മലബാർ വിടവ്; കേരള ആരോഗ്യ മോഡലിലെ പ്രാദേശിക അസമത്വത്തിന്റെ കഥ
text_fieldsമലബാറിലെയും കേരളത്തിലെ മറ്റു ജില്ലകളെയും തമ്മിൽ താരതമ്യം ചെയ്ത് ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും ലഭ്യതയും വിശകലനം ചെയ്യുന്നു. ജനസംഖ്യ, രോഗിസമ്മർദം (OP/IP), ഒരു കിടക്കക്ക് വരുന്ന രോഗികളുടെ എണ്ണം (Pressure per Bed), മനുഷ്യവിഭവശേഷി (Personnel per 1000) എന്നീ സൂചികകളുടെ അടിസ്ഥാനത്തിലാണ് ഈ പഠനത്തിലൂടെ കേരളത്തിന്റെ ആരോഗ്യ മാതൃകക്കുള്ളിലെ പ്രാദേശിക അസമത്വത്തിന്റെ യഥാർഥ സ്വഭാവം അനാവരണം ചെയ്യുന്നു.
ഇന്ത്യയിലെ പൊതുജനാരോഗ്യരംഗത്ത് ഏറ്റവും മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ സൂചികകളിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ഉദാഹരണത്തിന്, കേരളത്തിലെ ശിശുമരണനിരക്ക് (IMR) ദേശീയ ശരാശരിയേക്കാൾ (25ൽ കൂടുതൽ) വളരെ താഴെയാണ് (ഏകദേശം 6-7). കൂടാതെ, ആയുർദൈർഘ്യം (Life Expectancy) 75 വർഷത്തിന് മുകളിൽ നിലനിൽക്കുന്നു; ഇതും ദേശീയ ശരാശരിയേക്കാൾ ഏറെ കൂടുതലാണ്. ഉയർന്ന സാക്ഷരതയും ശക്തമായ പൊതുജനാരോഗ്യ സംവിധാനവുമാണ് ഈ വലിയ നേട്ടങ്ങൾ സാധ്യമാക്കിയിരിക്കുന്നത്.
ഇതോടൊപ്പം, 95 ശതമാനത്തിന് മുകളിലുള്ള ആശുപത്രി പ്രസവനിരക്ക്, പ്രതിരോധ കുത്തിവെപ്പുകളുടെ വിപുലമായ വ്യാപ്തി, പ്രാഥമികാരോഗ്യ സേവനങ്ങളുടെ ശക്തമായ ശൃംഖല എന്നിവയും കേരളത്തിന്റെ ആരോഗ്യ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ഗ്രാമ-നഗര വ്യത്യാസങ്ങൾ വളരെ കുറഞ്ഞ രീതിയിലുള്ള ആരോഗ്യ സേവന വിതരണം എന്ന പ്രത്യേകതയും കേരളത്തെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. പല ആരോഗ്യ സൂചികകളിലും കേരളം സ്ഥിരമായി ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണെന്നത് നിരവധി പഠനങ്ങൾ ഇതിനോടകം തെളിയിച്ചിട്ടുള്ളതാണ്.
എന്നാൽ, സംസ്ഥാനത്തിന്റെ ഈ സമഗ്ര നേട്ടങ്ങൾക്കുള്ളിൽതന്നെ ഗൗരവകരമായ ചില പ്രാദേശിക വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ച് ലബാർ മേഖലയിലും, മധ്യ-ദക്ഷിണ കേരളത്തിലുമുള്ള ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും ഉപയോഗവും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന നിരീക്ഷണം പലപ്പോഴും ഉയർന്നുവന്നിട്ടുണ്ട്.
ജനസംഖ്യയും ആരോഗ്യ സേവന ആവശ്യകതയും
കേരളത്തിലെ ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയെ (Demand Side) വിലയിരുത്തുമ്പോൾ ജനസംഖ്യയുടെ വലുപ്പം മാത്രം കണക്കിലെടുക്കുന്നത് അപൂർണമായിരിക്കും; മറിച്ച്, അതിന്റെ ഘടനയും (Demographic Profile) വിനിയോഗ രീതികളുംകൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 44 ശതമാനവും-അതായത്, ഏകദേശം 1.47 കോടി ജനങ്ങൾ-ഈ ആറ് ജില്ലകളിലായാണ് വസിക്കുന്നത്. ഈ ഭീമമായ ജനസാന്ദ്രതതന്നെ ആരോഗ്യ സേവനങ്ങൾക്ക് മേലുള്ള അടിസ്ഥാന സമ്മർദം മലബാറിൽ എത്രത്തോളം കൂടുതലാണെന്ന് വ്യക്തമാക്കുന്നു.
