മാധ്യമങ്ങളിലെ വ്യക്തി: ദൃഢം, അപരാജിതം
text_fieldsഹിതകരമല്ലാത്ത വസ്തുതകൾ വിളിച്ചുപറയുന്നവരെ പിടിച്ച് തുറുങ്കിലടക്കുക എന്നതാണ് ഫാഷിസത്തിന്റെ സാമ്പ്രദായിക വഴി. അവരപ്പണി വെടിപ്പായി ചെയ്തുകൊണ്ടിരിക്കുമ്പോൾ നിലപാടുള്ള രാഷ്ട്രീയക്കാർ എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സഖാവ് ആനി രാജ.
‘വലതു കമ്യൂണിസ്റ്റുകൾ’ എന്ന പേരുദോഷം ചരിത്രപരമായിത്തന്നെ സഖാവിന്റെ പാർട്ടിക്കുണ്ടെങ്കിലും ഫാഷിസത്തിന്റെ കാര്യത്തിൽ സി.പി.എമ്മിനെപ്പോലെ അഴകൊഴമ്പൻ നിലപാടല്ല സി.പി.ഐക്ക്. മോദി ഭരണം ഫാഷിസമാണോ അർധ ഫാഷിസമാണോ അതോ നിഴൽ ഫാഷിസമാണോ എന്നുതുടങ്ങിയുള്ള ആശയക്കുഴപ്പവും അതേച്ചൊല്ലിയുള്ള ഭിന്നതയുമൊന്നും അവർക്കില്ല; ലക്ഷണമൊത്ത ഫാഷിസ്റ്റുകളാണ് കാവിപ്പടയാളികളെന്ന കാര്യത്തിൽ സഖാക്കൾ രാജ മുതൽ കാനം വരെയുള്ളവർക്കൊന്നും സംശയമേതുമില്ല.
ഫാഷിസത്തിന്റെ ചെറു ചലനങ്ങൾപോലും അതീവ സൂക്ഷ്മതയോടെ പഠിച്ച് കൈകാര്യം ചെയ്യണമെന്നാണ് പ്രഖ്യാപിത നിലപാട്. അതിന്റെ ഭാഗമായാണ് മണിപ്പൂരിലേക്ക് ആനിയും സംഘവും യാത്രതിരിച്ചത്. അവിടെ കണ്ട കാഴ്ചകൾ അതുപോലെ വിളിച്ചുപറഞ്ഞത് ഏമാന്മാർക്ക് ഇഷ്ടമായില്ല. അതിനാൽ, അർബൻ നക്സലുകളെ കൈകാര്യം ചെയ്ത മാതൃകയിൽ പെരുമാറാനാണ് അധികാരികളുടെ നീക്കം. അതിന്റെ ഭാഗമായിട്ടാണീ രാജ്യദ്രോഹ വകുപ്പൊക്കെ ചേർത്തുള്ള നൂലാമാലകൾ. പക്ഷേ, ആരോടാണിത്?
പാർട്ടിയുടെ വനിത വിഭാഗമായ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ്. ആ നിലയിലാണ് സഖാക്കൾ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്കൊപ്പം മണിപ്പൂരിലേക്ക് തിരിച്ചത്. അവിടെനിന്നുള്ള വാർത്തകളും വിവരങ്ങളുമെല്ലാം പലരിലൂടെയും പുറത്തുവന്നുകഴിഞ്ഞു.
നമ്മുടെ ജോസ് കെ. മാണിക്കുപോലും സമ്മതിക്കേണ്ടിവന്നു, മോദിക്കുകീഴിൽ ക്രിസ്ത്യൻ ന്യൂനപക്ഷം സുരക്ഷിതരായിരിക്കില്ലെന്ന്. തകർക്കപ്പെട്ട ചർച്ചുകൾക്കും സ്കൂളുകൾക്കുമൊന്നും കണക്കില്ല. മുക്കിനുമുക്കിന് തമ്പടിച്ച പൊലീസും സേനയുമെല്ലാം രംഗങ്ങൾ നോക്കിനിൽക്കുകയായിരുന്നു. ഭൂരിപക്ഷ സമുദായത്തിലെ ഒരുപറ്റം ആക്രമികളുടെ അഴിഞ്ഞാട്ടത്തിന് കാക്കിപ്പടയും കാവിപ്പടയും ഒരുപോലെ പിന്തുണ നൽകിയെന്ന് ചുരുക്കം.
