Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു എം.എല്‍.എയും...

ഒരു എം.എല്‍.എയും മുപ്പതു ലക്ഷം വോട്ടുകളും

text_fields
bookmark_border
ഒരു എം.എല്‍.എയും മുപ്പതു ലക്ഷം വോട്ടുകളും
cancel

മുപ്പതു ലക്ഷത്തോളം കേരളീയര്‍ ബി.ജെ.പി സഖ്യത്തിന് വോട്ടുചെയ്ത തെരഞ്ഞെടുപ്പാണ് കടന്നുപോയത്. അവര്‍ വോട്ടുചെയ്തവരില്‍ ഒരാള്‍ നിയമസഭയിലത്തെുകയും ചെയ്തിരിക്കുന്നു. തെരുവിലും സഭയിലും ബി.ജെ.പി സഖ്യത്തിന്‍െറ ശബ്ദമുണ്ടാവുമെന്ന് ഉറപ്പുവന്നിരിക്കുന്നു. നിസ്സാരവത്കരിക്കാവുന്ന ഒരു കാര്യമല്ല ഇതെന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. ഒരു സ്റ്റാലിനിസ്റ്റ് പാര്‍ട്ടി  ഭരിക്കുകയും ഒരു ഫാഷിസ്റ്റ് പാര്‍ട്ടി പ്രധാന പ്രതിപക്ഷത്തിന്‍െറ പദവി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അഭൂതപൂര്‍വമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.
സോമാലിയ പരാമര്‍ശത്തില്‍ തെറ്റില്ല, കാരണം ‘കുറ്റിപ്പുറ’ത്തെ പ്രശ്നമാണ് ‘മോദിജി’ പറഞ്ഞതെന്നും അത് ‘ജാനുജി’ ശരിവെച്ചിട്ടുണ്ടെന്നും കേരളത്തില്‍ കിടപ്പാടത്തിനു ‘പാട്ടം’ കിട്ടാത്തവര്‍ നിരവധിയാണെന്നുമൊക്കെ പറഞ്ഞ ശ്രീശാന്തിന് മുപ്പത്തയ്യായിരത്തോളം വോട്ടുകളാണ് കിട്ടിയത്. സ്ഥാനാര്‍ഥി ആരാണെന്നു നോക്കാതെ ബി.ജെ.പിക്ക് വോട്ടുചെയ്യാന്‍ തയാറുള്ള, അട്ടപ്പാടിയും വയനാടും പട്ടയവും ഒക്കെ അപ്രസക്തമാകുന്ന മനസ്സുള്ള, ഒരു മുഖ്യധാരാകേരളം വളരുകയാണ്. ബി.ജെ.പിക്ക് കിട്ടുന്നതില്‍ ഏതെങ്കിലും പാര്‍ട്ടി ‘മറിച്ച’ വോട്ടുകളെയല്ല, ഇടതുപക്ഷത്തുനിന്നായാലും ജനാധിപത്യചേരിയില്‍ നിന്നായാലും, സ്വയം അങ്ങോട്ടുമറിയുന്ന ലക്ഷക്കണക്കിന് വോട്ടുകളെയാണ് നാമിപ്പോള്‍ ഭയക്കേണ്ടത്.

ഇത് ഈ തെരഞ്ഞെടുപ്പില്‍ തുടങ്ങിയതുമല്ല. എണ്‍പതുകള്‍ മുതല്‍ ക്രമാനുഗതമായി ബി.ജെ.പി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. കൂടാതെ, ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടി  ഇപ്പോള്‍ നിര്‍ണായകശക്തി തന്നെയാണ്. ഫാഷിസ്റ്റ് സഖ്യത്തിന് അതുവഴി കിട്ടിയ വോട്ടുകള്‍ നിസ്സാരമല്ല. വെള്ളാപ്പള്ളിയുടെ ചരിത്രദൗത്യം എസ്.എന്‍.ഡി.പിയെ സവര്‍ണ ഫാഷിസ്റ്റ് ആലയില്‍ തളക്കുകയാണെന്ന് അദ്ദേഹം അതിന്‍െറ നേതൃത്വം ഏറ്റെടുത്ത നാള്‍മുതല്‍ തോന്നിയിട്ടുള്ളതാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി പല ലേഖനങ്ങളിലായി അത് വിളിച്ചുപറഞ്ഞിട്ടുണ്ട്.അപകടകരമായ ഒരു രാഷ്ട്രീയസഖ്യമാണത്. ബി.ഡി.ജെ.എസിന്‍െറ സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ല, അവര്‍ അപ്രസക്തരായി എന്നൊക്കെ കരുതുന്നവര്‍ കാര്യത്തിന്‍െറ ഗൗരവം കുറച്ചുകണ്ട് ആശ്വസിക്കാന്‍ ശ്രമിക്കുകയാണ് എന്നുമാത്രമേ ഞാന്‍ കരുതുന്നുള്ളൂ.

