സാധ്യമാണ്, വിശപ്പില്ലാത്ത ലോകം
text_fieldsഅതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു മനുഷ്യൻ. ഭൂമിയും കടന്ന് അന്യഗ്രഹങ്ങളിലേക്ക് ചേക്കേറാനുള്ള ഗവേഷണങ്ങളാണ് പുരോഗമിക്കുന്നത്. സർവവും കീഴടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന മനുഷ്യന് എന്തുകൊണ്ട് സഹജീവികളുടെ പട്ടിണി അകറ്റാൻ കഴിയുന്നില്ല?
811 കോടിയിൽ എത്തിനിൽക്കുന്നു, ലോക ജനസംഖ്യയുടെ പത്തു ശതമാനം (ഏതാണ്ട് 82 കോടി പേർ) വിശപ്പ് അനുഭവിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. പട്ടിണിക്കാരിൽ 35 കോടിയോളം കടുത്ത വിശപ്പ് നേരിടുന്നു എന്ന സത്യം, നാം അഭിമാനം കൊള്ളുന്ന പുരോഗതിയുടെ തിളക്കങ്ങൾ കെടുത്തുന്നു.
മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഭക്ഷിക്കാനുള്ളത് നാം ഉൽപാദിപ്പിക്കുന്നുണ്ട്. എന്നിട്ടും കോടിക്കണക്കിനാളുകൾ വിശന്ന വയറുമായി കഴിയുന്നുവെങ്കിൽ അതിൽപരം അപമാനകരമായി മറ്റെന്താണുള്ളത്? ഉയർന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിൽ 40 ശതമാനം ഭക്ഷണം പാഴായിപ്പോകുന്നു.
വിവാഹം, സൽക്കാരം, മറ്റു ആഘോഷങ്ങൾ മുതലായ സന്ദർഭങ്ങളിൽ ഭക്ഷണം വലിയതോതിൽ പാഴാക്കുന്നത് നമ്മുടെ നാട്ടിലും പതിവാണിപ്പോൾ. നാം ആർജിക്കുന്ന വിഭവങ്ങളിൽ ഒരു പങ്ക് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സന്മനസ്സുണ്ടായാൽ വിശപ്പ് എന്ന ആഗോള പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
125 രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ആഗോള പട്ടിണി സൂചികയിൽ 111 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷന്റെ കണക്കുപ്രകാരം നമ്മുടെ രാജ്യത്തെ 22 കോടിയോളം ജനങ്ങൾ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവരിൽ 22.3 ശതമാനം പേർക്ക് പ്രായത്തിനനുസരിച്ച് ഉയരമില്ല. 6.8 ശതമാനം തൂക്കക്കുറവ് നേരിടുന്നു. ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതും പട്ടിണി തന്നെ.
സർവ മേഖലകളിലും വലിയ പുരോഗതി നേടിയ ഇന്ത്യക്ക് എന്തുകൊണ്ടാണ് പട്ടിണിയകറ്റാൻ കഴിയാത്തത്? 1960കളിലെ ഹരിത വിപ്ലവത്തിലൂടെ കാർഷികോൽപാദനത്തിൽ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. വൻതോതിൽ കാർഷികോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. എന്നിട്ടും പട്ടിണി നിലനിൽക്കുന്നു.
ആഗോളമായിത്തന്നെ ദാരിദ്ര്യവും പട്ടിണിയും അതിന്റെ ഭാഗമായ വിശപ്പും പരിഹരിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് പ്രാപ്തിയുണ്ട്. ഓരോ രാജ്യവും ഓരോ കുടുംബവും ഓരോ വ്യക്തിയും വിശപ്പിനെതിരായ പോരാട്ടത്തിൽ അവരവരുടേതായ പങ്കുവഹിക്കണം. ഒരു ബിസിനസ് സ്ഥാപനമെന്ന നിലയിൽ ഇക്കാര്യത്തിൽ മലബാർ ഗ്രൂപ് അതിന്റെ പങ്കുവഹിക്കുന്നു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.
ആരും വിശപ്പ് സഹിച്ച് കിടന്നുറങ്ങരുത് എന്ന ചിന്തയിൽനിന്നാണ് ‘ഹംഗർ ഫ്രീ വേൾഡ്’ എന്ന പദ്ധതി ഞങ്ങൾ ആവിഷ്കരിച്ചത്. 2022ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ 37 നഗരങ്ങളിൽ ദിവസം 31,000 ഭക്ഷണപ്പൊതികൾ മലബാർ ഗ്രൂപ് വിതരണം ചെയ്യുന്നുണ്ട്.
സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ ‘തണൽ’ എന്ന സന്നദ്ധ സംഘടന വഴിയാണ് ഈ പരിപാടി നടപ്പാക്കുന്നത്. ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യാനുള്ള പദ്ധതിക്കും മലബാർ തുടക്കം കുറിച്ചിട്ടുണ്ട്. പ്രതിദിനം വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഒരു വർഷത്തിനകം ഇന്ത്യയിലും വിദേശത്തുമായി 51,000 ആയി വർധിപ്പിക്കാനാണ് തീരുമാനം.
അഗതികളായ അമ്മമാരെ പുനരധിവസിപ്പിക്കുന്നതിന് ആരംഭിച്ച ‘ഗ്രാന്മ ഹോം’ പദ്ധതിയും വിശപ്പിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ബംഗളൂരുവിലും ഹൈദരാബാദിലും ഗ്രാന്മ ഹോം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ വിവിധ നഗരങ്ങളിലും ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും താമസിയാതെ ഗ്രാന്മ ഹോമുകൾ ആരംഭിക്കും.
ഇതൊന്നും എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ച് ചെയ്യുന്നതല്ല. പ്രതിഫലത്തിന്റെ കാര്യമെല്ലാം ദൈവം നിശ്ചയിക്കും. മലബാർ ഗ്രൂപ് നടത്തുന്നത് ചെറിയൊരു ശ്രമമാണ്. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. വിശപ്പകറ്റാനുള്ള ഉദ്യമത്തിൽ എല്ലാ വിഭാഗമാളുകൾക്കും പങ്കാളികളാകാൻ കഴിയും. നമുക്ക് ഒന്നിച്ചു സഹകരിച്ച് നീങ്ങാം.
(മലബാർ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

