Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസൗമ്യവധം: തെളിവുകള്‍...

സൗമ്യവധം: തെളിവുകള്‍ വിശകലനം ചെയ്തതില്‍ വീഴ്ച

text_fields
bookmark_border
സൗമ്യവധം: തെളിവുകള്‍ വിശകലനം ചെയ്തതില്‍ വീഴ്ച
cancel

സൗമ്യ കേസില്‍ കൊലക്കുറ്റം ഒഴിവാക്കി സുപ്രീംകോടതിയുടെ വിധിയുണ്ടാകാന്‍ കാരണം തെളിവുകള്‍ വിശദമായി വിശകലനം ചെയ്യുന്നതില്‍ സുപ്രീംകോടതി ബെഞ്ചിനുണ്ടായ പിഴവാണെന്നതില്‍ സംശയമില്ല. വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈകോടതിയും ശരിവെച്ചിരിക്കെ അപ്പീലില്‍ കടകവിരുദ്ധമായ തീരുമാനം സുപ്രീംകോടതിയില്‍നിന്നുണ്ടാകണമെങ്കില്‍ തക്കതായ കാരണങ്ങള്‍ അതിനുണ്ടാകേണ്ടിയിരുന്നു. കീഴ്കോടതികളുടെ വിധികള്‍ അബദ്ധജടിലമാണെങ്കില്‍ മാത്രമേ ഇത്തരമൊരു ഇടപെടല്‍ സാധ്യമാകൂവെന്നിരിക്കെ അതിന് വിപരീതമായി വിധിയുണ്ടാകാന്‍ മതിയായ ഒരു കാരണവും കാണുന്നില്ല. അല്ളെങ്കില്‍ ഗുരുതരമായ നിയമപ്രശ്നം കീഴ്കോടതികളുടെ വിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകണം. അത്തരമൊരു പ്രശ്നവും കീഴ്കോടതികളുടെ വിധിയിലുണ്ടായിട്ടുമില്ല.

 കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതിയായ ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. ഇതിനെല്ലാം അടിസ്ഥാനമായി ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കാന്‍ കീഴ്കോടതികള്‍ക്ക് മുഖ്യപ്രേരകമായത് ഈ ശാസ്ത്രീയ തെളിവുകള്‍തന്നെയാണ്. സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നവയാണ് ഈ തെളിവുകള്‍. അതുകൊണ്ടുതന്നെയാണ് വിചാരണ കോടതി ഉത്തരവ് ഒരു തര്‍ക്കത്തിനുമിടയാക്കാതെ ഹൈകോടതി ശരിവെച്ചതും. സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതാണെന്നത് ശാസ്ത്രീയമായി കീഴ്കോടതികളില്‍ തെളിയിച്ചിട്ടുള്ളതാണ്. സൗമ്യ ട്രെയിനില്‍നിന്ന് ദൂരേക്ക് കൈകുത്തി വീഴുകയായിരുന്നു. മറ്റാരെങ്കിലും ശക്തമായി തള്ളാതെ ട്രെയിനില്‍നിന്ന് അത്ര ദൂരേക്ക് അതേ രീതിയില്‍ തെറിച്ചുവീഴില്ല. സ്വയം ചാടുകയോ വീഴുകയോ ചെയ്താല്‍  നേരെ ട്രെയിനിന് അടിയിലേക്കായിരിക്കും പതിക്കുകയെന്ന വാദവും കീഴ്കോടതികള്‍ ശരിവെച്ചിരുന്നു. ട്രെയിനില്‍ ഗോവിന്ദച്ചാമി അക്രമാസക്തനായിരുന്നുവെന്ന് തെളിയിക്കുന്ന സഹയാത്രികന്‍െറ വ്യക്തമായ സാക്ഷിമൊഴിയുണ്ട്.

