Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുദ്ധമാകാതെ പോകട്ടെ,...

യുദ്ധമാകാതെ പോകട്ടെ, നമ്മുടെ വഴക്കുകള്‍

text_fields
bookmark_border
യുദ്ധമാകാതെ പോകട്ടെ, നമ്മുടെ വഴക്കുകള്‍
cancel

ഇന്ത്യയുമായുള്ള നമ്മുടെ അടുപ്പം അദ്ഭുതകരമാണ്. എന്നാല്‍, അതിര്‍ത്തി കടന്ന് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷവും ശത്രുതയും കണ്ട് ഞാന്‍ പകച്ചുപോകുന്നു. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ, ഇരുപക്ഷവും 69 വര്‍ഷം പഴക്കംചെന്ന സ്വാതന്ത്ര്യത്തിന്‍െറ കല്ലുമാല അണിഞ്ഞിരിക്കുന്നതുകൊണ്ടാകുമോ ഇത്? അവ വലിയ പാറക്കല്ലുകളായി മാറുമ്പോള്‍ ആരാണ് തകര്‍ന്ന് തരിപ്പണമാകാതിരിക്കുക?

ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം എത്ര വിചിത്രവും അദ്ഭുതകരവുമാണ്! അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍െറ രോഗശാന്തിക്കുവേണ്ടി പാകിസ്താന്‍കാര്‍ പ്രാര്‍ഥിച്ചിരുന്നില്ളേ? രണ്‍ബീര്‍ കപൂറിന്‍െറ ചിത്രം ഹിറ്റായപ്പോള്‍ നാം എത്രമാത്രം അഭിമാനം കൊണ്ടു? മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍ എന്നിവരോളം ആര്‍ദ്രമായി പാടുന്ന ഗായകര്‍ വേറെ ഇല്ളെന്ന യാഥാര്‍ഥ്യം നാം നിഷേധിക്കാറുണ്ടോ? നാം പരദേശികളുമായി സംഭാഷണം നടത്തുമ്പോള്‍ ഈ രണ്ട് ഇന്ത്യക്കാര്‍ നമ്മുടെ സംഭാഷണങ്ങളില്‍ സദാ കടന്നുവരാറില്ളേ? നമ്മുടെ ചരിത്രത്തിന്‍െറയും ഭാഷയുടെയും വേരുകള്‍ നീണ്ടുപോകുന്നതും ഇവരിലേക്കുതന്നെ. അത്യദ്ഭുതകരംതന്നെയാണ് നമ്മുടെ ബന്ധങ്ങള്‍. ഒരമ്മക്ക് പിറന്ന കുട്ടികള്‍ കണക്കെയാണ് നമ്മുടെ വഴക്കുകള്‍. ഒരാള്‍ പിച്ചി പ്രകോപനമുണ്ടാക്കുമ്പോള്‍ മറ്റേയാള്‍ അത് തിരിച്ചുനല്‍കും. അതുകൊണ്ടാണ് പ്രതികരണങ്ങള്‍ വൈകാരികമാകുന്നു എന്ന് നാം പരസ്പരം പഴിചാരുന്നത്. ‘കശ്മീരില്‍ നീ ഇങ്ങനെ ചെയ്തില്ളേ’ എന്നൊരാള്‍ ചോദിക്കുമ്പോള്‍ ‘ബലൂചിസ്താനില്‍ അങ്ങനെ കാട്ടിയില്ളേ’ എന്ന് മറുചോദ്യം ഉയരുന്നു. ഉറിയില്‍ നിങ്ങളല്ളേ ഭീകരാക്രമണം നടത്തിയത്? നിങ്ങളല്ളേ കാര്‍ഗില്‍ യുദ്ധത്തിന് തുടക്കമിട്ടത്? അല്ല കാര്‍ഗിലിന് ഉത്തരവാദികള്‍ നിങ്ങള്‍തന്നെ... ഈ വിധമാകുന്നു നമ്മുടെ തര്‍ക്കരീതികള്‍. ബീഫ് കഴിച്ചതിന് അടിച്ചുകൊല്ലപ്പെട്ടവര്‍ക്കുവേണ്ടി നാം ശബ്ദമുയര്‍ത്തുന്നു.

