Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉര്‍ദുഗാന്‍...

ഉര്‍ദുഗാന്‍ ഉയരങ്ങളിലേക്ക്?

text_fields
bookmark_border
ഉര്‍ദുഗാന്‍ ഉയരങ്ങളിലേക്ക്?
cancel

ഭരണം അട്ടിമറിക്കുന്നതോടൊപ്പം റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഉന്മൂലനം ചെയ്യുകയെന്നതുകൂടി തുര്‍ക്കിയില്‍ ജൂലൈ 15ന് അരങ്ങേറിയ പട്ടാള അട്ടിമറിയുടെ ലക്ഷ്യമായിരുന്നത്രെ! വിപ്ളവശ്രമത്തിനു ചുക്കാന്‍പിടിച്ച ഫത്ഹുല്ല ഗുലനെ അമേരിക്ക പിന്തുണച്ചുവെന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കെ, ചുമലിലിരുന്നു ചെവിതിന്നാന്‍ തുടങ്ങിയ അമേരിക്കക്കെതിരെ ഉര്‍ദുഗാന്‍ പ്രതികരിച്ചെങ്കില്‍ അതില്‍ അസാംഗത്യമൊന്നുമില്ല. അങ്ങനെയാണ് ജൂലൈ 16നുതന്നെ ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും സംഭാഷണം നടത്തുന്നത്. റഷ്യയുടെ പിന്തുണ അട്ടിമറി അടിച്ചമര്‍ത്തുന്നതില്‍ ഉര്‍ദുഗാന് സഹായകമായി. സ്വാഭാവികമായും, താല്‍പര്യങ്ങളാണല്ളോ രാഷ്ട്രങ്ങളെ ഇണക്കുന്നതും പിണക്കുന്നതും! അപ്പോഴാണ് അമേരിക്ക തങ്ങളുടെ ചുവടുവെപ്പുകള്‍ പിഴച്ചെന്നു മനസ്സിലാക്കുന്നത്. ഇപ്പോള്‍, അമേരിക്ക തുര്‍ക്കിയുമായി ഒരു പുനസ്സമാഗമത്തിനു ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ തുര്‍ക്കിയിലെ ജനങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉര്‍ദുഗാനോടൊപ്പം അണിനിരന്നതാണ് ഗുലന്‍ അനുകൂലികളെയും അമേരിക്കയെയും അമ്പരപ്പിച്ചത്. പ്രധാന പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി ഉര്‍ദുഗാന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയോടൊപ്പം വെള്ളയും ചുവപ്പും കലര്‍ന്ന തുര്‍ക്കിയുടെ പതാക വഹിച്ച് ഇസ്ലാമിസ്റ്റായ ഉര്‍ദുഗാന്‍െറ റാലികളില്‍ അണിനിരന്നത് പാശ്ചാത്യ ശക്തികളെ വിസ്മയിപ്പിച്ചു. ഏതാണ്ട് ഇരുപതു ലക്ഷം ആളുകള്‍ ഒന്നിച്ചണിനിരന്ന ഐക്യദാര്‍ഢ്യ പ്രകടനം തുര്‍ക്കിയില്‍ ആദ്യത്തേതായിരുന്നു. മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉര്‍ദുഗാന്‍െറ ഭരണത്തിനെതിരെ എയ്തുവിട്ട ശരങ്ങളൊന്നും വിലപ്പോയില്ല. ലിബറലുകളെന്നറിയപ്പെടുന്ന പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി -അവരെ ക്ഷണിക്കാതെ മാറ്റിനിര്‍ത്തിയിട്ടും- വിപ്ളവശ്രമത്തെ അപലപിക്കുകയുണ്ടായി. ഇങ്ങനെ, ‘ഐകമത്യം മഹാബലം’ എന്നു തെളിയിക്കപ്പെട്ടത് ഉര്‍ദുഗാന് അനുഗ്രഹമായി. അതുള്‍ക്കൊണ്ടാണ് ചൈനയില്‍ ജി20 സമ്മേളനത്തിനത്തെിയ ഒബാമ ഉര്‍ദുഗാനെ അഭിനന്ദിച്ചതും ‘താങ്കളെ സുരക്ഷിതനായി ഞങ്ങളുടെകൂടെ ഈ വേദിയില്‍ കണ്ടുമുട്ടാനായതു സന്തോഷകരമാണെന്ന്’ പ്രസ്താവിച്ചതും.
