Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസങ്കുചിത...

സങ്കുചിത ദേശീയതക്കപ്പുറം ഒരു സന്ദേശം

text_fields
bookmark_border
സങ്കുചിത ദേശീയതക്കപ്പുറം ഒരു സന്ദേശം
cancel
camera_alt

ബി.ആർ. അംബേദ്​കർ, ഇ.എം.എസ് നമ്പതിരിപ്പാട്

നിരവധി പാർട്ടികളുടെ സൂപ്പർമാർക്കറ്റിലെ വെറുമൊരു പാർട്ടിയല്ല കമ്യൂണിസ്​റ്റ്​ പാർട്ടി. കമ്യൂണിസം ലോകത്തിെൻറ യൗവ്വനമാണ്, അത് പാടുന്ന നാളെകളെ സൃഷ്​ടിക്കും (പോൾ വാലിയൻറ്).

ഏതർഥത്തിലും സഹനത്തിെൻറയും ആത്മത്യാഗത്തിെൻറയും മറ്റൊരു പേരാണ് കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനം. സമാനതകളില്ലാത്ത സഹനത്തിെൻറയും സമരത്തിെൻറയും രക്തസാക്ഷിത്വത്തിെൻറയും എഡിറ്റ് ചെയ്യുക പ്രയാസമായ ഒരു മഹാപ്രസ്​ഥാനമാണത്. പരിമിതികളും വീഴ്ചകളും ഏറെയുണ്ടെങ്കിലും ആവിർഭാവകാലം മുതൽ പ്രകാശം പരത്തുന്ന, ചരിത്രത്തെ ചൈതന്യനിർഭരമാക്കുന്ന, അധഃസ്​ഥിതരുടെ ആത്മാഭിമാനത്തെ ആകാശത്തോളമുയർത്തുന്ന ജീവിതമഹാഗാനത്തിെൻറ മന്ദസ്​മിതമാണത്.

തൊഴിലാളിവർഗമാണ്, സമൂഹത്തിെൻറ നേതൃശക്തിയെന്ന് തിരിച്ചറിയുന്ന, അന്യ​െൻറ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്നൊരു കാലം വരുകതന്നെ ചെയ്യുമെന്ന് ഏതു പ്രതിസന്ധിയുടെ നടുവിൽനിന്നും സ്വപ്നംകാണുന്ന, ദേശീയസങ്കുചിതത്വത്തിെൻറ ആേക്രാശങ്ങൾക്കിടയിലും സാർവദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന, സമസ്​ത സങ്കുചിതത്വങ്ങൾക്കുമപ്പുറം മാനവികത ആഘോഷിക്കുന്ന, ഒരു മഹാപ്രസ്​ഥാനത്തിെൻറ നൂറാം വാർഷികം ആവശ്യപ്പെടുന്നത് സർവ കണക്കെടുപ്പുകൾക്കുമപ്പുറം ഇന്നത്തെ ഇന്ത്യനവസ്​ഥ അതിജീവിക്കപ്പെടുകതന്നെ ചെയ്യുമെന്ന സമരോത്സുകമായ പ്രതിജ്ഞയും അതിനാവശ്യമായ പ്രവർത്തനപദ്ധതികളുമാണ്.

