Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേച്ചുകഴുകിയാൽ പോവാത്ത തരേഫുണ്ടോ?

text_fields
bookmark_border
തേച്ചുകഴുകിയാൽ പോവാത്ത തരേഫുണ്ടോ?
cancel
ജമാൽകൊച്ചങ്ങാടിയുടെ നോവൽ ‘സിനഗോഗ് ലെയ്ൻ’ ഏതർഥത്തിലും ആത്മകഥയും ചരിത്രവും തമ്മിലുള്ള ഒരഭിമുഖമാണ്. പഴയ കൊച്ചിയും പുതിയ കാലവും തമ്മിലുള്ളൊരു കൈകൊടുക്കൽ. കലർപ്പിൻെറ കരുത്തും കാന്തിയുമാണ് നോവലിലുടനീളം പൂത്ത് സുഗന്ധം പരത്തുന്നത്.

പ്രശസ്ത കലാപ്രതിഭ ജമാൽ കൊച്ചങ്ങാടിയുടെ ‘ഇതെൻെറ കൊച്ചി’യെന്ന ആത്മസ്പർശമേറെയുള്ള കൃതിയുടെ തുടർച്ചയാണ് ‘സിനഗോഗ് ലെയ്ൻ’. ‘ഇതെൻെറ കൊച്ചി’ പുറത്തിറങ്ങുന്നത് 2018ലാണ്. സിനഗോഗ് ലെയ്ൻ 2025ലും. ‘ഇതെൻെറ കൊച്ചി’ പേര് വ്യക്തമാക്കുന്നതുപോലെ ഒരു ദേശത്തിൻെറ ചരിത്രവുമാണ്. സ്മരണകൾ അലിഞ്ഞുചേർന്നൊരു അനുഭവാവിഷ്‍കാരം. കാലമഴയിൽ ഒലിച്ചുപോവാത്ത കണ്ണീരും ചിരിയും ചോരയും കലർന്ന സ്വന്തം ജീവിതത്തിൻെറ ഉപ്പും ചോറും!

സ്മരണകളിൽ ബോധപൂർവവും അല്ലാതെയും തിരഞ്ഞെടുപ്പുകൾ നിരന്തരം നടക്കും. ഒരോർമക്കും ഭൂതകാലത്തിേൻറതു മാത്രമായിരിക്കാൻ കഴിയില്ല. കഴിഞ്ഞുപോയതാണെങ്കിലും കഴിഞ്ഞുപോവാനാവാത്തതും, അഴിയുന്നതായിരിക്കെ അഴിച്ചെടുക്കാനാവാത്തതുമായി സ്മരണകൾ അതിർത്തി പൊളിക്കും. ചീത്ത ഓർമകളെ മായ്ക്കുന്നത് നല്ല ഓർമകളാണ്. മറവിയും ആ അർഥത്തിൽ ഓർമകളുടെ ഭാഗമാണ്. മറന്നുപോയി എന്നുപോലും ഓർക്കാനാവാത്തവിധം മാഞ്ഞുപോകുന്ന ഓർമകളാണ് ശരിക്കും ‘മറവി’കളായി മാറുന്നത്. ഗൃഹാതുരത്വം എന്നു നാം വിളിക്കുന്നത് ഓർമകളുടെ വളർത്തു കേന്ദ്രങ്ങളെയാണ്. അവിടെ ഓർമകളുടെ ഒരു ‘തിരഞ്ഞെടുക്കൽ’ നടക്കുന്നുണ്ട്. മാർക്വേസ് വ്യക്തമാക്കിയപോലെ ചീത്തഓർമകളെ തുടച്ചുനീക്കലും നല്ല ഓർമകളെ പൊലിപ്പിച്ചെടുക്കലുമാണ് അവിടെ നടക്കുന്നത്. പത്രപ്രവർത്തകനും കലാപ്രതിഭയുമായ ജമാൽ കൊച്ചങ്ങാടിയുടെ ‘സിനഗോഗ് ലെയ്ൻ’ എന്ന നോവൽ ഏതർഥത്തിലും ആത്മകഥയും ചരിത്രവും തമ്മിലുള്ള ഒരഭിമുഖമാണ്. പഴയ കൊച്ചിയും പുതിയ കാലവും തമ്മിലുള്ളൊരു കൈകൊടുക്കൽ. കലർപ്പിൻെറ കരുത്തും കാന്തിയുമാണ് നോവലിലുടനീളം പൂത്ത് സുഗന്ധം പരത്തുന്നത്.

