Begin typing your search above and press return to search.
exit_to_app
exit_to_app
അക്ഷരം ജീവിതായുധമാകുമ്പോള്‍
cancel

ഇന്നലെയുടെ വായന, നാളെയുടെ രചന (Reading the Past, Writing the Future) എന്ന വിഷയത്തില്‍ ഊന്നി ഐക്യരാഷ്ട്രസംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരികസംഘടന യുനെസ്കോ, ലോകസാക്ഷരതാദിനമായ ഇന്ന് ആസ്ഥാനമായ പാരിസില്‍ ഒത്തുകൂടുകയാണ്. യുനെസ്കോയുടെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷംകൂടിയാണ് ഇത്തവണ. എല്ലാ രാജ്യങ്ങളിലെയും വിദ്യാഭ്യാസമന്ത്രിമാര്‍ ഒരേ വേദിയില്‍ ഒത്തുകൂടിയാണ് ഈ മുഹൂര്‍ത്തം ആഘോഷിക്കുന്നത്. ഈ വേദിയില്‍ മികച്ച സാക്ഷരതാപ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നത് ലേഖകന്‍െറ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറമാണ്. യുനെസ്കോയുടെ സാക്ഷരതാദൗത്യം ആരംഭിച്ച് 23 വര്‍ഷത്തിനു ശേഷമാണ് കേരളം ഈ മേഖലയില്‍ കൃത്യമായ പദ്ധതികളുമായി മുന്നോട്ടുവന്നത്. 1989 ജൂണില്‍ കോട്ടയത്തെ ഇന്ത്യയിലെ ആദ്യ സാക്ഷര നഗരമായി പ്രഖ്യാപിച്ച് കേരളം ഈ മേഖലയിലെ അഭിമാനകരമായ ആദ്യനേട്ടമുണ്ടാക്കി. 1990ല്‍ എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യ സാക്ഷരജില്ലയാക്കി മാറ്റി സാക്ഷരതാ രംഗത്ത് നമ്മള്‍ അടുത്ത ചുവടുവെപ്പ് നടത്തി.

1990ല്‍ ആരംഭിച്ച ‘അക്ഷരകേരളം’ പദ്ധതിയാണ് ഇന്ന് കാണുന്ന മാറ്റത്തിന് കാരണമായത്.  പദ്ധതി നടപ്പാക്കി 1991 ഏപ്രില്‍ 18ന് കോഴിക്കോട്ടുവെച്ച് മലപ്പുറംകാരി ചേലക്കോടന്‍ ആയിശുമ്മ കേരളത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി പ്രഖ്യാപിച്ചിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു. തുല്യതാ വിദ്യാഭ്യാസരംഗത്താണിപ്പോള്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2006ല്‍ നിലമ്പൂരില്‍നിന്നു തുടങ്ങി 2016ല്‍ കേരളം മുഴുവന്‍ സമ്പൂര്‍ണ നാലാം ക്ളാസ് തുല്യത കൈവരിച്ച സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ 10ാം ക്ളാസും, 12ാം ക്ളാസും തുല്യതാ വിദ്യാഭ്യാസം നേടുന്ന തിരക്കിലാണ് നാം.
സാക്ഷരതാ പ്രവര്‍ത്തനത്തിന് യുനെസ്കോ കണ്‍ഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരം ഏറ്റുവാങ്ങുന്ന ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്്) മലപ്പുറം കേന്ദ്ര മാനവ വിഭവശേഷി വികസനകാര്യ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ്. ഐക്യരാഷ്ട്രസഭതന്നെ മുന്നോട്ടുവെച്ച കേവലം എഴുത്തും വായനയും അഭ്യസ്തമാക്കുക എന്നതല്ല സാക്ഷരത എന്ന ആശയം ഉള്‍ക്കൊണ്ടാണ് ജെ.എസ്.എസ് 10 വര്‍ഷം മുമ്പ് കര്‍മപദ്ധതി തയാറാക്കുന്നത്.

 സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തില്‍നിന്ന് നിലമ്പൂരിലെ ചാലിയാര്‍ എന്ന പഞ്ചായത്തിലെ ആദിവാസി സ്ത്രീയായ മാണിയമ്മ എന്ന പ്രായംചെന്നവരുടെ ജീവിതത്തില്‍ നടപ്പാക്കിയ വിപ്ളവകരമായ സാമൂഹികമാറ്റത്തിലേക്കുള്ള ദൂരമാണ് ജെ.എസ്.എസിന് ഈ പുരസ്കാരം സമ്മാനിച്ചത്. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും കേവലം എഴുത്തും വായനയും അഭ്യസ്തമാക്കിയ ഒരു സമൂഹം മാത്രമായി ഗുണഭോക്താക്കള്‍ മാറിപ്പോവുകയായിരുന്നു. തുടര്‍ സാക്ഷരതാപ്രവര്‍ത്തനങ്ങളും തുല്യതാ കോഴ്സുകളുമെല്ലാം ഈ കോട്ടത്തെ മറികടക്കാന്‍ അവതരിപ്പിച്ച പദ്ധതികളായിരുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസം (Life long Education), തൊഴില്‍ നൈപുണ്യ വികസനം (Skill Development) എന്നിവയാണ് ജെ.എസ്.എസ് മാനദണ്ഡങ്ങളായി സ്വീകരിച്ചത്.  എഴുത്തും വായനയും അറിയാത്തവരെ അങ്ങോട്ടുപോയി കണ്ടത്തെി സാക്ഷരരാക്കുക, സാക്ഷരത കൈവരിച്ചവര്‍ക്ക് തുല്യതാ കോഴ്സുകള്‍ നടത്തി ഘട്ടംഘട്ടമായി നാലാം ക്ളാസ്, ഏഴാം ക്ളാസ്, 10ാം ക്ളാസ്, 12ാം ക്ളാസ് തുല്യതാ വിദ്യാഭ്യാസം നല്‍കുക, വിവിധ തൊഴില്‍ നൈപുണ്യ കോഴ്സുകളിലൂടെ ഇവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തെളിയിച്ചുകൊടുക്കുക എന്നിവയാണ് കഴിഞ്ഞ 10 വര്‍ഷമായി ജെ.എസ്.എസ് മലപ്പുറം ജില്ലയില്‍ നടത്തിവരുന്നത്.

