Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുദ്ധഭ്രാന്ത് എന്ന...

യുദ്ധഭ്രാന്ത് എന്ന വിനാശകാല ബുദ്ധി

text_fields
bookmark_border
യുദ്ധഭ്രാന്ത് എന്ന വിനാശകാല ബുദ്ധി
cancel

പരിഷ്കൃതിയുടെയും വികസനത്തിന്‍െറയും അഭിമാനകരമായ യുഗത്തിലും യുദ്ധമെന്ന അപരിഷ്കൃതാശയത്തോടാണ് പലര്‍ക്കും ആഭിമുഖ്യം. നയതന്ത്രത്തിന്‍െറയും സംഭാഷണങ്ങളുടെയും ഭാഷ വശമില്ലാതെ  രണോത്സുകത ഉദ്ദീപിപ്പിക്കുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍. ടി.വി സ്റ്റുഡിയോകള്‍ക്കകത്തിരുന്നാണ് യുദ്ധപ്രഖ്യാപനങ്ങള്‍. ഒരുപക്ഷെ, സൈനിക ജനറല്‍മാരുടെ യൂനിഫോം അണിയാന്‍ അവതാരകരും വിദഗ്ധരും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ല. എന്നാല്‍, ശത്രുക്കളെ നേരിടാനുള്ള ധീരതയൊന്നും ഇവര്‍ പ്രകടിപ്പിക്കില്ല. യുദ്ധമുഖത്ത് മരിച്ചുവീഴാന്‍ സൈനികരും കെടുതികള്‍ സഹിക്കാന്‍ സാധാരണ ജനങ്ങളും  ഉണ്ടെന്നിരിക്കെ ശീതീകൃത സ്റ്റുഡിയോ റൂമുകളില്‍  ഇവര്‍ എന്തിന് പ്രാണഭയം അനുഭവിക്കണം?
ഇന്ത്യയും പാകിസ്താനും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നപക്ഷം അതിന്‍െറ പ്രത്യാഘാതം അതിര്‍ത്തിമേഖലയില്‍ മാത്രം പരിമിതപ്പെടുമെന്ന് കരുതാനാകില്ല. അതിന്‍െറ കെടുതികള്‍ ഇന്ത്യ ഉപഭൂഖണ്ഡം മുഴുക്കെ വ്യാപിക്കുകയും ചെയ്യും. ഏക വന്‍ശക്തി ഉള്‍പ്പെടെ നിരവധി ലോകരാജ്യങ്ങളുടെ ഇടപെടലാകും തുടര്‍ന്ന് അരങ്ങേറുക. ഇന്ത്യയില്‍ സൈനികതാവളങ്ങള്‍ പടുത്തുയര്‍ത്താന്‍ തുടര്‍ന്ന് അമേരിക്ക ശ്രമങ്ങള്‍ ആരംഭിക്കും.   വൈകാതെ ഇന്ത്യ സിറിയയോ, ഇറാഖോ, അഫ്ഗാനോ ആയി പരിണമിക്കുന്നതിന് ലോകം സാക്ഷിയാകും.
അമേരിക്കന്‍  സാമ്രാജ്യത്വത്തിന്‍െറ അധിനിവേശ അജണ്ടകളെ സംബന്ധിച്ച നോം ചോംസ്കിയുടെ കാഴ്ചപ്പാടുകള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തുപോകുന്നു.  സാമ്രാജ്യത്വ വികസനത്തിനുള്ള ഈ സൂത്രങ്ങള്‍ ആസൂത്രിതമായും ഘട്ടംഘട്ടവുമായാണ് അമേരിക്ക നടപ്പില്‍ വരുത്തുക. പടിപടിയായി ഓരോ രാജ്യവും അമേരിക്കയുടെ ചൊല്‍പ്പടിയിലാകും. ‘ഭീകരത മാത്രമല്ല  വര്‍ത്തമാനകാലഘട്ടം അഭിമുഖീകരിക്കുന്ന വലിയ ഭീഷണി’ എന്ന പക്ഷക്കാരനാണ് ചോംസ്കി. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന ആയുധപന്തയമാണ് കൂടുതല്‍ ഗൗരവപൂര്‍ണമായ ഭീഷണിയെന്നും അദ്ദേഹം താക്കീത് നല്‍കുന്നു. ഒരുപക്ഷെ, ആയുധപന്തയം എന്ന പദം പോലും ശരിയായ  പ്രയോഗമല്ളെന്ന് ചോംസ്കി വാദിക്കുന്നു. കാരണം അമേരിക്ക ഒറ്റക്ക് നടത്തുന്ന ആയുധങ്ങളുടെ കുന്നുകൂട്ടലിന് പന്തയം എന്നുവിശേഷിപ്പിക്കാനാകില്ല.
