Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിംഹിണി

സിംഹിണി

text_fields
bookmark_border
സിംഹിണി
cancel

‘എന്‍െറ അലര്‍ച്ച നിങ്ങള്‍ കേള്‍ക്കാന്‍ പോവുന്നു, സിംഹത്തെക്കാള്‍ ഉച്ചത്തില്‍’ എന്ന കാറ്റി പെറിയുടെ ഗാനമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ തീം സോങ്. സംഗതി ശരിയാണ്; ഹിലരി ഡയാന്‍ റോഥം ക്ളിന്‍റന്‍െറ അലര്‍ച്ച തന്നെയാണ് ഇനി അമേരിക്കയും ലോകവും കേള്‍ക്കാന്‍ പോവുന്നത്. അതിന്‍െറ ആദ്യ സിഗ്നല്‍ കിട്ടിയത് കഴിഞ്ഞ തെരഞ്ഞെടുപ്പ് സംവാദത്തില്‍. ഒട്ടും പതര്‍ച്ചയില്ലാത്ത ഹിലരിയുടെ ഉറച്ച ശബ്ദം മുഴങ്ങിയപ്പോള്‍ ന്യൂയോര്‍ക് സിറ്റിയിലെ ഹോഫ്സ്ട്ര സര്‍വകലാശാലയുടെ ഓഡിറ്റോറിയം അക്ഷരാര്‍ഥത്തില്‍ പ്രകമ്പനംകൊണ്ടു. ആ പാട്ടില്‍ പറയുന്ന പോലെതന്നെ തീയില്‍ നൃത്തച്ചുവടുവെക്കുന്ന പോരാളിയായി. 90 മിനിറ്റ് മതിയായിരുന്നു ഹിലരിക്ക് അമേരിക്കന്‍ ജനതയെ കൈയിലെടുക്കാന്‍. രാജ്യത്തിന്‍െറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാതുകൂര്‍പ്പിച്ചിരുന്ന് കേട്ട സംവാദം. അതോടെ ഒരു പണത്തൂക്കം മുന്നില്‍. പെന്‍ഡുലം ഇപ്പോള്‍ ഹിലരിക്കുനേരെ ചാഞ്ഞിരിക്കുകയാണ്. നവംബറിലെ നിര്‍ണായകമായ ആ വിധിദിനത്തിനുശേഷം അമേരിക്കയുടെ 45ാം പ്രസിഡന്‍റ് ആവാന്‍ സാധ്യത ഏറെ. അതിനിനി ഒന്നര മാസവും മൂന്നു സംവാദങ്ങളും കഴിയണം.
‘നോക്കൂ, ട്രംപ് ഈ സംവാദത്തിനുപോലും തയാറെടുത്തിട്ടില്ല.

ഞാനാകട്ടെ അമേരിക്കന്‍ പ്രസിഡന്‍റാവാന്‍ തന്നെ തയാറെടുത്തിരിക്കുന്നു’ എന്ന വാചകത്തില്‍ തന്നെയുണ്ടായിരുന്നു ലോകത്തെ ഏറ്റവും പുരാതന ജനാധിപത്യ രാജ്യത്തിന്‍െറ ഭരണസാരഥ്യമേറ്റെടുക്കാനുള്ള ആത്മവിശ്വാസം. മറുപക്ഷത്തുള്ള ഡൊണാള്‍ഡ് ട്രംപ് ആകട്ടെ, എല്ലാ ദുര്‍ഗുണങ്ങളുടെയും വിളനിലമാണ്. കറകളഞ്ഞ വംശീയവാദി. അമേരിക്കക്കാരെയല്ലാതെ വേറെ ആരെയും കണ്ടുകൂട. അമേരിക്കയിലെതന്നെ വെളുത്ത വര്‍ഗക്കാരോടേ താല്‍പര്യമുള്ളൂ. മുസ്ലിംകള്‍ എന്നു കേട്ടാല്‍ തീവ്രവാദികള്‍ എന്നേ മനസ്സില്‍ വരൂ. അത്രത്തോളമുണ്ട് വംശവെറി. പിന്നെ ഒന്നാന്തരം സ്ത്രീവിരുദ്ധനാണ്. ലോകസുന്ദരി അലിസിയയെ പന്നിക്കുട്ടിയെന്നും തീറ്റിക്കാരിയെന്നും വിളിച്ചയാള്‍. അതുകൊണ്ടുതന്നെ ഹിലരിക്ക് പ്രസിഡന്‍റ് ആവണമെങ്കില്‍ ട്രംപ് ആവാതിരിക്കുക എന്നതാണ് എളുപ്പവഴി. ഹിലരി വിജയിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ പാരമ്പര്യത്തെക്കാള്‍ ട്രംപിന്‍െറ മനുഷ്യത്വവിരുദ്ധ നയങ്ങളോടുള്ള ജനതയുടെ എതിര്‍പ്പിന്‍െറ ഫലമായിട്ടായിരിക്കും എന്നും നിരീക്ഷിക്കുന്നവരുണ്ട്.