അക്ഷരാഭ്യാസമില്ലാത്ത, കണക്കുകൂട്ടാനറിയാത്ത, ഭക്ഷണം പാകംചെയ്തു കഴിക്കാത്ത, ദുരിതമനുഭവിക്കുന്ന, വളരെ സാധാരണക്കാരിയായ സ്ത്രീയായിരുന്നു മാണിയമ്മ. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറല്ലാത്ത ആദിവാസിസമൂഹത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു.  ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കുക എന്നതായിരുന്നു ജെ.എസ്.എസ് മലപ്പുറം യൂനിറ്റ് കണ്ടത്തെിയ മാര്‍ഗം. സംസാരിക്കുന്ന പേന, പുസ്തകം എന്നീ നവീനമാര്‍ഗങ്ങളിലൂടെ ഓരോ കോളനിയിലുമത്തെി ജെ.എസ്.എസ് വളന്‍റിയര്‍മാര്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തി. നൂറുകണക്കിനാളുകള്‍ ഗുണഭോക്താക്കളായി. നിലമ്പൂരിലെ പാലക്കയം പട്ടികവര്‍ഗ കോളനിയില്‍ത്തന്നെ താമസിക്കുന്ന കല്യാണി ടീച്ചറെപ്പോലുള്ള സന്നദ്ധ പ്രവര്‍ത്തകരിലൂടെയാണ് ജെ.എസ്.എസ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇന്ന് ഈ കോളനിവാസികള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുണ്ട്, ഭക്ഷണം പാചകംചെയ്തു കഴിക്കുന്നുണ്ട്, ടോയ്ലെറ്റ് ഉപയോഗത്തിനു ശേഷം കൈ വൃത്തിയായി കഴുകുന്നുണ്ട്, കാട്ടില്‍നിന്ന് ശേഖരിക്കുന്ന തേന്‍ വിറ്റ് കൃത്യമായ കണക്കുപറഞ്ഞ് പണം വാങ്ങുന്നുണ്ട്. സാമൂഹികജീവിതത്തില്‍ കോളനിവാസികള്‍  കൈവരിച്ച ഈ നേട്ടം കേവലം അക്ഷരാഭ്യാസംകൊണ്ട് സാധ്യമാകുന്നതല്ല.  സാക്ഷരതാ പ്രവര്‍ത്തനത്തിനൊപ്പം സാമൂഹികജീവിതത്തിന് ഗുണകരമായ കാര്യങ്ങള്‍കൂടി പകര്‍ന്നുനല്‍കാനായാലേ ഈ നേട്ടം കൈവരിക്കാനാകൂ.  ഇത്തരം ഇടപെടലുകളില്‍ കൂടിയേ സമൂഹത്തില്‍ പുറംതള്ളപ്പെട്ടുകിടക്കുന്നവര്‍ക്കിടയില്‍ സാമൂഹികവും-സാമ്പത്തികവുമായ മാറ്റം സൃഷ്ടിക്കാനാവുകയുള്ളൂ. ആ-രോ-ഗ്യം എന്ന് എഴുതാനും, വായിക്കാനും പഠിപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തോടെ ജീവിക്കാന്‍ വേണ്ട അറിവുകളും ഇവര്‍ നേടുന്നു.  സുസ്ഥിര വികസനം എന്ന സങ്കല്‍പത്തിലൂടെ ഈ പഠിച്ച പാഠങ്ങള്‍ എന്നെന്നും പ്രാവര്‍ത്തികമാക്കാനും അടുത്ത തലമുറയിലേക്ക് പകര്‍ന്നുനല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു.  ഇപ്രകാരം ഐക്യരാഷ്ട്രസഭയുടെ നിര്‍വചനമായ സാക്ഷരതയില്‍ ഉള്‍പ്പെടുന്ന ഒരാളുടെ ആരോഗ്യ-സാമ്പത്തിക-സാമൂഹിക സാക്ഷരതകൂടി കണക്കിലെടുത്ത പ്രവര്‍ത്തനമാണ് ജെ.എസ്.എസ് മലപ്പുറം നടത്തുന്നത്.

 കണ്‍ഫ്യൂഷ്യസ് സാക്ഷരതാ അവാര്‍ഡിന്‍െറ ഇത്തവണത്തെ വിഷയമായി സാക്ഷരതാപദ്ധതികളിലെ നവീന പ്രവര്‍ത്തനങ്ങളാണ് പരിഗണിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ നടത്തിയ സാക്ഷരതാപ്രവര്‍ത്തനം പോലത്തെന്നെ സാമൂഹികമാറ്റം സൃഷ്ടിച്ചതാണ് ജെ.എസ്.എസ് മലപ്പുറം നടത്തുന്ന തൊഴില്‍ നൈപുണ്യ ക്ളാസുകളും. സമൂഹത്തിന്‍െറ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ആളുകളെ കണ്ടത്തെി അവര്‍ക്കുതകുന്ന രീതിയിലുള്ള കോഴ്സുകളിലൂടെ വിവിധ മേഖലയില്‍ തൊഴില്‍ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുകയാണ് ജെ.എസ്.എസ് ചെയ്തു വരുന്നത്. ഏകദേശം 53,000 പേര്‍ വിവിധ വര്‍ഷങ്ങളിലായി ഈ കോഴ്സിന്‍െറ ഭാഗമായി. ഇതില്‍ 41,000 പേര്‍ മാസം 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ഇന്ന് വരുമാനം കണ്ടത്തെുന്നു.  കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ദിവസം 11 പേരെയെന്നോണം ജെ.എസ്.എസിന് സമൂഹത്തിന്‍െറ അടിത്തട്ടില്‍നിന്ന് കൈപിടിച്ചുയര്‍ത്തി മികച്ച ജീവിത നിലവാരം നല്‍കാന്‍ സാധിച്ചു. വിധവകള്‍, വിവാഹമോചിതര്‍, വിവാഹം കഴിക്കാത്ത 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍, ആദിവാസികള്‍, ശാരീരിക-മാനസികവെല്ലുവിളി നേരിടുന്നവര്‍, പാലിയേറ്റിവ് കെയര്‍ രോഗികള്‍ എന്നിവരാണ് ഇതിന്‍െറ 90 ശതമാനം ഗുണഭോക്താക്കളും. ഇവരുടെ സ്വയംസഹായ സംഘങ്ങളും മറ്റു ചെറിയ കൂട്ടായ്മകളും ഇന്നും ഇതിനെ മുന്നോട്ടു നയിക്കുന്നു.

