സി.എച്ച്. മുഹമ്മദ് കോയ: വിദ്യാഭ്യാസ വിപ്ലവത്തിന് വഴിതുറന്ന നവോത്ഥാന നായകൻ
text_fieldsകേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ ചരിത്രത്തിൽ തന്റേതായ അടയാളം പതിപ്പിച്ച നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബ്. സാധാരണക്കാരന്റെ ശബ്ദമായി മാറിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള നിരന്തര ഇടപെടലുകളാൽ ശ്രദ്ധേയമായിരുന്നു.
മികച്ച വാഗ്മിയും എഴുത്തുകാരനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം., അറിവിനെയും വിദ്യാഭ്യാസത്തെയും സാമൂഹിക മുന്നേറ്റത്തിന്റെ പ്രധാന ആയുധമായി കണ്ട ദീർഘദർശിയായിരുന്നു. പദവികൾ അദ്ദേഹത്തിന് ഒരിക്കലും ലക്ഷ്യമായിരുന്നില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ.
പ്രതിസന്ധികളിലും നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം തലമുറകൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയ പാഠങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ വളർന്ന് പന്തലിക്കാൻ വെള്ളവും വളവും നൽകിയ നേതാക്കളിൽ മുൻനിരയിലായിരുന്നു സി.എച്ച്.
സെപ്റ്റംബർ 28 വീണ്ടും കടന്നുവരുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ അതുല്യമായ ഒരു അധ്യായത്തിലേക്കാണ് നാം തിരിഞ്ഞുനോക്കുന്നത്. ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്, അസാധാരണ വാഗ്മി, എഴുത്തുകാരൻ, ഭരണാധികാരി, സാമൂഹിക പരിഷ്കർത്താവ്, അതിനപ്പുറം വിദ്യാഭ്യാസത്തെ സാമൂഹിക മുന്നേറ്റത്തിന്റെ പ്രധാന ആയുധമായി കണ്ട ദീർഘദർശി കൂടിയാണ് മഹാൻ.
മലബാറിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വാതിലുകൾ തുറന്ന സി.എച്ച്
1927-ൽ ജനിച്ച് 1983-ൽ വിടപറഞ്ഞ സി.എച്ച് വളരെ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ പൊതുജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു. പത്രപ്രവർത്തകനായാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. വായനയോടുള്ള അതിയായ താൽപര്യവും എഴുത്തിനോടുള്ള പ്രതിബദ്ധതയും അസാധാരണമായ പ്രസംഗശേഷിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേറിട്ടുനിർത്തി. എന്നാൽ സി.എച്ചിനെ ചരിത്രം ഓർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്.
ഒരു സമൂഹത്തിന്റെ ഭാവി മാറ്റണമെങ്കിൽ ആ സമൂഹത്തിന്റെ കൈകളിൽ അറിവിന്റെ വെളിച്ചം എത്തിക്കണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മലബാറിന്റെ അവസ്ഥ, പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു.
കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പരിമിതമായിരുന്നു. ഈ അസമത്വം പരിഹരിക്കാനും മലബാറിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വാതിലുകൾ തുറക്കാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായി.
അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മലബാറിന് ഒരു സർവകലാശാല വേണമെന്ന ആശയത്തിന് ശക്തമായ പിന്തുണ നൽകി. പുതിയ സർവകലാശാലയുടെ സാധ്യതകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും, തുടർനടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അതിന്റെ ഫലമായാണ് 1968-ൽ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത്. അത് ഒരു സർവകലാശാലയുടെ ജനനം മാത്രമായിരുന്നില്ല. മലബാറിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വീടിനടുത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിൽ തുറന്ന ചരിത്ര നിമിഷം കൂടിയായിരുന്നു.
പിന്നീട് കാലിക്കറ്റ് സർവകലാശാല വളർന്ന് വടക്കൻ കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി മാറി. ആ വളർച്ചയുടെ ഓരോ ഘട്ടവും സി.എച്ച് കണ്ട സ്വപ്നത്തിന്റെ വ്യാപ്തി ഓർമിപ്പിക്കുന്നതാണ്.
സി.എച്ചിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിനെ ഒരു സർവകലാശാലയുടെ രൂപീകരണത്തിൽ മാത്രം ഒതുക്കിക്കാണുന്നത് അദ്ദേഹത്തിന്റെ ദർശനത്തെ ചെറുതാക്കുന്നതായിരിക്കും. വിദ്യാഭ്യാസത്തിന്റെ വാതിലുകൾ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് തുറക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ കാഴ്ചപ്പാട്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റണമെങ്കിൽ അറിവിലേക്കുള്ള പ്രവേശനം ഉറപ്പാക്കണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സമീപനത്തിന്റെ കാതൽ.
ഒരു കുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരു കുടുംബത്തിന്റെ മാത്രം ജീവിതം മാറ്റുന്നതല്ല; ഒരു തലമുറയുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മാറ്റാനുള്ള ശക്തിയാണത്. ഈ തിരിച്ചറിവാണ് സി. എച്ചിന്റെ വിദ്യാഭ്യാസ ഇടപെടലുകൾക്ക് പിന്നിലെ വലിയ പ്രചോദനം.
