അടിച്ചേല്‍പിക്കുന്ന സംഗീതം വിശുദ്ധമോ?
text_fieldsസംഗീതം ശ്രവണസുഖദമായ ആവിഷ്കാരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇഷ്ടമില്ലാത്തവരില്‍ സംഗീതം അടിച്ചേല്‍പിക്കാനൊക്കുമോ? കാനഡയിലെ നടപ്പ് സംവാദ വിഷയം സംഗീതത്തെ ഇസ്ലാംമത വിശ്വാസവുമായി ബന്ധപ്പെടുത്തി ഉടലെടുത്തതിനാല്‍ വ്യാപക ശ്രദ്ധ കവരുന്നു എന്നതില്‍ അതിശയമൊന്നുമില്ല. കാരണം, മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവാദഭൂമികയില്‍ പ്രത്യക്ഷപ്പെട്ടുകാണേണ്ട താമസം ആക്രമണോത്സുകരായ ഒരു വന്‍സംഘം വിമര്‍ശാസ്ത്രങ്ങളുമായി അങ്കംകുറിക്കാന്‍ എത്താതിരിക്കില്ല. കാനഡയിലെ ഒരു പബ്ളിക് സ്കൂളില്‍ നിര്‍ബന്ധ സംഗീതപഠനത്തില്‍നിന്ന് തന്‍െറ കുട്ടിയെ ഒഴിവാക്കാന്‍ മുഹമ്മദ് നുഅ്മാന്‍ എന്ന രക്ഷകര്‍ത്താവ് വിദ്യാലയാധികൃതരോട് ആവശ്യപ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതോടെ അപവാദ ആരോപണ വ്യവസായരംഗം ഉണര്‍ന്ന് സക്രിയമായി. മുഹമ്മദ് നുഅ്മാന്‍ കനേഡിയന്‍ മൂല്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, സങ്കുചിത മനസ്കനായ വ്യക്തി, തീവ്രവാദി, പിന്നാക്കക്കാരന്‍, എത്ര അസംബന്ധ നിലപാട് തുടങ്ങിയ പ്രയോഗങ്ങള്‍കൊണ്ടാണ് ആ രക്ഷകര്‍ത്താവിനെ മാധ്യമങ്ങളും കമന്‍േററ്റര്‍മാരും വേട്ടയാടിയത്.
അതേസമയം, ഇതര മതസ്ഥരുടെ സമാന തീരുമാനങ്ങളോ ബന്ധപ്പെട്ട അനുഷ്ഠാനങ്ങളോ ഇവ്വിധം വിമര്‍ശിക്കപ്പെടാറില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സംഗീതം നിഷിദ്ധമാണെന്ന തന്‍െറ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ട നുഅ്മാനെതിരെ പല മുസ്ലിംകളും രംഗപ്രവേശം ചെയ്യുകയുണ്ടായി. ഒരുപക്ഷേ, മറ്റുള്ളവര്‍ തങ്ങളെ പിന്തിരിപ്പന്‍ ചിന്താഗതിക്കാരായി കരുതുമോ എന്ന ആശങ്ക നിമിത്തമാകാം അവര്‍ ആ നിലപാട് കൈക്കൊണ്ടത്. ‘മിതവാദികള്‍’ എന്ന പ്രശംസ കൊതിക്കുന്നവരും നുഅ്മാനെതിരായ പ്രചാരണങ്ങളില്‍ മുഴുകി. ഒരു ബഹുസംസ്കാര ലിബറല്‍ സമൂഹത്തില്‍ വിശ്വാസപരമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പാടുണ്ടോ എന്ന ചോദ്യമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം, വിദ്യാലയങ്ങളില്‍ നമസ്കാരമുറിക്കുള്ള സ്വാതന്ത്ര്യം തുടങ്ങിയവ ആവശ്യപ്പെടുന്നതോടെ മതേതരത്വം കുഴപ്പത്തിലാകുമോ?
