Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനടപ്പുശീലങ്ങൾ...

നടപ്പുശീലങ്ങൾ തിരുത്തിയ ലോകകപ്പ്

text_fields
bookmark_border
qatar world cup
cancel

ലോകകപ്പ് ആതിഥേയത്വം അനുവദിച്ചുകിട്ടിയ ആദ്യനാൾ മുതൽ ഫിഫയുമായി ഹൃദ്യമായ ഒത്തിണക്കം നിലനിർത്തിയാണ് ഓരോ ചുവടും ഖത്തർ മുന്നോട്ടുനീങ്ങിയത്. അത്യന്തം വ്യത്യസ്തമായ അനുഭവം കായികപ്രേമികൾക്കും സന്ദർശകർക്കും സമ്മാനിക്കണമെന്ന നിർബന്ധബുദ്ധി അന്നുമുതലേ അവർക്കുണ്ടായിരുന്നു.

സ്റ്റേഡിയങ്ങളുടെ നിർമാണം മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ കൃത്യമായ ഏകോപനത്തോടെ നടന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ അത്തരം സംവിധാനങ്ങളില്‍ മിക്കതും തയാറായിരുന്നു. സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ എത്രമാത്രം സജ്ജമാണെന്ന് പ്രായോഗികമായി പരിശോധിക്കുന്നതിന് ഖത്ത൪ അമീർ കപ്പ് ഫൈനൽ, ഫിഫ അറബ് കപ്പ്, ഏഷ്യൻ ഫുട്ബാള്‍ കോൺഫെഡറേഷ൯ (എ.എഫ്.സി) ടൂർണമെന്റുകള്‍, വിവിധ സൗഹൃദ മത്സരങ്ങൾ തുടങ്ങിയവ ഇതേ സ്റ്റേഡിയങ്ങളിൽ വെച്ച് നടത്തി.

രാജ്യത്തേക്ക് വലിയ തോതിൽ സന്ദർശകർ വരുമ്പോൾ അവർക്കു വേണ്ട താമസം, യാത്ര സൗകര്യങ്ങൾ, മറ്റു അത്യാവശ്യ സംവിധാനങ്ങളൊക്കെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധ്യമാക്കി. ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി.

പഴയ എയർപോർട്ട് അയൽ രാജ്യങ്ങളിൽനിന്നുള്ള ഷട്ടിൽ ൈഫ്ലറ്റുകൾക്ക് ഓപറേഷൻ നടത്തുന്നതിന് സജ്ജമാക്കി. രാജ്യത്തേക്കും സ്റ്റേഡിയത്തിലേക്കുമുള്ള പ്രവേശനവും യാത്രയും സൗകര്യപ്രദമാക്കുന്നതിന് ഏർപ്പെടുത്തിയ ഹയ്യ കാർഡ് ഡിജിറ്റൽ സംവിധാനം കുറ്റമറ്റതാക്കി. 90 ശതമാനം പേരും പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, പരിസ്ഥിതി സൗഹൃദമായ ലോകകപ്പ് എന്ന ആശയം ഉറപ്പാക്കുന്നതിലും വിജയം കണ്ടു.

ആതിഥേയത്വത്തിന്റെ മാതൃക

എവിടെയോ പറഞ്ഞു കേട്ടതല്ല, നേരിട്ട് കാണുന്നതും അനുഭവിക്കുന്നതുമാണ് യഥാർഥ ഖത്തറെന്ന് മുഴുവൻ സന്ദർശകർക്കും ബോധ്യമാവുന്ന രൂപത്തിൽ കാര്യങ്ങൾ നടപ്പാക്കാൻ ആദ്യമേ തന്നെ അധികൃത൪ ശ്രദ്ധിച്ചു. വരുമാനമുണ്ടാക്കാനുള്ള നല്ല അവസരമായിരുന്നിട്ടും മെട്രോയും മറ്റു പൊതു ഗതാഗത സംവിധാനങ്ങളും സമ്പൂർണ സൗജന്യമാക്കി.

ഇതു കാണികൾക്ക് സ്റ്റേഡിയങ്ങളിലെത്താനും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനും ഏറെ സൗകര്യപ്രദമായി. പ്രധാന ഇടങ്ങളിലെല്ലാം താമസ സ്ഥലങ്ങളുടെ വാടകയും അവശ്യസാധനങ്ങളുടെ വിലയും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിൽ പിടിച്ചുനിർത്താൻ സാധിച്ചത് ഏറെ പ്രശംസിക്കപ്പെട്ടു.

