Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാംരൂപിന്‍െറ രോമാഞ്ചം

രാംരൂപിന്‍െറ രോമാഞ്ചം

text_fields
bookmark_border
രാംരൂപിന്‍െറ രോമാഞ്ചം
cancel

‘ലഡായി ശുരു ഹോ ഗയാ സാബ്!’ -ചാനല്‍ തിളപ്പില്‍നിന്ന് അതിര്‍ത്തിയിലെ പുതിയ വിവരങ്ങള്‍ അറിയാന്‍ പണിത്തിരക്ക് മാറ്റിവെച്ച് ഓടിക്കിതച്ചത്തെിയ രാംരൂപിന്‍െറ മുഖത്ത് യുദ്ധപ്പേടിയുടെ പിരിമുറുക്കമല്ല, കണക്കു തീര്‍ത്തതിന്‍െറ ആവേശമാണ്. അരവിന്ദ് കെജ്രിവാള്‍ മുതല്‍ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയുമൊക്കെ വരിവരിയായിനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് ചെയ്യുന്നതും രാംരൂപിനെ പോലുള്ളവരുടെ ആവേശം അറിഞ്ഞുതന്നെ. ഡല്‍ഹിയില്‍ മാത്രമല്ല, കേരളത്തിലും നിയമസഭ പ്രമേയം പാസാക്കുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതല്‍ നഷ്ടപ്പെട്ടു വരുന്ന പ്രതിച്ഛായ ഒന്നാകെ നരേന്ദ്ര മോദി തിരിച്ചുപിടിച്ചെന്നൊരു തോന്നല്‍. ദേശാഭിമാനത്തിന്‍െറയും ദേശഭക്തിയുടെയും മത്സരമുണ്ടായാല്‍ കൂടെ ഓടുകയല്ലാതെ രക്ഷയില്ല. മുമ്പിലോടുന്ന നരേന്ദ്ര മോദിയെ, അതേ റൂട്ടില്‍ ഓടിയോടി തോല്‍പിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികളും ദേശാഭിമാനികളും ഏറ്റെടുത്തിരിക്കുന്ന നിയോഗം. രാജ്യഭദ്രതയുടെ കാര്യത്തില്‍ തങ്ങള്‍ ആരുടെയും പിന്നിലല്ളെന്ന് പ്രഖ്യാപിക്കുന്ന ഹാരാര്‍പ്പണങ്ങളാണ് യഥാര്‍ഥത്തില്‍ അവര്‍ നടത്തിയത്. ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും യുദ്ധജ്വരത്തോടെ അതിര്‍ത്തിയിലേക്ക് ഒന്നിച്ചോടുന്നതിനിടയില്‍, അതിര്‍ത്തി സംഘര്‍ഷം കുറക്കാനും സമാധാനം പാലിക്കാനും സംഭാഷണത്തിന്‍െറ മാര്‍ഗം തേടാനും ഇന്ത്യയെയും പാകിസ്താനെയും ഉപദേശിക്കുന്നത് അമേരിക്കയും മറ്റുമാണെന്നതാണ് ഇതിനിടയില്‍ ചിരിയുണര്‍ത്തുന്ന വിരോധാഭാസം.

