ബംഗാളിലെ ഭയപ്പെടുത്തുന്ന പുലരിയെപ്പറ്റി....
text_fieldsകുട്ടിക്കാലത്ത് പ്രഭാതങ്ങൾ വെറുമൊരു പുതിയൊരു ദിവസത്തിന്റെ ശുഭാരംഭം മാത്രമായിരുന്നില്ല. പത്രങ്ങളും രാഷ്ട്രീയ ചർച്ചകളും ആകാശവാണിയിലൂടെ ഒഴുകിയെത്തുന്ന രവീന്ദ്രസംഗീതത്തിന്റെ ഈണങ്ങളും കൂടിയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം, 2026 മേയ് 5-ന്റെ പ്രഭാതത്തിൽ അവകളെല്ലാം എങ്ങോ അകന്നു പോയതുപോലെ തോന്നി-മറ്റേതോ ജന്മത്തിലേതുപോലെ.
സ്വതന്ത്ര ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നു. വൈരുധ്യമെന്നു പറയട്ടെ, ആ പാർട്ടിയുടെ പ്രത്യയശാസ്ത്ര ഗർഭപാത്രമായിരുന്നു ഞങ്ങളുടെ സംസ്ഥാനം. ഹിന്ദു മഹാസഭയിൽനിന്ന് ജനസംഘത്തിലേക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടി എന്ന രൂപത്തിലേക്കും പരിണമിച്ച ആ പ്രസ്ഥാനത്തിന്റെ, ബംഗാൾ ഭരിക്കുക എന്ന നൂറു വർഷത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നത്.
ഒരു ഒന്നാം തലമുറ അഭയാർഥിയുടെ മകളെന്ന നിലയിൽ ഇതെല്ലാം എനിക്ക് വ്യക്തിപരമായി ഏറെ അടുത്തുനിൽക്കുന്ന കാര്യങ്ങളാണ്. ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ വിള്ളലുകൾ വീണ കാലത്ത് തന്റെ വീടും റോസാപ്പൂത്തോട്ടവും ട്രോഫികളും എല്ലാം വിട്ടെറിഞ്ഞ് അതിരുകൾ മുറിച്ചുകടന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളായ എന്റെ പിതാവിന് സുരക്ഷിതത്വം പാരമ്പര്യമായി ലഭിച്ചതായിരുന്നില്ല, ആർജിച്ചെടുത്തതാണ്. കാലിനടിയിൽ മണ്ണും തലക്ക് മുകളിൽ ഒരു മേൽക്കൂരയും അന്വേഷിച്ചെത്തിയ അതിജീവിതർക്ക് ബംഗാൾ വെറുമൊരു ഇടമായിരുന്നില്ല-ഒരു സാധ്യതയായിരുന്നു. ഭാഷയിലൂടെയും സംസ്കാരത്തിലൂടെയും സമൂഹത്തിലൂടെയും, കുടിയൊഴിപ്പിക്കലിന്റെ ആഘാതങ്ങൾക്കുശേഷം തുടർച്ചയുടെ ഒരു നേർത്ത പ്രവാഹം ബംഗാൾ അവർക്ക് നൽകി.
കുടിയൊഴിപ്പിക്കൽ നേരിട്ട് എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, അതിന്റെ ഓർമകളിലാണ് ഞാൻ വളർന്നുവന്നത്. ഇന്ന് ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ, രാഷ്ട്രീയത്തിന്റെ ഭാഷ തിരിച്ചറിയുംവിധത്തിൽ മാറിയിരിക്കുന്നു-ഞാൻ അത് അനുഭവിച്ചതുകൊണ്ടല്ല, മറിച്ച് ആ ഭാഷ എവിടേക്കാണ് നയിക്കുക എന്നതിന്റെ ഓർമകൾ എനിക്ക് പാരമ്പര്യമായി ലഭിച്ചതുകൊണ്ടാണ്. ‘ഇവിടെ പെടാത്തവർ’ എന്ന ആ ഭീതിദമായ തോന്നൽ, ആ വാക്കുകൾ, ആ ശൈലി. സ്വത്വം, പൗരത്വം, സുരക്ഷ, സ്വന്തം നാട് എന്ന തോന്നൽ-ഇവയൊന്നും ഇന്ന് വെറും വാക്കുകളല്ല. ഭരണത്തിനപ്പുറം അനുഭവങ്ങളിലേക്ക് പടരുന്ന ആഘാതങ്ങൾ അവക്കുണ്ട്. അഭയാർഥി ചരിത്രമുള്ള ഒരു കുടുംബത്തെ സംബന്ധിച്ച് ഇതൊന്നും വിദൂര ചർച്ചകളല്ല, മറിച്ച് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.