ഖത്തറിന്റെ തനത് അറബ്-ഇസ്‍ലാമിക സാംസ്കാരിക മൂല്യങ്ങൾ സന്ദർശകർക്ക് പകർന്നുനൽകുന്നതിന് ലോക കപ്പ് ഏറെ ഉപകരിച്ചുവെന്ന് പലരും വിലയിരുത്തുന്നു. സ്റ്റേഡിയങ്ങൾക്ക് പുറമെ സൂഖ് വാഖിഫിലും കത്താറയിലും അൽ ബിദ ഫാൻ സോണിലുമൊക്കെ തടിച്ചുകൂടിയ ആരാധകർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനും അറബ് സംസ്കാരത്തെ അടുത്തറിയുന്നതിനും അവസരങ്ങൾ ഒരുക്കിയിരുന്നു.

പല സ്ത്രീകളും ഹിജാബ് ധരിച്ചുനോക്കാനും പുരുഷന്മാർ അറബികളുടെ പരമ്പരാഗത വസ്ത്രമായ ഗത്രയും ഇഖാലുമൊക്കെ (ശിരോവസ്ത്രവും അതിന് ചുറ്റുമുള്ള കെട്ടും) പരീക്ഷിക്കാനും മുതിർന്നു. സ്റ്റേഡിയങ്ങളിൽ തങ്ങളുടെ ടീമുകളെ പിന്തുണക്കാൻ വിവിധ നിറങ്ങളിൽ ഈ വസ്ത്രങ്ങളണിഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെടാൻ അവർക്ക് ഇത് പ്രേരകമായി.

ദോഹ മെട്രോയിൽ തങ്ങൾക്കുണ്ടായ അനുഭവം ഒരാൾ പങ്കുവെച്ചത് ഇപ്രകാരമാണ്. വിദേശ ദമ്പതികളിലൊരാൾ 'ഇഖാൽ' ധരിക്കാൻ പണിപ്പെടുന്നത് കണ്ട ഒരു ഖത്തർ പൗരൻ അദ്ദേഹത്തെ അതിന് സഹായിച്ചു. കണ്ടു നിന്ന സന്ദർശകന്റെ ഭാര്യ പറഞ്ഞു, 'നിങ്ങളെ കുറിച്ച് മീഡിയ എഴുതുന്നതൊന്നും സത്യമല്ലെന്നും ഏതാണ് യഥാർഥ ഖത്തറെന്നും ഞങ്ങൾക്ക് മനസ്സിലായി.'

ഇമാം മുഹമ്മദിബ്നു അബ്ദുല്‍ വഹാബ് മസ്ജിദിന്റെയും കത്താറയിലെ മനോഹരമായ ബൂ മോസ്കിന്റെയും എജുക്കേഷ൯ സിറ്റിയിലെ മസ്ജിദ് മിനാരത്തൈനി (രണ്ടു മിനാരങ്ങളുള്ള പള്ളി)യുടെയും വാതിലുകൾ വിദേശികൾക്കുവേണ്ടി തുറന്നുവെച്ചപ്പോൾ അത്ഭുതകരമായ രംഗങ്ങൾക്കാണ് അത് സാക്ഷ്യംവഹിച്ചത്.

സ്വന്തം പേരുകൾ മനോഹരമായ അറബിക് കാലിഗ്രാഫിയിൽ എഴുതി ലഭിച്ചത് മിക്കവർക്കും ആസ്വാദ്യകരമായി. അറബികളെകുറിച്ച് പൊതുവിലും ഖത്തരികളെ കുറിച്ച് പ്രത്യേകിച്ചും ചിലർ നടത്തിയ അപവാദ പ്രചാരണങ്ങൾ കേട്ടതും വായിച്ചതും തിരുത്താനുള്ള അവസരമായി അത് മാറി.

ലഹരി ഫുട്ബാൾ മാത്രം

തല്പരകക്ഷികൾ ആദ്യമേ ഉയർത്തിയ വിമർശനമായിരുന്നു കാണികൾക്ക് ആഘോഷിക്കാൻ മദ്യം ലഭിക്കില്ലായെന്നത്. അതിനു സന്തുലിതമായ മറുപടി നൽകാൻ ഖത്തർ ശ്രദ്ധിച്ചു. ആല്‍ക്കഹോള്‍ ഉപയോഗം അതിനുവേണ്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ആകാം. സ്റ്റേഡിയത്തിലോ പൊതുസ്ഥലങ്ങളിലോ പറ്റില്ല.