എറണാകുളത്തുനിന്ന് ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ തനിക്ക് നേരെ പ്രതി ഗോവിന്ദച്ചാമി തുറിച്ചുനോക്കുന്നതായി സൗമ്യ സഹയാത്രികയോട് പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിയുടെ ആക്രമണം ട്രെയിനിനകത്തുവെച്ച് സൗമ്യക്ക് നേരെ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണിവ.  എന്നാല്‍, ഈ തെളിവുകളൊന്നും പരിഗണിക്കാതെയാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ സംശയമുന്നയിക്കുകയും ചോദ്യമുയര്‍ത്തുകയും ചെയ്തത്. അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ തറപ്പിച്ചു പറയുന്നുണ്ട്. ബെഞ്ചിന്‍െറ ഭാഗമായ ഒരു ജഡ്ജ് ഇതെല്ലാം എഴുതിയെടുക്കുകയും ചെയ്തുവത്രെ. എന്നിട്ടും ഇത്തരമൊരു വിധി സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായതിന് പൊതുതെളിവുകളുടെ വിശകലനത്തിലുണ്ടായ പിഴവുതന്നെ കാരണം.

പ്രോസിക്യൂഷന്‍ കൃത്യമായ മറുപടികള്‍ നല്‍കിയെന്ന് പറയുമ്പോള്‍പോലും ഇത്രയേറെ ഗൗരവമായ ഒരു കേസ് കൈകാര്യം ചെയ്യേണ്ട രീതിയിലല്ല, സര്‍ക്കാര്‍ ഇതിനെ സമീപിച്ചതെന്നതും മറച്ചുവെക്കാനാവില്ല. ഹൈകോടതി വിധിക്കെതിരെ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ എന്നെയായിരുന്നു. മുന്‍ കേരള ഹൈകോടതി ജസ്റ്റിസായിരുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ തോമസ് പി. ജോസഫിനെയാണ് പ്രോസിക്യൂഷന് വേണ്ടി വാദം നടത്താന്‍ ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തിന്‍െറ സ്റ്റാന്‍ഡിങ് കൗണ്‍സിലായ ജോജി സ്കറിയയെയും തൃശൂരില്‍ പ്രോസിക്യൂഷന് വേണ്ടി വാദം നടത്തിയ അഭിഭാഷകനെ സഹായിയായി സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്തി പരിചയസമ്പന്നരായ അഭിഭാഷകസംഘത്തെയുണ്ടാക്കി. കേസിന് സഹായങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥ സംഘത്തെയും സര്‍ക്കാറിനെ സഹായിക്കാനായി ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ പ്രോസിക്യൂഷന് വേണ്ടി വിചാരണ കോടതിയില്‍ ഹാജരായ അഭിഭാഷകനെക്കാള്‍ ജൂനിയറായ അഭിഭാഷകനാണ് സംസ്ഥാനത്തിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സിലായി സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്. കേസ് നടത്തിപ്പിന് സഹായായിവെച്ചിരുന്ന വിചാരണ കോടതിയിലെ പ്രോസിക്യൂട്ടറെയും തുടര്‍ന്ന് കേസില്‍നിന്ന് ഒഴിവാക്കി.

അപ്പീലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥസംഘത്തിനും പിന്നീട് കാര്യമായി ഒന്നും ചെയ്യേണ്ടിവന്നില്ല. ഒട്ടേറെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന വിധിക്ക് കാരണമായേക്കാവുന്ന പൊതുജനങ്ങള്‍ ഉറ്റുനോക്കുന്ന സുപ്രധാനമായ കേസെന്ന നിലയിലുള്ള സമീപനം സര്‍ക്കാറില്‍നിന്നുണ്ടായില്ല. സുപ്രീംകോടതിയില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെങ്കിലും മറുപടിയിലുണ്ടായ ന്യൂനതകള്‍ പരിഹരിക്കാന്‍ ഈ കേസുമായി ബന്ധപ്പെട്ട് ഏറെ പരിചയമുള്ള അഭിഭാഷകരുടെയും ഉദ്യോഗസ്ഥരുടെയും സഹായം ആവശ്യത്തിന് തേടുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ വിധി മറ്റൊന്നായേനെ. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനൊപ്പം നില്‍ക്കുന്നതില്‍ സര്‍ക്കാറിന് തെറ്റുപറ്റി.