മഹാത്മാ ബുദ്ധൻ മുതൽ ശ്രീനാരായണഗുരു വരെയുള്ള മഹാത്മാക്കൾ, ജനകീയ ഹിന്ദുമതം, ക്രിസ്​തുമതം മുതൽ ഇസ്​ലാംമതം വരെയുള്ള മതങ്ങൾ, മാർക്സിസം, ഗാന്ധിസം മുതലുള്ള തത്ത്വചിന്തകൾ, മതരഹിത സ്വതന്ത്ര കാഴ്ചപ്പാടുകൾ ഉൾപ്പെടെ നിലവിലെ അപമാനാവസ്​ഥകളിൽനിന്ന് മനുഷ്യരെ ഒരിഞ്ചെങ്കിലും മുന്നോട്ടുനയിക്കാൻ സഹായകമായ സകല ആശയങ്ങളും മാർക്സിസത്തിന്​ സ്വാഗതാർഹമാണ്. വ്യത്യസ്​ത കാഴ്ചപ്പാടുകൾ തമ്മിലുള്ള സൈദ്ധാന്തികസംവാദം തുടർന്നുതന്നെ, ഫാഷിസ്​റ്റ്​-കോർപറേറ്റ് മുന്നണിക്കെതിരായ, വ്യത്യസ്​തതരത്തിലുള്ള ബഹുജനപ്രതിരോധങ്ങളെ ശക്തിപ്പെടുത്താനാണ് കമ്യൂണിസ്​റ്റ്​ പാർട്ടി ശ്രമിക്കുന്നത്.

മതനിരപേക്ഷതക്കുവേണ്ടിയുള്ളൊരു മഹാസമരവും സ്വാതന്ത്ര്യസമരത്തിന് സമാനമായ ഒരു ബഹുജന ഐക്യപ്രസ്​ഥാനവും വഴി സംഘ്​പരിവാർ ശക്തികളിൽനിന്ന്​ ഇന്ത്യയെ രക്ഷിക്കുകയാണ് ഇന്നേറെ അനിവാര്യം. ഒരു ഭാഗത്ത് ഇന്ത്യൻജനതയും മറുഭാഗത്ത് കോർപറേറ്റ്-ജാതിമേൽക്കോയ്മശക്തികളും എന്ന തരത്തിലുള്ള ധ്രുവീകരണം സാധ്യമാക്കുംവിധമുള്ള ജനകീയസമരങ്ങൾക്ക് നേതൃത്വം നൽകാനും വ്യത്യസ്​ത കമ്യൂണിസ്​റ്റ്​ പാർട്ടികൾ, സോഷ്യലിസ്​റ്റുകൾ, ലിബറൽ സെക്കുലർ കാഴ്ചപ്പാട് പുലർത്തുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ, മർദിതമതങ്ങളായി ഇന്ത്യയിൽ മാറിക്കഴിഞ്ഞ ഇസ്​ലാം, ൈക്രസ്​തവ മതങ്ങൾ, മർദിതജാതികൾ, ലിംഗചൂഷണം നേരിടുന്ന സ്​ത്രീ-ട്രാൻസ്​ജെൻ, പരിസ്​ഥിതി ഗ്രൂപ്പുകൾ, ഭിന്ന കലാകൂട്ടായ്മകൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യൻ ആശയവൈവിധ്യങ്ങളെയും ഒരുമിപ്പിച്ചുള്ള ഒരു മഹാസമരത്തിന് നേതൃത്വം നൽകാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയുടെയും ഇന്ത്യയിലെ ജനാധിപത്യ-മതനിരപേക്ഷ പ്രസ്​ഥാനങ്ങളുടെയാകെയും ഭാവി ഇരുളടഞ്ഞതാകാനാണ് സാധ്യത-അതൊരിക്കലും സംഭവിക്കുകയില്ലെങ്കിലും!

20 വർഷംമുമ്പ് വരാനിരിക്കുന്ന ഫാഷിസ്​റ്റ്​ വിപത്തിനെക്കുറിച്ച്, സി.പി.എം പാർട്ടിപരിപാടി കൃത്യമായി വിശദീകരിച്ചിരുന്നു എന്നത് കമ്യൂണിസ്​റ്റ്​ പാർട്ടി നൂറാം വാർഷികാഘോഷവേളയിൽ അനുസ്​മരിക്കേണ്ടത് അനിവാര്യമാണ്. തീവ്രവർഗീയതയിൽ പടുത്തുയർത്തിയ പാർട്ടിയാണ് ബി.ജെ.പി. കപടദേശീയതയും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയുമാണ് ബി.ജെ.പിയുടെ മുഖമുദ്ര. അത്​ വെറുമൊരു ബൂർഷ്വാപാർട്ടി മാത്രമല്ല. ആർ.എസ്.​എസിെൻറ ഫാഷിസ്​റ്റ്​സ്വഭാവം അത്രയും ബി.ജെ.പിയിലുമുണ്ട്. ബി.ജെ.പി ഭരണത്തിലെത്തുമ്പോൾ ഭരണയന്ത്രത്തിെൻറ നിയന്ത്രണം ആർ.എസ്​.എസിെൻറ കൈയിലാണ്. ഇന്ത്യയുടെ ബഹുസ്വരമായ സാംസ്​കാരികപൈതൃകത്തെ നിരാകരിക്കുന്ന ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദുരാഷ്​ട്രം സ്​ഥാപിക്കുകയാണ്.

