Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചർച്ചാ...

ചർച്ചാ നാടകങ്ങൾക്കൊടുവിൽ ബോംബ് വർഷം

text_fields
bookmark_border
ചർച്ചാ നാടകങ്ങൾക്കൊടുവിൽ ബോംബ് വർഷം
cancel

വ്യാഴാഴ്ച ജനീവയിൽ ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽബുസൈദി മധ്യസ്ഥത വഹിച്ച അവസാനവട്ട ഇറാൻ ചർച്ചകൾ മണിക്കൂറുകളെടുത്താണ് പൂർത്തിയായത്. എല്ലാം അവസാനിപ്പിച്ച് അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇറാൻ വിദേശകാര്യ മന്ത്രി അറാഗ്ചിയുമടക്കം പലവഴിക്ക് പിരിഞ്ഞതിൽ പിന്നെ കൗണ്ട്ഡൗൺ മോഡിലേക്ക് ലോകം മാറി. പശ്ചിമേഷ്യയിലുടനീളം താവളങ്ങളിൽ സുരക്ഷ കൂട്ടിയും ഇസ്രായേലടക്കം രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക് മുന്നറിയിപ്പ് നൽകിയും അമേരിക്ക നയം വ്യക്തമാക്കിയതോടെ ഇറാനും ഒരുക്കങ്ങൾ തകൃതിയാക്കിയിരിക്കണം.

ഇസ്രായേലും അമേരിക്കയും കരയിലും കടലിലും സജ്ജമാക്കിനിർത്തിയ ആയുധങ്ങൾ തെഹ്റാനിൽ പതിക്കുന്നത് എപ്പോഴെന്ന ചോദ്യം മാത്രമായിരുന്നു പിന്നെ ബാക്കി. ശനിയാഴ്ച അതും സംഭവിച്ചിരിക്കുന്നു. പുതിയ പ്രകോപനങ്ങളൊന്നും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിലും സ്വന്തം രാജ്യങ്ങളിലെ ഭരണ പ്രതിസന്ധികൾ ഇറാനിൽ വീഴുന്ന ബോംബുകൾ വിഴുങ്ങുമെന്ന് ട്രംപും നെതന്യാഹുവും സ്വപ്നം കാണുന്നുണ്ടാകണം.

ജനുവരി അവസാനത്തോടെ അറബിക്കടലിൽ യു.എസ്.എസ് അബ്രഹാം ലിങ്കണും മിസൈൽ തകർക്കുന്ന മൂന്ന് കപ്പലുകളും പുതുതായി വിന്യസിക്കുന്നതോടെയാണ് ശരിക്കും പശ്ചിമേഷ്യയിൽ യുദ്ധം മണക്കുന്നത്. 5700 സൈനികരാണ് അവക്കൊപ്പം പുതുതായി മേഖലയിലെത്തിയത്. നേരത്തേതന്നെ ഇവിടെയുള്ള യുദ്ധക്കപ്പലുകൾക്കും അനേകായിരം സൈനികർക്കും പുറമെയായിരുന്നു ഇവ. രണ്ടാഴ്ച കഴിഞ്ഞ് ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡും ഒപ്പം മൂന്ന് മിസൈൽ പ്രതിരോധ ശേഷിയുള്ള കപ്പലുകൾ കൂടി വന്നു; അവക്കൊപ്പം 5000 സൈനികരും. സ്വന്തം നാട്ടിനരികെ കരീബിയൻ കടലിൽപോലും അമേരിക്ക ഇത്രയും വിന്യസിച്ചിട്ടില്ലെന്നോർക്കണം.