എന്നാല്‍, പകല്‍ ഭക്ഷണം കഴിച്ച് റമദാന്‍െറ വിശുദ്ധിയെ കളങ്കപ്പെടുത്തി എന്ന കുറ്റത്തിന് ക്രൈസ്തവരെയും ഹിന്ദുക്കളെയും മര്‍ദിക്കുന്നവര്‍ക്ക് നേരെ നാം കണ്ണടക്കുന്നു. അവര്‍ കശ്മീരികളെ അടിച്ചമര്‍ത്തുന്നതായി നാം കുറ്റപ്പെടുത്തുന്നു. എന്നാല്‍, ബംഗ്ളാദേശിനെ ശ്വാസം മുട്ടിച്ചത് നാം മറന്നുപോകുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഞാന്‍ ഏറ്റവും നന്നായി ചെലവിട്ട ദിവസങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തുള്ളവരോടൊപ്പമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും പാടിയും രാഷ്ട്രീയം ചര്‍ച്ച ചെയ്തും കഴിച്ചുകൂട്ടി. വിദ്വേഷം ഞങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ത്തിയില്ല. നമ്മെ ഭരിക്കുന്ന പാശ്ചാത്യ ‘വല്യേട്ടനെ’ സന്തോഷിപ്പിക്കാനാണ് സദാ നമ്മുടെ ശ്രമങ്ങള്‍. വാസ്തവത്തില്‍ പാശ്ചാത്യര്‍ക്ക് നമ്മോട് സ്നേഹം ഒട്ടുമില്ല. നാം രണ്ടു രാഷ്ട്രങ്ങളും മാത്രമാണ് നമുക്ക് പരസ്പരം സ്നേഹം ചൊരിയാന്‍ കൂടെയുള്ളത്. എന്നാല്‍, ഈ യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള വൈമനസ്യമാണ് വിചിത്രമായ കാര്യം.

രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്ന കഴിഞ്ഞ കാലഘട്ടത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ഭാരമാണ് നമ്മുടെ പ്രധാന വിഘ്നം. നമ്മെ ശത്രുക്കളാക്കി മാറ്റാന്‍ ഭിന്നിപ്പിച്ച് ഭരിച്ച പഴയ ശക്തികളുടെ കുതന്ത്രങ്ങളുടെ ഇരകളായി നാം  ഇനിയും തുടരേണ്ടതുണ്ടോ? ഒറ്റക്കെട്ടായി നിന്നാല്‍ തുറക്കാനിരിക്കുന്ന അവസരങ്ങളുടെ കവാടങ്ങള്‍ക്കുമുമ്പാകെ നാം അന്ധരായി നില്‍ക്കുകയാണ്. ശത്രുക്കളായി ജീവിക്കുന്നതുകൊണ്ട് സംഭവിച്ച കോട്ടങ്ങള്‍ക്കുനേരെയും നാം കണ്ണടച്ചിരിക്കുന്നു. പരസ്പരം ശണ്ഠ കൂടുന്ന ഒരമ്മയുടെ രണ്ടു മക്കളായാണ് ലോകം നമ്മെ കാണുന്നത്. കളിപ്പാട്ടങ്ങളോ ടൂറോ അല്‍പം കാശോ തരപ്പെടുത്താന്‍ ഡാഡിയുടെ മുന്നില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്ന കുട്ടികളാണ് നാം ഇരുപക്ഷവും. ചിലനേരങ്ങളില്‍ വിവാഹമോചിതരായ ദമ്പതികള്‍ കലഹിക്കുന്നതുപോലെയാണ് നമ്മുടെ കലഹങ്ങളും. വിവാഹമോചന കരാറില്‍ ആര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടായി, ആര്‍ക്ക് നഷ്ടം പറ്റി എന്ന മട്ടിലുള്ള തര്‍ക്കങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വേര്‍പിരിഞ്ഞ രണ്ട് അസ്തിത്വങ്ങളാണ് നാമെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ സംവത്സരങ്ങള്‍ക്കുശേഷവും നമുക്ക് സാധ്യമാകുന്നില്ല.

