‘നരനും നരനും തമ്മില്‍
സാഹോദര്യമുദിക്കണം
അതിനു വിഘ്നമായുള്ളതെല്ലാം
ഇല്ലാതെയാക്കണം’
ഈ ഒറ്റ കവിതാശകലം മാത്രം മതിയാകും ശ്രീനാരായണഗുരു എന്ന നവോത്ഥാന നായകന്‍ ഉയര്‍ത്തിപ്പിടിച്ച മാനവിക ദര്‍ശനത്തിന്‍െറ പൊരുളറിയാന്‍. ജാതി-മത-വര്‍ഗഭേദങ്ങള്‍ക്കെതിരെ മാനവിക സാഹോദര്യത്തെ ഉയര്‍ത്തിപ്പിടിച്ച ആ മഹായോഗിയുടെ 88ാം സമാധിദിനത്തില്‍ കേരളീയര്‍ മാത്രമല്ല ഇന്ത്യയൊന്നടങ്കം ഈ ദര്‍ശനത്തിന്‍െറ പ്രസക്തി ഗ്രഹിക്കേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുവും ഇതര നവോത്ഥാന നായകരും ഉന്മൂലനംചെയ്ത ജാത്യാചാരങ്ങളും ഇതര നീചതകളും പുനരാനയിക്കപ്പെടുകയും ദലിത് കീഴാള വിഭാഗങ്ങളും സ്ത്രീജനങ്ങളും കൂടുതല്‍ അടിച്ചമര്‍ത്തലിനിരയാവുകയും ചെയ്യുന്ന ദു$സ്ഥിതി വീണ്ടും ഗുരുദര്‍ശനങ്ങളുടെ പ്രസക്തിയും വൈശിഷ്ട്യവുംതന്നെയാണ് വിളംബരം ചെയ്യുന്നത്.
തങ്ങള്‍ ജീവിച്ചിരുന്ന സമുദായത്തിന്‍െറയും നാടിന്‍െറയും കാലത്തിന്‍െറയും പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണംചെയ്യാനും അവകാശങ്ങള്‍ നിറവേറ്റാനുമുതകുന്ന ജ്ഞാനാവലികള്‍ അവതരിപ്പിക്കുക എന്ന മഹദ്വ്യക്തിത്വങ്ങളുടെ ധര്‍മം നിതാന്ത പരിശ്രമങ്ങളിലൂടെ വിജയകരമായി നിര്‍വഹിച്ച യുഗപുരുഷനായിരുന്നു അദ്ദേഹം. താന്‍ ജനിച്ച കാലഘട്ടത്തില്‍ നിലനിന്ന സാമൂഹികാനാചാരങ്ങള്‍, ജാതിഭേദങ്ങള്‍, അധ$സ്ഥിത-കീഴാളമര്‍ദനങ്ങള്‍, അയിത്തം, തീണ്ടല്‍ തുടങ്ങിയ മനുഷ്യത്വരഹിതമായ സമ്പ്രദായങ്ങള്‍ ആയിരുന്നു ഗുരുവിലെ മാനവിക ദര്‍ശനങ്ങള്‍ക്ക് രൂപംനല്‍കിയത്. കേരളത്തിലെ ഈഴവ സമുദായത്തിന്‍െറ മാത്രം പരിഷ്കര്‍ത്താവായി ഗണിക്കുന്നത് ശരിയല്ല.
കേരളത്തിന്‍െറ ഒട്ടാകെയുള്ള പുരോഗതിക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്‍െറ ധീരമായ ആഹ്വാനങ്ങള്‍. പടിപടിയായി വളര്‍ന്നുവരേണ്ട ജനാധിപത്യ രൂപത്തിന്‍െറ ആദ്യഘട്ടത്തെ ശക്തിപ്പെടുത്താന്‍ ഗുരുവിന് സാധിക്കുകയുണ്ടായി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ വിവിധ ജാതിക്രമത്തില്‍ വിഭജിക്കപ്പെട്ടു കിടന്നാല്‍ സാമ്പത്തിക വികാസത്തിനുള്ള സമരങ്ങള്‍ ലക്ഷ്യം കൈവരിക്കില്ളെന്ന് അദ്ദേഹത്തിനു ബോധ്യമായിരുന്നു. അതുകൊണ്ടുതന്നെ ജാതിവിരുദ്ധ നീക്കത്തിലൂടെ ഏറ്റവും വിപ്ളവകരമായ പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.
ആധുനിക വിദ്യാഭ്യാസത്തില്‍ ശ്രദ്ധചെലുത്താനും വ്യവസായികാഭിവൃദ്ധി കൈവരിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാകാനും ഇതോടൊപ്പം അദ്ദേഹം ജനങ്ങള്‍ക്ക് ഉപദേശം നല്‍കി. ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും പേരില്‍ നടത്തുന്ന ധൂര്‍ത്തുകളെ ഗുരു എതിര്‍ത്തു. ആ രീതിയില്‍ പണം ദുര്‍വ്യയം ചെയ്യാതെ പകരം വിദ്യാപീഠങ്ങളും തൊഴിലിടങ്ങളും നിര്‍മിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. താലികെട്ട്, പുളികുടി തുടങ്ങിയവയോടനുബന്ധിച്ച സദ്യകള്‍ അദ്ദേഹം നിര്‍ത്തലാക്കി. മഹാന്മാര്‍ക്കിടയില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മഹാരഥന്‍െറ സന്ദേശങ്ങള്‍ വേണ്ടരീതിയില്‍ ആന്തരവത്കരിക്കാന്‍ കേരളത്തിനു സാധിക്കുകയുണ്ടായോ എന്നതാണ് ഈ സന്ദര്‍ഭത്തില്‍ നാം ആലോചിക്കേണ്ട കാര്യം.