പലരും ഇതിനെ ഒരു ‘പുനഃക്രമീകരണം’(recalibration) എന്ന് വിളിക്കുന്നുണ്ടെങ്കിലും എന്നെ സംബന്ധിച്ച് ഇത് ബംഗാളിന്റെ പുനർ-കോളനിവത്കരണമാണ്. കോളനിവത്കരണം എന്നാൽ പ്രദേശം പിടിച്ചെടുക്കുക മാത്രമല്ല; മനുഷ്യരെ പിടിച്ചെടുത്ത് അവരെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന വെറും തൊഴിലാളികളാക്കി മാറ്റുക എന്നതുകൂടിയാണ്. എസ്.ഐ.ആർ എന്ന പേരിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച വോട്ടർ പട്ടിക പരിഷ്കരണം അടിച്ചമർത്തലിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. എപ്പോൾ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ ഇറങ്ങിപ്പോകാൻ തയാറായിരിക്കണം എന്ന നിരന്തരമായ ഭയവും കുടിയൊഴിപ്പിക്കലിന്റെ ഓർമകളും അത് തിരികെക്കൊണ്ടുവന്നു.
എസ്.ഐ.ആർ വഴി കൃത്യമായ കണക്കുകൂട്ടലുകളോടെ ചില വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് പുറത്താക്കി. കൊൽക്കത്തയുടെ പ്രാന്തപ്രദേശങ്ങളിലേക്കും സുന്ദർബനിലേക്കും നടത്തിയ യാത്രകളിൽ മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിസ്സഹായതക്ക് ഞാൻ സാക്ഷിയായി. അത്തരമൊരു യാത്രക്കിടയിലാണ് ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ തന്റെ മുത്തശ്ശിയുടെ സാരിയിൽ മുറുകെ പിടിച്ചുനിൽക്കുന്ന ഒരു കൊച്ചുപെൺകുട്ടിയെ കാണാനിടയായത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് ആ മുത്തശ്ശി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കുടുംബം, സ്നേഹം, സമൂഹം എന്നിങ്ങനെ തനിക്ക് പ്രിയപ്പെട്ടവരോട് ആ മുത്തശ്ശിയെ ചേർത്തുനിർത്താനായിരിക്കാം ആ പെൺകുട്ടി മുറുകെ പിടിച്ചത്. മേയ് 5-ന്റെ പ്രഭാതത്തിൽ ഈ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു.
വികാരങ്ങളെ അളക്കാൻ എനിക്ക് പ്രയാസമായിരുന്നു. ചിലപ്പോൾ നിരാശ, ചിലപ്പോൾ രോഷം, പക്ഷേ ആ ദിവസം കടന്നുപോയപ്പോൾ അത് വെറും ശൂന്യതയായി മാറി. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ വീണ്ടും വീണ്ടും സ്വയം ചോദിച്ചു. പൊടിപടലങ്ങൾ അടങ്ങിക്കഴിയുമ്പോൾ ഞാനും ഇതിനെ ‘വിധി’ എന്ന് കരുതി നിശ്ശബ്ദമായി അംഗീകരിക്കുമോ എന്നും ചിന്തിച്ചു.
ബംഗാളിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്വം എന്നും ബഹുസ്വരമായിരുന്നു, ദൈനംദിന ജീവിതത്തിൽ അത് വലിയ ഭീഷണികൾ നേരിട്ടിരുന്നില്ല. എന്നാൽ, മേയ് നാലിനുശേഷം അതും മാറുന്നത് ഞാൻ കണ്ടു-അവരുടെ അവകാശങ്ങൾ നേരിട്ട് എടുത്തുമാറ്റിക്കൊണ്ടല്ല, മറിച്ച് ഇവിടെ ജീവിക്കാനുള്ള അവരുടെ അവകാശം പുനഃപരിശോധിക്കപ്പെടുകയാണ് എന്ന് തോന്നിപ്പിച്ചുകൊണ്ട്. പുറത്താക്കപ്പെടുമെന്ന ഭീതി അവിടെ പടർന്നുകഴിഞ്ഞിരുന്നു.