വിഭജനത്തിന്‍െറ മുറിപ്പാടുകള്‍ കരിയാതെ നാം വേദനിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് വേദനിച്ചാല്‍ അയല്‍ക്കാരനും വേദനിക്കണമെന്ന് വിചിത്രമായി നാം ആഗ്രഹിക്കുന്നു. അതിനാല്‍ അന്യനെ വേദനിപ്പിക്കുന്നതിനായി നാം വിഭവങ്ങളത്രയും തുലച്ചുകളയുന്നു. പാകിസ്താനില്‍ ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചു. അപഹാസ്യമായിപ്പോയി ഈ നടപടി. അതേസമയം, ഇതിനെതിരെ അപഹാസ്യമായ പ്രതികരണങ്ങളും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതിയ ആക്രമണവാര്‍ത്ത ഒരുമാസത്തിനകം എന്‍െറ ഹൃദയത്തില്‍നിന്ന് അപ്രത്യക്ഷമാകും. ഉറി സംഭവം പാഠപുസ്തകത്തിലെ ഒരധ്യായമായി ചുരുങ്ങും. പക്ഷേ, നമ്മുടെ ഹൃദയം വിട്ടുപോകാത്ത ചില കാഴ്ചകളും വാര്‍ത്തകളുമുണ്ട്. ക്രിക്കറ്റ് മാച്ച് കാണാന്‍ പാക് രാഷ്ട്രത്തലവന്‍ ഇന്ത്യന്‍ തലസ്ഥാനനഗരിയിലത്തെിയ കാഴ്ച ആഹ്ളാദജനകമായി എന്നും ഹൃദയത്തില്‍ നിലനില്‍ക്കും.

ഇന്ത്യന്‍ മന്ത്രി പാക് മന്ത്രിക്ക് ഹസ്തദാനം നല്‍കുന്ന രംഗം, വസീം അക്രമിനെക്കാള്‍ വലിയ ക്രിക്കറ്റര്‍ ഇല്ളെന്ന് ഗാംഗുലി തുറന്ന് പ്രഖ്യാപിച്ച മുഹൂര്‍ത്തം, സാനിയ മിര്‍സയെ ശുഐബ് മാലിക് വധുവായി സ്വീകരിച്ച നിമിഷം, വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍െറയും ഇന്ത്യയുടെയും പട്ടാളക്കാള്‍ നടത്തുന്ന സ്നേഹാലിംഗനങ്ങള്‍ എന്നിങ്ങനെ ആഹ്ളാദം പകരുന്ന ചിലതുണ്ട്. സമാധാനം കൊതിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടാണ് ഈ കാഴ്ചകള്‍ എനിക്ക് സന്തോഷകരമായിത്തീരുന്നത്. യുദ്ധം കൊതിക്കുന്നവര്‍ക്ക് ഇവ സന്തോഷകരമാകണമെന്നില്ല. യഥാര്‍ഥ വെല്ലുവിളി അഭിമുഖീകരിക്കാന്‍ നാം സന്നദ്ധരാകുന്നില്ല എന്നതാണ് നമ്മുടെ വലിയ പ്രശ്നം. നാം വിവാഹമോചിതരായി എന്നതാണ് വസ്തുത.

ആ പിണങ്ങിപ്പിരിയലിന്‍െറ നോവ് നാം ഇരുപക്ഷവും ഇപ്പോഴും അനുഭവിക്കുകയും ചെയ്യുന്നു. സ്നേഹത്തിന് പകരം നമുക്കിടയില്‍ വളരുന്നത് വിദ്വേഷമാകുന്നു. ഐക്യവും പൊതു അഭിമാനവും കളിയാടിയിരുന്നിടത്ത് ശത്രുതക്കാണ് പ്രവേശം ലഭിച്ചിരിക്കുന്നത്. നമ്മുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനായി നാമൊരു ബാഹ്യശക്തിക്ക് അനുമതി അരുളി എന്നതാണ് നമ്മുടെ പരാജയത്തിന്‍െറ കാരണം. നാം പരസ്പരം അറിയുന്നതുപോലെ നമ്മെ മനസ്സിലാക്കാന്‍ ലോകത്ത് മറ്റാര്‍ക്ക് കഴിയും? കാരണം, നാം ഒരുകാലത്ത് ഒറ്റ മെയ്യും ഒരു മനസ്സുമായിരുന്നു.

 

Show Full Article
TAGS:india 
Next Story