Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅധ്യാപനം തൊഴിലല്ല,...

അധ്യാപനം തൊഴിലല്ല, സമര്‍പ്പണമാണ്

text_fields
bookmark_border
അധ്യാപനം തൊഴിലല്ല, സമര്‍പ്പണമാണ്
cancel

അധ്യാപകന്‍െറ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തങ്ങളും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തുവരികയാണല്ളോ. അധ്യാപനം അഭിരുചിയായി എടുത്തവരും  ജീവിതത്തിന്‍െറ വളവുതിരിവുകളില്‍ കറങ്ങിത്തിരിഞ്ഞ് അധ്യാപകരായി തീര്‍ന്നവരുമുണ്ട്. ജീവിതോപാധി മാത്രമായി അധ്യാപനത്തെ കാണുന്നത് അപകടമാണ്. മറ്റ് തൊഴിലെടുത്ത് ജീവിക്കുന്നതുപോലെ അധ്യാപകവൃത്തികൊണ്ട് ജീവിക്കാന്‍  സാധ്യമല്ല. അങ്ങനെ കാണുമ്പോഴാണ് അധ്യാപനത്തിന്‍െറ നിലവാരത്തകര്‍ച്ചയും അധ്യാപകന്‍ കേവലം  ‘കൂലിത്തൊഴിലുകാര’നാവുകയും ചെയ്യുന്നത്.

ഗ്രീക് അധ്യാപകനായ ബെസ്റ്റോളസി പറഞ്ഞു; ഏഴ് വയസ്സുള്ള ഒരുകുട്ടിയെ എനിക്ക് തരിക. അതിനുശേഷം ദൈവത്തിനോ പിശാചിനോ  ആ കുട്ടിയെ എടുക്കാം. അവര്‍ക്ക് ആ കുട്ടിയെ മാറ്റാനാവില്ല. അഞ്ചു മുതല്‍ 17 വയസ്സുവരെയുള്ള ഘട്ടത്തില്‍ ഒരു കുട്ടി ഏതാണ്ട് 25000 മണിക്കൂര്‍ തന്‍െറ കലാലയത്തിലാണ് ചെലവഴിക്കുന്നത്. ഭാവിജീവിതത്തില്‍ അവന്‍ എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലം. ഇവിടെ കുട്ടികള്‍ അധ്യാപകരുടെ കൈയിലാണ്. ഉയര്‍ന്ന ചിന്തയും ഉന്നതമായ കാഴ്ചപ്പാടുമുള്ള അധ്യാപകരുടെ പ്രസക്തി ഏറിവരുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെയാണ് അധ്യാപനം ചര്‍ച്ച ചെയ്യപ്പെടുന്നതും. ഒരു ഡോക്ടറുടെ കൈപ്പിഴ അല്ളെങ്കില്‍ ഒരു ഡ്രൈവറുടെ അശ്രദ്ധ സമൂഹം ഗൗരവമായി കാണും. അത് ജീവന്‍വെച്ചുള്ള കളിയായി വ്യാഖ്യാനിക്കപ്പെടും. എന്നാല്‍, അധ്യാപകന്‍െറ കൈപ്പിഴ ഒരു സമൂഹത്തെ മൊത്തമായി ഇല്ലായ്മ ചെയ്യുമെന്നത് ഗൗരവമുള്ള കാര്യമാണ്.

സ്വഭാവ രൂപവത്കരണത്തില്‍ അധ്യാപകന്‍െറ പങ്ക് നിസ്സീമമാണ്. മൂല്യബോധമുള്ള, ആത്മവിശ്വാസമുള്ള പൗരന്മാരായി തലമുറ മാറണമെങ്കില്‍ അത്തരം അധ്യാപകര്‍ കലാലയങ്ങളിലുണ്ടാകണം. വിവരം അറിവും അറിവ് ജ്ഞാനവും ആയി മാറുമ്പോഴേ അധ്യാപനം പൂര്‍ണമാകൂ.  ഏതൊരു കുട്ടിക്കും ഒരു ജന്മനിയോഗമുണ്ട്. അവനിലെ ജ്വലിക്കുന്ന വ്യക്തിയെ അധ്യാപകന്‍ ഊതിക്കാച്ചിയെടുക്കണം. പഠനമെന്നാല്‍ അവനവനിലേക്കുള്ള യാത്രയാണ്. സ്വന്തത്തെ കണ്ടത്തൊനുള്ള സ്വന്തം ഇടം അടയാളപ്പെടുത്താനുള്ള യാത്ര. ഇവിടെ അധ്യാപകന്‍ പഠിപ്പിക്കുന്നവനല്ല. മറിച്ച്, സഹായിയാണ്. കുട്ടിയെ സംബന്ധിച്ച് ഉറപ്പുള്ള നിലപാടുതറയാണ് അധ്യാപകന്‍. തന്നത്തെന്നെ തിരിച്ചറിയാനുള്ള ഉദ്യമത്തിലെ സഹായി. ഏതൊരാള്‍ക്കും സിദ്ധിയുണ്ടെന്ന് പറയാം. പക്ഷേ, സാധന കൂടിച്ചേരുമ്പോഴാണ് ജീവിതത്തിന്‍െറ വെളിച്ചം പ്രത്യക്ഷപ്പെടുക. ഈ വെളിച്ചത്തിലേക്ക് അധ്യാപകന്‍ കുട്ടിയെ നയിക്കണം. പരീക്ഷയില്‍ നന്നായി വിജയിക്കണമെന്നുള്ള ഉത്കണ്ഠപോലെ താല്‍ക്കാലികവും തല്‍ക്ഷണവുമായ വിജയങ്ങള്‍ക്കപ്പുറം ഉയര്‍ന്ന ചിന്തകളുള്ള, ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണുന്നവനായിരിക്കണം തന്‍െറ കുട്ടിയെന്ന് ഓരോ അധ്യാപകനും ചിന്തിക്കണം. മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കിക്കൊണ്ട് എരിയുന്ന വിളക്കുതിരിയാണ് ഇമാം ഗസ്സാലിയുടെ കാഴ്ചപ്പാടില്‍ അധ്യാപകന്‍. അനന്തതയിലേക്കൊടുങ്ങിപ്പോകുന്ന ജീവിതത്തിന്‍െറ ദിശാബോധവും ലക്ഷ്യവും കാണിച്ചുതരുന്ന വഴികാട്ടിയാണ് ഡോ. എസ്. രാധാകൃഷ്ണന് അധ്യാപകന്‍. ആത്മാവിന്‍െറയും ആത്മചൈതന്യത്തിന്‍െറയും ആഴത്തിലുള്ള സ്വാതന്ത്ര്യമാകണം വിദ്യാഭ്യാസത്തിന്‍െറ ഫലം. അതവനെ ആന്തരികമായി  മാറ്റണം. ആ മാറ്റം പ്രകടമാകുന്നത് അവന്‍െറ പെര്‍സോണയിലൂടെയാണ്.  മനശ്ശാസ്ത്രത്തില്‍ ചേതനയുടെ ഏറ്റവും ബാഹ്യഭാഗമാണിത്. ബാഹ്യ പ്രപഞ്ചവുമായി ബന്ധപ്പെടുന്ന ഭാഗവുമാണ് ‘പെര്‍സോണ’ അഥവാ വ്യക്തിയുടെ ബാഹ്യവ്യക്തിത്വം. ഇതൊരു വസ്ത്രധാരണം പോലെയാണ്. അയാള്‍ എന്താണെന്ന് അയാളുടെ പേര്‍സോണയിലൂടെ സ്വയം പുറത്തറിയും. അതയാള്‍ക്ക് പ്രതിച്ഛായ നല്‍കും. ഉയര്‍ന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ എളുപ്പമല്ല. അതിന് നിരന്തരമായ പരിശ്രമവും അളവറ്റ ഉത്സാഹവും ആവശ്യമാണ്.

