Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇടതുമുന്നണിയുടെ വിജയം...

ഇടതുമുന്നണിയുടെ വിജയം ആശ്വാസവും മുന്നറിയിപ്പും

text_fields
bookmark_border
ഇടതുമുന്നണിയുടെ വിജയം ആശ്വാസവും മുന്നറിയിപ്പും
cancel

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം അപ്രതീക്ഷിതമല്ളെങ്കിലും വിജയത്തിന്‍െറ തിളക്കം തീര്‍ച്ചയായും അമ്പരപ്പിക്കുന്നതാണ്. അഞ്ച് വര്‍ഷം മാത്രം ഒരുമുന്നണി അധികാരത്തിലിരിക്കുക എന്ന സംസ്ഥാനത്തിന്‍െറ പതിവ് ഇത്തവണയും ആവര്‍ത്തിച്ചതുകൊണ്ടാണ് എല്‍.ഡി.എഫിന്‍െറ വിജയം അപ്രതീക്ഷിതമല്ളെന്ന് പറഞ്ഞത്. എന്നാല്‍ 140ല്‍ 91 സീറ്റുകള്‍ കൈയടക്കിയപ്പോള്‍ അത് അപൂര്‍വവും അതിശയകരവുമായി. ഗംഭീരമായ ഈ തിരിച്ചുവരവ് ഇടതുമുന്നണിക്ക് സാധ്യമാക്കിയത് അവരുടെതന്നെ അപഗ്രഥനമനുസരിച്ച് യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയില്‍ മുങ്ങിത്താണ പ്രതിച്ഛായയാണ്. കേവലം രണ്ട് സീറ്റുകളുടെ അധികബലത്തില്‍ അധികാരമേറ്റ ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് നിസ്സാരസംഭവമല്ല. ആദ്യവര്‍ഷങ്ങളില്‍ മന്ത്രിസഭ ഏതുനിമിഷവും മറിഞ്ഞുവീഴുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുതാനും. ഈ കാലയളവില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളെയും യു.ഡി.എഫ് വിജയകരമായി അതിജീവിച്ചതോടെ സര്‍ക്കാറിനെ വീഴ്ത്താനുള്ള അവസരങ്ങളെക്കുറിച്ച്  പ്രതിപക്ഷം നിരാശരായപോലെ തോന്നിച്ചു. ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായും നിരന്തരമായും നടത്താതിരുന്നില്ല. അതും പക്ഷേ, ലക്ഷ്യംകണ്ടില്ല. ഫലപ്രദമായ ഒരു ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനുള്ള സി.പി.എമ്മിന്‍െറ ശേഷിപോലും ചോദ്യം ചെയ്യപ്പെട്ടു. മറുവശത്ത് വികസനപരമായി സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു എന്ന പ്രതീതി ഉല്‍പാദിപ്പിക്കാനും ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്‍െറ ജനസമ്പര്‍ക്ക പരിപാടി വ്യാപകമായി ജനശ്രദ്ധ പിടിച്ചുപറ്റുകയുംചെയ്തു. ക്ഷേമപദ്ധതികളുടെ ഫണ്ടുകള്‍ വര്‍ധിപ്പിച്ചും സ്മാര്‍ട്ട് സിറ്റി, മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വന്‍പദ്ധതികള്‍ മുന്നോട്ട് നയിച്ചും ആകപ്പാടെ വികസനോന്മുഖ ഭരണം എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചത്. ഏറ്റവുമൊടുവില്‍, മൂന്ന്, നാല് നക്ഷത്രപദവികളുള്ള ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് തടഞ്ഞുവെച്ച കോടതി വിധിയുടെ പിന്‍ബലത്തില്‍ അവ തുറക്കാനനുവദിക്കാതിരുന്ന സര്‍ക്കാര്‍, ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിക്കുക വഴി തെരഞ്ഞെടുപ്പില്‍ സ്ത്രീ സമ്മതിദായകരുടെ അനുഭാവം പിടിച്ചുപറ്റാനും ശ്രമമുണ്ടായി. അങ്ങനെയാണ് ഭരണത്തുടര്‍ച്ചക്ക് വോട്ട് നല്‍കാനുള്ള ആഹ്വാനവുമായി യു.ഡി.എഫ് ആത്മവിശ്വാസത്തോടെ ഗോദയിലിറങ്ങിയത്.