പഠനകാലത്ത് സംവാദവേദികളില്‍ സജീവമായിരുന്നതിന്‍െറ അനുഭവസമ്പത്ത് തുണയായി. റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളോട് ആഭിമുഖ്യമില്ലാത്ത ഇരുപതു ശതമാനം വോട്ടര്‍മാരെ സംവാദത്തില്‍ ഹിലരി കാട്ടിയ വാക്സാമര്‍ഥ്യവും വിവേകവും സ്വാധീനിച്ചേക്കാം. അമേരിക്കന്‍ പ്രസിഡന്‍റാവാനുള്ള സ്റ്റാമിനയില്ളെന്ന ട്രംപിന്‍െറ വാദത്തിന്‍െറ മുനയൊടിച്ചു. 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ച, ഒരു സമാധാന ഉടമ്പടിയും വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ച ചെയ്ത, തടവുകാരെ മോചിപ്പിച്ച തനിക്ക് സ്റ്റാമിനയില്ളെന്ന് എങ്ങനെ പറയാന്‍ പറ്റും എന്ന് ഹിലരി തിരിച്ചടിച്ചു. 2001ലാണ് വൈറ്റ് ഹൗസിന്‍െറ പടിയിറങ്ങിയത്. അവിടെയുള്ള പുരാതന ഫര്‍ണിച്ചര്‍ എടുത്തുവിറ്റെന്നും പിടിക്കപ്പെട്ടപ്പോള്‍ തിരിച്ചത്തെിച്ചെന്നുമൊക്കെ അസൂയാലുക്കള്‍ പറഞ്ഞുപരത്തിയിരുന്നു. വൈറ്റ്ഹൗസ് മലിനമാക്കിയ ഭര്‍ത്താവിനോട് പൊറുത്തതാണ്. നാല്‍പതുവര്‍ഷം നീണ്ട ദാമ്പത്യം. അവിശ്വസ്തനായുള്ള പങ്കാളി. ആ വ്യക്തിയെ സ്നേഹിച്ചുപോയതുകൊണ്ടു മാത്രം എന്നും കൂടെനിന്നു. ബെറ്റ്സി റൈറ്റ്സും ജെന്നിഫര്‍ ഫ്ളവേഴ്സും ഉള്‍പ്പെടെ കാമുകിമാര്‍ ഏറെയായിരുന്നു ഭര്‍ത്താവിന്. മോണിക്കയും പോള ജോണ്‍സുമൊക്കെ സ്ത്രീലമ്പടത്വത്തിന്‍െറ പരമ്പരക്കഥകളിലെ നായികമാര്‍. ഭര്‍ത്താവിന്‍െറ അവിഹിതബന്ധകഥകള്‍ പ്രചരിച്ചപ്പോഴൊക്കെ രാഷ്ട്രീയശത്രുക്കളുടെ പണിയെന്ന് ലഘൂകരിച്ചുകണ്ടു.

അതുകൊണ്ടാവണം, രണ്ടുകൊല്ലം മുമ്പ് മോണിക്ക ലെവിന്‍സ്കി വാനിറ്റി ഫെയര്‍ മാഗസിനില്‍ പറഞ്ഞത്, ‘ഹിലരിക്ക് പെണ്ണുങ്ങളെ കുറ്റപ്പെടുത്തുന്ന സ്വഭാവമുണ്ട്; എന്നെ മാത്രമല്ല, അവളത്തെന്നെയും’ എന്ന്. 2000ത്തില്‍ ന്യൂയോര്‍ക്കിലെ സെനറ്റ് സീറ്റില്‍നിന്ന് മത്സരിക്കുമ്പോള്‍ ഭര്‍ത്താവിനെ പിന്തുണച്ചുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ എന്ന ചോദ്യം നേരിടേണ്ടിവന്നു. താന്‍ അതില്‍ അങ്ങേയറ്റം പശ്ചാത്തപിക്കുന്നുവെന്നായിരുന്നു ഹിലരിയുടെ മറുപടി. 15 മാസമായി പ്രചാരണത്തിലാണ്. ഇപ്പോള്‍ അപ്രതീക്ഷിതമായ ഇടങ്ങളില്‍നിന്ന് പിന്തുണ വരുന്നുണ്ട്. 1890ല്‍ തുടങ്ങിയ കാലംതൊട്ട് റിപ്പബ്ളിക്കന്മാരെയല്ലാതെ ആരെയും തുണച്ചിട്ടില്ലാത്ത അരിസോണ റിപ്പബ്ളിക് എന്ന യാഥാസ്ഥിതിക പത്രത്തിന്‍െറ പത്രാധിപസമിതി ഹിലരിക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടാംലോക മഹായുദ്ധത്തിലെ സൈനികനും വിര്‍ജിനിയയിലെ റിപ്പബ്ളിക്കന്‍ സെനറ്ററുമായ ജോണ്‍ വാര്‍നറും പിന്തുണ അറിയിച്ചിട്ടുണ്ട്. വിധിയെ ബാധിക്കുന്ന വിധം നിര്‍ണായകമായ അടിയൊഴുക്കുകളുള്ള വിര്‍ജിനിയയിലെ പട്ടാളക്കാരുടെ വോട്ടുകള്‍ അതുവഴി കിട്ടുമെന്ന് കണക്കുകൂട്ടാം. മിഷേല്‍ ഒബാമയെ വെച്ച് ടെലിവിഷന്‍ പരസ്യം ചെയ്തിട്ടുണ്ട്. നമ്മുടെ കുട്ടികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രസിഡന്‍റ് ആയിരിക്കും ഹിലരി എന്ന് പരസ്യത്തില്‍ മിഷേല്‍ പറയുന്നു.