കൊടുങ്ങല്ലൂരിൽ കച്ചവടം ചെയ്തുജീവിച്ച ജൂതന്മാർ കൊച്ചിയിലേക്കു പറിച്ചുനടപ്പെട്ടു. അഞ്ചു വണ്ണത്തിൽ രാജാക്കന്മാരെപ്പോലെ ജീവിച്ച ജോസഫ് റബ്ബാൻെറ പിൻഗാമികൾ തമ്മിൽ അധികാര മത്സരമുണ്ടായി. അവരിൽ ഒരു കായേൻ ഹാബേലിനുനേരെ വാളുയർത്തി. അയാൾ കൊല്ലപ്പെട്ടു. ജോസഫ് ഹസാര എന്ന സഹോദരൻ പെമ്പിറന്നവളെ തോളിലേറ്റി കായൽ നീന്തി കൊച്ചിയിലെത്തി. കൊച്ചങ്ങാടിയിൽ അവർ നാലു സിനഗോഗുകളുണ്ടാക്കി. കൊടുങ്ങല്ലൂരിലേതുപോലെ കടവുംഭാഗവും തെക്കുംഭാഗവും ഇവിടെയുമുണ്ടായി. വിദേശത്തുനിന്ന് വന്ന യഹൂദർ ഉണ്ടാക്കിയ പരദേശി സിനഗോഗ് മാത്രമാണ് സന്ദർശകരെ ആകർഷിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നത്. വെളുത്ത ജൂതന്മാരുടെ ഈ ദേവാലയത്തിൽ അടുത്തകാലംവരെ മലബാറി ജൂതന്മാർക്ക് പ്രവേശനമില്ലായിരുന്നു. വർണവിവേചനത്തിനെതിരെ സഹനസമരം നടത്തിയ ജൂതഗാന്ധി എബ്രഹാം ബാരക് സലേം എന്ന സേലംകോച്ച ദേശീയ രാഷ്ട്രീയത്തിലേക്ക് വരെയെത്തിയ സ്വാതന്ത്ര്യപ്പോരാളിയായിരുന്നു. പക്ഷേ, ഏ ബി സേലം റോഡ് എവിടെയാണെന്ന് ഇന്ന് നാട്ടുകാർക്കുപോലുമറിയില്ല. ലോകത്തിൻെറ എല്ലാഭാഗത്തുനിന്നും ആട്ടിയോടിക്കപ്പെട്ട യഹൂദരെ ഇരുകൈകളും നീട്ടി സ്വീകരിച്ചവരാണ് കേരളീയർ. യാതൊരു അലമ്പുമില്ലാതെ അവർ നാട്ടുകാരുമായി ഇടകലർന്ന് ജീവിച്ചു. കൊച്ചിയിൽ വൈദ്യുതിവെളിച്ചവും ഫെറിബോട്ട് സർവിസും കൊണ്ടുവന്നത് അവരാണ്. ഇന്ന് നാലോ അഞ്ചോ പരദേശി യഹൂദരേ കൊച്ചിയിലുള്ളു... ഒരുകാലത്ത് കൊച്ചങ്ങാടി, ജൂതഭാഗം പ്രദേശങ്ങളിൽ നിറയെ ജൂതന്മാരായിരുന്നു. കൊച്ചങ്ങാടി എന്ന പേരുപോലും അത് പ്രതിഫലിപ്പിക്കുന്നതായി കരുതുന്നവരുണ്ട്. പുരോഹിത വിഭാഗമായ കോഹനെ നാട്ടുകാർ കോച്ച എന്നു വിളിച്ചു. എല്ലാ ജൂതന്മാരും കോച്ചകളായി. കോച്ചന്മാരുടെ അങ്ങാടി കൊച്ചങ്ങാടിയായി.(ഇതെൻെറ കൊച്ചി).

