Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപേവിഷബാധ:...

പേവിഷബാധ: പ്രതിരോധത്തില്‍ അനാസ്ഥ അരുത്

text_fields
bookmark_border
പേവിഷബാധ: പ്രതിരോധത്തില്‍ അനാസ്ഥ അരുത്
cancel

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും മാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. ഒരിക്കല്‍ രോഗബാധയേറ്റ് കഴിഞ്ഞാല്‍ മരണം സുനിശ്ചിതമാണ്. മനുഷ്യരില്‍ ഈ രോഗത്തെ ഹൈഡ്രോഫോബിയ അഥവാ ജലഭീതി എന്ന് വിളിക്കുന്നു. എന്നാല്‍, മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രസക്തമാണ്. വെള്ളം കാണുമ്പോള്‍ മനുഷ്യരോഗിയില്‍ കാണുന്ന ഭീതി മൃഗങ്ങളില്‍ പ്രകടമാവുന്നില്ല. ഉഷ്ണരക്തമുള്ള മൃഗങ്ങള്‍ക്കെല്ലാം റാബിസ് പിടിപെടാറുണ്ടെങ്കിലും നായ, കുറുക്കന്‍, ചെന്നായ്, സ്കങ്ക്, പൂച്ച എന്നീ മാംസഭോജി മൃഗങ്ങള്‍ക്കാണ് റാബിസ് സാധാരണ പിടിപെടുന്നത്. കാട്ടുമൃഗങ്ങളില്‍ കുറുക്കനാണ് മുഖ്യ രോഗവാഹി. തെക്കേ അമേരിക്ക, മെക്സികോ എന്നീ രാജ്യങ്ങളില്‍ വാമ്പയര്‍ കടവാതിലുകള്‍ രോഗം പരത്തുന്നു.

എന്നാല്‍, ഈ പക്ഷികളില്‍ പറയത്തക്ക രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. പേവിഷബാധക്ക് ഹേതുവാകുന്നത് നാഡിയാനുവര്‍ത്തിയായ ഒരുതരം വൈറസ് ആണ്. ഈ വൈറസ് നാഡികളില്‍ മാത്രമല്ല ഉമിനീര്‍ ഗ്രന്ഥികളിലും ഉമിനീരിലും പ്രത്യക്ഷപ്പെടുന്നു. മൂത്രം ശുക്ളം, രക്തം, പാല്‍ തുടങ്ങിയ ശരീരദ്രവങ്ങളിലും വൈറസിനെ കാണാറുണ്ട്. സൂര്യപ്രകാശവും താപവും വൈറസിനെ നശിപ്പിക്കുന്നു.
രോഗാണുക്കള്‍ ശരീരത്തില്‍ കടന്നതിനുശേഷം രോഗലക്ഷണങ്ങള്‍ കാണിക്കുന്നതുവരെയുള്ള കാലത്തെ ഇന്‍ക്യുബേഷന്‍ പിരിയഡ് എന്ന് പറയുന്നു.

തൊലിയില്‍ പോറലുള്ള സ്ഥലത്ത് പേനായ്ക്കള്‍ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്. മുറിവിനും മസ്തിഷ്കത്തിനും ഇടക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇന്‍ക്യുബേഷന്‍ കാലം കുറഞ്ഞിരിക്കും. നായ്ക്കളില്‍ ഇന്‍ക്യുബേഷന്‍ കാലം മൂന്നു മുതല്‍ എട്ട് ആഴ്ചവരെയാണ്. നാഡിയറ്റങ്ങളെ പിടികൂടുന്നതിന് മുമ്പ് നിക്ഷേപസ്ഥലത്ത് രണ്ടു ദിവസത്തോളം കിടന്ന് വൈറസുകള്‍ പെരുകുന്നു. അതുകൊണ്ടാണ് ഇമ്യൂണ്‍ സിറം 48 മണിക്കൂറിനകം കൊടുക്കണമെന്ന് പറയുന്നത്. റാബിസ് ബാധിച്ച എല്ലാ നായ്ക്കള്‍ക്കും രോഗം പരത്താന്‍ കഴിവില്ല. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗബാധിത മൃഗങ്ങളില്‍ 30 മുതല്‍ 40 ശതമാനം നായ്ക്കളുടെയും ഉമിനീരില്‍ വൈറസുകള്‍ കാണുന്നില്ല.

