Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാര്യക്ഷമത...

കാര്യക്ഷമത വര്‍ധിക്കേണ്ട ഭരണയന്ത്രം

text_fields
bookmark_border
കാര്യക്ഷമത വര്‍ധിക്കേണ്ട ഭരണയന്ത്രം
cancel

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനു ശേഷം ജനം പുതിയ സര്‍ക്കാറിന് സമ്മതിദാനം നല്‍കിയത് ഏറെ പ്രതീക്ഷകളോടെ. പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമ ഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തരബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ അധികാരികളുടെയും ബഹുജനങ്ങളുടെയും മുന്നില്‍ സമര്‍പ്പിക്കുന്നു. പൊതുഭരണസംവിധാനത്തിന്‍െറ കാര്യക്ഷമതക്കുവേണ്ട നിര്‍ദേശവുമായി മുന്‍ ചീഫ് സെക്രട്ടറി ഡോ. എം. വിജയനുണ്ണി.

ഏത് രാഷ്ട്രീയകക്ഷിയുടെ ജനാധിപത്യ സര്‍ക്കാറായാലും അതിന്‍െറ വിജയപരാജയങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് സിവില്‍ സര്‍വിസ് എന്നത് സംശയരഹിതമായ കാര്യമാണ്. സര്‍ക്കാറിന്‍െറ നയപരിപാടികളും തത്ത്വസംഹിതയും എന്തായിരുന്നാലും അത് ഏതുതരത്തില്‍ ജനങ്ങളിലേക്കത്തെിക്കാന്‍ സാധിക്കുന്നു എന്നതിനനുസരിച്ചാണ് ഓരോ സര്‍ക്കാറിന്‍െറയും പ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കുന്ന നയസമീപനങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥ സംവിധാനത്തില്‍ കൂടിയാണ്. അവിടെയാണ് അഴിമതിരഹിതവും കാര്യക്ഷമവുമായ ഒരു ഭരണയന്ത്രത്തിന്‍െറ പ്രാധാന്യം വ്യക്തമാകുന്നത്.

ഇത് കണക്കിലെടുത്താണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അന്നത്തെ ഭരണഘടനാ ശില്‍പികള്‍ ദീര്‍ഘവീക്ഷണത്തോടെ ഇന്നത്തെ സിവില്‍ സര്‍വിസ് സംവിധാനത്തിന് രൂപം നല്‍കിയത്. അന്നത്തെയും ഇന്നത്തെയും എന്നത്തെയും കാഴ്ചപ്പാടുകളനുസരിച്ച് ഈ ഉദ്യോഗസ്ഥസംവിധാനം തീര്‍ച്ചയായും ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണ്. പക്ഷേ, സിവില്‍ സര്‍വിസിന്‍െറ ജയവും പരാജയവും നയിക്കുന്ന ഉന്നത നേതൃത്വത്തിന്‍െറ പ്രാഗല്ഭ്യവും ദീര്‍ഘദര്‍ശിത്വവും അനുസരിച്ചായിരിക്കും. അക്കാര്യത്തില്‍  ഇന്ത്യയുടെ സിവില്‍ സര്‍വിസ് പലപ്പോഴും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ളെങ്കില്‍ അതിന്‍െറ കാരണംതേടി മറ്റെവിടെയും പോകേണ്ടതില്ല.

ചരിത്രം പരിശോധിച്ചാല്‍ പരാജയപ്പെട്ട പല രാഷ്ട്രങ്ങളുടെയും രാഷ്ട്രീയ തത്ത്വസംഹിതകളുടേയും പരാജയത്തിന്‍െറ സുപ്രധാന കാരണം അവിടത്തെ സിവില്‍ സര്‍വിസിന്‍െറ അപചയവും അധ$പതനവുമാണെന്ന് കാണാം. സോവിയറ്റ് യൂനിയന്‍ എന്ന ബൃഹത്തായ ‘സൂപ്പര്‍ പവര്‍’ കാലത്തിന്‍െറ ഒഴുക്കില്‍പെട്ട് തിരോധാനം ചെയ്തപ്പോള്‍ അതിന്‍െറ പിന്നിലും അഴിമതി നിറഞ്ഞ, ജനങ്ങളില്‍നിന്ന് അകന്ന സിവില്‍ സര്‍വിസിനെ കാണാം. കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെല്ലാം സജീവ പാര്‍ട്ടി മെംബര്‍മാര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ അവര്‍ ഉദ്യോഗസ്ഥപദവിയുടേയും പാര്‍ട്ടി അംഗത്വത്തിന്‍േറയും പേരില്‍ ഇരട്ടി സ്വാധീനംചെലുത്തി അധികാര ദുര്‍വിനിയോഗവും അവിഹിത സ്വത്തുസമ്പാദനവും നടത്തി എന്ന പരാതികള്‍ അന്ന് വ്യാപകമായിരുന്നു. ‘അപ്പരിചിക്’ എന്നു വിളിക്കുന്ന ഒൗദ്യോഗികസംവിധാനം അവിടത്തെ രാഷ്ട്രീയനേതൃത്വത്തിന്‍െറ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്ന് അവര്‍തന്നെ സമ്മതിക്കുന്നു.

