Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വജനപക്ഷവാതം

സ്വജനപക്ഷവാതം

text_fields
bookmark_border
സ്വജനപക്ഷവാതം
cancel

ലോട്ടറിയടിച്ചതിന് പിറ്റേന്ന് മത്തിക്കച്ചോടം നിര്‍ത്തി സായാഹ്നപത്രം തുടങ്ങിയ രാജുദാസ് എന്ന രായു മുതലാളിയെപ്പറ്റി പ്രചരിക്കുന്ന ഒരു കഥയുണ്ട്. ഇനിയല്‍പം പത്രപ്രവര്‍ത്തനമാവാം എന്നു കരുതി ശിപാര്‍ശക്കത്തുമായി വരുന്നവരോട് മുതലാളി പണി പറയും. നീ പോയി ചൂടുള്ള ന്യൂസുണ്ടാക്ക്. നീ പോയി പരസ്യം പിടിക്ക്. നീ ചെന്ന് ബസ് സ്റ്റാന്‍ഡില്‍ പേപ്പര്‍ വിക്ക്. നീ പോയി അച്ചു നിരത്ത്... അവര്‍ ഇതെല്ലാം കേള്‍ക്കുന്നത് ആദ്യമായിട്ടാണെങ്കിലും നേരെ അകത്തേക്ക് ചെല്ലും പണിതുടങ്ങും.
ഇങ്ങനെയിരിക്കുന്നതായ സന്ദര്‍ഭത്തില്‍ രായു മുതലാളിയുടെ സ്നേഹിതന്‍ അന്വേഷിച്ചുവന്നു.
-തനിക്ക് എന്‍െറ കൂടെ നിന്നൂടെ, മുതലാളി ആരാഞ്ഞു. ഇവിടെ അച്ചുതെറ്റ് നോക്കാന്‍ പറ്റുമോ?
-ആസ്പത്രിയിലെ കമ്പോണ്ടറായ ഞാന്‍ അന്തിപ്പത്രത്തിലെ അച്ചടിത്തെറ്റു നോക്കാനോ?
-അതെന്താ തനിക്ക് തെറ്റും ശരിയുമറിയില്ളേ?
-അതിനിവിടെ തെറ്റും  ശരിയും ഇല്ളെന്നാണല്ളോ ജനം പറയുന്നത്.
-അത് പ്രതിപക്ഷത്തിന്‍െറ പറച്ചില്‍. ജനത്തിന്‍െറയല്ല.
-എന്‍െറ രായു, ഞാന്‍ അറിയാത്ത പണി ചെയ്യാറില്ല. ആ ചിട്ടിക്കാരന്‍ എന്താണ് കുത്തിയിരുന്നെഴുതുന്നത്?
-ഇന്നത്തെ പ്രധാന വാര്‍ത്ത. വായിച്ചാല്‍ ഞെട്ടിപ്പോകും.
-തനിക്ക് വട്ടുണ്ടോ. എന്താണീ സ്ഥാപനമെന്നോ എന്താണിവിടത്തെ പണിയെന്നോ താനവരോട് പറഞ്ഞോ?
-അതിന് എനിക്കറിഞ്ഞാലല്ളേ പറഞ്ഞുകൊടുക്കാന്‍ പറ്റൂ.
-അതാണ് പ്രശ്നം. ചിട്ടിപ്പിരിവുകാരന്‍ ഞെട്ടിക്കുന്ന ന്യൂസെഴുത്തുകാരന്‍, കറവക്കാരന്‍ പരസ്യം മാനേജര്‍, സൈക്കിള്‍ ചവിട്ടി പലഹാരം വിറ്റുനടന്നവന്‍ കണക്കെഴുത്ത്... എന്താഡോ ഇത്?
-വലിയ ശിപാര്‍ശക്കത്തും കൊണ്ട് വന്നവരാണവര്‍. ചില്ലറക്കാരല്ല.