ഒരു ജൂതൻെറ ശരീരത്തിൽ എവിടെ തൊട്ടാലും മുറിവുകൾ കാണാൻ കഴിയുമെന്നെഴുതിയത് കസാൻസാകിസാണ്. മനസ്സിലവർക്ക് ഏറ്റുവാങ്ങേണ്ടി വന്ന മുറിവുകളുടെ ആഴംകൂടി അറിഞ്ഞപ്പോഴാണ് മതരഹിതനായ സാർത്ര്, ‘ഞാനും ഒരു ജൂതനാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ പീഡിത ജനതയോട് ഐക്യപ്പെട്ടത്. ക്രിസ്തുവിനെ കൊന്നവർ, മതാചാരത്തിൻെറ ഭാഗമായി കുഞ്ഞുങ്ങളെ കുരുതികൊടുക്കുന്നവർ, മുറിഞ്ഞകൈക്ക് ഉപ്പുതേക്കാത്ത ചോരകുടിയർ, വഞ്ചകർ, രാജ്യദ്രോഹികൾ, സംസ്കാരത്തെ മലിനമാക്കുന്നവർ തുടങ്ങി എത്രയെത്രയോ ആക്ഷേപങ്ങളാണ് അവർക്ക് നേരിടേണ്ടിവന്നത്. റഷ്യ, ഫ്രാൻസ്, ജർമനി തുടങ്ങി ലോകത്തിൻെറ പലഭാഗങ്ങളിലുമവർ വേട്ടയാടപ്പെട്ടു. പക്ഷേ, അപ്പോഴും പഴയ ഫലസ്തീനിലെ അറബികളും, കൊച്ചിയിലെ മലയാളികളും അവരെ ചേർത്തുപിടിച്ചു. അവരും ചേർന്നുനിന്നു. ‘സിനഗോഗ് ലെയ്ൻ’ ആഘോഷിക്കുന്നത് ആ സൗഹൃദമാണ്. നോവൽ സമർപ്പിച്ചിരിക്കുന്നത്, സയണിസ്റ്റ് വംശീയതയിൽ ഗസ്സയിൽ മരിച്ചുവീഴുന്ന പിഞ്ചിളം പൈതങ്ങൾക്കും സയണിസത്തിനെതിരെ പൊരുതുന്ന യഹൂദർക്കുമാണ്.

‘കേരളത്തിലെ യഹൂദർ ഇസ്രായേലിലേക്ക്’ എന്ന വൈലോപ്പിള്ളി ശ്രീധരമേനോൻെറ കവിതയിൽ, സിനഗോഗ് ലൈൻ എന്ന നോവലിൽ എന്നപോലെ ‘യഹൂദർ’, സയണിസ്റ്റുകൾ എന്ന വേർതിരിവില്ല! എന്നും പുരോഗമന പക്ഷത്ത് ഉറച്ചുനിന്ന വൈലോപ്പിള്ളി 1954ലാണ് ഈയൊരു കവിത എഴുതുന്നത്. ലോകം യഹൂദ മതവിഭാഗത്തിൽ പെട്ടവരെ വെട്ടിക്കീറുമ്പോഴും, അവർക്കൊപ്പംനിന്ന ഫലസ്തീനിലെ ക്രിസ്ത്യൻ ജൂത മുസ്‍ലിം സമൂഹത്തെ മുറിപ്പെടുത്തി, സയണിസ്റ്റ്-സാമ്രാജ്യത്വ സഖ്യം കൃത്രിമമായി സൃഷ്ടിച്ച ഭീകര രാഷ്ട്രമാണ് ഇസ്രായേൽ എന്ന സൂചന കവിതയിലില്ല. എന്നാൽ, അടിക്കുറിപ്പിൽ ‘സാഹോദര്യത്തിൻെറ ജന്മഭൂമി’യെക്കുറിച്ചുള്ള പ്രതീക്ഷ കവി പങ്കുവെക്കുന്നുണ്ട്. ‘മനുഷ്യർക്കെല്ലാം പിതൃദേശവും വംശവും ഒന്നുതന്നെയാണ്. കാലാന്തരത്തിൽ അവർ പലദേശക്കാരായും വർഗക്കാരായും മതക്കാരായും തീർന്നു. ഇണങ്ങിയും പിണങ്ങിയും ചത്തും കൊന്നും കണ്ണീർപ്പുഴകൾ സൃഷ്ടിച്ചു. അവരെന്നാണ് ജ്ഞാനത്തിൻെറ, സാഹോദര്യത്തിൻെറ ജന്മഭൂമിയിൽ തിരിച്ചെത്തുക’ എന്ന ശരിയായ ചോദ്യം കവിതയിലുണ്ട്. എന്നാൽ, അന്നത്തെ ലോകപശ്ചാത്തലം നൽകിയ ജൂതപീഡനത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾക്കൊപ്പം, സയണിസത്തിൻെറ കുടിലതന്ത്രങ്ങൾ, കവിക്ക് വേണ്ടവിധം തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ്, ‘വിഡ്ഢികൾ മർദകർ; നൂറ്റാണ്ടുകൾ കാത്ത കിനാവിൻെറ/വിത്തും വീണ്ടും മുളയ്ക്കുന്നി-തൊറ്റ ദിനത്തിൽ’ എന്നെഴുതിപ്പോയത്. ജൂതമർദകരായ സാമ്രാജ്യത്വ ശക്തികൾതന്നെയാണ് ഇസ്രായേലുണ്ടാക്കിയത്, അല്ലാതെ കവിതയിലുള്ളതുപോലെ, ഒരു ‘ജഗദീശനിദേശ’വുമല്ല. ‘ജീർണ മരുഭൂവിൽ ഞങ്ങ-ളുയർത്തട്ടെ, നല്ല പുതു-/ജീവിതത്തിൻെറ മനോജ്ഞമാം/പനിനീർത്തോട്ടം’. അറിയാതെയാണെങ്കിലും എന്നും മാനവ പക്ഷത്തു നിന്നെഴുതിയ കവിയും അക്കാലത്തെ കലുഷിത സാമ്രാജ്യത്വ പ്രചാരണത്തിന് കീഴ്പ്പെട്ട് ‘ഫലസ്തീനെ’ ജനതയില്ലാത്ത ഭൂമിയും, ജൂതസമൂഹത്തെ സയണിസ്റ്റ് പ്രചാരണത്തിന് കീഴ്പ്പെട്ട് ഭൂമിയില്ലാത്ത ജനതയുമാക്കുകയാണ്! അപ്പോഴും ഈയൊരവതരണത്തിൻെറ അവികസിതാവസ്ഥയെക്കുറിച്ചുള്ള ‘അബോധം’ ആ കവിതയിൽത്തന്നെയുണ്ട്! കേരളത്തിലെ യഹൂദ- ‘ഇതര’ സമൂഹസൗഹൃദം കവിത അടിവരയിടുന്നതിലാണത് തെളിയുന്നത്. ‘നിൻ നൃപാലരെന്തുദാര-/ചരിതന്മാർ, എന്തൊരു സൗ-/ജന്യശീലർ നിൻ ജനങ്ങൾ! അഞ്ജസാഞങ്ങൾ/വളമാർന്ന നിൻെറ മണ്ണിൽ/ വേരുറച്ചു വളർന്നു, നിൻ-/തെളിവാനിലേക്ക് കൈത്താർ-/മൊട്ടുകൾ കൂപ്പി...’