ഈ കൂട്ടായ്മകളിലൂടെ കൂടുതല്‍ പേര്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വരുന്നു.  സുസ്ഥിരവികസനം ഇതിലൂടെ സാധ്യമാകുന്നു.
ലിംഗവിവേചനം, സാമ്പത്തിക-സാമൂഹിക അന്തരം തുടങ്ങിയവ ഇവരുടെ ഇടയില്‍ കുറഞ്ഞതായി ജെ.എസ്.എസ് നടത്തിയ പഠനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്. കുടുംബതീരുമാനങ്ങളില്‍ സ്ത്രീശബ്ദത്തിനും പ്രാധാന്യം കിട്ടുന്നു. സാമ്പത്തിക സ്വാതന്ത്ര്യം, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്‍െറ സാമ്പത്തികഭദ്രത എന്നിവ ഉറപ്പാക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു. കേരളത്തില്‍ ഇന്ന് നടക്കുന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങളെയും കേന്ദ്ര സര്‍ക്കാറും  ഐക്യരാഷ്ട്രസഭയും മുന്നോട്ടുവെക്കുന്ന ആജീവനാന്ത വിദ്യാഭ്യാസം എന്ന സങ്കല്‍പത്തെയും ഒരേപോലെ ഉള്‍ക്കൊണ്ടാണ് ജെ.എസ്.എസ് മലപ്പുറത്തിന്‍െറ പ്രവര്‍ത്തനം.  സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം.  എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതിനൊപ്പം ജീവിതനിലവാരത്തിലെ കുതിച്ചുചാട്ടവും പ്രകൃതിസംരക്ഷണവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് അതിലേക്കുള്ള യാത്രയിലാണ് ജെ.എസ്.എസ് മലപ്പുറം.

  ജീവിതയാത്രയില്‍ സാമൂഹിക-രാഷ്ട്രീയ വികസനമേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ഏറെ സന്തോഷം തരുന്നത് ജെ.എസ്.എസ് എന്ന സാക്ഷരതാ തുടര്‍വിദ്യാഭ്യാസപദ്ധതിയിലാണ്. അര്‍പ്പണ മനോഭാവമുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഈ ഉപഹാരം സമര്‍പ്പിക്കുകയാണ്. രാജ്യത്തിന് മാതൃകയാകുന്ന അടിത്തട്ടിലുള്ളതും ഉടമസ്ഥാവകാശബോധം ഉളവാകുന്നതുമായ നൂതന വികസനപദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പാക്കാനും ഈ പുരസ്കാരം ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു. ഏവര്‍ക്കും വിദ്യാഭ്യാസം, എന്നെന്നും വിദ്യാഭ്യാസം എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

(രാജ്യസഭാ എം.പിയും ജെ.എസ്.എസ് മലപ്പുറം
യൂനിറ്റ് ചെയര്‍മാനുമാണ് ലേഖകന്‍)

Show Full Article
TAGS:world literacy day malappuram 
Next Story