പത്തിരുപതിനായിരത്തിലധികം ആളുകൾ അവിടെനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായത് ഇതുകൊണ്ടൊക്കെയാണ്. അഭയാർഥി ക്യാമ്പുകളെ ദുരിതക്കയമാക്കാനും അധികാരി സംഘം മറന്നില്ല. നേരിൽക്കണ്ട ഈ യാഥാർഥ്യങ്ങളാണ് ആനി രാജ പിറ്റേ ദിവസം ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ വിളിച്ചുപറഞ്ഞത്. എല്ലാ സംഭവങ്ങളെയും സംഗ്രഹിച്ചുകൊണ്ടാണ് മണിപ്പൂരിലേത് ‘സർക്കാർ സ്പോൺസേഡ് കലാപ’മെന്ന് വിശേഷിപ്പിച്ചത്.
ഒരു ബി.ജെ.പിക്കാരൻ ആ പ്രയോഗത്തിൽ പിടിച്ച് കേസ് കൊടുത്തു. രാജ്യത്തിനെതിരായ കലാപശ്രമം, ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുക, സമാധാനഭംഗം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകളൊക്കെ ചേർത്താണ് കേസിട്ടിരിക്കുന്നത്. സുധ ഭരദ്വാജിനെയും ടീസ്റ്റയെയും സഫൂറ സർഗാറിനെയുമെല്ലാം ചെയ്തതുപോലെ കുറച്ചുകാലം അകത്തിടുക എന്നതാണ് ലക്ഷ്യം. തൽക്കാലം അത് നടന്നില്ലെങ്കിലും ആശ്വാസത്തിനും വകയില്ല. ഏതു നിമിഷവും വിലങ്ങ് വീഴാമെന്നതാണ് അവസ്ഥ.
‘സർക്കാർ സ്പോൺസേഡ് കലാപ’മെന്ന വിശേഷണമാണ് സഖാവിന് കുരുക്കായതെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ അഭിപ്രായം. അതിലൊരു ശരിയുണ്ടെങ്കിലും ആ വിലയിരുത്തലിലും കുഴപ്പമുണ്ട്. സി.പി.ഐ എന്ന പാർട്ടിയുടെ അസ്തിത്വം തന്നെ ഇതുപോലുള്ള രാഷ്ട്രീയ പ്രയോഗങ്ങളുടെ ബലത്തിലാണെന്നോർക്കണം.
ഉദാഹരണത്തിന്, ഒന്നാം പിണറായി സർക്കാർ സഖ്യകക്ഷികളുടെ വകുപ്പുകളിൽ തലയിടുന്നുവെന്ന ആക്ഷേപം ശക്തമായ സമയം. എല്ലാ ഘടകകക്ഷികൾക്കും ഈ പരാതിയുണ്ടായിരുന്നുവെങ്കിലും സി.പി.ഐ കൗൺസിൽ മാത്രമാണ് അതിനെ ശക്തമായി അപലപിച്ചത്. ഒപ്പം, പിണറായിക്ക് ‘മുണ്ടുടുത്ത മോദി’യെന്ന വിശേഷണവും! ഇത്തരം വിശേഷണങ്ങൾ കൽപിക്കുന്നതിൽ ആനി രാജയും പിന്നിലല്ല.
സംസ്ഥാന ആഭ്യന്തര വകുപ്പിനെക്കുറിച്ച് പാർട്ടി അനുഭാവികൾ വരെ പരാതി ഉന്നയിച്ചപ്പോഴാണ് പൊലീസ് സേനയിൽ ‘ആർ.എസ്.എസ് ഗ്യാങ്’ പ്രവർത്തിക്കുന്നതായി അവർ സംശയമുന്നയിച്ചത്. നേരിനൊപ്പം നിലനിൽക്കുക എന്നതാണ് എക്കാലത്തെയും നിലപാട്. അക്കാര്യത്തിൽ മുന്നണി നിലപാടൊന്നും നോക്കിയിട്ടില്ല. കെ.കെ. രമക്കെതിരെ എം.എം. മണി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ അതിനെതിരെ മുന്നണി മര്യാദപോലും മാറ്റിവെച്ച് സംസാരിച്ചത് അതുകൊണ്ടാണ്.
മണിയോട് മര്യാദക്ക് സംസാരിക്കണമെന്ന് ഉറച്ചുപറഞ്ഞു. ‘‘അവര് അങ്ങനെ പറയും, അവര് ഡല്ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാക്കൽ. ഇവിടെ കേരള നിയമസഭയില് നമ്മള് നേരിടുന്ന പ്രശ്നങ്ങള് ആനി രാജക്ക് എങ്ങനെ അറിയാനാണ്’’ എന്ന് പതിവുശൈലിയിൽ ആശാൻ പറഞ്ഞപ്പോഴും സഖാവ് നിലപാടിൽനിന്ന് മാറിയില്ല. ശബരിമല യുവതി പ്രവേശന വിധിയിലും ഈ നിലപാട് കണ്ടു.