ഹിന്ദുരാഷ്​ട്ര സ്​ഥാപനലക്ഷ്യം ബി.ജെ.പി പൂഴ്ത്തിവെക്കുന്നില്ല. അവരിപ്പോഴത് പുരപ്പുറത്തു കയറി പ്രഖ്യാപിക്കുന്ന ആവേശത്തിലാണ്! സത്യത്തിൽ അവർ സ്​ഥാപിക്കാൻ ശ്രമിക്കുന്നത് ഹിന്ദുമതത്തിെൻറ മറവിൽ ജാതിമേൽക്കോയ്മ ഭരണവ്യവസ്​ഥയാണ്. മാർക്സിസവും മതവും തമ്മിലുള്ള സൈദ്ധാന്തികഭിന്നത നിലനിൽക്കെതന്നെ, അവ തമ്മിൽ സംവാദവും സഹകരണവും സാധ്യമാവും. എന്നാൽ, ഒരർഥത്തിലും ജാതിമേൽക്കോയ്മയോട് ജനാധിപത്യത്തിന് സന്ധിയോ സംവാദമോ സാധ്യമാവില്ല. ഒരു മനുഷ്യന് രണ്ടും നാലും കൂട്ടി ഒമ്പതാക്കാൻ കഴിഞ്ഞാൽ അത് ഗണിതത്തിൽ ഒരത്ഭുതമായിരിക്കുമെന്ന് ഇംഗർസോൾ! എങ്കിൽ ജാതിമേൽക്കോയ്മയെ അതേപടി നിലനിർത്തി ജനാധിപത്യം സ്​ഥാപിക്കാൻ കഴിഞ്ഞാൽ അത് രാഷ്​ട്രീയശാസ്​ത്രത്തിലെ മഹാത്ഭുതമായിരിക്കുമെന്ന് നിസ്സംശയം അത്രയൊന്നും യുക്തിയില്ലാത്തവരും തിരിച്ചറിയണം.

മുകളിലേക്കു ചെല്ലുന്തോറും മാന്യത വർധിക്കുകയും താഴേക്കിറങ്ങുംതോറും അമാന്യത ഏറുകയും ചെയ്യുന്ന ജാതിവ്യവസ്​ഥ, അതിലെ അംഗങ്ങൾക്ക് ഒരേ അന്തസ്സാണ് നൽകുന്നതെന്ന് വാദിക്കുന്ന ആർഷ സനാതനിയേക്കാൾ ബുദ്ധിപരമായ കാപട്യം പ്രദർശിപ്പിക്കാൻ ആർക്കുകഴിയും? (അംബേദ്​കർ). ബ്രാഹ്മണനെ ശൂദ്രൻ നിന്ദിച്ചാൽ അവ​െൻറ വായിൽ 12 അംഗുലം നീളമുള്ള ഇരുമ്പുകമ്പി പഴുപ്പിച്ച് കയറ്റണമെന്ന് മനുസ്​മൃതി പറയുന്നു. ഈ വരികൾ മാത്രംമതി നമ്മുടേത് ഒരു തീവ്രവാദരാഷ്​ട്രമായി പ്രഖ്യാപിക്കാനെന്ന് അഴീക്കോട് മാഷ്.