എസ്.എന്‍.ഡി.പി മാത്രമല്ല, എന്‍.എസ്.എസും ഈ വഴി സ്വീകരിക്കും എന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ഥ്യമായിട്ടില്ളെങ്കിലും അതിന്‍െറ സംഭവ്യത തള്ളിക്കളയാനാവില്ല.എന്നാല്‍, ഇവിടെ പ്രധാനം ഈ അക്കങ്ങളല്ല. ജനസംഘത്തിന് സമാഹരിക്കാന്‍ കഴിയാതിരുന്ന വോട്ടുകള്‍ ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് പിടിച്ചെടുത്തുകൊണ്ടാണ്  എണ്‍പതുകളില്‍ ബി.ജെ.പി കേരളത്തില്‍ പ്രസക്തി നേടുന്നത്. ഒപ്പം സി.പി.എം അനുകൂലികളില്‍ ഒരുവിഭാഗവും അവര്‍ക്ക്  വോട്ട് ചെയ്തുതുടങ്ങി.

പിന്നീട് അവര്‍ക്ക്  കൂടുതല്‍ പരസ്യമായ സ്വീകാര്യത കേരളീയസമൂഹത്തില്‍ ഉണ്ടാവുന്നതാണ് കണ്ടത്. വോട്ട് ഇടതുപക്ഷത്തിനും ഐക്യജനാധിപത്യമുന്നണിക്കും ചെയ്യുന്നവരുടെ ഇടയില്‍പോലും  ഒരു ഹിന്ദുമനസ്സ് ഇവിടെ വളര്‍ന്നുകൊണ്ടിരുന്നു.ഇ.എം.എസ് തുടക്കമിട്ട ശരീഅത്ത് വിവാദം മുതല്‍ക്കാണ് കേരളത്തില്‍ ശക്തമായ ഹിന്ദുത്വവികാരം ഉടലെടുക്കാന്‍ തുടങ്ങിയത്. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ സംഘടിക്കുകയും രാഷ്ട്രീയപാര്‍ട്ടികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുപോലും വര്‍ഗീയതയായി ചിത്രീകരിച്ചുകൊണ്ട് കേരളത്തില്‍ മോങ്ങാനിരുന്ന ന്യൂനപക്ഷവിരുദ്ധതയുടെ തലയില്‍ തേങ്ങ ഇട്ടുകൊടുത്തത് മുതല്‍ കേരളത്തില്‍ പ്രസക്തമല്ലാതിരുന്ന ന്യൂനപക്ഷവര്‍ഗീയത എന്ന അമൂര്‍ത്ത  ആശയവും വളരെ പെട്ടെന്ന് പ്രബലമായിത്തീര്‍ന്നു. ഇ.എം.എസാണ് അതിന് തുടക്കമിട്ടതെങ്കിലും അത് സവര്‍ണ ഫാഷിസ്റ്റുകളുടെ കൈയില്‍ വലിയ ആയുധമായിമാറി. ദേശീയതലത്തില്‍തന്നെ അപ്പോള്‍ രൂപംകൊണ്ടിരുന്ന ബി.ജെ.പിക്ക് അതൊരു പ്രധാന പ്രചാരണോപാധിയായി മാറി. അപരത്വത്തെ എങ്ങനെ നിര്‍വചിക്കണം എന്നതിനെക്കുറിച്ചുള്ള അവരുടെ ആശങ്കകളെ അത് ദൂരീകരിച്ചു. അപരത്വം ന്യൂനപക്ഷവര്‍ഗീയത എന്ന തിന്മയാണെന്ന് വളരെവേഗം മുദ്രയടിക്കപ്പെട്ടു.

സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും മതസ്പര്‍ധ കൊണ്ടുമാത്രം തങ്ങള്‍ എതിര്‍ത്തിരുന്ന ന്യൂനപക്ഷങ്ങളെ അവരുടെ ഏതെങ്കിലും നിരന്തരമായ തെറ്റിന്‍െറപേരില്‍ എതിര്‍ക്കാന്‍ കഴിയുക എന്ന പരമഭാഗ്യമാണ് സവര്‍ണഫാഷിസ്റ്റുകള്‍ക്ക് ലഭിച്ചത്. അവരെ എതിര്‍ക്കുന്നത് അവരിലെ ന്യൂനപക്ഷവര്‍ഗീയത കൊണ്ടാണ്! അങ്ങനെ ഒരു പരികല്‍പന അതുവരെ മുഖ്യധാരയില്‍ സജീവമായിരുന്നില്ല. ശരീഅത്ത് വിവാദം കൊഴുത്തതോടെ, അതിന്‍െറ ഉപോല്‍പന്നമായി കേരളരാഷ്ട്രീയത്തിലും ഇന്ത്യയില്‍തന്നെയും ന്യൂനപക്ഷവര്‍ഗീയത എന്ന പരികല്‍പന ശക്തമായ ആശയസാന്നിധ്യമായി മാറി. അതോടെ കശ്മീരിലെ ദേശീയസമരംപോലും ന്യൂനപക്ഷ വര്‍ഗീയതയായി മാറി.