‘സിനഗോഗ് ലെയ്ൻ’ ആവിഷ്‍കരിക്കുന്നത് കവി ദൃശ്യപ്പെടുത്തിയവിധം മണ്ണിൽ വേരുറച്ച് ആകാശത്തേക്ക് ചില്ലകൾ പടർത്തി ആത്മാഭിമാനത്തോടെ പാരസ്പര്യം പങ്കുവെച്ച് ജീവിച്ച ആ പഴയ കൊച്ചിയിലെ യഹൂദ-മുസ്‍ലിം-ക്രിസ്ത്യൻ-മതരഹിത ജീവിതസംഘർഷ-സൗഹൃദമാണ്. സർവ സമുദായങ്ങളിലും ‘കൊള്ളുന്നവരും’, ‘കൊള്ളരുതാത്തവരും’ ഉണ്ടെന്നും, ഒരു സമുദായവും ഒരച്ചിൽവാർത്തതല്ലെന്നും, ജീവിതം ആഴത്തിൽ മനുഷ്യജീവിതമായി മാറുമ്പോൾ മുൻവിധികളൊക്കെയും മറിഞ്ഞുവീഴുമെന്നുമാണ് ചരിത്രത്തിൻെറ അസ്ഥിയിൽതൊട്ട് നോവൽ അനുഭവിപ്പിക്കുന്നത്.