പാകിസ്താന്‍ സ്വയം വരുത്തിവെച്ച വിനയില്‍നിന്നാണ് മോദി ഊര്‍ജം ആവാഹിച്ചതെന്നത് വേറെ കാര്യം. ഭീകരരെ അതിര്‍ത്തി വേലി കടത്തിവിടുന്ന പാകിസ്താന് ചുട്ട മറുപടി കൊടുക്കണമെന്ന വികാരത്തിനൊത്ത് കരുനീക്കിയ മോദി, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തിനുശേഷം തകര്‍ന്നുകൊണ്ടിരുന്ന പ്രതിച്ഛായ വലിയൊരളവില്‍ വീണ്ടെടുത്തിട്ടുണ്ട്. സൈനികമായ നീക്കങ്ങള്‍ എക്കാലവും ജനത്തിന്‍െറ ദേശബോധം ഉണര്‍ത്തുകതന്നെ ചെയ്യും. ഒരു യുദ്ധമോ ദീര്‍ഘകാല സംഘര്‍ഷമോ ഉണ്ടാവുമ്പോഴത്തെ കെടുതികള്‍ രണ്ടാമത്തെ വിഷയമാണ്. അതിര്‍ത്തി നിയന്ത്രണരേഖയില്‍നിന്ന് കാല്‍വഴുതി വീണ് പാകിസ്താന്‍െറ കസ്റ്റഡിയിലായ സൈനികന്‍െറ ഭാവിയാകട്ടെ, ഒരു വിഷയം പോലുമല്ല. ഇന്ത്യക്കും പാകിസ്താനുമിടയില്‍ രൂപപ്പെട്ട സംഘര്‍ഷം, രാജ്യത്തെ പുതിയ വെല്ലുവിളികളിലേക്ക് നയിക്കുന്നുവെന്ന പാഠം ഉള്‍ക്കൊണ്ടുവരുമ്പോഴേക്ക് സിന്ധുവിലൂടെയും ചെനാബിലൂടെയുമൊക്കെ വെള്ളം ഏറെ ഒഴുകിപ്പോയിട്ടുണ്ടാവും. പക്ഷേ, ഇപ്പോള്‍ ഒരു തിരിച്ചടി അനിവാര്യമായിരുന്നുവെന്നാണല്ളോ എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ അതിര്‍ത്തിയില്‍ ഇടക്കിടെ വെടിയൊച്ച തുടര്‍ന്നേക്കുമെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയാനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോള്‍ നടത്തിയ മിന്നല്‍ പ്രഹരത്തില്‍ നിന്നൊരു രാഷ്ട്രീയ മുതല്‍ക്കൂട്ട് മാസങ്ങള്‍ക്കകം നടക്കേണ്ട യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുമുണ്ട്. മിന്നല്‍ പ്രഹരം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള താപമാനം ഉടനടി അളക്കാനുള്ള വേദിയായി യു.പി മാറുകയാണ്. മിന്നല്‍ പ്രഹരത്തോടെ മോദിയുടെ നെഞ്ചളവ് 56 ഇഞ്ചായി പുന$സ്ഥാപിക്കാന്‍ അമിത് ഷായും കേന്ദ്രസര്‍ക്കാറും പ്രത്യേകമായി ശ്രദ്ധിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തേക്ക് നടത്തിയ മിന്നല്‍ പ്രഹരം ആറു മണിക്കൂര്‍ കൊണ്ട് അവസാനിച്ചെങ്കിലും അതത്രയും പെരുപ്പിച്ച വിവരങ്ങളാക്കി ജനമധ്യത്തില്‍ എത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നതും അതുകൊണ്ടുതന്നെ. വേറിട്ട പാര്‍ട്ടി; വേറിട്ട നേതാവ് എന്ന പ്രതിച്ഛായ രൂപപ്പെടുത്താനാണ് ഈ അവസരം ഉപയോഗപ്പെടുന്നത്. എന്നാല്‍, മറ്റൊരു വശമുണ്ട്: ഇന്ത്യ-പാക് സംഘര്‍ഷത്തിലേക്ക് നയിച്ച വിഷയങ്ങളില്‍ സൈനികമായ നടപടികളിലൂടെ ജനത്തെ തൃപ്തിപ്പെടുത്തുന്നതിലേക്ക് മാത്രമാണ് യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടന്നത്. അതിന്‍െറ മൂലകാരണമായി നില്‍ക്കുന്ന കശ്മീരിന്‍െറ കാര്യത്തില്‍ രാഷ്ട്രീയമായ വെല്ലുവിളികള്‍ അതേപടി ബാക്കി നില്‍ക്കുന്നു. ഇന്ത്യ ഇന്ന് എത്തിനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഈ വിഷയം സമചിത്തതയോടെ, വിവേകത്തോടെ ഭരണനേതൃത്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിര്‍ത്തി സംഘര്‍ഷത്തിന്‍െറ പേരില്‍ കശ്മീരിലെ കനലുകള്‍ കാണാതെ പോകുന്നു.

