്തെ നിര്‍ണയിച്ചത്. ചരിത്രത്തില്‍ മനുഷ്യര്‍ നടത്തിയ ഏറ്റവും നിര്‍ണായക കാല്‍വെപ്പ് കൃഷിയുടെ സാക്ഷാത്കാരമാണ്. ഇന്ന് ആധുനികതയുടെ നെേട്ടാട്ടത്തിൽ കര്‍ഷകെൻറ കാലുകള്‍ ഇടറുകയാണ്. അവരുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാന്‍ ആരുമില്ല. കാലഹരണപ്പെട്ട കൃഷിയുടെയും അതിെൻറ പ്രയോഗ രീതികളുടെയും കർമസാക്ഷി മാത്രമാണ് ഇന്ന് കര്ഷന്.
ഉത്സവങ്ങളുടെ തുടക്കം
കര്‍ഷകരെ കൃഷിഭൂമികളില്‍നിന്ന് ആട്ടിയിറക്കുന്ന അവസ്ഥ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലുമുണ്ടാവുകയാണ്. വ്യവസായ മുതലാളിമാരും മറ്റുള്ളവരും ഭൂമിയുടെ അവകാശികളായി അധികാരം സ്ഥാപിക്കുമ്പോള്‍ കാര്‍ഷിക പ്രതിസന്ധി എല്ലാ അർഥത്തിലും മൂര്‍ത്തമാവുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് കേരളത്തിലെ കാര്‍ഷിക മേഖലയെ പരിശോധിക്കുന്നത്.
കാര്‍ഷികരംഗം രാജ്യത്തിെൻറ പരമാധികാരത്തോടും ജീവിതഭദ്രതയോടും അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ്. അഗ്രികൾചര്‍ എന്ന ആംഗലേയ പദത്തില്‍പോലും ഒരു കൾചര്‍ ഉണ്ട്. ഒരു സംസ്കാരത്തിെൻറ പച്ചപ്പ്. കേരളത്തിലെ മിക്ക ഉത്സവങ്ങളുടെയും തുടക്കം കൃഷിയില്‍നിന്നാണ്. എന്നാല്‍, ഇന്ന് ഭക്ഷണത്തെ മറയാക്കി ആഗോളശക്തികള്‍ ലോകജനതയെ കീഴ്പ്പെടുത്താനുള്ള തന്ത്രങ്ങളാണ് കാര്‍ഷികമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുവേണം കൃഷിയെക്കുറിച്ച് ചിന്തിക്കാന്‍. നാഗരികതയുടെ മതിഭ്രമത്തിന് നാം അടിപ്പെട്ടാല്‍ നമ്മുടെ കൃഷിയിടം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നത് നാം ഓരോരുത്തരും ഓര്‍ക്കേണ്ടതാണ്.
1950-51 കാലയളവില്‍ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 55 ശതമാനവും നല്‍കിയിരുന്നത് കാര്‍ഷികമേഖലയായിരുന്നു. ക്രമേണ, ഇത് കുറഞ്ഞുവന്നു. ആദ്യഘട്ടത്തില്‍ 35.7 ശതമാനമായും പിന്നീടത് 23.3 ശതമാനമായും 1980-81, 2000-01 കാലഘട്ടത്തില്‍ യഥാക്രമം കുറഞ്ഞു. 1950ല്‍ 60.5 ശതമാനമായിരുന്നത് രണ്ടായിരത്തില്‍ 58.5 ശതമാനമായി കുറഞ്ഞു. ഇതോടെ, കര്‍ഷകരും കാര്‍ഷികേതര മേഖലയില്‍ ജോലിചെയ്യുന്നവരും തമ്മിലുള്ള വരുമാന വര്‍ധനയിലെ അന്തരം ഏറിവന്നു. കാര്‍ഷികവൃത്തിക്കാവശ്യമായ പ്രകൃതിസ്രോതസ്സുകളുടെ ക്ഷമതയും കുറയുന്നു. ജീവനോപാധിയുടെ കാര്യത്തില്‍ കാര്‍ഷിമേഖല ഇപ്പോഴും മുന്നിലാണെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആദായത്തിെൻറ കാര്യത്തില്‍ ഏറെ പിന്നിലെന്നത് ദുഃഖകരമായ സത്യം.