പരസ്പരം പഴിചാരി നിലവിലുള്ള ബന്ധങ്ങള്‍ തന്നെയും ശിഥിലമാക്കുന്നതു രാജ്യതന്ത്രജ്ഞതയല്ല, അതു വിവേകശൂന്യമായ നിലപാടാണ്. ഇവിടെയാണ് ഉര്‍ദുഗാന്‍െറയും ഒബാമയുടെയും പുടിന്‍െറയുമൊക്കെ താന്താങ്ങളുടെ രാജ്യത്തോടുള്ള സ്നേഹവും ഭക്തിയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ദീര്‍ഘവീക്ഷണവും അവധാനതയും പ്രകടമാവുന്നത്. ന്യൂയോര്‍ക് ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ തുര്‍ക്കിയുടെ ഉപപ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുല്‍മൂശ് ഒബാമയുടെ വാക്കുകളില്‍ അനുരഞ്ജനത്തിന്‍െറ ഈണമുള്ളതായി വിലയിരുത്തുകയും അതിനനുസൃതമായി പ്രതികരിക്കുകയും ചെയ്തു. വിഫലമായ അട്ടിമറിശ്രമങ്ങളില്‍ അമേരിക്കയുടെ പങ്ക് നിരാകരിക്കുന്ന വിധമായിരുന്നു അദ്ദേഹത്തിന്‍െറ  പ്രസ്താവനകള്‍. ശത്രുത മറക്കാനും സൗഹൃദം വിരിയാനും അവസരമുണ്ടായാല്‍ അതുപയോഗപ്പെടുത്തുന്നതാണല്ളോ ബുദ്ധി. കാര്യങ്ങള്‍ നല്ലപോലെ അപഗ്രഥിക്കാനും യുക്തിസഹമായി ദീര്‍ഘവീക്ഷണം ചെയ്യാനും ഉര്‍ദുഗാനും സഹപ്രവര്‍ത്തകരും മെനക്കെടുന്നതിലൂടെ അമേരിക്കയുമായും റഷ്യയുമായും സന്തുലിതമായൊരു ബന്ധമാണ് തുര്‍ക്കി ആഗ്രഹിക്കുന്നതെന്ന് മനസ്സിലാകുന്നു. ഇതിന്‍െറ ഗുണദോഷങ്ങള്‍ ഭാവി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തേണ്ടതാണ്.
സൈനിക ശക്തിയും സാമ്പത്തിക ഭദ്രതയുമാണല്ളോ രാഷ്ട്രങ്ങള്‍ക്ക്  തലയെടുപ്പു നല്‍കുന്നത്. ഒരു കാലത്ത് യൂറോപ്യന്‍ യൂനിയന്‍െറ അംഗത്വത്തിനു വേണ്ടി ഓച്ചാനിച്ചു കാത്തിരിക്കുകയായിരുന്നു തുര്‍ക്കി. എന്നാല്‍, ഇന്നു തുര്‍ക്കി സ്വയംപര്യാപ്തമായൊരു ശക്തിയാണ്. ഓരോ വര്‍ഷവും ശരാശരി അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ച് തുര്‍ക്കി മുന്നേറിയപ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിനിരയാവുകയായിരുന്നു. അയല്‍ രാഷ്ട്രങ്ങളുമായി പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോവുകയെന്നതായിരുന്നു ഉര്‍ദുഗാന്‍െറ നയം. ഇതു തുര്‍ക്കിയില്‍ സമാധാനവും സമൃദ്ധിയും ഉളവാക്കി. അതിര്‍ത്തിയിലുള്ള കുര്‍ദ് വംശജരെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി.  ഇതൊക്കെയാണ്, മൂന്നാം തവണയും ഏതാണ്ട് അമ്പതു ശതമാനം വോട്ടുകള്‍ നല്‍കി ഉര്‍ദുഗാന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയതിനു കാരണമായത്.