അമേരിക്കയുടെ ആയുധപദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളില്‍തന്നെ കാണാനാകും. ബഹിരാകാശത്തെ സൈനികവത്കരിക്കുന്നതിനുള്ള പദ്ധതി ‘ബാലസ്റ്റിക് മിസൈല്‍ പ്രതിരോധ പദ്ധതി’ (ബി.എം.ഡി) എന്ന പേരിലാണറിയപ്പെട്ടത്.  അന്യരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വീഴ്ത്താനും നിര്‍വീര്യമാക്കാനും അമേരിക്കക്ക്  അനായാസം സാധിക്കും. ലോകരാജ്യങ്ങളില്‍ മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന അമേരിക്ക ബഹിരാകാശത്തും മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഉന്നമിടുകയാണ്. അമേരിക്കന്‍ താല്‍പര്യ സംരക്ഷണത്തിന് അത്തരം പദ്ധതികള്‍ അനുപേക്ഷണീയമാണെന്ന് ബില്‍ ക്ളിന്‍റന്‍െറ ഭരണകാല രേഖകള്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
അപ്രസക്തമാക്കപ്പെടുന്ന സാര്‍ക്
ഉപഭൂഖണ്ഡത്തിലെ ഭരണകര്‍ത്താക്കളെയും ജനങ്ങളെയും പൊതുപ്ളാറ്റ്ഫോമില്‍ ഒരുമിപ്പിക്കുന്നതിനുള്ള പദ്ധതി എന്ന നിലയിലായിരുന്നു സാര്‍ക് രൂപം കൊണ്ടത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്‍െറ പ്രസക്തിക്കു മാത്രമല്ല, അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കുപോലും കോട്ടം സംഭവിച്ചിരിക്കുന്നു. ഇപ്പോഴത് ഒരു ഒൗപചാരിക വേദി മാത്രമായി ന്യൂനീകരിക്കപ്പെട്ടിരിക്കുകയാണ്. സാര്‍ക്കിന് സ്വല്‍പമെങ്കിലും ആര്‍ജവം ഉണ്ടായിരുന്നെങ്കില്‍ ഇന്നു കാണുന്ന സംഘര്‍ഷാന്തരീക്ഷം സംജാതമാകുമായിരുന്നില്ല. രണഭേരികള്‍ മുഴങ്ങുമായിരുന്നില്ല,  പ്രകോപന കൊലകള്‍ നടക്കുമായിരുന്നില്ല, വിദ്വേഷം പ്രചരിപ്പിക്കപ്പെടുമായിരുന്നില്ല,  നിലവിലെ ദു$സ്ഥിതിയെ കൂടുതല്‍ മോശമാക്കുന്ന സ്വകാര്യസേനകളുടെ വിളയാട്ടം അരങ്ങേറുമായിരുന്നില്ല.
ഇപ്പോഴത്തെ വിദ്വേഷഭരിതാന്തരീക്ഷം കലാകാരന്മാരെയാണ്് പിടികൂടിക്കൊണ്ടിരിക്കുന്നത്. കലാകാരന്മാരെയും ബുദ്ധിജീവികളെയും വകവരുത്താനും അടിച്ചോടിക്കാനുമുള്ള കാമ്പയിനുകള്‍ വന്‍ സ്വീകാര്യത നേടുന്നു. യുദ്ധസമാനമായ ഈ ദുരവസ്ഥ നമ്മെ എവിടേക്കാണ് നയിക്കുക? ഈ ചോദ്യത്തിന് മൗനം മാത്രമാണ് മറുപടി.
 വിഷലിപ്ത വാക്യങ്ങള്‍ ഉരുവിടുന്നവര്‍ക്കും യുദ്ധഭേരി മുഴക്കുന്നവര്‍ക്കുമാണ്  ഇന്ന് അരങ്ങുകളില്‍ സ്ഥാനം. കഴിഞ്ഞ ദിവസം ടെലിവിഷന്‍ പരിപാടിയില്‍, ഗുലാം അലി കടുത്ത ഇന്ത്യാ വിരുദ്ധനാണെന്ന്  ഒരാള്‍ തട്ടിവിടുന്നത് കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നുപോയി. ആ മഹാഗായകനുമായി അഭിമുഖ സംഭാഷണങ്ങള്‍ നടത്താന്‍ അവസരങ്ങള്‍ ലഭിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്‍െറ മഹാമനസ്കതയാണ് എനിക്കനുഭവപ്പെട്ടത്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് അത്യധികം വില കല്‍പിക്കുന്നതായി ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം എന്നെ അറിയിച്ചതും ഓര്‍മിക്കുന്നു. ഇന്ത്യയോടും ഇന്ത്യന്‍ ജനതയോടുമുള്ള സ്നേഹത്താല്‍ പ്രചോദിതനായാണ് അദ്ദേഹം ഇന്ത്യയില്‍ കച്ചേരികള്‍ നടത്താറുള്ളത്.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കലഹപ്രിയരായ വിവേകശൂന്യര്‍ ആശങ്കാജനകമായ അവസ്ഥക്ക് വിത്തുപാകുമ്പോള്‍ ആത്മാര്‍ഥമായ സമാധാനദൂതുകള്‍പോലും വൃഥാവിലായിക്കൊണ്ടിരിക്കും.

Show Full Article
TAGS:article 
Next Story