നോവലിൽ പ്രതിനായക സ്ഥാനത്ത് ഒരു കോട്ടപോലെ ഉയർന്നുനിൽക്കുന്നത് ‘പരദേശിപ്പള്ളിയാണ്’. അത് ജൂതമനസ്സിനെ വിഭജിക്കുന്ന മതിലാണ്. ആ പള്ളി അതുപോലെ ഒരു പോറലും ഏൽക്കാതെ നിലനിൽക്കെത്തന്നെ, അതടിച്ചേൽപിക്കുന്ന അകൽച്ചകളെ ജീവിതം തോൽപിക്കുന്നതാണ് ‘സിനഗോഗ് ലെയ്നിൽ’ തെളിയുന്നത്. മിശ്രവിവാഹം, മതപരിവർത്തനം, വ്യത്യസ്ത മതസമ്പർക്കങ്ങൾ എന്നിവയെ മഹാ അപരാധമായി കാണുന്ന സങ്കുചിത കാഴ്ചപ്പാടാണ് അത്ര വലിയ ഒച്ചപ്പാടൊന്നും കൂടാതെ നോവലിൽ പൊളിക്കപ്പെടുന്നത്. സ്വയം സ്ഫോടനമാവുന്ന സൗമ്യതയുടെ വേറിട്ട അനുഭവം എന്നതിനെ ഏറക്കുറെ വിളിക്കാമെന്ന് തോന്നുന്നു. ആത്മഹത്യക്കും കൊലക്കും നാനാപ്രകാരേണയുള്ള സംഘർഷങ്ങൾക്കുമിടയിൽ നിന്നുകൊണ്ടാണ് ജമാൽ കൊച്ചങ്ങാടി ഇത്തരമൊരു ‘സർഗാത്മക മാജിക്’ നിർവഹിച്ചിരിക്കുന്നത്.

അകൽച്ചയിൽനിന്ന് മാത്രമല്ല, അടുപ്പത്തിൽനിന്നും മുൻവിധികൾ ഉണ്ടാവും. ‘അകലമുൻവിധികൾ’ എന്നും, ‘അടുപ്പമുൻവിധികൾ’ എന്നും സൗകര്യത്തിന് അവയെ അടയാളപ്പെടുത്താം. ആദ്യത്തേത് പരസ്പരം അടുത്തിടപെടാൻ തുടങ്ങുന്നതോടെ അപ്രത്യക്ഷമാവും. എന്നാൽ, രണ്ടാമത്തേത് ഇല്ലാതാവണമെങ്കിൽ അടുത്തിടപെടലിനൊപ്പം വൻസമരങ്ങളും വേണ്ടിവരും. സിനഗോഗ് ലെയ്ൻ ശ്രദ്ധേയമാവുന്നത്, സമരമെന്ന് പ്രത്യക്ഷത്തിൽ തോന്നാത്തൊരു സമരം അതിൽ നടക്കുന്നതുകൊണ്ടാണ്. ജൂതമുത്തശ്ശി റൂബി ആൻറിയുടെ കുടുംബാംഗം പോലെ മാറിയ അൻവർബാവ ജൂതമരണത്തെക്കുറിച്ച്, ആ മരണം നേരിൽ കാണുന്നതുവരെ കരുതിയിരുന്നത് ജൂതർ മരിക്കുമ്പോൾ വായിൽ മലംവരും എന്നായിരുന്നു! ഡാനിയൽ കോച്ചയുടെ മരണം നേരിൽ കണ്ടപ്പോഴാണ് സ്വന്തം ധാരണ അബദ്ധമായിപ്പോയെന്ന് അമീർബാവ തിരിച്ചറിയുന്നത്. എന്നാൽ, എല്ലാം ഇതുപോലെ നേരിട്ടുകണ്ട് ബോധ്യപ്പെടാൻ കഴിയില്ല. അവിടെയാണ് അപരവത്കരണം സൃഷ്ടിക്കുന്ന മുൻവിധികളെ മറികടക്കാനുള്ള വേദനാജനകമായ ആന്തരിക സമരങ്ങൾ അനിവാര്യമാവുന്നത്.