സുപ്രീംകോടതി വിധിക്കെതിരെ പോകാന്‍ ഇതിനപ്പുറം മറ്റൊരു കോടതി നിലവിലില്ല. അതിനാല്‍, സൗമ്യ കേസിലെ വിധി അന്തിമമായി മാറുകയാണ്. അതേസമയം, വിധി പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും റിവ്യൂ ഹരജി നല്‍കാനുള്ള അവസരമുണ്ട്. ഇതും തള്ളിയാല്‍ ക്യുറേറ്റിവ് ഹരജിയും നല്‍കാം. എന്നാല്‍, ഈ ഹരജികള്‍ കേള്‍ക്കുന്നത് ഇതേ ബെഞ്ചുകള്‍ തന്നെയാവും. എങ്കിലും നിയമപരമായ പരമാവധി തലം വരെ പോരാട്ടത്തിന് സര്‍ക്കാര്‍ തയാറാവുക തന്നെ വേണം. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട അപ്പീല്‍ ബെഞ്ച് എന്ന വിഷയം കൂടി ചര്‍ച്ചാവിഷയമാകുന്നുണ്ട്. വധശിക്ഷ, ജീവപര്യന്തം തടവ് എന്നിവ സംബന്ധിച്ച പരമോന്നത കോടതിയുടെ വിധി  ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാനുള്ള സൗകര്യം വേണമെന്ന ആവശ്യത്തിന് സൗമ്യ കേസിലെ വിധിയിലൂടെ വീണ്ടും പ്രസക്തിയേറിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഭാഗമായിതന്നെ ഇത്തരമൊരു ക്രിമിനല്‍ അപ്പീല്‍ ബെഞ്ച് വേണമെന്ന ആവശ്യം പണ്ടേ മുതലുണ്ട്. ഈ ആവശ്യമുന്നയിക്കുന്ന ഒരു ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. ഇത്തരമൊരു അവസരം ലഭിച്ചാല്‍ പുതിയ ബെഞ്ച് മുമ്പാകെ കേസ് പരിഗണനക്കത്തൊനുള്ള ഒരു അവസരംകൂടി ലഭിക്കുമെന്നത് നിസ്സാരകാര്യമല്ല.

സുപ്രീംകോടതി ഓഫ് ഇന്ത്യ എന്നതിനെക്കാള്‍ സുപ്രീംകോടതി ഓഫ് ഇന്ത്യന്‍സ് എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. പൊതുജന താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതാണ് സുപ്രീംകോടതി എന്ന സങ്കല്‍പത്തിലാണ് ഇത്തരമൊരു പ്രയോഗം നിലവില്‍വന്നത്. വിധികള്‍ക്ക് പൊതുജനസ്വീകാര്യത കൂടുമ്പോഴാണ് കോടതികള്‍ക്ക് ശക്തികൂടുന്നത്. കോടതികളില്‍ നിന്നുണ്ടാകുന്നത് പൊതുവികാരത്തിനെതിരായ വിധികളാണെങ്കില്‍ പൊതുജനം അത് അവജ്ഞയോടെ തള്ളും.  അതാണ് സൗമ്യ കേസിലെ സുപ്രീംകോടതി വിധിക്കും സംഭവിച്ചിട്ടുള്ളത്. ഇത് സുപ്രീംകോടതി എന്ന സങ്കല്‍പത്തിനേറ്റ കളങ്കവും നീതിനിര്‍വഹണത്തിന്‍െറ പരാജയവുമായാണ് വിലയിരുത്തപ്പെടുന്നത്.

 (കേരള മുന്‍ പ്രോസിക്യൂഷന്‍
ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soumya
Next Story