മൂന്നു മാസം മുമ്പ് വീണ്ടും ആളിക്കത്തിയ കശ്മീരിലെ തീ അണഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടലിനുവേണ്ടിയുള്ള പാകിസ്താന്‍െറ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും അര്‍ഥവും നല്‍കിയ നയതന്ത്ര യുദ്ധമാണ് കഴിഞ്ഞ ദിവസങ്ങള്‍വരെ നടന്നുവന്നത്. അതിന്‍െറ ഓരോ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയല്ല, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ നിലപാടുതറ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യ-പാക് വിഷയങ്ങള്‍ ഉഭയകക്ഷി തലത്തില്‍ പരിഹരിക്കാന്‍ കഴിയില്ളെന്നും മധ്യസ്ഥത ആവശ്യപ്പെടുന്ന വിഷയമാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യപ്പെട്ടവിധമാണ് നയതന്ത്രയുദ്ധം എത്തിനില്‍ക്കുന്നത്. കശ്മീര്‍ പ്രശ്നം യു.എന്‍ പൊതുസഭയില്‍ ഉയര്‍ത്തിയ പാകിസ്താനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. സാര്‍ക് ഉച്ചകോടി ബഹിഷ്കരിച്ച് പാകിസ്താനെ ഒറ്റപ്പെടുത്തുകയെന്ന തന്ത്രവും ആത്യന്തികമായി വിജയമല്ല. സാര്‍ക് രാജ്യങ്ങളുമായി പാകിസ്താന് നേരത്തേതന്നെ അത്ര നല്ല ബന്ധമില്ല. അഞ്ചു രാജ്യങ്ങള്‍ ബഹിഷ്കരിക്കുക വഴി സാര്‍ക് ഉച്ചകോടി മാറ്റിവെച്ചിട്ടുണ്ടാകാം. എന്നാല്‍, സാര്‍ക് കൂട്ടായ്മ മിക്കവാറും അസ്തമിപ്പിച്ചതിന്‍െറ പേരുദോഷം നാളെ ഇന്ത്യയാണ് പേറേണ്ടിവരുക. സംയമനത്തിന് അമേരിക്കയും റഷ്യയും ചൈനയുമൊക്കെ ഇന്ന് ഉപദേശിക്കുമ്പോള്‍ പോലും, അവര്‍ പാകിസ്താനെ കൈവിടാന്‍ തയാറല്ല. ഉസാമ ബിന്‍ ലാദിനെ ആബട്ടാബാദില്‍നിന്ന് പിടികൂടിയ ഘട്ടത്തില്‍പോലും ഉണ്ടായിട്ടില്ലാത്ത ഒറ്റപ്പെടല്‍ ഇന്ത്യ ഉയര്‍ത്തുന്ന വിഷയങ്ങളുടെ പേരില്‍ പാകിസ്താന്‍ അനുഭവിക്കേണ്ടിവരുന്നില്ല. പാകിസ്താന്‍ ഭരണകൂടത്തെ സ്വന്തം അജണ്ടകള്‍ക്ക് അമേരിക്ക ഉപയോഗപ്പെടുത്തുന്നു എന്നുതന്നെ കാരണം.

അതിര്‍ത്തിയിലെ വെടിയൊച്ചയിലൂടെ സര്‍ക്കാര്‍ കരുത്തിന്‍െറ പ്രതിച്ഛായ സമ്പാദിച്ചെങ്കിലും സുരക്ഷാപ്പേടി മറ്റൊരുവിധത്തില്‍ ഉടലെടുത്തുകഴിഞ്ഞു. അതിര്‍ത്തി മേഖലകളില്‍നിന്ന് ആയിരങ്ങള്‍ സുരക്ഷിത സങ്കേതം തേടി പലായനം ചെയ്യുന്നതു മാത്രമല്ല അതിന്‍െറ തെളിവ്. അമേരിക്കയുടെയും മറ്റു ലോകശക്തികളുടെയും സമ്മര്‍ദം കൊണ്ട് തല്‍ക്കാലം അമര്‍ഷം ഉള്ളിലൊതുക്കുന്നുവെങ്കിലും പ്രതികാരദാഹം പാകിസ്താന്‍ ഉപേക്ഷിക്കണമെന്നില്ല. സൗഹൃദത്തിന്‍െറ തിരി കെടുത്തിക്കളഞ്ഞതിനൊപ്പം അതിര്‍ത്തിയെ ദീര്‍ഘകാലത്തേക്ക് അത് ഭയപ്പാടിലാക്കുകയും ചെയ്യുന്നു. അതിര്‍ത്തിക്കപ്പുറത്തെ പ്രഹരം ഭീകരസംഘങ്ങള്‍ക്ക് നാശമുണ്ടാക്കിയെങ്കില്‍, അവരില്‍ നിന്നുകൂടി ഇന്ത്യ തിരിച്ചടി പ്രതീക്ഷിക്കണം. അടുത്തുവരുന്ന ആഘോഷ വേളകളില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കുമൊക്കെ നിര്‍ദേശം നല്‍കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ച ഘടകം അതാണ്. ഫലത്തില്‍, മിന്നലാക്രമണം അഭിമാനബോധത്തിനൊപ്പം, സുരക്ഷാപരമായ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്.