ഇപ്പോള്‍ ചൈനയിലും വ്യത്യസ്തരീതിയില്‍ ഈ ഉദ്യോഗസ്ഥസംവിധാനത്തിന്‍െറ അപചയം ഇടക്കിടെ പ്രത്യക്ഷമാകുന്നുണ്ട്. ശുദ്ധമായ കമ്യൂണിസ്റ്റ് തത്ത്വസംഹിതയില്‍ പ്രായോഗികമാറ്റങ്ങള്‍ വരുത്തി ത്വരിതവികസനത്തിനുതകുന്നതുമായ ഒരു വ്യത്യസ്ത തത്ത്വസംഹിതയാണ് ചൈനയില്‍ ഇപ്പോള്‍ പിന്തുടരുന്നത്. എങ്കിലും, അവിടെയും പാര്‍ട്ടി അംഗങ്ങളായ ഉദ്യോഗസ്ഥരുടെ അഴിമതിയും സ്വത്തുസമ്പാദനവും ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവും ഇടക്കിടെ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അത്തരം  പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായി വധശിക്ഷയും ജയില്‍ശിക്ഷയും പോലുള്ള കടുത്തനടപടികള്‍ സ്വീകരിച്ചതിന്‍െറ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഇന്ത്യയില്‍ ഭരണഘടന വിഭാവനം ചെയ്തതനുസരിച്ചുള്ള പെര്‍മെനന്‍റ് സിവില്‍ സര്‍വിസ് ആയതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കേണ്ടതാണ്. ആര്‍ട്ടിക്ള്‍ 311ല്‍ ഉറപ്പാക്കിയ സേവനസുരക്ഷ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമാണെങ്കിലും അത് പലപ്പോഴും പരിധിവിട്ട് പോകുന്നതായി തോന്നുന്നത് ഭരണഘടനാ വ്യവസ്ഥയുടെ ദൗര്‍ബല്യമല്ല, അത് പ്രയോഗത്തില്‍ വരുത്തുന്നതിലുള്ള വീഴ്ചയാണ്.

സിവില്‍ സര്‍വിസിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ശിപാര്‍ശയും കൈക്കൂലിയുമില്ലാതെ സുതാര്യവും വിശ്വാസ്യവുമായ ഒരു സംവിധാനമാണ് പബ്ളിക് സര്‍വിസ് കമീഷന്‍വഴി ഭരണഘടനയില്‍ വിഭാവന ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ സക്രിയരായി പ്രവര്‍ത്തിക്കുന്ന ആളുകളെ പബ്ളിക് സര്‍വിസ് കമീഷനില്‍ നിയമിക്കരുതെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഈ വ്യവസ്ഥ കാലം കഴിയുന്തോറും ലംഘിക്കപ്പെടുകയാണ്. പബ്ളിക് സര്‍വിസ് കമീഷനിലുള്ള നിയമനത്തിനുശേഷം ഗവണ്‍മെന്‍റിന് കീഴില്‍ മറ്റേതെങ്കിലും പദവികള്‍ സ്വീകരിക്കരുതെന്നു വ്യക്തമായി ഭരണഘടനയില്‍തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥ പബ്ളിക് സര്‍വിസ് കമീഷനിലെ അംഗങ്ങളുടെ നിക്ഷ്പക്ഷതയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. പക്ഷേ, ഈ വ്യവസ്ഥകള്‍ ഈയിടെയായി ലംഘിക്കപ്പെടുന്നതായി കാണുന്നു. ആദ്യ കാലങ്ങളില്‍ പൊതുജീവിതത്തില്‍ ഉന്നതനിലവാരവും പ്രാഗല്‍ഭ്യവും വ്യക്തി വൈശിഷ്ട്യവും തെളിയിച്ചിട്ടുള്ളവരെ മാത്രം നിയമിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പല സംസ്ഥാനങ്ങളിലും ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍മാത്രം വെച്ച് അംഗങ്ങളെ നിയമിച്ചതിന്‍െറ അനന്തരഫലങ്ങള്‍ കാണാനുണ്ട്.