പിറകെ എഫ്-35, എഫ്-22, എഫ്-15, എഫ്-16 വിഭാഗങ്ങളിലായി 100ലേറെ യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് പറന്നു. ആകാശത്ത് ഇന്ധനം നിറക്കുന്നവ മാത്രം 100ലേറെ വേറെയെത്തി. ഈയിനത്തിൽ 200ലേറെ ചരക്കുവിമാനങ്ങളും. ജോർഡനിലെ മുവഫ്ഫഖ് താവളത്തിൽ മാത്രം അണിനിരന്നത് 50ലേറെ യുദ്ധവിമാനങ്ങൾ. 1990കളിൽ ഇറാൻ അധിനിവേശ കാലത്ത് അഞ്ചു ലക്ഷത്തിലേറെ വിന്യസിച്ച അത്ര കരസേന ഇത്തവണ എത്തിയില്ലെന്നത് മാത്രമായിരുന്നു വ്യത്യാസം. എന്നാലും 2003ന് ശേഷം ഏറ്റവും വലിയ സൈനിക പടയൊരുക്കമാണെന്നത് നിസ്സംശയം കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇത്രയും ഒരുവശത്ത് തകൃതിയായി പുരോഗമിക്കുന്നതിനിടെയായിരുന്നു ഇറാനുമായി ചർച്ചാ നാടകങ്ങൾ. കഴിഞ്ഞ ജൂണിൽ യു.എസ്- ഇറാൻ ചർച്ചകൾ ശുഭപര്യവസായി ആകുമെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ച് തൊട്ടുപിറകെ ആയിരുന്നല്ലോ ഇസ്രായേൽ തെഹ്റാനിൽ ബോംബിട്ട് അങ്ങനെയൊരു സാധ്യത പൊളിച്ചത്. ഇത്തവണ പക്ഷേ, കുറേകൂടി ആസൂത്രണം നേരത്തേ പൂർത്തിയായതിനാൽ അങ്ങനെ പൊളിക്കേണ്ടിവന്നില്ല. കാരണം, അത്രക്ക് വിചിത്രമായിരുന്നു അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ. ഇറാനിലെ ആണവ നിലയങ്ങളായ ഫോർദോ, ഇസ്ഫഹാൻ, നതാൻസ് നിലയങ്ങൾ തകർത്ത് നാമാവശേഷമാക്കണം, കൈവശമുള്ള യുറേനിയം സമ്പൂർണമായി യു.എസിന് വെറുതെ കൊടുക്കണം, ഇനിയൊരിക്കലും യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നില്ലെന്ന് ഒപ്പുവെക്കണം, ഇറാൻ ബാലിസ്റ്റിക് മിസൈൽ സാങ്കേതികത ഉപയോഗിക്കാതെ നല്ല കുട്ടിയാകണം, അയൽരാജ്യങ്ങളിലെ സഖ്യകക്ഷികളെ സഹായിക്കുന്നത് നിർത്തണം... എന്നിങ്ങനെ പോകുന്നു നിബന്ധനകൾ.

5000ത്തിലേറെ ആണവായുധങ്ങൾ സ്വന്തമായുള്ള അമേരിക്കക്കും 100-200 എണ്ണമോ അതിൽ കൂടുതലോ ഉള്ള ഇസ്രായേലിനും ഒരു അണുവായുധംപോലും ഉണ്ടാക്കിയതിന് തെളിവില്ലാത്ത ഇറാനുമേൽ ആണവ വിഷയത്തിൽ നിബന്ധനകൾ അടിച്ചേൽപിക്കാമോ എന്നുമാത്രം ചോദിക്കരുത്. വിശാല ഇസ്രായേൽ രാജ്യം സൃഷ്ടിക്കാൻ അറബ് രാജ്യങ്ങളിൽ അധിനിവേശം നടത്തിയാൽ അതും ശരിയാകുമെന്ന് പറഞ്ഞത് അമേരിക്കൻ പ്രതിനിധിയാണെന്നതും ചേർത്തുവായിക്കരുത്. സ്വാഭാവികമായും തങ്ങളെ ഇല്ലാതാക്കുന്ന നിബന്ധനകൾ അംഗീകരിക്കാനില്ലെന്ന് ഇറാൻ തുറന്നുപറഞ്ഞു. അതോടെ, ഇറാൻ അംഗീകരിച്ചില്ലെന്നും ഇനി യുദ്ധമാണെന്നും ട്രംപും അമേരിക്കയും പ്രഖ്യാപനം നടത്തി.