- ശിപാര്‍ശ ചോദിക്കുന്നവന് വിവരമില്ളെങ്കില്‍ ശിപാര്‍ശക്കത്ത് കൊടുക്കുന്നവനു വേണം. എല്ലാം ചിട്ടിക്കമ്പനിയോ പശുക്കറവയോ പോലെ കരുതുന്നവന് ഇതൊന്നും പ്രശ്നമല്ല.
-എല്ലാവരും നല്ല മിടുക്കന്മാരാണ് കമ്പോണ്ടാ.
-അതെ, കുറെക്കാലമായി സൈക്കിള്‍ ചവിട്ടി പപ്പടവും ലോട്ടറിട്ടിക്കറ്റും പലഹാരവും വിറ്റ് വെയിലുകൊള്ളുകയല്ളേ, ഇനി ഫാനിന്‍െറ ചോട്ടിലിരുന്ന് ഒന്ന് വിശ്രമിക്കട്ടെ എന്നു കരുതുന്ന മിടുക്കന്മാര്‍. ഞാന്‍ അവരെ പറയില്ല.
താന്‍ ശരിയല്ല.
-ഞാനവരുടെ തൊഴിലൊന്നും ചോദിച്ചില്ല.
-അതെന്താ?
-എന്‍െറ തൊഴില്‍ അവര്‍ ചോദിച്ചാലോ?
-രായു, ശിപാര്‍ശക്കത്തു കൊടുത്തവര്‍ അവരുടെ കമ്പനിയില്‍ ഇവന്മാര്‍ക്കൊരു പണി കൊടുക്കാത്തതെന്ത്? അവര്‍ക്കറിയാം കമ്പനി പൂട്ടുമെന്ന്. താന്‍ അധ്വാനിക്കാതെ കിട്ടിയ ലോട്ടറിക്കാശല്ളേ ഇങ്ങോട്ട് പറഞ്ഞുവിടുകയാണ്. താനത് തിരിച്ചറിയണം. മാസാമാസം ശമ്പളം കൊടുക്കണ്ടെ.
-പാവങ്ങള്‍ ജീവിച്ചോട്ടെഡോ.
-രായു, തനിക്ക് ലോട്ടറിയടിച്ചതും മത്തിക്കച്ചോടം നിര്‍ത്തി അന്തിപ്പത്രം തുടങ്ങിയതും പലര്‍ക്കും രസിച്ചിട്ടില്ല. തനിക്കറിയാത്ത പണിയാണ്. ഇത് ചാളപോലെ നാലഞ്ചുദിവസം ഐസിട്ടുവെക്കാന്‍ പറ്റില്ല. അന്നന്ന് വില്‍ക്കണം. അതിന് പണിയറിയാവുന്നവരെ വെക്കണം. ആളുകളെക്കൊണ്ട് പറയിക്കരുത്.
-എന്‍െറ കമ്പോണ്ടാ ആരെങ്കിലും ജനിക്കുമ്പോള്‍തന്നെ ഇതൊക്കെ പഠിച്ചിട്ടാണോ വരുന്നത്? താലികെട്ടുന്നതും പ്രസവിക്കുന്നതും ചാള വില്‍ക്കുന്നതും ആരെങ്കിലും പഠിച്ചിട്ടാണോ അവര് ചെയ്ത് ചെയ്ത് പണി പഠിച്ചോളും.
-തന്നെപ്പോലൊരു മുതലാളിയെ കിട്ടാന്‍ ആരും കൊതിക്കും രായു.
-എഡോ, തനിക്കറിയുമോ. മക്കള്‍ക്കും മരുമക്കള്‍ക്കും അളിയന്മാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ഞാനിവിടെ ഓരോ പണി കൊടുത്തു. ഇപ്പോള്‍ കമ്പനിയില്‍ എവിടെ നോക്കിയാലും മുഖപരിചയമുള്ളവര്‍. ഏതാണ്ട് ഒരേ ബ്ളഡ് ഗ്രൂപ്. ശരിക്കും ഒരു