ന്യൂനപക്ഷങ്ങളുടെ മതപരമായ നിത്യജീവിതംതന്നെ വര്‍ഗീയതയായി. മുസ്ലിംകള്‍ നിലവിളക്ക് കത്തിച്ചില്ളെങ്കില്‍, അവര്‍ മതാഭിമുഖ്യമുള്ള പേരുകളാണ് വീടിനോ മക്കള്‍ക്കോ സ്വീകരിക്കുന്നതെങ്കില്‍ അതെല്ലാം വര്‍ഗീയതയായി കണക്കാക്കപ്പെട്ടു. തന്‍െറ വീടിനും മക്കള്‍ക്കും  ഒന്നും മതം വെളിവാക്കുന്ന പേരുകള്‍ ഇല്ളെന്ന്  സാക്ഷ്യംപറഞ്ഞ് മതേതരര്‍ ആവേണ്ട ഗതികേടിലേക്ക് ഓരോ മുസ്ലിമിനെയും നിര്‍ബന്ധിക്കുന്ന ഒരു സാംസ്കാരിക ഫാഷിസം ശക്തമായിത്തീര്‍ന്നു.അതുകൊണ്ടുതന്നെ ഇപ്പോള്‍ കിട്ടിയിട്ടുള്ള വോട്ടുകളല്ല കേരളത്തില്‍ സവര്‍ണഫാഷിസത്തിന്‍െറ അടിസ്ഥാനം. അതിനുള്ളത് കഴിഞ്ഞ മൂന്നു  ദശാബ്ദമായി പൊതുബോധത്തില്‍ ലീനമായിരിക്കുന്ന  ന്യൂനപക്ഷവിരുദ്ധതയുടെ, വിശേഷിച്ച് മുസ്ലിംവിരുദ്ധതയുടെ പ്രത്യയശാസ്ത്രമൂലധനമാണ്.

അതിന്‍െറ പ്രധാനലക്ഷ്യം മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടിതരൂപങ്ങളെ പാടെ തകര്‍ക്കുക എന്നുള്ളതാണ്. മതം വിമര്‍ശിക്കപ്പെടുന്ന വ്യവഹാരങ്ങളില്‍ എങ്ങനെയാണോ യൂറോപ്പില്‍ ക്രിസ്തുമതം പ്രതിക്കൂട്ടില്‍ ആവാത്തത്, അത്രമേല്‍ സ്വാഭാവികമായി ഇന്ത്യയിലെ പൊതു യുക്തിവാദ മതവിരുദ്ധ മതേതരവ്യവഹാരം ഹിന്ദുമതത്തിന് ഒരു പോറല്‍പോലും ഏല്‍പിക്കില്ളെന്ന ദൃഢവിശ്വാസം അവര്‍ക്കുണ്ട്. എന്നാല്‍,  അത്തരം വിമര്‍ശങ്ങള്‍ സവര്‍ണ മതസ്വത്വത്തിന് തീര്‍ത്തും  ഭീഷണിയാവുമ്പോള്‍ അത്തരം വിമര്‍ശകരെ അവര്‍ ഉന്മൂലനം ചെയ്യുന്നതും കഴിഞ്ഞവര്‍ഷങ്ങളില്‍ നാം കാണുകയുണ്ടായി. അതിനപ്പുറം, ഹിന്ദുത്വലക്ഷ്യം,  ന്യൂനപക്ഷമതങ്ങള്‍ ഇപ്പോഴും അരക്ഷിതരായിരിക്കണം എന്നതാണ്. അവരുടെ സംഘടിതശക്തി സംശയത്തോടെ മാത്രമേ പൊതുധാരയില്‍ വീക്ഷിക്കാന്‍ പാടുള്ളൂ എന്നത് അവരെക്കൊണ്ടുതന്നെ നിരന്തരം സാധൂകരിപ്പിക്കേണ്ടതുണ്ട്. എല്ലാ മുസ്ലിം സംഘടനകളും ഇസ്ലാമിക് സ്റ്റേറ്റിന്‍െറ വകഭേദങ്ങളാണ്. മക്കള്‍ക്കും വീടിനും വാഹനത്തിനുമെല്ലാം ഹിന്ദുനാമങ്ങള്‍ നല്‍കിയും സ്വന്തം ആചാരങ്ങളെ നിരന്തരം വിമര്‍ശിച്ചും സവര്‍ണ ഫാഷിസ്റ്റ് അജണ്ടകള്‍ക്ക്  കീഴടങ്ങിയും ജീവിക്കുക എന്ന ‘മതേതര’ ശാസനക്ക് വിധേയരാവാത്തവരെല്ലാം തീവ്രവാദികളായിരിക്കും.