തുര്‍ക്കിയുടെ സൈന്യം ശക്തമാണ്.  എന്നാല്‍, സൈന്യം എന്നും ഭരണകൂടത്തിനെതിരെ വിപ്ളവകാരികളെ പിന്തുണക്കുന്നത് പതിവായിരുന്നു. ഇന്ന്, ഭാഗ്യവശാല്‍ സൈന്യത്തിന്‍െറ നിയന്ത്രണം ഭരണകൂടത്തില്‍ -പ്രസിഡന്‍റില്‍- അര്‍പ്പിതമാണ്. അതിനാല്‍ ഇറാഖിലും സിറിയയിലും ഇറാനിലുമൊക്കെ അമേരിക്കയുടെ ഇംഗിതങ്ങള്‍ നടക്കണമെങ്കില്‍ ഉര്‍ദുഗാന്‍െറ  സഹായം ആവശ്യമാണ്. അമേരിക്കയുടെ ബ്ളാക്ക് ലിസ്റ്റിലുള്ള പി.കെ.കെയുമായും ഐ.എസുമായും പൊരുതുന്ന ശക്തി തുര്‍ക്കിയുടേതാണ്. ഇതാണ്, ഉര്‍ദുഗാനുമായി ഒരു പുനസ്സമാഗമത്തിന് ഒബാമയെ പ്രേരിപ്പിക്കുന്നത്.
സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെ നിലനിര്‍ത്തുകയെന്നത് റഷ്യയുടെ അഭിമാനപ്രശ്നമാണ്.  അവര്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ സിറിയയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഇതുവഴി റഷ്യയുടെ സൈനിക ശക്തി മെച്ചപ്പെടുത്താനും നയതന്ത്ര ബന്ധങ്ങള്‍ സുദൃഢമാക്കാനും വ്ളാദിമിര്‍ പുടിനു സാധിക്കും. ഐ.എസിനെ വകവരുത്തുകയാണ് ഇതിന്‍െറ ആദ്യപടി. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇറാഖിലും തുര്‍ക്കിയിലും ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത ഐ.എസ് ഏതുനിമിഷവും റഷ്യന്‍ നഗരങ്ങളില്‍ മിന്നലാക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. തുര്‍ക്കിയുടെ സൈനിക ശക്തികൊണ്ട് ഐ.എസിന്‍െറ ഭീഷണി എളുപ്പം നേരിടാനാവുമെന്ന് പുടിന്‍ കണക്കുകൂട്ടുന്നു. ആഗസ്റ്റ് ഒമ്പതിന് പുടിനും ഉര്‍ദുഗാനും സെന്‍റ്പീറ്റേഴ്സ്ബര്‍ഗില്‍ സന്ധിച്ചപ്പോള്‍ അതു തികച്ചും രണ്ട് ഉറ്റമിത്രങ്ങളുടെ പുനസ്സമാഗമമായാണ് നിരീക്ഷിക്കപ്പെട്ടത്.