ഗസ്സ അധിനിവേശത്തിന്റെ മറവിൽ ലബനാൻ, യമൻ, സിറിയ, ഇറാഖ്, ഇറാൻ, ഖത്തർ എന്നിങ്ങനെ ആറു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും സിറിയയിൽ പട്ടാള അട്ടിമറിയിൽ ബശ്ശാറുൽ അസദിനെ നാടുകടത്തി പാവ സർക്കാറിനെ നിയമിക്കുകയും ചെയ്ത ഇസ്രായേലിന് ഇറാൻ ഒരു ഭീഷണിതന്നെയാണ്. ഇത്രമേൽ ഉപരോധങ്ങൾ പല ഘട്ടങ്ങളിലായി (കഴിഞ്ഞ ബുധനാഴ്ചയും ട്രംപ് പുതിയവ പ്രഖ്യാപിച്ചതാണ്) നിരത്തിയിട്ടും പ്രതിരോധിച്ചുനിൽക്കുന്നുവെന്ന് മാത്രമല്ല, അയൽരാജ്യങ്ങളിൽ സ്വാധീനം തുടരാനും ഇറാന് കഴിയുന്നുവെന്നതാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്നത്.

അതിനാൽ, ഇത്തവണ അമേരിക്കയും ഇസ്രായേലും ചേർന്നുള്ള വൻ സൈനിക നീക്കം പേടിപ്പിച്ചുനിർത്താൻ മാത്രമാകില്ല. ഇറാനിൽ ഏറെയായി ഇസ്രായേലിന്റെ സ്വപ്നമായ അധികാരമാറ്റം കൂടി ഇതിന്റെ തുടർച്ചയായി നടപ്പാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഒരു പൈസ പോലും വിലയില്ലാത്ത റിയാലും പിടിച്ച് അവശ്യ സാധനങ്ങൾക്കായി തെരുവിൽ പ്രതിഷേധക്കാറ്റ് തീർത്ത ഇറാൻ ജനത പക്ഷേ, കെട്ടിയിറക്കപ്പെട്ട പഹ്‍ലവിമാർക്ക് കൂടെ നിൽക്കാൻ സാധ്യത കുറവാണ്. എന്നാലും, പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈക്ക് പോലും ഇനി സ്വസ്ഥമായി ഉറങ്ങാനാകില്ലെന്നാണ് നെതന്യാഹുവിന്റെ ഭീഷണി.

യുദ്ധം പശ്ചിമേഷ്യയുടെ ആകാശത്ത് മൂടിനിൽക്കെ ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിലെത്തി സൗഹൃദം കൂടുതൽ രൂഢമാക്കിയതും പാർലമെന്റിനെ അഭിസംബോധന നടത്തിയതുമെല്ലാം എന്തിനായിരുന്നെന്ന ചോദ്യവും ബാക്കി. ഇസ്രായേൽ ജനതക്കും രാജ്യത്തിനും നൽകിയ വലിയ സംഭാവനകൾക്ക് മെഡൽ ഓഫ് നെസെറ്റ് ഏറ്റുവാങ്ങിയാണ് മോദി മടങ്ങിയത്. ഏറെയായി ഫലസ്തീനികൾക്കൊപ്പം നിലയുറപ്പിച്ചിരുന്ന രാജ്യത്തിന്റെ നിലപാടിൽ വെള്ളം ചേർത്തതിന് മാത്രമാകുമോ പരമമായ ആദരമെന്ന് വ്യക്തമല്ല. സങ്കീർണവും പ്രതിസന്ധി നിറഞ്ഞതുമായ കാലത്ത് ഉറച്ച നിലപാടുമായി ഇസ്രായേൽ രാജ്യവുമായി ധീരവും ഉറച്ചതും സത്യസന്ധവുമായ സൗഹൃദത്തിന്റെ പ്രകടനമാണ് തന്റെ നയമെന്ന് ആദരം സമർപ്പിച്ച് പുറത്തിറക്കിയ വാർത്തക്കുറിപ്പ് പറയുമ്പോൾ അതിൽ എല്ലാമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarIran-USIran Israel Tensions
News Summary - A bombshell after a series of dramatic discussions
Next Story