ജനസംഖ്യയുടെ പ്രായഘടന പരിശോധിക്കുമ്പോൾ മലബാർ മേഖലയുടെ സവിശേഷമായ സ്വഭാവം കൂടുതൽ പ്രകടമാകും. മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ കുട്ടികളുടെ വിഹിതം സംസ്ഥാനത്തെത്തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ 30 ശതമാനത്തിലധികം പേർ 14 വയസ്സിൽ താഴെയുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. ഭാവിയിൽ ആരോഗ്യ സേവന ആവശ്യകത അതിവേഗം വർധിക്കാൻ സാധ്യതയുള്ള ഒരു ജനസംഖ്യാ ഘടനയാണിത്. ചുരുക്കത്തിൽ, മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ, പോഷണ പദ്ധതികൾ എന്നിവയിൽ ദക്ഷിണ കേരളത്തേക്കാൾ കൂടുതൽ നിക്ഷേപവും ശ്രദ്ധയും അടിയന്തരമായി ആവശ്യമായ മേഖലയാണ് മലബാർ.
മറുഭാഗത്ത്, വയോജനങ്ങളുടെ (60+) വിഹിതം മലബാറിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ താരതമ്യേന കുറവാണ് എന്നത് ഗൗരവകരമായ ചില സൂചനകൾ നൽകുന്നു. പൊതുവേ മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളും ഉയർന്ന ജീവിത നിലവാരവും നിലനിൽക്കുന്ന ഇടങ്ങളിൽ വയോജനങ്ങളുടെ ആയുർദൈർഘ്യവും വിഹിതവും കൂടുതലായിരിക്കും. അതിനാൽ, മലബാറിലെ വയോജന വിഹിതത്തിലെ ഈ കുറവ്, ആരോഗ്യ സേവനങ്ങളിലേക്കുള്ള ദീർഘകാല പ്രാപ്യതയിലും (Long-term Access) ജീവിത നിലവാരത്തിലും നിലനിൽക്കുന്ന അന്തരത്തെയായിരിക്കാം പ്രതിഫലിപ്പിക്കുന്നത്.
ആരോഗ്യ സേവനങ്ങളുടെ വിനിയോഗം (OP/IP) പരിശോധിക്കുമ്പോഴും ഈ ജനസംഖ്യാ പ്രവണതകൾ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. മലബാർ മേഖലയിൽ ആകെ ഔട്ട്‌പേഷ്യന്റ് (OP) സേവനങ്ങൾ ഏകദേശം 4.95 കോടിയായപ്പോൾ മറ്റു ജില്ലകളിൽ അത് 6.30 കോടിയാണ്. ഇൻപേഷ്യന്റ് (IP) കണക്കുകളിലും സമാനമായ വിതരണമാണ് കാണുന്നത്. അതായത്, ജനസംഖ്യാ വിഹിതത്തിന് ആനുപാതികമായിത്തന്നെ ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും ഉയർന്നുനിൽക്കുന്നു.
എന്നാൽ, ഈ കണക്കുകൾക്കുള്ളിൽ നിർണായകമായ ഒരു യാഥാർഥ്യംകൂടി മറഞ്ഞിരിക്കുന്നുണ്ട്. മലബാർ മേഖലയിൽ കുട്ടികളുടെ ഉയർന്ന വിഹിതവും വയോജനങ്ങളുടെ കുറഞ്ഞ വിഹിതവും ഒത്തുചേരുമ്പോൾ സവിശേഷമായ ഒരു ആരോഗ്യ സമ്മർദമാണ് രൂപപ്പെടുന്നത്. ഒരുവശത്ത് ഭാവിയിലെ വർധിച്ച ആരോഗ്യസേവനങ്ങളുടെ ആവശ്യകത മുന്നിലുള്ളപ്പോൾ, മറുവശത്ത് നിലവിലെ ആരോഗ്യസൂചകങ്ങളെയും സേവനലഭ്യതയെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ജനസംഖ്യാ ഘടനയാണ് ഇവിടെ ദൃശ്യമാകുന്നത്. ഇത്തരത്തിൽ വർധിച്ചുവരുന്ന ആവശ്യകതക്ക് അനുസൃതമായി ഇവിടത്തെ ആരോഗ്യ സൗകര്യങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതാണ് അടുത്ത ഘട്ടത്തിൽ പരിശോധിക്കേണ്ട പ്രധാന വിഷയം.
ആരോഗ്യ സൗകര്യങ്ങളുടെ ഘടനാ പരമായ അസമത്വം
മുൻവിഭാഗത്തിൽ വിശദീകരിച്ചതുപോലെ, മലബാർ മേഖലയിലെ ജനസംഖ്യയും ആരോഗ്യ സേവന ആവശ്യകതയും വളരെ ഉയർന്ന നിലയിലാണ്. എന്നാൽ, വർധിച്ചുവരുന്ന ഈ ആവശ്യകതക്ക് അനുസൃതമായ രീതിയിൽ ആരോഗ്യ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഇവിടെ വിതരണം ചെയ്തിട്ടുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ട മറ്റൊരു വിഷയം.