പക്ഷേ, എല്ലാമോഹങ്ങളും കരിച്ചുകൊണ്ട് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍.ഡി.എഫിനെ ആഹ്ളാദഭരിതരും ജനങ്ങളെ സ്തബ്ധരുമാക്കിയിരിക്കുന്നു. സ്വാഭാവികമായും യു.ഡി.എഫിനെ കണക്കിലധികം ഇച്ഛാഭംഗപ്പെടുത്തുകകൂടി ചെയ്യുന്നതാണീ ഫലങ്ങള്‍. മുഖ്യ ഘടകകക്ഷിയായ കോണ്‍ഗ്രസിന്‍െറ ഭാവിയെക്കുറിച്ച കടുത്ത ഭയാശങ്കകള്‍ പോലും ഉയര്‍ന്നുകഴിഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 39 സീറ്റുകള്‍ തന്നെയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല. ഇത്തവണയാകട്ടെ, കേവലം 22 സീറ്റുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഉത്തരവാദിത്തം പരസ്പരം കെട്ടിയേല്‍പിക്കാനുള്ള പോരാണ് ഇപ്പോള്‍ നേതൃതലത്തില്‍ നടക്കുന്നത്. 20ല്‍നിന്ന് 18ലേക്ക് താണ മുസ്ലിം ലീഗിന്‍െറ അണികളിലും അസ്വാസ്ഥ്യം പുകയുന്നു. ഭദ്രമായ കോട്ടയെന്ന് അഭിമാനിച്ചിരുന്ന മലപ്പുറം ജില്ലയില്‍ ജയിച്ചുകയറിയ മണ്ഡലങ്ങളില്‍പോലും കനത്ത വോട്ട് നഷ്ടം സംഭവിച്ചതിനുപുറമേ എക്കാലത്തും ലീഗിനോടൊപ്പം നിന്ന താനൂരും കോഴിക്കോട്ടെ കൊടുവള്ളിയും സ്ഥാനാര്‍ഥികളെ കൈവിട്ടതിലാണ് പാര്‍ട്ടിക്കുള്ളിലെ അശാന്തി. വോട്ട് വിഹിതത്തിലാവട്ടെ, യു.ഡി.എഫിന് മൊത്തം 2011ല്‍ ലഭിച്ച 45.83 ശതമാനത്തില്‍നിന്ന് 38.86 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്‍േറത് 26.40ല്‍നിന്ന് 23.7ലേക്കും താഴ്ന്നു. ലീഗിന്‍െറ വോട്ട് വിഹിതം 7.92ല്‍നിന്ന് 7.4 ശതമാനമായാണ് കുറഞ്ഞത്. കേരള കോണ്‍ഗ്രസിന് (മാണി) ഒമ്പത് സീറ്റുകളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ടു. ജനതാദളും (യു) ആര്‍.എസ്.പിയും ചിത്രത്തിലേയില്ല. സ്പീക്കര്‍ എന്‍. ശക്തന്‍, ഡെ. സ്പീക്കര്‍ പാലോട് രവി, മന്ത്രിമാരായ കെ. ബാബു, പി.കെ. ജയലക്ഷ്മി, ഷിബു ബേബിജോണ്‍, കെ.പി. മോഹനന്‍ എന്നിവരും മൂക്കുകുത്തിവീണു.