ആദ്യ വർഷം പാർട്ടിയും മുന്നണിയുമെല്ലാം വിപ്ലവ പാതയിലായിരുന്നുവല്ലോ. തൊട്ടടുത്തവർഷം ദേവസ്വം മന്ത്രി കടകംപള്ളി വരെ അയ്യപ്പകോപത്തെക്കുറിച്ച് സംസാരിച്ചതോടെ സർവരും കൂറുമാറി. പക്ഷേ, പത്ത് വോട്ടിനുവേണ്ടി നിലപാട് മാറ്റില്ലെന്ന് ആനിയെപ്പോലെ വളരെ ചുരുക്കംപേരേ പിന്നീട് വിളിച്ചുപറഞ്ഞുള്ളൂ.
മുന്നണിക്കുള്ളിൽ ഇതാണ് നിലപാടെങ്കിൽ പുറത്തെ കാര്യം പറയണോ, വിശേഷിച്ചും സംഘ്പരിവാറിനെതിരെയാണെങ്കിൽ. ആറേഴുവർഷം മുമ്പ് ഡൽഹിയിലെ 5000ത്തോളം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരു കോളനി അധികാരികൾ ഇടിച്ചുനിരത്താൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ബുൾഡോസറിന്റെ മുന്നിൽ പ്രതിരോധം തീർത്തത് ആനിയായിരുന്നു.
മോദിയുടെ ബുൾഡോസർ രാജിന്റെ തുടക്കമായി ആ ഇടിച്ചുനിരത്തലിനെ കാണാം. അന്ന് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിലായി. ആ സമരവീര്യത്തിന് ഇന്ദ്രപ്രസ്ഥം പിന്നീട് പലകുറി സാക്ഷിയായിട്ടുണ്ട്. സി.എ.എ സമരകാലത്തും പിന്നീട് യു.പിയിലും മറ്റും നടന്ന ബുൾഡോസർ ആക്രമണത്തിനെതിരായ സമരങ്ങളിലുമെല്ലാം മുൻനിരയിലുണ്ടായിരുന്നു. അതിന്റെ തുടർച്ചയിലാണ് മണിപ്പൂരിലുമെത്തിയത്.
സ്ത്രീപക്ഷ രാഷ്ട്രീയമാണ് അടിസ്ഥാന ആശയം. സ്ത്രീകളുടെ ആത്മാഭിമാനത്തിനും അവകാശങ്ങൾക്കുംവേണ്ടിയാണ് 40 വർഷത്തോളം പൊരുതിയത്. ഈ നിലപാടിന് വിരുദ്ധമായി നിലകൊണ്ടവരെയാണ് വർഗശത്രുക്കളായി കണക്കാക്കിയത്. അക്കാര്യത്തിൽ പാർട്ടിയും മുന്നണിയുമൊന്നുമില്ല. സീനിയർ സഖാവായ എം.എം. മണിയോടുപോലും ഇടഞ്ഞതിന്റെ കാരണം മറ്റൊന്നല്ല.
ആനി തോമസ് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. 33 വർഷം മുമ്പ് ഡി. രാജയെ വിവാഹം ചെയ്തതോടെയാണ് ആനി രാജയായത്. ഏറ്റവും അടുപ്പമുള്ള സഖാക്കൾക്ക് ഇരുവരും രാജാവും റാണിയുമാണ്. ’80കളുടെ ഒടുക്കം, ഇരുവരും എ.ഐ.വൈ.എഫിൽ സജീവമായിരുന്ന കാലത്ത് മൊട്ടിട്ട പ്രണയമാണ്.
കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വനിത സംഘത്തിന്റെ പദയാത്രയിലാണ് കണ്ടുമുട്ടിയതും കൂടുതൽ പരിചയപ്പെട്ടതും. ആനിയായിരുന്നു ജാഥാ ക്യാപ്റ്റൻ. രണ്ടുമൂന്നിടങ്ങളിലെ സ്വീകരണ പരിപാടികളിൽ മുഖ്യപ്രഭാഷണം ഡി. രാജയും. അന്നത്തെ രാഷ്ട്രീയ സംവാദമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെല്ലാം എത്തിയത്. കണ്ണൂർ ആറളം സ്വദേശിനിയായ ആനിയുടെ പിതാവ് ബാലൻ തോമസ് പ്രദേശത്തെ പാർട്ടി നേതാവായിരുന്നു.
പി.കെ. വാസുദേവൻ നായരാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. വിവാഹശേഷം കുറച്ചുകാലം സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന ആനി ആദ്യം ചെന്നൈയിലേക്കും പിന്നീട് ഡൽഹിയിലേക്കും വണ്ടികയറി. തലസ്ഥാനത്ത് പ്രിയ സഖാവിനൊപ്പമായി പിന്നീടുള്ള രാഷ്ട്രീയ പ്രവർത്തനം. ഒരു മകളുണ്ട്: അപരാജിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