ഉമ്മന്‍ ചാണ്ടിയെ കല്ളെറിഞ്ഞതടക്കമുള്ള സി.പി.എമ്മിന്‍െറ ചില സമരങ്ങള്‍ ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടത്തുന്ന സമരരീതികള്‍ക്ക് സമാനമാണെങ്കിലും എഴുപതുകളില്‍ കോണ്‍ഗ്രസിനെതിരെ നടന്ന പ്രതിപക്ഷസമരങ്ങളുടെ ജീവവായു ആര്‍.എസ്.എസ് ആക്രമണങ്ങളായിരുന്നു. ഇന്ദിരഗാന്ധിയും ജഗ്ജീവന്‍ റാമുമടക്കം ദേശീയ നേതാക്കന്മാരത്തെന്നെ കല്ളെറിഞ്ഞും ആക്രമിച്ചും യോഗങ്ങള്‍ മുടക്കിയും കരിങ്കൊടികാണിച്ചും ആര്‍.എസ്.എസ് നടത്തിയ തേര്‍വാഴ്ച എഴുപതുകളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ സവിശേഷതയായിരുന്നു. ആര്‍.എസ്.എസിന് ശക്തിയുണ്ടായിരുന്ന സ്ഥലങ്ങളിലാണ് അടിയന്തരാവസ്ഥക്കുശേഷവും അതിനു തൊട്ടുമുമ്പും  നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രധാനമായും പരാജയപ്പെട്ടത്. അടിയന്തരാവസ്ഥയിലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തോറ്റ ഇന്ദിരഗാന്ധിയെ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍നിന്ന് ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്  ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

അടിയന്തരാവസ്ഥയുടെ അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനുശേഷവും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസോ അതിന്‍െറ സഖ്യത്തിലുള്ള ജനാധിപത്യ പ്രാദേശികപാര്‍ട്ടികളോ ശക്തരായിത്തന്നെ തുടര്‍ന്നു. ഈ അടുത്തകാലത്താണ് ബി.ജെ.പിയും സംഘ്പരിവാറും ഒരു അധികാരശക്തിയായി ഈ പ്രദേശങ്ങളില്‍ വളര്‍ന്നുവന്നത്. അടിയന്തരാവസ്ഥയുടെ കാലത്തെ അതിക്രമങ്ങളുടെപേരില്‍ കരുണാകരന്‍ രാജിവെച്ച ഒഴിവില്‍ മുഖ്യമന്ത്രിയായ എ.കെ. ആന്‍റണി കഴക്കൂട്ടത്ത് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ജനസംഘം അടങ്ങുന്ന ജനതാപാര്‍ട്ടി-സി.പി.എം  കൂട്ടുകെട്ടിന് അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. പത്രങ്ങളിലാകെ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ നിറഞ്ഞുനിന്നിട്ടും ആന്‍റണി 8000 വോട്ടുകള്‍ക്ക്  വിജയിക്കുകയാണുണ്ടായത്.

കടുത്ത അക്രമരാഷ്ട്രീയത്തിന്‍െറ അടിസ്ഥാനമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നല്ല സവര്‍ണ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം. അതുകൊണ്ടുതന്നെ ഈ 30 ലക്ഷം വോട്ടുകള്‍ രാഷ്ട്രീയമായി അക്രമഹര്‍ത്താലുകളും തെരുവുകളിലെ അഴിഞ്ഞാട്ടങ്ങളും പൊതുമുതല്‍ നശീകരണവും പൊലീസുമായുള്ള ഏറ്റുമുട്ടലുകളും ഒക്കെയായി കേരളത്തെ കലാപഭൂമിയാക്കാന്‍ ഒരുങ്ങുകയാണ് എന്ന് തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ ബോധ്യമായിരിക്കുകയാണ്. സി.പി.എം കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും അതിനുമുമ്പും നടത്തിയിട്ടുള്ള ഇത്തരം അക്രമസമരങ്ങളെ വെറും കുട്ടിക്കളിയാക്കുന്ന ചോരക്കളിക്കാണോ  കേരളം സാക്ഷിയാവാന്‍ പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  സിവില്‍സമൂഹവും ന്യൂനപക്ഷവും കരുതി ഇരിക്കുക എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാന്‍ കഴിയൂ.

 

Show Full Article
TAGS:nda 
Next Story