ഇത്ര ദയനീയമായ തോല്‍വി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏറ്റുവാങ്ങിയെങ്കില്‍ അതിനുകാരണം അഴിമതിയും അധാര്‍മികവൃത്തികളും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ടത് തന്നെയെന്ന് സാമാന്യമായി ചൂണ്ടിക്കാട്ടാതെവയ്യ. ജാതി സാമുദായിക ശക്തികളും, അധോലോകബന്ധമുള്ള അബ്കാരികളും വിദ്യാഭ്യാസ കച്ചവടക്കാരുമടക്കം ഭരണത്തിന്‍െറ പ്രഥമ ഗുണഭോക്താക്കളായി. സര്‍ക്കാര്‍ ഭൂമി വേണ്ടപ്പെട്ടവര്‍ക്ക് നിര്‍ലോഭം പതിച്ചുകൊടുത്തതും പിന്‍വാതില്‍ നിയമനങ്ങളും നിയമനങ്ങളിലെയും സ്ഥലംമാറ്റങ്ങളിലെയും കോഴയും സുതാര്യമല്ലാത്ത കരാറുകളും നികുതിയിളവുകളും എല്ലാം ജനമധ്യേ തുറന്നുകാട്ടപ്പെട്ടപ്പോള്‍ കണ്ണടച്ചുള്ള നിഷേധങ്ങളല്ലാതെ ജാഗ്രതയോടുകൂടിയ അന്വേഷണങ്ങളോ, തിരുത്തല്‍ നടപടികളോ ഉണ്ടായില്ല. സോളാര്‍ അന്വേഷണ കമീഷന് മുമ്പാകെ മണിക്കൂറുകളോളം മുഖ്യമന്ത്രി കുത്തിയിരിക്കേണ്ട സാഹചര്യംതന്നെ ദുരൂഹമായിരുന്നു. അദ്ദേഹത്തിന്‍െറ പേഴ്സനല്‍ സ്റ്റാഫിന്‍െറ പങ്ക് നേരത്തെതന്നെ തുറന്നുകാട്ടപ്പെട്ടിരുന്നുതാനും. ഒടുവില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥിപ്പട്ടികയുടെ കരട് രൂപം തയാറായപ്പോള്‍ കളങ്കിതരായ ഏതാനും മന്ത്രിമാരുടേതുള്‍പ്പെടെയുള്ള പേരുകള്‍ നീക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടതുപോലും അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടാക്കിയില്ല. അദ്ദേഹം ദിവസങ്ങളോളം ഡല്‍ഹിയില്‍ തങ്ങി കളങ്കിതരായ തന്‍െറ സഹപ്രവര്‍ത്തകരെ മത്സരിപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുകയായിരുന്നു. കോണ്‍ഗ്രസിന്‍െറ ദുര്‍ബല നേതൃത്വത്തിന് വഴങ്ങുകയല്ലാതെ നിര്‍വാഹമില്ലാതെ വന്നപ്പോള്‍ കെ.പി.സി.സി  പ്രസിഡന്‍റിനും മുട്ടുമടക്കേണ്ടി വന്നു. അപ്രകാരം ധാര്‍മികതയുടെ പ്രാഥമിക താല്‍പര്യങ്ങള്‍പോലും ചവിട്ടിയരക്കപ്പെട്ടപ്പോഴാണ് ജനം ശക്തമായി തിരിച്ചടിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അസന്ദിഗ്ധമായി തെളിയിക്കുന്നു. പരാജയത്തിന്‍െറ പടുകുഴിയില്‍ വീണപ്പോള്‍ കളങ്കിതരെ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട സുധീരനാണിപ്പോള്‍ പ്രതിക്കൂട്ടില്‍!