മുസ്ലിംകൾ, ക്രൈസ്തവർ, ഭാഷാ-വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരെല്ലാം ബംഗാളിന്റെ സാമൂഹിക ഘടനയുടെ അവിഭാജ്യ ഘടകങ്ങളാണ്. പക്ഷേ, ചില പ്രത്യേക സ്വത്വങ്ങളെ സംശയത്തോടെ നോക്കുന്ന പ്രസംഗങ്ങളിലൂടെയും ഭരണപരമായ നടപടികളിലൂടെയും ബി.ജെ.പി അതിനെയും മാറ്റിമറിച്ചു- സ്വന്തം നാട്ടിൽ അന്തസ്സോടെ ജീവിച്ചിരുന്നവർ ഇന്ന് നിബന്ധനകൾക്ക് വിധേയമായി മാത്രം ഇവിടെ തുടരാവുന്നവർ എന്ന നിലയിലേക്ക് മാറ്റപ്പെട്ടു.
മറ്റിടങ്ങളിലെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, ഇത്തരത്തിലുള്ള അസഹനീയമായ സാഹചര്യങ്ങൾ കാലക്രമേണ സാധാരണവത്കരിക്കപ്പെടാം എന്നാണ്. വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിന്റെ ഭീകരത എനിക്ക് അനുഭവപ്പെട്ടു. എനിക്ക് പ്രിയപ്പെട്ടതെല്ലാം തകർക്കുന്ന ഒരു കൊടുങ്കാറ്റ്. ആ രാത്രി അവസാനിക്കാത്ത ഒന്നായി എനിക്ക് തോന്നി. സോഷ്യൽ മീഡിയയും മാധ്യമങ്ങളും വെറുപ്പിന്റെയും കുറ്റപ്പെടുത്തലുകളുടെയും ചളിക്കുണ്ടായി മാറുന്നത് ഞാൻ ഭീതിയോടെ നോക്കിനിന്നു.
വനിതാ സ്ഥാനാർഥികൾ നേരിട്ട പരിഹാസങ്ങളും അതിക്രമങ്ങളുമായിരുന്നു എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ഇത് ബംഗാളിൽ ഇതിനുമുമ്പ് ഇല്ലാത്തതായിരുന്നു. ബി.ജെ.പിയുടെ തെറ്റുകൾക്കെതിരെ സംസാരിച്ചിരുന്ന പല സ്ത്രീകൾക്കും തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ലോക്ക് ചെയ്തുവെക്കേണ്ടിവന്നു. മമത ബാനർജിയെപ്പോലെ വേഷം കെട്ടിയ പുരുഷന്മാരെയും ആൺകുട്ടികളെയും മർദിക്കുന്നതും വസ്ത്രാക്ഷേപം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചു. അക്രമം ഒരു ആഘോഷമാക്കുന്ന ബി.ജെ.പി കേഡർമാരുടെ മനോനിലയാണിത്.
ബംഗാളിലെ പൊതുവിടങ്ങൾ എന്നും രാഷ്ട്രീയ പ്രകടനങ്ങളുടെ ഇടമായിരുന്നു. എന്നാൽ, ഇന്ന് ആ ഇടങ്ങളെല്ലാം ബി.ജെ.പി പുറത്തുനിന്ന് കൊണ്ടുവന്ന ഗുണ്ടകൾ കൈയടക്കിയിരിക്കുന്നു. ഇത് വെറുമൊരു ഭരണമാറ്റമല്ല, മറിച്ച് ബംഗാളിന്റെ മൂന്നാം കോളനിവത്കരണമാണ്. സംസ്ഥാനത്തിന് അതിന്റെ വിഭവങ്ങൾക്കും ചിന്താസ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയാണ്. സംവാദങ്ങളിലും വിയോജിപ്പുകളിലും വിശ്വസിച്ചിരുന്ന ഒരു ബൗദ്ധിക സംസ്കാരം തകർക്കപ്പെടുന്നു.
മേയ് 5-ന്റെ പ്രഭാതത്തിൽ എന്റെ ഉള്ളിലെ എന്തോ ഒന്ന് മുറിഞ്ഞുപോയി. ആ കൊച്ചുപെൺകുട്ടി മുത്തശ്ശിയുടെ സാരിയിൽ പിടിച്ചതുപോലെ, നഷ്ടപ്പെട്ടുപോകുന്നതിനെയെല്ലാം മുറുകെ പിടിക്കാൻ ഞാനും ശ്രമിക്കുകയാണ്.
(സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