സൗകര്യങ്ങളുടെ പ്രദേശിക വിതരണം
മലബാർ മേഖലയിലെ ഒരു ആശുപത്രി കിടക്കയെ ശരാശരി 3480 രോഗികൾ ആശ്രയിക്കുമ്പോൾ, മറ്റുഭാഗങ്ങളിൽ ഈ നിരക്ക് ഏകദേശം 2730 മാത്രമാണ്. മലബാർ മേഖലയിലെ ആരോഗ്യ സംവിധാനത്തിന് മേൽ വരുന്ന സമ്മർദം ഏകദേശം 25 മുതൽ 30 വരെ ശതമാനം കൂടുതലാണെന്നർഥം. ഇത് മേഖലയിലെ ആരോഗ്യ സേവന ആവശ്യകതയുടെ ഉയർന്നനിലയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പംതന്നെ ഭൗതിക സൗകര്യങ്ങളുടെ ഗുരുതരമായ കുറവിനെയും വിരൽചൂണ്ടുന്നു.
ആരോഗ്യ സൗകര്യങ്ങളുടെ പ്രാദേശിക വിതരണവും ഈ അസമത്വത്തെ കൂടുതൽ വ്യക്തമായി അടിവരയിടുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 44 ശതമാനവും മലബാർ മേഖലയിലാണ് അധിവസിക്കുന്നത്; എന്നാൽ, ലഭ്യമായ ആകെ കിടക്കകളിൽ കേവലം 38 ശതമാനം വിഹിതം മാത്രമാണ് ഈ മേഖലക്കുള്ളത്. ജനസംഖ്യയുടെ വിഹിതത്തിന് ആനുപാതികമായ രീതിയിലല്ല ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ വിടവ് ആരോഗ്യ സേവനങ്ങളിൽ വലിയ രീതിയിലുള്ള അമിത സമ്മർദത്തിന് കാരണമാകുന്നു. ഇ.എസ്.ഐ (ESI) സൗകര്യങ്ങളുടെ വിതരണത്തിലും സമാനമായ പ്രവണതയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ മറ്റു ജില്ലകളിൽ വ്യവസായ-സേവന മേഖലകളോട് അനുബന്ധമായ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ കേന്ദ്രീകൃതമായിരിക്കുമ്പോൾ, മലബാർ മേഖലയിൽ ഇത്തരം സൗകര്യങ്ങൾ പരിമിതമാണ്.
മുൻഭാഗങ്ങളിൽ പരാമർശിച്ച പ്രായഘടന ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. മലബാർ മേഖലയിലെ കുട്ടികളുടെ ഉയർന്ന വിഹിതം ഭാവിയിൽ ഇവിടത്തെ ആരോഗ്യ സേവന ആവശ്യകത ഇനിയും വർധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ, നിലവിലുള്ള സൗകര്യങ്ങൾപോലും ഇപ്പോൾതന്നെ അമിത സമ്മർദത്തിൽ പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമതയെത്തന്നെ പ്രതികൂലമായി ബാധിക്കാൻ ഇടയാക്കിയേക്കാം.
ആരോഗ്യ മോഡലിലെ ആളോഹരി അസമത്വം
ആരോഗ്യ മോഡലിലെ അസമത്വം കിടക്കകളുടെ ലഭ്യതയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും വിവേചനം പ്രകടം. മലബാർ മേഖലയിൽ ഓരോ 1000 ആളുകൾക്കും ലഭ്യമായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 0.81 മാത്രമായിരിക്കുമ്പോൾ കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് 0.95 ആണ്. അതായത്, ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രഫഷനലുകളുടെ എണ്ണം പോലും മലബാറിൽ താരതമ്യേന കുറവാണ്. ഓരോ ഡോക്ടർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മേൽ വരുന്ന അമിതമായ സേവനഭാരം വർധിപ്പിക്കുന്ന പ്രധാന ഘടകവും ഇതുതന്നെയാണ്.
നമുക്ക് മുന്നിലുള്ള യാഥാർഥ്യം
കേരളം പൊതുജനാരോഗ്യരംഗത്ത് ഇന്ത്യക്ക് മാതൃകയായ സംസ്ഥാനമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, കണക്കുകൾ നിർണായകമായ ഒരു യാഥാർഥ്യം മുന്നോട്ടുവെക്കുന്നു: സംസ്ഥാനത്തിനകത്ത് ആരോഗ്യ സൗകര്യങ്ങളുടെ വിതരണം ഒരേപോലെയല്ല നടന്നിട്ടുള്ളത്. മലബാർ മേഖലയിൽ ജനസംഖ്യയും രോഗിസമ്മർദവും ഉയർന്ന നിലയിൽ കേന്ദ്രീകൃതമായിരിക്കുമ്പോഴും, അതിനനുസരിച്ചുള്ള ആശുപത്രി കിടക്കകളും മനുഷ്യവിഭവശേഷിയും പര്യാപ്തമായി വർധിച്ചിട്ടില്ല.