കൃഷിമുട്ടിയാല് കുടിവെള്ളമില്ല
ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തിലെ കാര്‍ഷികരംഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്തെ കൃഷിക്കാരില്‍ 98 ശതമാനവും അരയേക്കറും ഒരേക്കറുമുള്ള ചെറുകിട കര്‍ഷകരാണ്. അടുത്തകാലംവരെ വയനാട്, ഇടുക്കിപോലുള്ള ഹൈറേഞ്ച് ജില്ലകളില്‍ കൃഷി സജീവമായിരുന്നു. റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ഭൂമി കൈയടക്കിയതോടെ കൃഷിയിടത്തിെൻറ വിസ്തൃതി അവിടെയും കുറഞ്ഞു. വര്‍ഷം തോറും കൃഷിയുടെ ഉൽപാദനം കുറയുന്നതിലൂടെ ജലസ്രോതസ്സും ഇല്ലാതാവുകയാണ്. ഒരു ഹെക്ടര്‍ നെൽപാടം ഒരു ലക്ഷം ടണ്‍ ജലമാണ് ശേഖരിച്ചുവെക്കുന്നത്. നെൽപാടങ്ങളുടെ നാശം ഭാവിയില്‍ നമ്മുടെ കുടിവെള്ളം മുട്ടിക്കുമെന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും അനുപാതം പരിശോധിക്കുമ്പോള്‍ മറ്റ് പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും കാലക്രമേണ കേരളത്തിെൻറ കാര്‍ഷിക വ്യവസ്ഥിതിയില്‍ മൗലിക മാറ്റങ്ങള്‍ സംഭവിക്കുകയാണ്.
മലയാളിയുടെ തീന്മേശയിലേക്ക് ആവശ്യമായി വരുന്നത് 38 ലക്ഷം ടണ്‍ പച്ചക്കറിയാണ്. ഒരാള്‍ ഒരു ദിവസം 250 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്രയും ടണ്‍ പച്ചക്കറി കേരളത്തില്‍ ആവശ്യമുള്ളപ്പോള്‍ നാം ഇവിടെ ഉൽപാദിപ്പിക്കുന്നത് അഞ്ചു ടണ്‍ മാത്രമാണ്. ബാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. ഇങ്ങനെ എത്തുന്ന പച്ചക്കറികള്‍ മാരകമായ കീടനാശിനി പ്രയോഗിച്ച് ഉൽപാദിപ്പിക്കുന്നവയാണ്. ഈ തിരിച്ചറിവ് ഉണ്ടായിട്ടുപോലും നമുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ നാംതന്നെ ഉല്പാദിപ്പിക്കണമെന്ന ബോധം മലയാളികള്‍ക്ക് ഉണ്ടായിട്ടില്ല.