‘അശാന്തമായ മനസ്സുകൾക്ക് സമാധാനത്തേക്കാൾ വലിയ എന്ത് ആശംസയാണ് നേരാനുള്ളത്. അറബിയിലായാലും ഹീബ്രുവിലായാലും എല്ലാം ഒന്നുതന്നെ’ എന്നത് നോവലിലെ താക്കോൽവാക്യങ്ങളിലൊന്നാണ്. സംഘർഷ പശ്ചാത്തലത്തിലും സമാധാനത്തെ, സമാധാനം എന്ന ആശയത്തിലുപരി, അതിനെ ഒരനുഭൂതിയാക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നതാണ് ‘സിനഗോഗ് ലെയ്ൻ’ സാക്ഷ്യപ്പെടുത്തുന്നത്. മതമുള്ളവർക്ക് മതം, അതിനകത്തും സൗഹൃദവും സ്നേഹവും, മതമില്ലാത്തവർക്ക് മതമില്ലായ്മ, അതിനകത്തും സൗഹൃദവും സ്നേഹവും: ‘സമസ്തം സൗഹൃദം’ എന്നൊരു സന്ദേശമാണ് സിനഗോഗ് ലെയ്നിൽ സ്പന്ദിക്കുന്നത്. ജൂതമതം വേറെ, സിയോണിസം വേറെ എന്ന കൃത്യത തുടക്കം മുതൽ ഒടുക്കംവരെ ഒരു ഇടച്ചിലും തട്ടാതെ നോവലിൽ തെളിയുന്നു. കൊച്ചിയിലെ ജൂതസമൂഹത്തിൻെറ ഇസ്രായേലിലേക്കുള്ള പുറപ്പാടിനെ നോവൽ അടയാളപ്പെടുത്തുന്നത് ഇങ്ങനെ: ‘...യാതൊരു സ്പിരിച്വാലിറ്റിയുമില്ല. ഞാനും രണ്ടുമൂന്നു പ്രാവശ്യം അവിടെ പോയിട്ടൊണ്ട്. എപ്പോഴും ഒരു മിസൈലോ ബോംബോ വീണ് കൂട്ടത്തോടെ ചാകാം എന്ന പേടി മാത്രം. അതിനേക്കാൾ എത്ര ഭേദമാണിവിടെ? എത്ര പീസ് ഫുൾ. പീസ് ഈസ് ദി മോസ്റ്റ് പ്രഷ്യസ് തിങ് ഇൻ ദ ലൈഫ്. അങ്ങോട്ട് പായാൻ ഇവിടെ എന്താണുണ്ടായേ? ഹോളോകാസ്റ്റ്, ഫ്ലഡ് വാർ...’

ആട്ടിയകറ്റുന്ന ശമ്മായി റബ്ബിയുടെ വഴിയല്ല, ചേർത്തുപിടിക്കുന്ന ഹില്ലൽ റബ്ബിയുടെ വഴിയാണ് ജമാൽ കൊച്ചങ്ങാടി പിന്തുടർന്നത്. ജൂതമത ഗ്രന്ഥമായ ‘തോറ’ ഒറ്റ ദിവസംകൊണ്ട് അതും ഗുരു ഒറ്റക്കാലിൽ നിന്ന് മുഴുവനും പഠിപ്പിക്കാനാവശ്യപ്പെട്ട ഒരു ‘ശിഷ്യൻ’ ശമ്മായിയുടെ അടുത്തെത്തി. ശമ്മായി അവനെ ആട്ടിവിട്ടു. അതിലൊരു അനീതിയുണ്ടെന്ന് ആർക്കും പറയാൻ കഴിയില്ല. അത്രയും അസംബന്ധപൂർണമായ താന്തോന്നിത്തമാണല്ലോ ശിഷ്യനായി നടിച്ചെത്തിയ ആ ബോറൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതേ ആവശ്യവുമായി അവൻ ഹില്ലൽ റബ്ബിയെ സമീപിച്ചപ്പോൾ, അവനെ ചേർത്തുപിടിച്ച് അദ്ദേഹം അവനോട് പറഞ്ഞത് ‘നിന്നോട് മറ്റുള്ളവർ എപ്രകാരം പെരുമാറണമെന്ന് നീയാഗ്രഹിക്കുന്നുവോ, അതുപോലെ നീ മറ്റുള്ളവരോടും പെരുമാറുക എന്നതാണ് തോറ വേദഗ്രന്ഥത്തിൻെറ പരമതത്ത്വം’ എന്നത്രേ. മറ്റെല്ലാം അതിൻെറ വ്യാഖ്യാനങ്ങളാണ്. അത് മനസ്സുവെച്ചാൽ നിനക്ക് സ്വയം പഠിക്കാവുന്നതാണ്. ‘സിനഗോഗ് ലെയ്ൻ’ സൗഹൃദത്തിൻെറ ആ ‘ഹില്ലൽ’ വിസ്തൃത വഴിയാണ് തുറക്കുന്നത്. സമുദായങ്ങൾക്കിടയിൽ മുൻവിധികളില്ലെന്നല്ല, അതിന്നൊരിക്കലും അടിമപ്പെടാതെ ഏതു സമുദായങ്ങൾക്കും മുന്നേറാൻ കഴിയുമെന്നാണത് അമർത്തിപ്പറയുന്നത്. ‘എത്ര വന്നാലും ജൂതനല്ലേ, മാപ്പിളയല്ലേ, നസ്രാണിയല്ലേ, ഹിന്ദുവല്ലേ...’ എന്ന ചോദ്യത്തെയാണ് നോവൽ പൊളിച്ചടുക്കുന്നത്.