ഇന്ത്യയിലെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ രൂപവത്​കരണത്തിെൻറ അതേ കാലത്തോ അൽപം കഴിഞ്ഞോ ആണ് ചൈന, വിയറ്റ്നാം, കൊറിയ എന്നിവിടങ്ങളിൽ കമ്യൂണിസ്​റ്റ്​ പാർട്ടി രൂപവത്​കൃതമായത്. ഈ പാർട്ടികൾ നിലവിൽവന്ന് ഏതാനും വർഷങ്ങൾക്കുശേഷം ക്യൂബയിലെ പാർട്ടി വന്നു. ഇന്ത്യയിൽ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവം സംഘടിപ്പിക്കാനും സോഷ്യലിസ്​റ്റ്​ വ്യവസ്​ഥ സ്​ഥാപിക്കാനും സാധ്യമായതെന്തുകൊണ്ട്? ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുംവിധം മാർക്സിസം-ലെനിനിസം പ്രയോഗിച്ച് സ്വന്തം കടമകൾ നിർവഹിക്കുന്നതിൽ ഇന്ത്യയിലെ കമ്യൂണിസ്​റ്റുകാർക്ക് പരാജയം പറ്റിയെന്നാണോ ഇതിനർഥം? (ഇ.എം.എസ്​).

വ്ലാദിമിർ ലെനിൻ, ജോർജി ദിമിത്രോവ്

സാമ്രാജ്യത്വ-ജന്മിത്ത-മുതലാളിത്തവിരുദ്ധ സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്​റ്റ്​ പാർട്ടികൾക്ക് അർഹിക്കുന്ന കുതിപ്പ് ഇല്ലാതിരിക്കുന്നതിെൻറ പ്രധാന കാരണങ്ങളിലൊന്ന്, ഇന്ത്യൻ സമൂഹത്തിെൻറ മാത്രം സവിശേഷതയായ ജാതിമേൽക്കോയ്മ വ്യവസ്​ഥയുടെ പ്രത്യക്ഷവും പരോക്ഷവും പ്രച്ഛന്നവുമായ സാന്നിധ്യമാണ്. ഓരോരോ രാജ്യത്തിെൻറയും സവിശേഷതകളുടെ ഫലമായുള്ള പ്രത്യേക പരിതഃസ്​ഥിതികൾ കണക്കിലെടുക്കാതെ വിട്ടുകളഞ്ഞത് ഫാഷിസത്തിെൻറ വളർച്ചക്കു കാരണമായി എന്ന ദിമിേത്രാവിെൻറ കണ്ടെത്തൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇന്നും കൂടുതൽ സംവാദം ആവശ്യപ്പെടുന്നു.

നിങ്ങളെ ബന്ധിച്ചിരിക്കുന്ന കയർ ജീവിച്ചിരിക്കെ മുറിച്ചുമാറ്റാൻ ശ്രമിക്കുന്നില്ലെങ്കിൽ, േപ്രതങ്ങൾ ആ വേല ചെയ്യുമെന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കബീറും മനുഷ്യൻ കെട്ടുപോയാൽ ലോകത്തിൽ സുഖമുണ്ടായിട്ട് എന്തു പ്രയോജനം, ജാതിയാണ് മനുഷ്യനെ കെടുത്തുന്നത് എന്ന് ഗുരുവും. അയിത്തം അടിമത്തത്തേക്കാൾ എത്രയോ ബീഭത്സമാണ്. നിങ്ങൾ ഇഷ്​ടമുള്ള ഏതു ദിശയിലേക്ക് തിരിഞ്ഞുകൊള്ളൂ, ജാതി നിങ്ങളുടെ പാതയെ കടന്നെത്തുന്ന വഴിയിൽ ഭീമാകാരജന്തുവായി കുറുകെയുണ്ട്. ഈ ഭീകരരൂപിയെ കൊല്ലാതെ നിങ്ങൾക്ക് ഒരു രാഷ്​ട്രീയപരിഷ്കരണവും ഒരു സാമ്പത്തികപരിഷ്കരണവും സാധ്യമാവില്ല എന്ന് അംബേദ്​കറും ജാതിേശ്രണിക്കുള്ളിലാണ് ഇന്ത്യയിൽ വർഗങ്ങൾ രൂപപ്പെടുന്നതെന്ന് സീതാറാം ​െയച്ചൂരിയും വ്യക്തമാക്കിയിട്ടും പുരോഗമന നിലപാട് പുലർത്തുന്നവരിൽ പലരുടെയും മനസ്സ് ഇപ്പോഴും പഴയ കുളം-കുറ്റി കാഴ്ചപ്പാടിനുചുറ്റും കറങ്ങുകയാണ്. ഇന്ത്യയിലെ എല്ലാ ജനാധിപത്യമുന്നേറ്റത്തെയും അസാധ്യമാക്കുന്നതിലും അട്ടിമറിക്കുന്നതിലും മൂലധനശക്തികൾക്കൊപ്പം ജാതിമേൽക്കോയ്മ വഹിക്കുന്ന പങ്കിനെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുക പ്രധാനമാണ്.