ഒരു സര്‍ക്കാറിനെ വിലയിരുത്തുന്നതില്‍ സുരക്ഷ മാത്രമല്ല സാമൂഹികാന്തരീക്ഷം, സമ്പദ്സ്ഥിതി, വികസനം എന്നിവയും ഘടകങ്ങളാണ്. സൈനികമായ നീക്കത്തിലൂടെ സുരക്ഷാരംഗത്ത് മോദിസര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിച്ഛായ താല്‍ക്കാലികമായെങ്കിലും മറ്റു മൂന്നു ഘടകങ്ങളിലെയും വീഴ്ചകളെ മറച്ചു നിര്‍ത്തുന്നുണ്ട്. ഈ പ്രതിഭാസം എത്രകാലത്തേക്ക് നിലനില്‍ക്കും, നിലനിര്‍ത്താമെന്നതാണ് പ്രധാനം. വര്‍ഗീയചെയ്തികള്‍ വഴി തുടക്കം മുതല്‍ സാമൂഹികാന്തരീക്ഷം കലങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് അയല്‍പക്ക സംഘര്‍ഷം വഴി പുതിയ വെല്ലുവിളികള്‍. വികസനത്തിന്‍െറയും സാമ്പത്തിക വളര്‍ച്ചയുടെയും വായ്ത്താരിക്കപ്പുറത്തെ യഥാര്‍ഥ ചിത്രം, നിത്യജീവിത പ്രാരബ്ധങ്ങളിലൂടെ കടന്നുപോകുന്ന സാധാരണക്കാരോട് വിശദീകരിക്കേണ്ടി വരില്ല. ഇക്കാര്യങ്ങളിലേക്ക് കടക്കുമ്പോള്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ബി.ജെ.പിയിതര പാര്‍ട്ടികളും സര്‍ക്കാറിനൊപ്പമില്ല.

പാകിസ്താനും ഇന്ത്യക്കും മുമ്പിലെ പൊതുവായ വെല്ലുവിളി ദാരിദ്ര്യമാണെന്ന് കോഴിക്കോട് കടപ്പുറത്തുവെച്ച് എല്ലാവരെയും ഓര്‍മിപ്പിച്ചത് നരേന്ദ്ര മോദി തന്നെ. തുടക്കത്തില്‍ പറഞ്ഞ രാംരൂപ് പക്ഷേ, ദേശാഭിമാനബോധത്തിന്  മുന്നില്‍ ദാരിദ്ര്യം പിടിച്ച ജീവിതം മറന്ന്, കണക്കുതീര്‍ത്ത ലഹരിയില്‍ നില്‍ക്കും. അഭിമാനം ഊതിവീര്‍പ്പിക്കുന്നവരുടെ ചാണക്യതന്ത്രങ്ങള്‍ അവന്‍െറ ബോധമണ്ഡലത്തിന് അപ്പുറത്താണ്. അതുകൊണ്ട് ശത്രുരാജ്യത്തെ ഗായക, സിനിമ, ക്രിക്കറ്റ് ഭീകരന്മാര്‍ക്ക് ഇന്ത്യയുടെ മണ്ണില്‍ ഇടം നല്‍കില്ളെന്ന പ്രഖ്യാപനങ്ങളില്‍ അവന്‍ രോമാഞ്ചം കൊള്ളും.

Show Full Article
TAGS:india pakistan boarder 
Next Story