സിനഗോഗ് ലെയ്ൻ എന്ന ജമാൽ കൊച്ചങ്ങാടിയുടെ നോവൽ എഴുതപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ കൊച്ചിയിലെ ജൂതസമൂഹത്തിൻെറ ജീവിതം കേരള ചരിത്രത്തിൽനിന്നും മാഞ്ഞുപോകുമായിരുന്നു. അതോടെ പരസ്പര സൗഹൃദത്തിൻെറ ഒരാർദ്രമായ അടയാളം അടഞ്ഞുപോവുകയും ചെയ്യുമായിരുന്നു. ഓരോ ജനസമൂഹവും ചരിത്രത്തിൽ പതിപ്പിക്കുന്ന ജീവിതമുദ്രകൾ ആവിധം മായ്ക്കപ്പെടുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പിന്നെയും തുടരുന്ന ജീവിതങ്ങളാണ്. ‘കൊച്ചി ജൂതൻ മരിച്ചാൽ രണ്ടു കണ്ണുകളിലും ജറൂസലമിൽനിന്നും കൊടുങ്ങല്ലൂരിൽനിന്നുമുള്ള ഓരോ പിടി മണ്ണുവെച്ചിട്ടാണ് സംസ്കരിച്ചിരുന്നത്’ എന്നതടക്കമുള്ള എത്രയെത്രയോ വിവരങ്ങൾ, ഷോഹത് (അറവുകാരൻ), സിംഹത് തോറ (പെരുന്നാൾ), സന്തോക്ക്(ശവമഞ്ചം), തരേഫ്(മതാനുമതിയില്ലാത്ത ഭക്ഷണം), ബ്രത് മില (പിരഛേദന കർമം) തുടങ്ങി എത്രയെത്രയോ ഹീബ്രു വാക്കുകൾ, ഉണ്ടക്കറി, പ്ലാവ്, കുബ്ബ, പെസ്തേൽ തുടങ്ങിയ ജൂതഭക്ഷണങ്ങൾ...എല്ലാറ്റിനുമപ്പുറം ഒന്നിച്ചുള്ള ജീവിതം ഉൽപാദിപ്പിച്ച മധുരവും പുളിയും എരിവും കയ്പും! അപ്പോഴും എല്ലാ കടമ്പകളും ചാടിക്കടന്ന് മുന്നോട്ടുപോകുന്ന ജീവിതത്തിൻെറ വസന്തസൗഭാഗ്യങ്ങൾ.

‘ഒത്തിരി’, ‘തരേഫ്’ അതായത് മതവിധിയില്ലാത്ത ഭക്ഷണം ഉണ്ടാക്കിയ ചെമ്പായിരിക്കും എന്നുള്ളതിനെ, ‘എന്നാൽ അതുവേണ്ട’, വേറെ മതവിധിയനുസരിച്ച് പാചകം ചെയ്യുന്ന ‘ചെമ്പ്നോക്കാം’ എന്നല്ല, ‘തേച്ചു കഴുകിയാ പോവാത്ത തരേഫ് ഉണ്ടോ’ എന്ന ചോദ്യംകൊണ്ടാണ്; വെള്ളിയാഴ്ച ദിവസം അൻവർ ബോബയോട് റൂബി ആന്റി ബാങ്കിൽ പോണ കാര്യം പറയുമ്പോൾ, ‘പള്ളി കഴിഞ്ഞിട്ട് മതീട്ടോ’ എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് വൈവിധ്യ ചാരുതയുടെ ജീവിത വസന്തശോഭ നോവലിലാകെ പ്രകാശം പരത്തുന്നത്. നമ്മുടെ നിനവുകളിൽ നിർവൃതപ്പെടേണ്ട, കിനാവുകളിൽ നിന്നുപോലും ഒഴുകിവരേണ്ട മാനവികതയെയാണ്, അതിനെ മുറിവേൽപിക്കുന്ന ജീവിതാവസ്ഥകളിൽനിന്നും നോവലിസ്റ്റ് കണ്ടെടുക്കുന്നത്.

