സത്യത്തില്‍ നമ്മള് ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോ എന്ന് തെറ്റിദ്ധരിച്ചുപോകുന്ന സംഭവവികാസങ്ങളാണ് രാജ്യത്തിെൻറ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദം പോലുള്ള ആഭിചാരക്രിയകള്‍ക്കും അടിപ്പെട്ടുപോകുന്ന സമൂഹത്തെ തിരിച്ചറിവിെൻറ മാര്‍ഗത്തിലെത്തിക്കാന്‍ അധികാരിവര്‍ഗത്തിനും നിയമവ്യവസ്ഥക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും സാധിക്കുന്നില്ലെങ്കില്‍ അപമാനഭാരത്തോടെ തലകുനിച്ച് നമുക്ക് പറയാം: നാം നടക്കുന്നത് മുന്നോട്ടല്ല, ബഹുദൂരം പിറകിലോട്ടുതന്നെ; ആചാരങ്ങളുടെ പേരിലുള്ള മനുഷ്യക്കുരുതികള്‍ ചോദ്യം ചെയ്യാനാവാത്തവിധം നടപ്പാക്കിയിരുന്ന ആ പ്രാകൃതയുഗത്തിലേക്ക്.
ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്ന ഒരു സംഭവം മനസ്സാക്ഷിയെ അത്യന്തം നടുക്കത്തിലാഴ്ത്തുന്നതും രാജ്യത്തിെൻറ ഭാവിയെക്കുറിച്ച് ആകുലതകള്‍ സൃഷ്ടിക്കുന്നതുമാണ്. യു.പിയിലെ കനൗജില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ പതിനഞ്ചുകാരിയെ ദുര്‍മന്ത്രവാദി ബലി നല്‍കിയെന്നതായിരുന്നു വാര്‍ത്ത. സ്വാഭാവികമായും ആ വാര്‍ത്ത രാജ്യത്തെ പത്ര-ദൃശ്യ-ഓണ്‍ലൈൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ബഹുജന മനസ്സാക്ഷി ഉണര്‍ത്തുന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പര്യാപ്തമാകുന്ന ഗൗരവതരമായ പ്രാധാന്യം ആ വാര്‍ത്തക്ക് ലഭിക്കുകയുണ്ടായില്ല. കടബാധ്യതകള്കൊണ്ട് പൊറുതിമുട്ടിയ കുടുംബം സാമ്പത്തികപ്രയാസം ലഘൂകരിക്കാന്‍ മാര്‍ഗം തേടി മന്ത്രവാദിയെ സമീപിച്ചപ്പോള്‍ അയാള്‍ പറഞ്ഞുകൊടുത്ത മാര്ഗമായിരുന്നുവത്രെ ബാലികയെ മന്ത്രമൂര്ത്തിക്ക് ബലി നല്‍കണമെന്ന്. അങ്ങനെ ചെയ്താല്‍ കൈനിറയെ സ്വര്‍ണം വരുമെന്ന് മന്ത്രവാദി അന്ധവിശ്വാസികളായ ആ മാതാപിതാക്കളെ ധരിപ്പിക്കുകയും ചെയ്തു. സ്വര്‍ണത്തിനും പണത്തിനും സ്വന്തം രക്തത്തില്‍ പിറന്ന കുട്ടിയെക്കാള്‍ വില കൽപിക്കുന്ന അച്ഛനമ്മമാര്‍ പിന്നെ താമസിച്ചില്ല. മന്ത്രവാദിക്ക് മുന്നില്‍ അവര്‍ പെണ്‍കുട്ടിയെ എത്തിച്ചു. കൊല്ലുന്നതിനുമുമ്പ് ആ കുട്ടിയുടെ കന്യകാത്വം ഇല്ലാതാക്കണമെന്ന് മന്ത്രവാദി അറിയിച്ചപ്പോള്‍ അധമവിശ്വാസത്തിലും പണത്തോടുള്ള ആസക്തിയിലും ആണ്ടുപോയ ഇരുണ്ട മനസ്സിെൻറ ഉടമകളായ മാതാപിതാക്കള്‍ അതിനും സമ്മതം നല്കി. പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കളുടെ കണ്മുന്നില്വെച്ച് പൂര്‍ണനഗ്നയാക്കി ഭോഗിച്ചതിനുശേഷമാണ് മന്ത്രവാദി ആ പെണ്കുരുന്നിെൻറ കഴുത്തറുത്ത് പ്രതിമക്കുമുന്നില്‍ ബലിരക്തം വീഴ്ത്തിയത്. മന്ത്രവാദി ഉറപ്പുനല്‍കിയതുപോലെ സ്വര്‍ണം കിട്ടാതെ വന്നപ്പോള്‍ മകളെ മന്ത്രവാദി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നരബലിയുടെ നടുക്കുന്ന വിവരം പുറത്തുവന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും മന്ത്രവാദ പൂജകളും നരബലികളും സാര്‍വത്രികമായി മാറുകയാണ്.
