Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവരുക, ഈ താഴ്വരയിലെ...

വരുക, ഈ താഴ്വരയിലെ രക്തം കാണ്‍ക!

text_fields
bookmark_border
വരുക, ഈ താഴ്വരയിലെ രക്തം കാണ്‍ക!
cancel

പതിനെട്ട് ജവാന്മാരുടെ ജീവന്‍ കവര്‍ന്ന ഉറി ക്യാമ്പ് ആക്രമണത്തിനുശേഷം കശ്മീരിലെ സേനാവിന്യാസം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. നേരത്തേതന്നെ അമിത സൈനിക സാന്നിധ്യത്താല്‍ ജനജീവിതം ദുരിതമയമായിത്തീര്‍ന്ന സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു എന്ന് സാരം. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖുര്‍റം പര്‍വേസിനെ അറസ്റ്റ് ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അതിന്‍െറ ജനാധിപത്യവിരുദ്ധ സ്വഭാവം ഒന്നുകൂടി തെളിയിച്ചു കാട്ടുകയുമുണ്ടായി. വര്‍ഷങ്ങളായി കശ്മീരിലെ യാഥാര്‍ഥ്യങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തുവരുന്ന ആക്ടിവിസ്റ്റിനെ പൊടുന്നനെ അറസ്റ്റ് ചെയ്യാന്‍ മാത്രം അദ്ദേഹത്തില്‍നിന്ന് വിശേഷിച്ച് വല്ല പ്രകോപനവും ഉണ്ടായോ? ജനങ്ങളെ പേടിപ്പിച്ച് നിശ്ശബ്ദരാക്കാനുള്ള ഭരണകര്‍ത്താക്കളുടെ മറ്റൊരു തന്ത്രം മാത്രമാണിത്. ദുരിതങ്ങളും മര്‍ദനങ്ങളും വെടിവെപ്പുകളും സംഭവിച്ചെന്നിരിക്കും. പക്ഷേ, അവയെ സംബന്ധിച്ച് ഒരക്ഷരവും ഉരിയാടേണ്ടതില്ല’ എന്ന മുന്നറിയിപ്പാണ് പര്‍വേസിന്‍െറ അറസ്റ്റിലൂടെ അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.

തുറന്ന കാരാഗൃഹം പോലെയാണിപ്പോള്‍ കശ്മീര്‍. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം നാള്‍ക്കുനാള്‍ കൂടുതല്‍ വ്യാപകവും ശക്തവുമായതോതില്‍ ദുരന്താത്മകമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. കശ്മീര്‍ ജനതയുടെ സമകാല തിക്താനുഭവങ്ങളുടെ നേര്‍സാക്ഷ്യമായ ഡോക്യുമെന്‍ററി ചിത്രം കാണാന്‍ ചൊവ്വാഴ്ച എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ‘സോസ് എ ബല്ലാഡ് ഓഫ് മെലഡീസ്’ എന്ന ശീര്‍ഷകത്തില്‍ തുഷാര്‍ മാധവും സര്‍വനിക് കൗറും ചേര്‍ന്നൊരുക്കിയ ഈ ചിത്രത്തെ സമീപകാലത്ത് കാണാന്‍ കഴിഞ്ഞ ഏറ്റവും മികച്ച ഡോക്യുമെന്‍ററി എന്ന് നിസ്സംശയം വിശേഷിപ്പിക്കാനാകും.

കശ്മീരിലെ വിഖ്യാതകവി സരീഫ് അഹ്മദ് സരീഫിന്‍െറ മുഴക്കമാര്‍ന്ന ശബ്ദാഖ്യാനം ഡോക്യുമെന്‍ററിയെ അസാധാരണമാംവിധം തികവുറ്റതാക്കി മാറ്റിയിരിക്കുന്നു. ലോകത്തെ ഏറ്റവും സൈനിക സാന്ദ്രതയുള്ള ഈ ഭൂമേഖലയിലെ സംഘര്‍ഷഭരിതമായ മനുഷ്യജീവിതത്തിന്‍െറ നേര്‍ക്കാഴ്ചകള്‍ നെഞ്ചിടിപ്പോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ വയ്യ.