പക്ഷേ, ചില അധ്യാപകര്‍ അധ്യാപനത്തെ സേവനവ്യവസായമായി കാണുന്നു. അവര്‍ക്ക് ഒരുപക്ഷേ ഗവേഷണ ബിരുദങ്ങളും ഉയര്‍ന്നനാട്യങ്ങളും ഉണ്ടാവാം. പക്ഷേ, അധ്യാപനത്തിനുള്ള ഉള്‍വിളി ഉണ്ടാവില്ല. അത്തരക്കാര്‍ രംഗം വിട്ടൊഴിയേണ്ടിവരുന്നത് സ്വാഭാവികം മാത്രമാണ്. ഭൂമിയിലെ ജീവിതത്തിന് മണ്ണ് എപ്രകാരമാണ് അതുപോലെയാകണം സമൂഹത്തിന് അധ്യാപകര്‍. നല്ല വിത്തുകള്‍ എളുപ്പം മുളപ്പിക്കാനും വളര്‍ന്ന് വടവൃക്ഷമായി പന്തലിക്കാനും സഹായിക്കുന്ന സാഹചര്യമൊരുക്കുന്ന മണ്ണ്. നല്ല അധ്യാപകന്‍ നല്ളൊരു വിദ്യാര്‍ഥിയാണ്. സത്യസന്ധത, ആത്മാര്‍ഥത, വിനയം തുടങ്ങിയ ഗുണങ്ങളുള്ള വിദ്യാര്‍ഥി. അഹങ്കാരം പുലര്‍ത്തുകയും മനസ്സില്‍ സ്വമഹത്വം നിറച്ചുവെക്കുകയും ചെയ്യുന്നിടത്തോളം ഒരു വ്യക്തിക്ക് യാതൊന്നും ദര്‍ശിക്കാനോ കാണാനോ കഴിയില്ല. അഹങ്കാരം അറിവുകൊണ്ട് ഒഴുകിപ്പോകണം. അപ്രാപ്യനായ ദ്രോണാചാര്യരെ ഏകലവ്യന്‍ മനസ്സാ വരിച്ചാണ് വിദ്യ അഭ്യസിച്ചത്. നേരിട്ട് പഠിപ്പിക്കാതിരുന്നിട്ടും പെരുവിരല്‍ മുറിച്ച് ഗുരുദക്ഷിണ നല്‍കിയ ഏകലവ്യനാകണം അധ്യാപകന്‍. നല്ല അധ്യാപകര്‍ സ്വയംതിരിച്ചറിഞ്ഞവരും ജന്മനിയോഗത്തിനുവേണ്ടി അക്ഷീണം പരിശ്രമിക്കുന്നവരുമാണ്. അവരുടെ ഇടപെടലുകള്‍ സമൂഹത്തില്‍ മാറ്റത്തിന്‍െറ വഴിതുറക്കും. അധ്യാപനം കേവലം തൊഴിലല്ല. സമര്‍പ്പണമാണ്. അതുകൊണ്ടാണ് ഒരു സമൂഹത്തിന്‍െറ നിലവാരം അധ്യാപകന്‍െറ നിലവാരത്തെക്കാള്‍ ഉയരില്ളെന്ന് പറയാന്‍ കാരണം.

(മുട്ടില്‍ ഡബ്ള്യു.എം.ഒ.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പലാണ്  ലേഖകന്‍)

Show Full Article
TAGS:teachers day 
Next Story