ഒരു കിടക്കക്ക് വരുന്ന രോഗികളുടെ എണ്ണം കൂടുതലും, ഓരോ 1000 ആളുകൾക്ക് ലഭിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കുറവുമുള്ള ഈ അവസ്ഥ, ആരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയെ നേരിട്ട് ബാധിക്കുന്നുണ്ട്. ഈ പഠനം വ്യക്തമാക്കുന്നത് ആരോഗ്യ അസമത്വം എന്നത് ഒരു ഘടകത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്. മലബാർ മേഖലയിൽ കാണുന്ന ഉയർന്ന ഒരു കിടക്കക്ക് വരുന്ന രോഗികളുടെ എണ്ണവും (Pressure per Bed) കുറഞ്ഞ ആരോഗ്യപ്രവർത്തകരുടെ എണ്ണവും (Personnel per 1000) ഒത്തുചേരുമ്പോൾ ആരോഗ്യ സേവനങ്ങളിൽ ഒരു ‘ഇരട്ട സമ്മർദം’ (Double Burden) സൃഷ്ടിക്കപ്പെടുന്നു. അതായത്, ഒരുവശത്ത് രോഗികളുടെ എണ്ണം കൂടുതലാകുമ്പോൾ മറുവശത്ത് അവരെ കൈകാര്യം ചെയ്യാനുള്ള ഭൗതിക സൗകര്യങ്ങളും ജീവനക്കാരും കുറവാണെന്ന അവസ്ഥയുണ്ടാകുന്നു.
ഇതൊരു ചരിത്രപരമായ കാരണങ്ങൾകൊണ്ടുള്ള വ്യത്യാസമെന്നതിലുപരി, സമീപകാലത്തെ നയപരമായ ഇടപെടലുകളുടെയും മുൻഗണനകളുടെയും പശ്ചാത്തലത്തിൽകൂടി വിലയിരുത്തേണ്ടതുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ, ജില്ലതല അസമത്വങ്ങൾ പരിഹരിക്കുന്നതിൽ ആവശ്യമായ ശ്രദ്ധ ലഭിച്ചിട്ടില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് മലബാർ മേഖലയിലെ ഉയർന്ന ആവശ്യകത പരിഗണിച്ച് ലക്ഷ്യബദ്ധമായ നിക്ഷേപങ്ങളും വിഭവവിതരണവും കൂടുതൽ ശക്തമായി നടന്നിട്ടില്ലെന്നുതന്നെ പറയാം.
കേരളത്തിലെ മറ്റു ജില്ലകളിൽ ആരോഗ്യ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും താരതമ്യേന കൂടുതൽ ലഭ്യമായതിനാൽ അവിടെ സേവന സമ്മർദം കുറവാണ്. ഇത് സംസ്ഥാനത്തിനകത്തുതന്നെ പ്രകടമായ ഒരു പ്രാദേശിക ആരോഗ്യ അസമത്വം നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്നു. അതുകൊണ്ടുതന്നെ, ആരോഗ്യ മേഖലയിലെ ഭാവിനയങ്ങൾ രൂപപ്പെടുത്തുമ്പോൾ ജില്ലതല ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള വിഭവവിതരണം അനിവാര്യമാണ്.
അവലംബം:
- കേരള സാമ്പത്തിക അവലോകനം 2024-25; അവതരിപ്പിച്ച സൂചികകൾ ലേഖകർ സ്വയം രൂപകൽപന ചെയ്തതാണ്.
- 2024-25 വർഷത്തിലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം.
- ‘ഒരു കിടക്കക്ക് വരുന്ന രോഗിസമ്മർദം’ (Pressure per Bed) എന്നത് ഓരോ ജില്ലയിലെയും മൊത്തം ഔട്ട്‌പേഷ്യന്റ് (OP), ഇൻപേഷ്യന്റ് (IP) രോഗികളുടെ എണ്ണത്തെ ആ ജില്ലയിൽ ലഭ്യമായ ആകെ ആശുപത്രി കിടക്കകളുടെ എണ്ണംകൊണ്ട് വിഭജിച്ചാണ് ഈ സൂചിക രൂപപ്പെടുത്തിയത്.
(കോഴിക്കോട് ഫാറൂഖ് കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകരാണ് ലേഖകർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

