വിജ്ഞാനവും കര്‍മവും സമന്വയിപ്പിച്ചൊരാള്‍

പാണ്ഡിത്യത്തോടൊപ്പം സാമൂഹിക ബോധം, നേതൃരംഗത്ത് അനിവാര്യമായ കര്‍മശേഷി -ഇതെല്ലാമായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാരുടെ വ്യക്തിത്വത്തിന്‍െറ മുഖമുദ്രകള്‍.  ആ സംഘാടക വൈഭവം സമസ്തയുടെയും അതിന്‍െറ പോഷക സംഘടനകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃരംഗത്ത് അദ്ദേഹം പ്രകടമാക്കി. താനിരുന്ന സ്ഥാനത്തെല്ലാം സ്ഥിരോത്സാഹ നിര്‍ഭരമായ പ്രവര്‍ത്തന മികവ്  പുലര്‍ത്തി.  സംഘടനയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചുനിന്നപ്പോള്‍തന്നെ, സമുദായത്തിന്‍െറയും പൊതുസമൂഹത്തിന്‍െറയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട്, അതിനോട് പ്രതികരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള വിശാലത കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധ്യമായി.

ഏതാനും വര്‍ഷങ്ങളായി സമസ്തയുടെ നേതൃത്വത്തില്‍ മര്‍മസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഏല്‍പിക്കപ്പെട്ട ചുമതലയിലും പദവിയിലും പരിമിതമായിരുന്നില്ല, ആ നേതൃദൗത്യം. സമസ്തയുടെയും പോഷക സംഘടനകളുടെയും അതിന്‍െറ വിദ്യാഭ്യാസ സംരംഭങ്ങളുടെയുമെല്ലാം പിറകില്‍ ശക്തമായ സാന്നിധ്യമായിരുന്നു ബാപ്പു മുസ്ലിയാര്‍. കടമേരി റഹ്മാനിയ അറബിക് കോളജിന് ഇന്ന് കാണുന്ന വളര്‍ച്ചയുടെ ഒൗന്നത്യത്തിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. സംഘടനയിലും സ്ഥാപനത്തിലും നിശ്ശബ്ദമായ ഒരു പണ്ഡിത സാന്നിധ്യമായിരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ഇല്‍മും (അറിവ്) അമലും (കര്‍മം) പരസ്പര പൂരകമാണെന്ന വീക്ഷണത്തെ സാധൂകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ ജീവിത സപര്യ.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊന്നല്‍ നല്‍കുന്നതായിരുന്നു ബാപ്പു  മുസ്ലിയാരുടെ നിലപാട്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനെയും കടമേരി റഹ്മാനിയ കോളജിനെയും നൂതന രീതിയില്‍ വികസിപ്പിക്കാന്‍ പ്രയത്നിച്ച അദ്ദേഹം, ജാമിഅ നൂരിയ ഒരു എന്‍ജിനീയറിങ് കോളജിനു വേണ്ടി മുന്നിട്ടിറങ്ങിയപ്പോള്‍ അതിന്‍െറ വിജയകരമായ നിര്‍വഹണത്തിന് പിറകിലും കരുത്തോടെ പ്രവര്‍ത്തിച്ചു.

ഏത് രംഗത്തേക്കും യുക്തരും യോഗ്യരുമായവരെ നിയമിക്കാനും അവരുടെ പ്രവര്‍ത്തന വലയങ്ങളില്‍ ഇടപെടാതെ, അവരെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും തിരുത്തേണ്ട ഘട്ടങ്ങളില്‍ മാത്രം  നേതൃപരമായ ഉത്തരവാദിത്ത ബോധത്തോടെ തിരുത്താനും തയാറാകുന്നതായിരുന്നു ബാപ്പു മുസ്ലിയാരുടെ പ്രവര്‍ത്തന ശൈലി. ഒരു മതപണ്ഡിതനില്‍നിന്ന് ഇത്തരം കാര്യങ്ങളില്‍ പരിധികള്‍ക്കും പരിമിതികള്‍ക്കും  പകരം വിശാല വീക്ഷണവും പുരോഗമനോത്സുകതയുമാണ് പ്രതീക്ഷിക്കേണ്ടതെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ നടപടിക്രമം.

വ്യക്തിബന്ധങ്ങളില്‍ അദ്ദേഹത്തിന്‍െറ വിശാല വീക്ഷണം പ്രകടമായിരുന്നു. ഈ നിലപാടിന്‍െറകൂടി സദ്ഫലമെന്ന നിലയിലാണ് സമുദായ ഐക്യത്തോടുള്ള ബാപ്പു മുസ്ലിയാരുടെ പ്രതിബദ്ധതയെ നോക്കിക്കാണേണ്ടത്. പൊതു പ്രശ്നങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി, ഏകോപിച്ചുനില്‍ക്കുക എന്ന കാര്യത്തിലും പരിമിതികളെ അതിജയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ വ്യക്തിത്വം.  
അദ്ദേഹത്തിന്‍െറ ഈ വിശാല വീക്ഷണം സമുദായത്തില്‍ പരിമിതമായിരുന്നില്ല. സമുദായ മൈത്രി നിലനിര്‍ത്തുന്നതിലും വിവിധ മതസ്ഥര്‍ സമാധാനത്തോടെ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന നമ്മുടെ രാജ്യത്ത് മാനുഷികമായ സാമൂഹികതയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. വര്‍ഗീയവും വിഭാഗീയവുമായ ചേരിതിരിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒരു മതപണ്ഡിതന് പുലര്‍ത്താവുന്ന ഉന്നതമായ സമീപനം അദ്ദേഹം കൈക്കൊണ്ടു.

ബാപ്പു മുസ്ലിയാരുടെ ഏറ്റവും വലിയ പ്രത്യേകത വ്യക്തിബന്ധങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ തികഞ്ഞ ഊഷ്മളതയായിരുന്നു. ഇടപഴകുന്നവരോടെല്ലാം അദ്ദേഹം നിറഞ്ഞ സൗഹൃദം നിലനിര്‍ത്തി. സജീവമായി, കര്‍മരംഗത്തും നേതൃരംഗത്തും ഉണ്ടായിരുന്ന ബാപ്പു മുസ്ലിയാരുടെ ആകസ്മികമായ ഈ വിയോഗം പൊതുരംഗത്തിന്‍െറയും ജീവിതത്തിന്‍െറതന്നെയും നിസ്സാരതയും നൈമിഷികതയും ഓര്‍മിപ്പിക്കുന്നു.

 

COMMENTS