നേരത്തേ ശ്രീനഗറില്‍വെച്ച് രണ്ട് സന്ദര്‍ഭങ്ങളില്‍ സരീഫ് അഹ്മദുമായി അഭിമുഖസംഭാഷണം നടത്താന്‍ എനിക്ക് അവസരം കിട്ടിയിരുന്നു.  വിസ്മയജനകമാണ് അദ്ദേഹത്തിന്‍െറ കവനവൈഭവം. എന്നാല്‍, ഈ ഡോക്യുമെന്‍ററിയില്‍ കവിയായല്ല അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സഹജീവികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ ആഖ്യാതാവ് എന്ന നിലയില്‍ മാത്രമാണ്. അദ്ദേഹത്തോടൊപ്പം കാര്‍ട്ടൂണിസ്റ്റ് മീര്‍ സുഹൈല്‍, മാധ്യമപ്രവര്‍ത്തകന്‍ അനീസ് സര്‍ഗര്‍, രണ്ട് കശ്മീര്‍ യുവാക്കള്‍, ബംഗളൂരുവില്‍ രൂപംനല്‍കിയ റോക് ഗാനസംഘമായ ‘പര്‍വാസി’ലെ അംഗങ്ങള്‍ തുടങ്ങി ഭിന്ന സാംസ്കാരികമേഖലയെ പ്രതിനിധാനം ചെയ്യുന്ന കശ്മീരികളും പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയ ജീവിതത്തെക്കാള്‍ സാംസ്കാരിക ജീവിതത്തിന് ഊന്നല്‍നല്‍കുന്ന ഡോക്യുമെന്‍ററി. ഈ സിനിമയെ സംബന്ധിച്ച് നിര്‍മാതാക്കള്‍ നടത്തുന്ന പരാമര്‍ശം ശ്രദ്ധിക്കുക. ‘കശ്മീരിലെ സാംസ്കാരിക ജീവിതത്തിന്‍െറ സ്മൃതിധാരയിലേക്ക് ഒരത്തെിനോട്ടം നടത്തുകയാണ് ഞങ്ങള്‍. ലോകത്തെ ഏറ്റവും കൂടുതല്‍ സൈനികവത്കൃത മേഖലയായ ഇവിടത്തെ ചെറുത്തുനില്‍പ് സ്വരങ്ങളുടെ ധാരയും ഇതിലൂടെ ആഖ്യാനം ചെയ്യപ്പെടുകയാണ്. കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗം എന്ന പരമ്പരാഗത സങ്കല്‍പത്തെ മുന്‍നിര്‍ത്തിയുള്ള സാംസ്കാരിക നിര്‍മിതികള്‍ക്ക് വര്‍ത്തമാനഘട്ടത്തില്‍ ഏതുവിധം പാഠഭേദങ്ങള്‍ സംഭവിച്ചു എന്നും അവ ചെറുത്തുനില്‍പിന്‍െറ സര്‍ഗാവിഷ്കാരങ്ങളായി ഏതുവിധം രൂപാന്തരപ്പെട്ടുവെന്നും ഈ ചിത്രം കാഴ്ചക്കാരെ ബോധ്യപ്പെടുത്താതിരിക്കില്ല.’ മൂന്നുവര്‍ഷം മുമ്പായിരുന്നു തുഷാറും സര്‍വനികും കാമറകളും തൂക്കി ഷൂട്ടിങ്ങിനുവേണ്ടി കശ്മീരിലത്തെിച്ചേര്‍ന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും സേനാ ക്യാമ്പുകളിലും ചുറ്റിനടന്ന് സാംസ്കാരിക നായകരുമായും സാധാരണ ജനങ്ങളുമായും നിരന്തരം സംഭാഷണങ്ങള്‍ നടത്തിയും   സമ്പര്‍ക്കം പുലര്‍ത്തിയും ആയിരുന്നു ചിത്രസാക്ഷാത്കാരം. നിരന്തരമായ വേദനകളിലൂടെ കടന്നുപോകുന്ന കശ്മീര്‍ ജനതയുടെ അനിശ്ചിതത്വമാര്‍ന്ന ജീവിതപ്രതിസന്ധി അത്രയധികം ആശങ്ക ജനകമാണെന്ന് ഇരുവരും സ്ക്രീനിങ് വേളയില്‍ വിശദീകരിക്കുകയുണ്ടായി. ശ്രീനഗറിലെയും ന്യൂഡല്‍ഹിയിലെയും രാഷ്ട്രീയതാരങ്ങള്‍ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് ഈ ഡോക്യുമെന്‍ററിയുടെ പ്രധാനമേന്മ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അര്‍ഥശൂന്യമായ കപട വാഗ്ധോരണികളിലൂടെ ജനത്തെ  കബളിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സംവിധായകര്‍ അവസരം നല്‍കാതിരുന്നത് ഉചിതമായ പരിചരണരീതിയായി വാഴ്ത്തപ്പെടേണ്ടിയിരിക്കുന്നു.
അരാഷ്ട്രീയക്കാരായ ജനങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. കശ്മീര്‍ ജനതയുടെ ജീവിതക്രമം എങ്ങനെ അട്ടിമറിക്കപ്പെട്ടു