1917ലെ വിപ്ലവത്തിനുശേഷം ലെനിൻ പറഞ്ഞു, ഒരു തീപ്പന്തം ഞാൻ മറ്റു ജനതകൾക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന്. യൂറോപ്പിന് തീപ്പന്തം സമുചിതമായിരുന്നു. നമുക്ക് നീട്ടിപ്പിടിക്കാനുണ്ടായിരുന്നത് തീപ്പന്തമായിരുന്നില്ല, ഭാരതീയ സാത്വികതക്ക്​ മനസ്സിലാകുമായിരുന്ന കമ്യൂണിസ്​റ്റ്​ നൈതികതയുടെ തിരിവിളക്ക് മാത്രമായിരുന്നു (ഒ.വി. വിജയൻ). മലയാളത്തിെൻറ പ്രിയ ഒ.വി. വിജയൻ ഒരിക്കലും ജാതിമേൽക്കോയ്മ കാഴ്ചപ്പാടിെൻറ പ്രതിനിധിയല്ല.

പക്ഷേ, അദ്ദേഹത്തിെൻറ തീപ്പന്തം/തിരിവിളക്ക് ഇരട്ടകൾക്കിടയിൽ സൂക്ഷിച്ചുനോക്കിയാൽ കബീറും ഗുരുവും അംബേദ്​കറും ഇ.എം.എസും യെച്ചൂരിയും തിരിച്ചറിഞ്ഞ ആ ജാതിഭീകര​െൻറ സൗമ്യമധുരമനോജ്ഞപ്രച്ഛന്നസാന്നിധ്യം കാണാൻ കഴിയും! ജാതികാൽപനികത എത്ര മിനുസ്സപ്പെടുത്തിയാലും നെഞ്ചത്തൊരു പന്തം കുത്തിനിൽക്കുന്ന ആ കാട്ടാളൻതന്നെയാണ്, ആവണം ഒരു കമ്യൂണിസ്​റ്റ്​! ആ അർഥത്തിൽ കേരളത്തനിമയുടെ ശിരസ്സായി ഇന്നുയർത്തിപ്പിടിക്കേണ്ടത്, കേരളത്തിെൻറ സ്​പാർട്ടക്കസായ അയ്യൻകാളിയുടെ ജാതിമേൽക്കോയ്മയെ മറിച്ചിട്ട ആ വില്ലുവണ്ടിയാണ്. ചരിത്രപുസ്​തകത്തിൽനിന്ന്/നിനക്ക് രഥം മതി/എനിക്ക് വില്ലുവണ്ടിയും/അടുത്തടുത്ത താളുകളിൽ/മുഖാമുഖം നിൽപുണ്ടവ (സി.എസ്.​ രാജേഷ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KENnationalismCommunal
News Summary - A message beyond narrow nationalism
Next Story