പല സംസ്ഥാനങ്ങളിലും പബ്ളിക് സര്‍വിസ് കമീഷന്‍ ചെയര്‍മാനും അംഗങ്ങളും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരാവുകയും മറ്റ് ക്രമക്കേടുകള്‍ കാരണം ഗവര്‍ണര്‍മാര്‍ അവരെ തല്‍സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യുകയും നീക്കംചെയ്യുകയുമുണ്ടായി.  ഇത്തരം അനഭിലഷണീയമായ സംഭവവികാസങ്ങള്‍ ഭരണഘടനയില്‍ വിഭാവന ചെയ്ത കുറ്റമറ്റ ഉദ്യോഗസ്ഥ റിക്രൂട്ട്മെന്‍റ് എന്ന സങ്കല്‍പത്തിനുതന്നെ കളങ്കമേല്‍പിച്ച സംഭവങ്ങളുമുണ്ട്. സര്‍വിസിലിരിക്കുന്ന ജീവനക്കാരുടെ കാര്യത്തിലും അവരില്‍നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പക്ഷപാതിത്വമില്ലായ്മയും അഴിമതിയും കൈക്കൂലിയുമില്ലാത്ത സേവനവും പലപ്പോഴും ലഭിക്കുന്നില്ല എന്നതും ജനങ്ങളുടെ സ്ഥിരം പരാതിയാണ്. രാഷ്ട്രീയാടിസ്ഥാനത്തില്‍ സര്‍വിസ് സംഘടനകളുടെ പ്രവര്‍ത്തനവും ജീവനക്കാരുടെ വ്യക്തിപരമായ രാഷ്ട്രീയചായ്വുകളും അവരുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സര്‍വിസ് ചട്ടങ്ങളനുസരിച്ച് നിക്ഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ടവരാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. എന്നാല്‍, ഇത് കാലം കഴിയുന്തോറും പൂര്‍ണമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഗുരുതരമായ ക്രമക്കേടുകളോ അഴിമതിയോ കാണിക്കുന്ന ജീവനക്കാരെപോലും സംരക്ഷിക്കാനായി  അവര്‍ ആശ്രയിക്കുന്ന സര്‍വിസ് സംഘടനകള്‍ അരയും തലയും മുറുക്കി മുന്നോട്ടുവരാറുണ്ട്. അച്ചടക്കരാഹിത്യത്തിന് ശിക്ഷ നല്‍കാന്‍ വളരെ ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് താഴേക്കിടയിലുള്ള ഓഫിസുകളില്‍ ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പല ഓഫിസുകളിലും അരാജകത്വം കൊടികുത്തിവാഴുന്നുണ്ട്. ഇത് ഓഫിസിന്‍െറ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ജനങ്ങള്‍ സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതിനും തടസ്സമാകുന്നു.   പ്രധാന തസ്തികകളില്‍ നിയമിക്കപ്പെടുന്നതിന് കാര്യക്ഷമത അനിവാര്യഘടകമാണെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ഇതുമൂലം ആ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാകാതെ വരുകയും ചെയ്യും. ഉന്നതസ്ഥാനങ്ങളിലേക്ക് ഉയര്‍ന്ന നിലവാരമുള്ള അഖിലേന്ത്യാ സര്‍വിസുകള്‍ നിലവിലുണ്ടെങ്കിലും ആ സര്‍വിസുകളുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍കാരണം അവിടെയും ഗണ്യമായ മൂല്യശോഷണം സംഭവിക്കുന്നുണ്ട്. സ്വഭാവശുദ്ധിയില്ലാത്ത സ്വന്തം താല്‍പര്യങ്ങള്‍വെച്ച് പ്രവര്‍ത്തിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിമാരെയും മറ്റും സ്വാധീനിച്ച് ഇഷ്ടപ്പെട്ട തസ്തികകളിലേക്ക് നിയമനം വാങ്ങിയെടുക്കുകയും അതിന് നന്ദിസൂചകമായി വഴിവിട്ട പ്രത്യുപകാരങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതും സിവില്‍ സര്‍വിസിന്‍െറ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതും സിവില്‍ സര്‍വിസിന്‍െറ പ്രവര്‍ത്തനവിജയത്തില്‍ ഒരു പ്രധാന ഘടകമാണ്. കേരളത്തില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള കമീഷനെ നിയമിച്ച് വേതനം കൃത്യമായി വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ സേവനനിലവാരം കുറഞ്ഞുവരുന്നുവെന്നാണ് ജനങ്ങളുടെ പരാതി. കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന കാര്യം  ശമ്പള കമീഷന്‍െറ വേതനപരിഷ്കരണ നിര്‍ദേശ സമയത്തുമാത്രം ഉയര്‍ന്നുവരുകയും പിന്നീട് വര്‍ധിപ്പിച്ച വേതനം മാത്രം പ്രാബല്യത്തില്‍ വരുകയും കാര്യക്ഷമതാ നിര്‍ദേശങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനാവുന്നത്.

ഭരണയന്ത്രത്തിന്‍െറ കാര്യക്ഷമത എന്നത് വേതനപരിഷ്കരണ സമയത്തുമാത്രം ഉയര്‍ന്നുവരേണ്ട കാര്യമല്ല. അതുപോലെ വര്‍ഷങ്ങള്‍ നീളുന്ന ഭരണപരിഷ്കാര കമീഷനുകള്‍ രൂപവത്കരിച്ച് അനേകം വാല്യങ്ങളായുള്ള റിപ്പോര്‍ട്ടുകള്‍ എഴുതിയുണ്ടാക്കി അവസാനം അതെല്ലാം സെക്രട്ടേറിയറ്റിന്‍െറ റെക്കോഡ് മുറിയില്‍ ചെന്നടിയുകയും ചെയ്യുന്ന സമ്പ്രദായവുമല്ല ഇക്കാര്യത്തില്‍ വേണ്ടത്.
തയാറാക്കിയത്:
എം. ഷിബു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
Next Story