സംഗീതം മനുഷ്യരില്‍ മന$ശാസ്ത്രപരമായ വികാസം ഉളവാക്കുമെന്ന പക്ഷക്കാരനാണ് ഞാന്‍. അതിനാല്‍, വിദ്യാര്‍ഥികളെ സംഗീതപഠനത്തില്‍നിന്ന് നിരുത്സാഹപ്പെടുത്തുന്ന രീതി ഗുണകരമല്ളെന്നും ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. അതേസമയം, സംഗീതം നിഷിദ്ധമാണെന്ന വിശ്വാസത്തില്‍ നുഅ്മാന്‍ ഒറ്റക്കല്ല. സംഗീതപഠനം ഉപേക്ഷിക്കാനുള്ള അയാളുടെ അപേക്ഷയില്‍ 130 രക്ഷകര്‍ത്താക്കള്‍ ഒപ്പുവെച്ചിരുന്നു. പോപ് സംഗീതജ്ഞനായ കാറ്റ് സ്റ്റീവന്‍സണ്‍ ഉപകരണസംഗീതം നിഷിദ്ധമാണെന്ന ധാരണയോടെയാണ് ഇസ്ലാം ആശ്ളേഷിച്ചത്. യൂസുഫ് ഇസ്ലാം എന്ന നാമം സ്വീകരിക്കുകയും ഉപകരണ സംഗീതം സ്വജീവിതത്തില്‍നിന്ന് ഉപേക്ഷിക്കുകയും ചെയ്തു അദ്ദേഹം. പിന്നീട് അദ്ദേഹം പുതിയ സംഗീതരീതികള്‍ ആരംഭിച്ചു. വിശ്വാസികളില്‍ ചിലര്‍ സംഗീതത്തെ നിഷിദ്ധമായി കരുതുമ്പോള്‍ ചിലര്‍ പ്രത്യേക പശ്ചാത്തലത്തില്‍ മാത്രം അനുവദനീയമായ (മുബാഹ്) കലയായും അതിനെ കണക്കാക്കുന്നു. മറ്റുചിലര്‍ സംഗീതത്തെ കറാഹത്ത് (അനഭിലഷണീയം) ആയാണ് ഗണിക്കുന്നത്.
ഈ ഘട്ടത്തില്‍ കനേഡിയന്‍ അവകാശചാര്‍ട്ടര്‍, മനുഷ്യാവകാശ നിയമങ്ങള്‍ എന്നിവ ഓരോ പൗരന്‍െറയും വിശ്വാസപ്രമാണങ്ങളെ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന പരിശോധന പ്രസക്തമാണ്. ഓരോ പൗരനും സ്വന്തം വിശ്വാസങ്ങള്‍ പവിത്രമായി സൂക്ഷിക്കാനും ജീവിതത്തില്‍ പ്രയോഗവത്കരിക്കാനും പൂര്‍ണാനുമതിയുള്ളതായി കനേഡിയന്‍ സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. ഇതര വിശ്വാസധാരകള്‍ എത്ര എതിര്‍പ്പുകള്‍ ഉയര്‍ത്തിയാലും ഓരോ പൗരനും സ്വന്തം വിശ്വാസങ്ങള്‍ സംരക്ഷിക്കാം. സാര്‍വദേശീയ മനുഷ്യാവകാശ നിയമങ്ങളും കനേഡിയന്‍ നിയമങ്ങളും ഇക്കാര്യംതന്നെ സ്പഷ്ടമായി ദൃഢീകരിക്കുകയുണ്ടായി. തന്‍െറ വിശ്വാസപ്രമാണം ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തിയ ശ്രമം വിദ്യാലയാധികൃതര്‍ പരാജയപ്പെടുത്തിയതോടെയാണ് താന്‍ സ്കൂളില്‍നിന്ന് കുട്ടിയെ പിന്‍വലിച്ചതെന്ന നുഅ്മാന്‍െറ വിശദീകരണം വിവാദവ്യവസായികള്‍ കാണാതെ പോകുന്നു.
വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ സര്‍വകാര്യങ്ങളും നിര്‍ണയിക്കാനുള്ള അവകാശവും പ്രാപ്തിയും വിദ്യാലയാധികൃതര്‍ക്ക് ഉണ്ടോ? ഇന്ന് മ്യൂസിക് നിര്‍ബന്ധമാക്കുന്ന സ്കൂളുകള്‍ നാളെ ഹിജാബ് നിരോധം പ്രഖ്യാപിക്കാന്‍ മുതിര്‍ന്നേക്കും. തുടര്‍ന്ന് താടിയും തലപ്പാവും പാടില്ളെന്ന നിയമങ്ങള്‍ ആവിഷ്കരിക്കപ്പെടാം. പിന്നീട് സര്‍വതും നിശ്ചയിക്കാന്‍ അധികാരമുള്ളവരായി വിദ്യാലയ മാനേജ്മെന്‍റ് രംഗപ്രവേശം ചെയ്തേക്കാം. സ്വന്തം കുഞ്ഞുങ്ങളെ ഏതുവിധമാണ് വളര്‍ത്തേണ്ടത് എന്ന് നിര്‍ണയിക്കുന്നതിനുള്ള പ്രാഥമിക ചുമതല മാതാപിതാക്കളുടേതാണ്. മാതാപിതാക്കളുടെ ഈ ഉത്തരവാദിത്തത്തെ ഹനിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ സ്കൂളില്‍നിന്നോ സ്റ്റേറ്റില്‍നിന്നോ സംഭവിക്കാതിരിക്കുക എന്നതാണ് യഥാര്‍ഥ ജനാധിപത്യ സ്വാതന്ത്ര്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