കൂട്ടുകുടുംബം. വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ പറഞ്ഞിരിക്കാം. എന്തു രസമാണ്. കല്യാണത്തിനും അടിയന്തരത്തിനുമൊക്കെ ഒറ്റ ഇന്‍വിറ്റേഷന്‍ ഇവിടെയിട്ടാല്‍ മതി. ഒന്നിച്ച് ഓഫിസ് പൂട്ടി ജോളിയായിപ്പോകാം. ഞാനവരോട് പറയാറുണ്ട്. ഈ കുടുംബം ഇങ്ങനെ മര്യാദക്ക് കൊണ്ടുനടന്നാല്‍ അടുത്ത തലമുറക്കും അതിനടുത്തതിനുമൊക്കെ ഇവിടെ ജോലി ചെയ്യാം. കുടുംബസുഖം അനുഭവിക്കാം. മനസ്സിലായോ. അപ്പോള്‍ അവര്‍ ചോദിക്കും, രായു മാമാ ഇന്നുച്ചക്ക് എല്ലാവര്‍ക്കും ബിരിയാണിയായാലോ. ആയ്ക്കോട്ടെ. ഞാന്‍ ഓര്‍ഡര്‍ ചെയ്യും.
-പണി അറിയാവുന്ന രണ്ടോ മൂന്നോ പാവങ്ങള്‍ ഇതിനകത്തുണ്ടാവും. അതാണ് കമ്പനി പൂട്ടാത്തത് - കമ്പോണ്ടര്‍ ഊഹിച്ചു.
-മിസ്റ്റര്‍ കമ്പോണ്ട്, തനിക്കോര്‍മയുണ്ടോ, പണ്ടൊരു ട്രാന്‍സ്പോര്‍ട്ട് മന്ത്രി കാറിന്‍െറ ബോണറ്റില്‍വെച്ച് സിഗരറ്റ് പാക്കറ്റില്‍ നിയമന ഉത്തരവെഴുതി ഒപ്പിട്ടത്.
-അതിനയാള്‍ കുറെ കേട്ടില്ളെ. ഇപ്പോഴും കേള്‍ക്കുന്നില്ളേ?
-എന്ത് കേട്ടെന്ന്. ഇത് ബന്ധുവല്ളെ എന്ന് ചോദിച്ചവരോട് അയാളെന്താ പറഞ്ഞത്. എന്‍െറ അളിയന് ഞാനല്ലാതെ പിന്നെ താന്‍ പണി കൊടുക്കുമോ എന്ന്. ഉത്തരം മുട്ടിയില്ളെ.
-എന്‍െറ രായു നിന്‍െറ രാജ്യം ഇത് നിന്‍െറ രാജ്യം -കമ്പോണ്ട് കൈപിടിച്ചു വാഴ്ത്തി.

ഗേറ്റുവരെ ഒപ്പം വന്ന രായുമുതലാളിയോട് കമ്പോണ്ടര്‍ ചോദിച്ചു.
-അപ്പോള്‍ തന്‍െറ വീട്ടില്‍ ഇനി ആരുമില്ളേ?
-ഒരാളുണ്ട് എന്‍െറ ഭാര്യ.
-അവര്‍ക്കുമാത്രം എന്താണിവിടെ പണി കൊടുക്കാത്തത്. പണിയില്ളെ. അതോ വീട്ടില്‍ അത്ര പണിയുണ്ടോ?
-വീട്ടില്‍ പണിയൊന്നുമില്ല. അതിനൊക്കെ ജോലിക്കാരുണ്ട്.
-പിന്നെന്താ?
-ചീഫ് എഡിറ്ററാക്കാന്‍ ഞാന്‍ വിളിച്ചതാണ്. അവള്‍ ചോദിക്കുകയാണ്, ഞാന്‍ കൂടി വന്നാല്‍ പിന്നെ അടുക്കളപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇവിടെ ആരുണ്ടെന്ന്!

Show Full Article
TAGS:raghunathan k 
News Summary - -
Next Story