ചരിത്രം പലപ്പോഴും അറിഞ്ഞ കാര്യങ്ങളിൽ പരിമിതപ്പെടുമ്പോൾ, ചരിത്രത്തെ അവലംബമാക്കി രചിക്കുന്ന ‘നോവലുകൾ’ അറിഞ്ഞതിനുമപ്പുറത്തേക്ക് ജീവിതത്തെ നയിക്കും. ഭാവനയിൽ വേവുമ്പോഴാണ്, നാടകീയ ജീവിത പശ്ചാത്തലങ്ങളിലേക്ക് മാറ്റിവെക്കപ്പെടുമ്പോഴാണ് ചരിത്രസംഭവങ്ങൾ ചൈതന്യ നിർഭരവും ചോതോഹരവുമാവുന്നത്. ‘സിനഗോഗ് ലെയ്ൻ’ ശ്രദ്ധേയമാവുന്നത് വസ്തുതകളിൽ സ്തംഭിക്കാതെ, വെളിച്ചത്തിലേക്ക് കുതിക്കാനതിന് കഴിഞ്ഞതുകൊണ്ടാണ്. പുസ്തകത്തിൽക്കണ്ട ‘ചരിത്രത്തിൽ’ നിന്നല്ല, താൻ കടന്നുപോയ ജീവിക്കുന്ന ചരിത്രത്തിൽ നിന്നാണ് ജമാൽ കൊച്ചങ്ങാടി ‘സിനഗോഗ് ലെയ്ൻ’ കണ്ടെടുത്തത്.

‘നിത്യഹരിതമായ വസന്തം ചാലിച്ചെടുത്ത മഷി ഉപയോഗിച്ചാണ് ജമാൽ കൊച്ചങ്ങാടി തൻെറ ദീർഘമായ എഴുത്തുജീവിതത്തിലെ ഏറ്റവും പുതിയ ഉപഹാരമായ ഈ നോവൽ വായനക്കാർക്ക് സമർപ്പിക്കുന്നത്. അതിൽ കറുകപ്പട്ട, ഏലക്ക തുടങ്ങി മട്ടാഞ്ചേരി ബസാറിലെ ഗന്ധങ്ങളുണ്ട്, ചരിത്രം കൊച്ചിയിൽ വീഴ്ത്തിയ ചോരപ്പാടുകളും നിങ്ങൾക്കു കാണാം. കുടിയേറ്റക്കാരുടെ കണ്ണുകളിലെ വിഹ്വലതയും മിന്നിമറയുന്നുണ്ട്. തീവ്രമായ ഒരു വായനാനുഭവം സമ്മാനിക്കാനായി വീണ്ടും ജമാൽ കൊച്ചങ്ങാടി എത്തിയിരിക്കുന്നു. അദ്ദേഹത്തിനു നന്ദി’ എന്ന് ‘ജൂതത്തെരുവിലേക്ക് തുറക്കുന്ന കിളിവാതിലുകൾ’ എന്ന ശ്രദ്ധേയമായ ആമുഖക്കുറിപ്പിൽ മലയാളത്തിൻെറ പ്രിയ എൻ.എസ്. മാധവനും; ‘മട്ടാഞ്ചേരിയിലും കൊച്ചങ്ങാടിയിലും മറ്റും ജൂതർ സമ്പന്നമായ ജീവിതവും സംസ്കാരവും പടുത്തുയർത്തി. ജമാൽ കൊച്ചങ്ങാടി ഈ ജീവിതത്തിൻെറ നേർസാക്ഷിയാണ്. അതുകൊണ്ടുതന്നെ സിനഗോഗ് ലെയ്ൻ ആത്മകഥാപരമായ ഒരു രചനയാണ്. അതോടൊപ്പം കേരളത്തിലെ യഹൂദജീവിതത്തിൻെറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും തുറക്കുന്ന വാതിൽ കൂടിയാണ്. മലയാളി ജൂതജീവിതം സമഗ്രമായി, ദേശമുദ്രകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആദ്യത്തെ നോവൽ എന്ന സവിശേഷതകൂടി ഇതിനുണ്ട്...’ എന്ന് ‘മലയാളി യഹൂദജീവിതം: ഒരു വംശീയ ആഖ്യായിക’ എന്ന ശ്രദ്ധേയമായ പഠനത്തിൽ സാസ്കാരിക വിമർശകൻ എ.പി. കുഞ്ഞാമുവും നിരീക്ഷിക്കുന്നു. പ്രാദേശികതയെ, സാർവദേശീയ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുന്ന, സമകാലാവസ്ഥയുടെ ഒരസാധാരണ അനുഭൂതിസാന്ദ്ര സംഗ്രഹമാണ് സിനഗോഗ് ലെയ്ൻ അനുഭവിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Synagogue Lane Novel: Bridging Kochi’s Past and Present
Next Story