എന്നതിന്‍െറ യഥാര്‍ഥ ചിത്രം പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ ഈ പരിചരണരീതി തുണയാവുകയും ചെയ്യുന്നു. യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്ന നൈരാശ്യത്തിന്‍െറയും അപകര്‍ഷത്തിന്‍െറയും ആഴം ഇതുവഴി വെളിവാക്കപ്പെടുന്നു. കശ്മീര്‍ യുവാക്കള്‍ എന്തിന് കല്ലുകള്‍ ഏന്തുന്നു എന്ന സംശയത്തിന് ഡോക്യുമെന്‍ററി ഉത്തരം നല്‍കുന്നു. രോഷം പ്രകടിപ്പിക്കാനുള്ള യുവാക്കളുടെ ആയുധം എന്ന നിലയിലാണ് കല്ലുകള്‍ യുവഹസ്തങ്ങളില്‍ എത്തിച്ചേരുന്നത്. കൊടിയ പീഡനങ്ങളും സംഘര്‍ഷങ്ങളും ഒരു ജനതക്കുമേല്‍ കുമിയുമ്പോള്‍ ആ മേഖലയിലെ സംസ്കാരരീതികള്‍പോലും വഴിമാറിപ്പോകാമെന്ന സൂചനയും ഡോക്യുമെന്‍ററി പ്രേക്ഷകന് നല്‍കുന്നു.

ശൈഖ് അബ്ദുല്ലമാരും നെഹ്റുമാരും കശ്മീരികള്‍ക്ക് നല്‍കിയ മഹത്തായ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ എവിടെ? കശ്മീര്‍ ലയന പശ്ചാത്തലത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പ്രഖ്യാപിച്ചത് ഇപ്രകാരമായിരുന്നു. ‘ഈ ലയനം ഒരു നിര്‍ബന്ധദാമ്പത്യമായി കണക്കാക്കപ്പെട്ടില്ല’. പക്ഷേ, കടുത്ത നിര്‍ബന്ധങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഘട്ടമായി മാത്രമാണ് വര്‍ത്തമാന രാഷ്ട്രീയ സന്ദര്‍ഭം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത്.
കശ്മീര്‍ ജനത ഒന്നടങ്കം തീരാവ്യഥകളുടെ പ്രളയത്തിലേക്ക് എങ്ങനെ എടുത്തെറിയപ്പെട്ടുവെന്ന് രാഷ്ട്രീയ സീല്‍ക്കാരങ്ങളില്ലാതെ ബോധ്യപ്പെടുത്തുന്നതില്‍ ഈ ഡോക്യുമെന്‍ററി വിജയം വരിച്ചിരിക്കുന്നു. കണ്ടുമടങ്ങിയശേഷവും ആ ചിത്രം നിങ്ങളുടെ ഹൃദയത്തെ മഥിച്ചുകൊണ്ടിരിക്കും. സത്യസന്ധമായ ഒരു സര്‍ഗാത്മക മുന്നേറ്റമായി ഈ ചിത്രം അംഗീകാരം നേടാതിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflict
Next Story