നിരക്ഷരരും ദരിദ്രരും പിന്നാക്കവിഭാഗങ്ങളും ഗോത്രതുല്യ ജീവിതം നയിക്കുന്നവരും അടക്കമുള്ള ജനസമൂഹം താമസിക്കുന്ന പ്രദേശങ്ങളിലാണ് ദുര്‍മന്ത്രവാദവും അതുപോലുള്ള ദുരാചാരങ്ങളും നടമാടുന്നത്. അറിവില്ലായ്മയെ ചൂഷണം ചെയ്ത് അന്ധവിശ്വാസത്തെ കച്ചവടം ചെയ്യുന്ന തട്ടിപ്പുസംഘങ്ങള്‍ ഇല്ലാത്ത മൂര്‍ത്തികളെയും പൈശാചിക ശക്തികളെയും അവതരിപ്പിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയും ആഭിചാരക്രിയകള്‍ നടത്തുകയുമാണ്. വിദ്യാസമ്പന്നർപോലും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുകയാണ്. ഇത്തരം കുഗ്രാമങ്ങളില്‍ നരബലി പരമ്പരാഗത ആചാരം പോലെ തുടരുന്നു. സാക്ഷരതയും സാങ്കേതികവിദ്യയും വിപ്ലവം സൃഷ്ടിക്കുന്ന ഈ ആധുനികയുഗത്തില്പോലും നരബലിയില്‍ വിശ്വസിക്കുന്ന ചെറുതല്ലാത്ത സമൂഹങ്ങള്‍ രാജ്യത്തിെൻറ വിവിധ കോണുകളിലുണ്ടെന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.
കര്‍ണാടകയിലെ മംഗളൂരുവില്‍ ആറുവയസ്സുകാരിയായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മന്ത്രവാദിക്കുമുന്നിലെത്തിക്കുകയും ബലികൊടുക്കപ്പെട്ട കുഞ്ഞിെൻറ തലയില്ലാത്ത മൃതശരീരം വയലിലേക്കെറിയുകയും ചെയ്തത് സമീപകാലത്താണ്. മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശിനിയായ യുവതി കര്‍ണാടകയില്‍ ദുര്മന്ത്രവാദത്തിനിരയായതു സംബന്ധിച്ച വാർത്തയാണ് ഇൗയിടെ പുറത്തുവന്നത്. യുവതിയെ ചാണകം തീറ്റിച്ചാണ് ക്രിയ നടത്തിയത്. കര്‍ണാടകയിലെ പല ഭാഗങ്ങളിലും ഈ രീതിയിലുള്ള മന്ത്രവാദ ക്രിയകള്‍ നടക്കാറുണ്ടത്രെ. ഗുജറാത്തിലെ രണ്ടുമന്ത്രിമാര്‍ പ്രേതബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത വാര്‍ത്ത അവിശ്വസനീയമായിട്ടാണ് തോന്നിയത്. നാട് ഭരിക്കുന്നവര്‍തന്നെ ജീര്‍ണിച്ച ദുരാചാരങ്ങളുമായി സഹകരിക്കുന്നത് അങ്ങേയറ്റം അപമാനകരമാണ്. ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് മാതാവിനെ മകന് ചുട്ടുകൊന്നതും പ്രേതബാധയുണ്ടെന്ന് ആരോപിച്ച് യുവതിയെ നഗ്നയായി നടത്തിച്ചതും ഛത്തിസ്ഗഢിലാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ഒട്ടേറെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടക്കുകയും പുരോഗമനപ്രസ്ഥാനങ്ങള്‍ സ്വാധീനമുറപ്പിക്കുകയും ചെയ്ത കേരളത്തില്‍പോലും മന്ത്രവാദചികിത്സയുടെ മറവില്‍ ദുരൂഹമരണങ്ങളും കൊലപാതകങ്ങളും നടക്കുന്നു. സമൂഹത്തില്‍നിന്ന് എന്നേ പുറന്തള്ളേണ്ടിയിരുന്ന അപരിഷ്കൃത ആചാരങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയപ്രമാണിമാര് കൂട്ടുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയപരവും മതപരവുമായ മുതലെടുപ്പുകള്ക്കുവേണ്ടി മനുഷ്യത്വത്തിനും മനുഷ്യസംസ്കാരത്തിനും നിരക്കാത്ത മന്ത്രവാദം പോലുള്ള ദുഷ്കര്‍മങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന സാമൂഹികാന്തരീക്ഷമാണ് രാജ്യത്തെ പലയിടങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നത്. നിയമപരമായ അംഗീകാരമില്ലെങ്കിലും വിശ്വാസങ്ങളുടെ പേരിലുള്ള ദുരാചാരപ്രവണതകള് വിവിധ സാമൂഹികവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാനാകുന്നുവെന്നതാണ് യാഥാര്‍ഥ്യം.
നൂറ്റാണ്ടുകളായി തലമുറകളുടെ മനസ്സിലും സംസ്കാരത്തിലും അടിഞ്ഞുകൂടിയ ചില ദുരാചാരങ്ങള്‍ കാലം എത്ര പുരോഗമിച്ചാലും മാറ്റാനാകാത്തതിെൻറ ദുരന്തഫലങ്ങളാണ് പുതിയ തലമുറയും അനുഭവിക്കേണ്ടിവരുന്നത്. നിഷ്കളങ്കരായ കുരുന്നുകളുടെ ജീവന് തന്നെ ഹനിക്കുന്ന സാമൂഹികവിപത്തായി ഇവ ഈ കാലഘട്ടത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു. അന്ധവിശ്വാസത്തിെൻറ മാറാലപിടിച്ച മനസ്സും ചിന്തയുമുള്ളവരെ പേപ്പട്ടികളെക്കാളും ഭയപ്പെടണം. വിഷസര്‍പ്പങ്ങളുടെ കൂട്ടില്‍ കഴിയുന്നതുപോലെ ഭയാനകമാണ് അന്ധവിശ്വാസികള്ക്കൊപ്പമുള്ള ജീവിതം. ഇവരുടെ മനോവൈകൃതങ്ങള്‍ സാമ്പത്തികചൂഷണങ്ങള്ക്കുള്ള മാര്‍ഗമായി മന്ത്രവാദികളും വ്യാജസിദ്ധന്മാരുമൊക്കെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ബോധവത്കരണം കൊണ്ടുമാത്രം ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാനാവില്ല. മന്ത്രവാദം അടക്കമുള്ള പൈശാചികകര്മങ്ങള് നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് പര്യാപ്തമായ നിയമനിര്‍മാണത്തിനുതന്നെ രൂപം നല്‍കണം. അതിനാവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ കടമയാണ്.