ഈ നിലപാടിന് ലോകകപ്പിന്റെ മൊത്തം സംഘാടനത്തിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടായി. പ്രത്യേകിച്ച് കളി കാണാൻ വന്ന സ്ത്രീകൾ ഏതാണ്ട് ഒരേ സ്വരത്തിൽ പറഞ്ഞത് തങ്ങൾക്ക് സുരക്ഷിതമായി കളി ആസ്വദിക്കാനും വിവിധ സ്ഥലങ്ങളിൽ നിർഭയമായി സഞ്ചരിക്കാനും ഈ നടപടി സഹായകമായി എന്നാണ്.

മദ്യപാനശീലമുള്ള കാണികള്‍ തന്നെ മദ്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടാനല്ല, കളി കാണുന്നതിലും അതിന്റെ ലഹരി ആസ്വദിക്കുന്നതിലുമാണ് തങ്ങള്‍ക്ക് താല്‍പര്യമെന്ന് ടെലിവിഷ൯ ചാനലുകളോട് വിളിച്ചുപറഞ്ഞു. ലോകകപ്പിനായി ഖത്തറില്‍ എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന്‍പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന ബ്രിട്ടീഷ് പൊലീസിന്റെ പ്രസ്താവന ഇതോടു ചേ൪ത്ത് വായിക്കണം.

ഖത്തറില്‍ ത്രീ ലയണ്‍സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ ബ്രിട്ടീഷ് ഫുട്ബാൾ പൊലീസിങ് യൂനിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ഖത്തറിലെ മദ്യവിൽപന സംബന്ധിച്ച കർശനമായ നിയമങ്ങളാണ് അറസ്റ്റുകള്‍ ഉണ്ടാവാത്തതിന് കാരണമെന്നാണ് റോബർട്ട്സ് പറഞ്ഞത്.

വംശീയത പടിക്കു പുറത്ത്, സുരക്ഷിത ലോകകപ്പ്

ലോകകപ്പിന്റെ മു൯ അനുഭവങ്ങള്‍ വെച്ചു നോക്കിയാല്‍ കളിക്കാരും കാണികളും വംശീയ അധിക്ഷേപത്തിന് വിധേയമായ സംഭവങ്ങള്‍ തീരെ ഇല്ലാതിരുന്ന ലോകകപ്പാണിതെന്ന് നിസ്സംശയം പറയാം. ഒരൊറ്റ ക്രിമിനല്‍ കേസുകളും ലോകകപ്പിനോടനുബന്ധിച്ച് റിപ്പോ൪ട്ട് ചെയ്യപ്പെട്ടില്ല.

നേരത്തേ തന്നെ പൊതുസുരക്ഷയുടെ കാര്യത്തില്‍ നല്ല റെക്കോഡുള്ള ഖത്തറിന് ലോകകപ്പ് ആ വിഷയത്തില്‍ വലിയ വിജയം തന്നെ നേടാനായി. ടിക്കറ്റിനും മറ്റും തിക്കിത്തിരക്കി വന്നതുപോലുള്ള ചെറിയ സംഭവങ്ങളൊഴിച്ചു നിർത്തിയാല്‍ പൂ൪ണമായും സുരക്ഷിതമായ ലോകകപ്പായിരുന്നു കഴിഞ്ഞുപോയത്.

ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്നവരെ തങ്ങൾ ചേർത്തുനിർത്തുമെന്ന പ്രഖ്യാപനം ഉദ്ഘാടന വേളയിൽ ഗാനിം അൽ മുഫ്താഹിന്റെ സാന്നിധ്യംകൊണ്ടുതന്നെ അധികൃത൪ നടത്തിയിരുന്നു. മിക്കവാറും എല്ലാ മാച്ചുകളിലും ശാരീരിക വ്യതിയാനമുള്ള ആളുകൾ വിശിഷ്ടാതിഥികളായെത്തി.

അത്തരമൊരവസരം ലഭിച്ച മലയാളി ബാലൻ കണ്ണൂർകാരൻ ജിബ്രാൻ നദീർ ഉറുഗ്വായ് ക്യാപ്റ്റൻ സുവാരസിന്റെ ആലിംഗനത്തിൽ ആനന്ദം പ്രകടിപ്പിക്കുന്ന വിഡിയോ വൈറലായി.

എതിർപ്പുകളുടെ കൂരമ്പുകൾ എത്ര ശക്തമാണെങ്കിലും അവധാനതയോടെ, ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ അതൊക്കെ എങ്ങനെ അനുകൂലമാക്കി മാറ്റാമെന്നതിന്റെ മകുടോദാഹരണമായിരുന്നു ഖത്തർ 2022. വ്യക്തികൾക്കും സമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്കും അതിൽ ദൃഷ്ടാന്തമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfootball playersqatar​qatar world cup 2022
News Summary - A World Cup that has changed the usual habits
Next Story