ഹിലരിയുടെ രാഷ്ട്രീയ നിലപാടുകള്‍ ട്രംപിന്‍േറതില്‍നിന്ന് തുലോം വിഭിന്നം. കുറേക്കൂടി മനുഷ്യത്വമുള്ള നയനിലപാടുകള്‍. കുടിയേറ്റത്തിനും മുസ്ലിംകള്‍ക്കുമെതിരെ ഇതുവരെ സംസാരിച്ചിട്ടില്ല. ട്രംപിനെപ്പോലെ ഇസ്ലാമോഫോബിയ കാട്ടിയിട്ടില്ല. ഐ.എസിനെ വളര്‍ത്തിയതില്‍ ഹിലരിക്ക് പങ്കുണ്ട് എന്നുവരെ ട്രംപില്‍നിന്ന് പഴികേട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന കറുത്ത വര്‍ഗക്കാരുടെ വിമോചനത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. ഇറാഖ് ആക്രമണത്തില്‍ മകന്‍ മരിച്ചതിന്‍െറ വേദനയില്‍ കഴിയുന്ന ഖിസര്‍ ഖാനെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലിരുത്തി സംസാരിപ്പിച്ചു. ഇറാഖ് അധിനിവേശം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. അമേരിക്കയുടെ യുദ്ധക്കൊതിയോ ആധിപത്യമനോഭാവമോ ഹിലരിയുടെ വാക്കുകളിലില്ല. ട്രംപിന്‍െറ ഒൗദ്ധത്യത്തെക്കാള്‍ ഹിലരിയുടെ സമാധാനപ്രേമത്തിന് വിലകൊടുക്കുന്നവരുണ്ടോ എന്ന് നവംബറില്‍ അറിയാം.

ഷിക്കാഗോയില്‍ 1947 ഒക്ടോബര്‍ 26ന് ജനനം. തുണിവ്യവസായി ആയിരുന്നു പിതാവ്. മാതാവ് ഡൊറോത്തി ഇംഗ്ളീഷ്-സ്കോട്ടിഷ് ഫ്രഞ്ച്-കനേഡിയന്‍ മിശ്രപാരമ്പര്യങ്ങളില്‍ പിറന്ന വനിത. രണ്ട് ഇളയ സഹോദരങ്ങള്‍. സ്കൂളില്‍ പഠിക്കുമ്പോള്‍ ബഹിരാകാശ സഞ്ചാരിയാവാനായിരുന്നു ആഗ്രഹം. അത് പ്രകടിപ്പിച്ച് നാസക്ക് കത്തെഴുതി. പെണ്‍കുട്ടികളെ എടുക്കില്ളെന്നായിരുന്നു നാസയുടെ മറുപടി. 1968ല്‍ വെല്ലസ്ലി കോളജില്‍ രാഷ്ട്രമീമാംസ ബിരുദത്തിന് പഠിക്കുമ്പോള്‍ കോളജ് പ്രസിഡന്‍റായി. മാര്‍ട്ടിന്‍ ലുഥര്‍ കിങ് ജൂനിയര്‍ കൊല്ലപ്പെട്ടപ്പോള്‍ കറുത്ത വര്‍ഗക്കാരായ കുട്ടികളെ കൂട്ടി പ്രതിഷേധസമരങ്ങള്‍ നയിച്ചു. പിന്നീട് യേല്‍ ലോ സ്കൂളില്‍. തുടര്‍ന്ന് അര്‍ക്കന്‍സാസ് യൂനിവേഴ്സിറ്റിയില്‍ നിയമ അധ്യാപിക. 1975ല്‍ ബോയ്ഫ്രണ്ട് ബില്‍ ക്ളിന്‍റണെ വിവാഹം കഴിച്ചു. ഹിലരി പ്രസിഡന്‍റായാല്‍ ക്ളിന്‍റണ്‍ പ്രഥമപുരുഷനാവും. മകള്‍ ചെല്‍സി.

Show Full Article
TAGS:hilari clinton 
Next Story