ഉര്‍ദുഗാനെതിരെ നടന്ന അട്ടിമറിശ്രമം പരാജയപ്പെട്ടതില്‍ പാശ്ചാത്യശക്തികള്‍ ഉത്കണ്ഠാകുലരാണോ? പട്ടാള അട്ടിമറിക്കെതിരെയുണ്ടായ അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും തണുത്ത പ്രതികരണം സംശയങ്ങള്‍ക്കിടനല്‍കുകയുണ്ടായി. അട്ടിമറിക്കു പിന്നില്‍ അമേരിക്കയാണെന്നുതന്നെ ആരോപിക്കപ്പെട്ടു. സൈനികരെയും ഫത്ഹുല്ല ഗുലന്‍െറ അനുകൂലികളായ ഉദ്യോഗസ്ഥ പ്രഭുക്കളെയും പ്രമുഖരെയും അറസ്റ്റ്ചെയ്തപ്പോള്‍ അതിനെതിരെ പതിവിലേറെ ഉയരത്തിലാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഗര്‍ജിച്ചത്. എന്തിനധികം, തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ അംഗമാക്കാതിരിക്കാന്‍ ഇതു മതിയായ കാരണമാണെന്ന് ഫ്രാന്‍സ് പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍, ഇതുകൊണ്ടൊന്നുംതന്നെ ഉര്‍ദുഗാനെ വിരട്ടാനോ ഭയപ്പെടുത്താനോ അവര്‍ക്ക് സാധ്യമായില്ല.
റഷ്യയുമായി ചങ്ങാത്തത്തിലായ ഉര്‍ദുഗാന്‍ ഇറാനുമായും സൗഹൃദം പങ്കിടുമെന്നായപ്പോള്‍ അമേരിക്കക്കും ജര്‍മനിക്കും അങ്കലാപ്പായി. റഷ്യ ബശ്ശാര്‍ അല്‍അസദിനോടൊപ്പം നിലയുറപ്പിച്ചതോടെതന്നെ സിറിയയില്‍ അമേരിക്കയുടെ കാര്യം പരുങ്ങലിലായിരുന്നു. അതിനാല്‍, സിറിയയില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ അമേരിക്കക്ക് ഉര്‍ദുഗാന്‍ ആവശ്യമാണ്. ജര്‍മനിയിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹത്തിനു കടിഞ്ഞാണിടാനും തുര്‍ക്കിക്കേ സാധിക്കുകയുള്ളൂ. ഇതൊക്കെക്കൊണ്ടാണ് ജി20 സമ്മേളനം നടക്കുമ്പോള്‍ ഒബാമയും പുടിനും അംഗലാ മെര്‍കലും പ്രത്യേകം പ്രത്യേകം ഉര്‍ദുഗാനുമായി സംഭാഷണം നടത്തിയത്.
ഉര്‍ദുഗാനെ പട്ടാള അട്ടിമറി കൂടുതല്‍ ഊര്‍ജസ്വലനാക്കിയിരിക്കുന്നു. സ്വന്തം ഉത്തരവാദിത്തങ്ങള്‍ ബോധ്യമുള്ളതോടൊപ്പം മറ്റുള്ളവരുടെ കൈയിലിരിപ്പ് മനസ്സിലാക്കാനുള്ള തന്ത്രജ്ഞതയും ഉര്‍ദുഗാന്‍ പ്രകടമാക്കുന്നു. പ്രശ്നങ്ങളില്‍ അകപ്പെട്ട് ഒറ്റപ്പെടുന്നതിനു പകരം വെല്ലുവിളികളെ നേരിടാനും പ്രതിസന്ധികള്‍ പരിഹരിക്കാനുമുള്ള പാടവമാണ് അദ്ദേഹം പ്രകടമാക്കിയിരിക്കുന്നത്. ഇസ്തംബൂളില്‍ സമ്മേളിച്ച ഇരുപതു ലക്ഷം ജനങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം പ്രസ്താവിച്ചു:
‘അട്ടിമറിക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ തുര്‍ക്കി വികസനത്തിന്‍െറ പാതയില്‍ മുന്നേറുന്നതാണ്. ഭരണകൂടത്തില്‍ നുഴഞ്ഞുകയറിയവര്‍ അതോടെ നമുക്കൊരു ഭാരമായിരിക്കില്ല. ആര്‍ക്കും അവഗണിക്കാന്‍ സാധിക്കാത്തൊരു ശക്തിയായി തുര്‍ക്കി തലയുയര്‍ത്തിനില്‍ക്കും. നിലവിലുള്ള വന്‍ശക്തികള്‍ അവരെക്കാള്‍ വലുതാണ് ലോകം എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്.’

Show Full Article
TAGS:urdugan 
Next Story