രോഗലക്ഷണങ്ങള്‍

നായ്ക്കളില്‍ രോഗലക്ഷണങ്ങള്‍ പ്രധാനമായും രണ്ടുതരത്തില്‍ കണ്ടുവരുന്നു. ക്രൂര രൂപവും (ഫ്യൂറിയസ് ഫോം), മൂകരൂപവും (ഡമ്പ് ഫോം). ക്രൂരരൂപത്തില്‍ രോഗംബാധിച്ച മൃഗങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇത് നാലോ അഞ്ചോ ദിവസം നീണ്ടുനിന്നേക്കാം. രോഗം ബാധിച്ച നായ്ക്കള്‍ അനുസരണയില്ലാതെ ഇരുണ്ട മൂലകളില്‍ പോയി ഒളിച്ചുനില്‍ക്കുകയും ശബ്ദം, വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കല്‍പിക വസ്തുക്കളെ കടിക്കുന്നു. മരം, കല്ല്, മണ്ണ്, കാഷ്ഠം എന്നിവ തിന്നുന്നതായി കാണാം. തുടര്‍ന്ന് അലഞ്ഞുനടക്കാന്‍ തുടങ്ങുകയും മനുഷ്യരെയും മറ്റ് മൃഗങ്ങളെയും കടിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ നായ് കുരച്ചാണ് കടിക്കുക. എന്നാല്‍, പേവിഷബാധയേറ്റ നായ്ക്കള്‍ കുരക്കാതെ കടിക്കുന്നു. ഉമിനീരൊലിപ്പിക്കല്‍ ധാരാളമായി കാണാം. കഴുത്തിലെയും താടിയിലെയും മാംസപേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്നതിനാല്‍ വെള്ളവും ഭക്ഷണ സാധനങ്ങളും ഇറക്കാന്‍ വിഷമം നേരിടുന്നു. കുരക്കുന്ന ശബ്ദത്തിലും വ്യത്യാസം കാണാം. നേത്രങ്ങള്‍ ചുമന്നിരിക്കും. ക്രമേണ തളര്‍ച്ച ബാധിച്ച മൃഗങ്ങള്‍ ചത്തുപോവുന്നു.

മറ്റൊരു രൂപമായ മൂകരൂപത്തില്‍ തളര്‍ച്ചയും ഉറക്കവുമാണ് പ്രധാന ലക്ഷണം. വായില്‍നിന്ന് ഉമിനീര്‍ ഒലിച്ചുകൊണ്ടിരിക്കുക, കീഴ്ത്താടി തൂങ്ങിക്കിടക്കുക, മുഖത്തിന്‍െറ മ്ളാനഭാവം എന്നിവ ഇത്തരുണത്തില്‍ കാണാം. പൂച്ചകളില്‍ മൂകഭാവവും ശൗര്യഭാവവും കാണാം. ഒന്നോ രണ്ടോ ദിവസം ഒളിവില്‍ കഴിഞ്ഞ പൂച്ച ആക്രമാസക്തിയോടെയാവും പുറത്തിറങ്ങുക. വിക്ഷോഭത്തിന്‍െറ കാലം കഴിഞ്ഞാല്‍ അംഗങ്ങള്‍ ഓരോന്നായി തളര്‍ന്ന് പൂച്ച ചത്തുവീഴുന്നു.

കന്നുകാലികളില്‍ റാബിസ് ക്രുദ്ധരൂപത്തിലാണ് സാധാരണയായി കാണുന്നത്. മൃഗം ആക്രമണകാരിയാവുകയും കുത്തുകയും നിലത്ത് മാന്തുകയും ചെയ്യുന്നു. കെട്ടിയ കയര്‍ കടിക്കുകയും പല്ലുകള്‍ കൂട്ടിഉരുമ്മുന്നതും കാണാം. വായില്‍നിന്ന് ഉമിനീര്‍ ഒഴുകിക്കൊണ്ടിരിക്കും. കൂടക്കൂടെ മൂത്രമൊഴിക്കുകയും കരയുകയും ചെയ്യുന്നു. ക്രമേണ പിന്‍ഭാഗത്തിന് തളര്‍ച്ച ബാധിക്കുന്നതിനാല്‍ നടക്കാന്‍ പ്രയാസം നേരിടുന്നു.
പ്രതിരോധമാര്‍ഗങ്ങള്‍

പേപ്പട്ടി വിഷബാധ തടയാനായി അലഞ്ഞുനടക്കുന്ന അക്രമകാരികളായ നായ്ക്കളെ നിയന്ത്രിക്കണം. എല്ലാ നായ്ക്കള്‍ക്കും രോഗപ്രതിരോഗ കുത്തിവെപ്പ് നടത്തി ലൈസന്‍സ് ഏര്‍പ്പെടുത്തണം. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുപ്പിക്കണം. പ്രതിരോധ കുത്തിവെപ്പ് എടുത്ത നായെ രോഗബാധയുള്ള നായോ മറ്റോ കടിച്ചാല്‍ ചികിത്സാകുത്തിവെപ്പുകള്‍ ചെയ്യിക്കണം. ഇതിനുള്ള സൗകര്യം സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും ഉണ്ട്. ചികിത്സാ കുത്തിവെപ്പ് കഴിഞ്ഞ് ഇരുപതോളം ദിവസങ്ങള്‍ക്കുശേഷമേ പൂര്‍ണമായ പ്രതിരോധശക്തിയുണ്ടാവുകയുള്ളൂ.

 

Show Full Article
TAGS:docs 
Next Story