സമർപ്പണത്തിെൻറ രാജവീഥിയിൽ
text_fieldsഅത്യസാധാരണമായ ത്യാഗത്തിെൻറ ആൾരൂപം. ഒപ്പം സമർപ്പണ സന്നദ്ധതയുടെ പ്രതീകവും - വ്യാഴാഴ്ച രാത്രി അന്തരിച്ച വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസയെ അങ്ങനെ വിശേഷിപ്പിക്കാം. അപ്രതീക്ഷിതമായിരുന്നില്ല അദ്ദേഹത്തിെൻറ വിയോഗം. എന്നിട്ടും അത് മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. ചെറുപ്രായം മുതലുള്ള ആത്മബന്ധം സമ്മാനിച്ച ഒട്ടേറെ അനുഭവങ്ങൾ നൊമ്പരങ്ങളായി ഓർമകളിലേക്ക് കടന്നുവരുന്നു.
ദീർഘകാലമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ശാരീരികമായി ഏറെ പ്രയാസം അനുഭവിച്ചുകൊണ്ടിരുന്നപ്പോഴും കർമനിരതമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കാൻസർ ബാധിതനായി റേഡിയേഷനും കീമോതെറപ്പിയും ചെയ്തുകൊണ്ടിരിക്കെ ഇടവേളകളിൽ ഉത്തരേന്ത്യൻ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് പ്രവർത്തനരംഗത്ത് സജീവമായി നിലകൊണ്ടു. ആരോഗ്യമുള്ള മനുഷ്യർക്കൃു പോലും ഉത്തരേന്ത്യയിലെ ഏറെ പ്രയാസകരമായ സാഹചര്യത്തിൽ നിരന്തര യാത്രയും കഠിന പ്രയത്നങ്ങളും അസഹ്യമായി അനുഭവപ്പെടും. എന്നിട്ടും മാരകമായ രോഗം പേറി ശാരീരികപ്രയാസം അനുഭവിക്കുമ്പോഴും സഹപ്രവർത്തകരോടൊപ്പം അവിടങ്ങളിൽ കഴിച്ചുകൂട്ടാൻ സാധിച്ചത് വിശ്വാസദാർഢ്യത കൊണ്ടും അസാധാരണമായ ഇച്ഛാശക്തികൊണ്ടും മാത്രമാണ്.
ഭൗതിക നേട്ടങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിച്ചില്ല. ഒന്നും നേടിയതുമില്ല. എല്ലാം കൊടുക്കുകയായിരുന്നു. ഒന്നും എടുക്കുകയായിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവർത്തകരും ഏൽപ്പിക്കുന്ന ഏതു ജോലിയും അറച്ചുനിൽക്കാതെയും വൈമനസ്യം പ്രകടിപ്പിക്കാതെയും ഏറ്റെടുത്തു. അപ്പോഴൊക്കെ തെൻറ പരിധികളും പരിമിതികളും പറയുക മാത്രമേ ചെയ്തുള്ളൂ. ഈ പ്രകൃതം അദ്ദേഹത്തിെൻറ ജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും ഇടവരുത്തി. എന്നാൽ അവയെല്ലാം അദ്ദേഹം വിജയകരമായി തരണം ചെയ്തു.
ചെറുപ്രായത്തിൽതന്നെ ജമാഅത്തെ ഇസ്ലാമിയുമായും അതിെൻറ വിദ്യാർഥി വിഭാഗവുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു . അതിവേഗം സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷെൻറ നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 1985 ൽ ഫറോക്കിൽ നടന്ന എസ്.ഐ.ഒ ഒന്നാം സംസ്ഥാനസമ്മേളനത്തിെൻറ വളൻറിയർ ക്യാപ്റ്റനായിരുന്നു. അടുത്ത വർഷം സംഘടനയുടെ സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1987ൽ എസ്.ഐ.ഒയുടെ ആദ്യ അഖിലേന്ത്യാ സമ്മേളനം ബംഗളൂരുവിൽ നടന്നപ്പോൾ അതിെൻറ ജനറൽ കൺവീനറായിരുന്നു. ഏറെ ശ്രദ്ധേയമായ നിലയിൽ ചരിത്രത്തിൽ അത് ഇടം നേടിയതിൽ അദ്ദേഹത്തിെൻറ പങ്ക് അനൽപമാണ്. ഉത്തരേന്ത്യൻ നേതാക്കളുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം ഉർദു ഭാഷയിൽ പ്രാവീണ്യം നേടി. മാതൃഭാഷയെന്നപോലെ ഉർദു കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ആ ഭാഷയിൽ അതിമനോഹരമായി പ്രസംഗിക്കുമായിരുന്നു. ഇംഗ്ലീഷ് ഭാഷയിലും മികച്ച പ്രഭാഷകനായിരുന്നു.
ഇസ്ലാമിക വിദ്യാർഥി സംഘടനയുടെ ദേശീയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഹംസക്ക് രാജ്യത്തിെൻറ നാനാഭാഗങ്ങളിൽ സഞ്ചരിക്കാൻ അവസരം ലഭിച്ചു. ഇതു നൽകിയ വിപുലമായ അനുഭവം അദ്ദേഹത്തിന് രാജ്യത്തിെൻറ യഥാർഥ അവസ്ഥ സംബന്ധിച്ച സൂക്ഷ്മമായ ധാരണ നൽകി. രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇത് അദ്ദേഹത്തിന് ഏറെ പ്രയോജനപ്പെടുകയും ചെയ്തു. വെൽെഫയർ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരണംവരെ ആസ്ഥാനത്ത് തുടർന്നു.
മരിക്കുമ്പോൾ പത്തിരിപ്പാല മൗണ്ട് സീനാ വിദ്യാസ്ഥാപനങ്ങളുടെ സി.ഇ.ഒയായിരുന്നു. മണ്ണാർക്കാട്ടെ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ട്രസ്റ്റുകളുടെ ആക്ടിങ് ചെയർമാനായിരുന്ന അദ്ദേഹം ‘മാധ്യമം’ നടത്തുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് അംഗം കൂടിയാണ്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ജാതി, മത ഭേദമന്യേ എല്ലാവരോടും അടുത്ത സൗഹൃദം പുലർത്തി. സദാ പ്രസന്നവദനനും വിനയം വിളിച്ചറിയിക്കുന്ന സ്വഭാവ പെരുമാറ്റങ്ങളുടെ ഉടമയുമായിരുന്നു. പ്രവർത്തകർക്ക് കർമോർജം പകർന്നുനൽകുന്നതിലും അവരിൽ പ്രതീക്ഷ വളർത്തുന്നതിലും അദ്ദേഹത്തിെൻറ പങ്ക് വളരെ വലുതാണ്.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറിൽ ഡി.എസ്.ഒ ആയിരിക്കെയാണ് അദ്ദേഹം റിട്ടയർ ചെയ്തത്. സംഘടനാ പ്രവർത്തനത്തിനു വേണ്ടി ദീർഘകാലം സർവിസിൽനിന്ന് വിട്ടുനിന്നില്ലായിരുന്നുവെങ്കിൽ ഈ രംഗത്ത് ഉയർന്ന പദവിയിൽ എത്തുമായിരുന്നു. ബഹുമുഖ ജീവിതമേഖലകളിൽ മഹത്തായ സേവനമർപ്പിച്ച അദ്ദേഹം വളരെ ലളിതമായ ജീവിതമാണ് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