പരിസ്ഥിതി പ്രശ്നങ്ങളാണ് കാര്‍ഷിക കേരളത്തിെൻറ മുഖച്ഛായ മാറ്റുന്നതിന് മറ്റൊരു കാരണമായി മാറിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്് ജനതയുടെ മുന്നില്‍ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. എങ്ങനെയാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കുക? പ്രകൃതിയെ തൊടാതെ പ്രകൃതിയുടെതന്നെ ഭാഗമായ മനുഷ്യന് ജീവിക്കാന്‍ സാധിക്കിെല്ലന്നത് വസ്തുതയാണ്. കാര്‍ഷിക മേഖലയിലെ ഉൽപാദനക്ഷമത വര്‍ധിപ്പിക്കാനും അതുവഴി ഉൽപാദനം വര്‍ധിപ്പിക്കാനും വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കാനും സാധിക്കുന്ന രീതിയില്‍ കാര്‍ഷിക കേരളത്തിന് സര്‍ക്കാറിെൻറ മൂലധന നിക്ഷേപ വര്‍ധന ആവശ്യമാണ്. കാര്‍ഷിക കേരളം കണ്മുന്നില്നിന്ന് മാഞ്ഞുപോകുമ്പോള് നിലവിലുള്ള നിയമംപോലും നടപ്പാക്കാനാവാതെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നിസ്സഹായരാകുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
തിരിച്ചുപിടിക്കാം
കാര്ഷികോൽപന്നങ്ങളുടെ വിലയിടിവും ഉൽപാദനക്കുറവുംമൂലം ആത്മഹത്യയുടെ മുനമ്പില്‍ നില്ക്കുന്ന ജനതയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രതിസന്ധികള്‍ ഒട്ടേറെയാണ്. അവ തരണംചെയ്യാന്‍ കര്ഷകന് മെയ്ക്കരുത്തുമാത്രം പോരാ; മാനസികവും സാമ്പത്തികവും നൈപുണ്യപരവുമായ കരുത്തും വര്‍ധിക്കണം. മാത്രമല്ല, കൃഷി സമൂഹത്തിെൻറ അനിവാര്യതയാകണം. ഇവിടെയാണ് ഭരണകൂടത്തിെൻറയും ജനനേതാക്കളുടെയും സംഘടനകളുടെയും ഇടപെടല്‍ വേണ്ടത്. ആഗോളമൂലധനം അതിവേഗമാണ് കാര്‍ഷികമേഖലയിലേക്ക് കടന്നുവരുന്നത്. അതിനെ ഒരു പരിധിവരെ ചെറുക്കാന്‍ ബദല്‍ കാര്ഷികനയത്തിലൂടെയേ കഴിയൂ. കാര്‍ഷിക സംസ്കൃതി തിരിച്ചുപിടിച്ചും നാട്ടറിവുകളും ശാസ്ത്ര-സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയും ഗ്രാമീണ കര്‍ഷകരെ പുത്തന്‍ ഉണര്‍വിലേക്ക് ഉയര്ത്തിെക്കാണ്ടുവരേണ്ടതുണ്ട്. ഇതിനായുള്ള പരിശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ നമ്മുടെ കാര്‍ഷിക വിജ്ഞാനത്തെയും കൃഷിരീതിയെയും പ്രോത്സാഹിപ്പിക്കണം.
രാഷ്ട്രീയമായ നിറത്തിെൻറ അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് ചെയ്യേണ്ട കർമമല്ല അത്. ജനങ്ങളെ മുഴുവന്‍ ഒത്തൊരുമിപ്പിച്ച് നടപ്പാക്കേണ്ട വലിയ പദ്ധതിയാണ്. ഇനിയുള്ള കാലം ജൈവജീവിതമാകും പിന്തുടരുക എന്ന പ്രതിജ്ഞയാണ് വേണ്ടത്. നല്ല ജീവിതത്തിനുള്ള സാംസ്കാരികമായ മുന്നേറ്റമാണ് കൃഷി. കൃഷിയിലൂടെ, ജൈവജീവിതത്തിലൂടെ സ്ഥാപിച്ചെടുക്കാനാകുന്നത് നല്ല ആരോഗ്യം മാത്രമല്ല, സംസ്കാരസമ്പന്നമായ ജീവിതംകൂടിയാണ്. പഴമയുടെ ഗുണങ്ങളും പുതുമയുടെ പുരോഗതിയും ചേര്‍ന്നുള്ള കാര്‍ഷിക സംസ്കൃതിയാണ് നമുക്ക് വേണ്ടത്. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കാര്‍ഷിക നവോത്ഥാനം ഉയര്‍ത്തികൊണ്ടുവരേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. കൃഷിക്കാരുടെ പങ്കാളിത്തത്തോടെ പാരമ്പര്യ കൃഷിയെ കൂടുതല്‍ കരുത്തുറ്റതാക്കണം. പ്രകൃതിയുടെ സൗഹാർദവും കൃഷിയുടെ മാനവികമൂല്യങ്ങളും നിലനിൽപിെൻറ ഭാഗമാണെന്ന് തിരിച്ചറിയണം.