ഇന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് മനുഷ്യരെ കാണുമ്പോൾ, അവർക്ക് തുറന്നുകിട്ടിയ വിദ്യാഭ്യാസ അവസരങ്ങളുടെ ചരിത്രത്തിലേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. അവിടെ സി.എച്ച്. മുഹമ്മദ് കോയയുടെ പേര് ഒഴിവാക്കാനാവില്ല.
സി. എച്ചിന്റെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുമ്പോഴും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. രാഷ്ട്രീയ അധികാരത്തെ ഒരു ലക്ഷ്യമായി കാണുന്നതിനുപകരം സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരം കാണാനുള്ള ഉപാധിയായാണ് അദ്ദേഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ പ്രധാന സ്ഥാനമെടുത്തു.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നിയമസഭാ സാമാജികൻ, മന്ത്രി, സ്പീക്കർ, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഓരോ പദവിയും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ വ്യത്യസ്ത അധ്യായങ്ങളാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തെ കാലാതീതമാക്കുന്ന സംഭാവനകളിൽ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം വളരെ വലുതാണ്.
പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷ സമൂഹത്തിൽ വിദ്യാഭ്യാസത്തോടുള്ള സമീപനത്തിൽ ഉണ്ടായ വലിയ മാറ്റത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സി. എച്ച്. മുഹമ്മദ് കോയയുടെ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമല്ലെന്നും സമൂഹത്തിന്റെ പുരോഗതിക്കുള്ള അനിവാര്യമായ വഴിയാണെന്നും അദ്ദേഹം പ്രവർത്തനങ്ങളിലൂടെ കാണിച്ചുകൊടുത്തു. അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളുടെ എണ്ണം കൊണ്ടല്ല, അദ്ദേഹം തുറന്നുകൊടുത്ത അവസരങ്ങളുടെ വ്യാപ്തികൊണ്ടാണ് സി. എച്ചിന്റെ വിദ്യാഭ്യാസ സംഭാവനയെ അളക്കേണ്ടത്.
ഇന്ന് കേരളം വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയിരിക്കുന്നു. സർവകലാശാലകളും കോളേജുകളും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും അനവധി. എന്നാൽ ഈ മുന്നേറ്റത്തിന്റെ ആദ്യകാല പാതകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, വിദ്യാഭ്യാസം സമൂഹത്തിന്റെ അടിത്തറയാണെന്ന് തിരിച്ചറിഞ്ഞ ദീർഘവീക്ഷണശാലിയായ സി. എച്ചിനെ ഓർക്കേണ്ടത് അനിവാര്യമാണ്.
സി. എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ സെപ്റ്റംബർ 28-ൽ മാത്രം ഒതുങ്ങേണ്ടതല്ല. കാലം നിലനിൽക്കുന്നിടത്തോളം ആ രണ്ടക്ഷരങ്ങൾ സി. എച്ച്. പുതുതലമുറയുടെ ഓർമ്മയിൽ ഉണ്ടാകണം. പുതുതലമുറ സി. എച്ച്. എന്ന വിദ്യാഭ്യാസ ദർശിയെ അറിയുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്.
വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കണം എന്ന ആശയം, പിന്നാക്ക പ്രദേശങ്ങൾ മുന്നേറണം എന്ന ചിന്ത, അറിവിലൂടെ സമൂഹം ശക്തിപ്പെടണം എന്ന ദർശനം ഇവയെല്ലാം വീണ്ടും ഓർമിക്കേണ്ട ദിവസം കൂടിയാണിത്. കാലം പല നേതാക്കളെയും മറവിയിലേക്ക് കൊണ്ടുപോകും. എന്നാൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയവരുടെ സംഭാവനകൾ കാലം കടന്നുപോകുന്തോറും കൂടുതൽ വ്യക്തമാകും. എന്റെ സി.എച്ച്. അത്തരമൊരു ചരിത്ര വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ശബ്ദം നിലച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. എന്നാൽ അദ്ദേഹം വിദ്യാഭ്യാസത്തിനായി തുറന്ന വാതിലുകളിലൂടെ ഇന്നും തലമുറകൾ കടന്നുപോകുന്നു.
ഒരു സർവകലാശാലയുടെ കെട്ടിടങ്ങളിൽ മാത്രം സി. എച്ച്. ഇല്ല. അവിടെ നിന്ന് അറിവിന്റെ ലോകത്തേക്ക് നടന്നുപോയ ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നങ്ങളിൽ കൂടിയാണ് അദ്ദേഹം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സി. എച്ച്. മുഹമ്മദ് കോയയെ അനുസ്മരിക്കുക എന്നത് ഒരു നേതാവിനെ ഓർക്കുക മാത്രമല്ല; വിദ്യാഭ്യാസത്തെ സമൂഹമാറ്റത്തിന്റെ ആയുധമായി കണ്ട ഒരു ദീർഘദർശിയെ ഓർക്കുക കൂടിയാണ്.
കാലം കടന്നുപോകുമ്പോഴും സി. എച്ചിന്റെ ഓർമ്മകൾ മായുന്നില്ല. അദ്ദേഹം ഉയർത്തിപ്പിടിച്ച വിദ്യാഭ്യാസത്തിന്റെയും സാമൂഹിക നീതിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും വഴികളിലൂടെ മുന്നോട്ട് പോകുക എന്നതാണ് ഏറ്റവും ഉചിതമായ അനുസ്മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