പക്ഷേ, അഴിമതി ഭരണത്തോടുള്ള വിരോധം മാത്രമാണ് യു.ഡി.എഫിന്‍െറ പതനത്തിനും എല്‍.ഡി.എഫിന്‍െറ തിരിച്ചുവരവിനും വഴിയൊരുക്കിയതെന്ന് ധരിച്ചുവശായാല്‍ അത് അര്‍ധസത്യമേ ആകൂ. അഴിമതിയേക്കാള്‍ വലിയൊരു ഭീഷണിയുടെ മുഖത്താണ് തങ്ങള്‍ എത്തിപ്പെട്ടതെന്നുകരുതുന്ന മതേരതസമൂഹവും മതന്യൂനപക്ഷങ്ങളും മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച്, അതിനെ നേരിടാന്‍ കെല്‍പുറ്റതെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചതാണ് അപൂര്‍വനേട്ടം കൈവരിക്കാന്‍ ഇടതുമുന്നണിയെ പ്രാപ്തരാക്കിയതെന്നത് അനിഷേധ്യസത്യം മാത്രമാണ്. കേന്ദ്രത്തിലും 14 സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത സംഘ്പരിവാര്‍ രാഷ്ട്രീയ പ്രബുദ്ധതയിലും മാനസിക വികസന സൂചികയിലും രാജ്യത്ത് ഒന്നാമതായ കേരളത്തെക്കൂടെ എന്തുവില കൊടുത്തും വരുതിയില്‍ കൊണ്ടുവരാന്‍ സര്‍വായുധങ്ങളും എടുത്തുപയറ്റിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. രാജ്യത്തെ ഏറ്റവുമധികം ആര്‍.എസ്.എസ് ശാഖകളുള്ള കേരളത്തില്‍ ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ളെന്നത് സംഘികള്‍ നേരിടുന്ന കടുത്ത വെല്ലുവിളിയാണ്. നരേന്ദ്ര മോദി സര്‍ക്കാറിനെ നയിക്കുന്ന അസുലഭ സന്ദര്‍ഭങ്ങളിലെങ്കിലും അത്സാധിച്ചില്ളെങ്കില്‍ ഇനിയെത്ര കാലമാണ് കാത്തിരിക്കുക എന്ന തീവ്രചിന്തയില്‍ അഭിനവ ചാണക്യനായ അമിത് ഷാ, ഈഴവ ജാതിപ്രമാണി വെള്ളാപ്പള്ളി നടേശന്‍ മുതല്‍ ആദിവാസി ഗോത്രമഹാസഭ തലൈവി സി.കെ. ജാനുവരെയുള്ളവരെ എന്‍.ഡി.എയില്‍ അണിനിരത്തി നടത്തിയ പടയോട്ടത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. സുരേഷ്ഗോപി മുതല്‍ ഭീമന്‍ രഘു വരെയുള്ള സിനിമാ താരങ്ങളെയും രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ചു. ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലൊക്കെയും മുഖ്യചര്‍ച്ചാവിഷയം ഇത്തവണ ബി.ജെ.പി അക്കൗണ്ട്  തുറക്കുമോ എന്നതായിരുന്നു താനും. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് കൂടി ഘടകമായ യു.ഡി.എഫ് പ്രശ്നത്തിനുനേരെ ഉദാസീനമായപ്പോള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് ഇടതുമുന്നണി ഫാഷിസത്തിനെതിരെ ഉച്ചത്തില്‍ മുഴക്കിയ ഗര്‍ജനം മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലും മതേതര സമൂഹത്തിലും അത് അലമാലകളുയര്‍ത്തിയതിന്‍െറ കൂടി ഫലമാണ് ഇലക്ഷന്‍ ഫലങ്ങള്‍. തൃശൂരും പത്തനംതിട്ടയും കൊല്ലവും കോഴിക്കോടും എല്‍.ഡി.എഫ് തൂത്തുവാരിയപ്പോള്‍ മുസ്ലിം ലീഗിന്‍െറ ഉരുക്കുകോട്ടയായ മലപ്പുറത്തുപോലും അനുരണനങ്ങള്‍ പ്രകടമാവാതിരുന്നില്ല.

മുസ്ലിം ലീഗും പാണക്കാട്ടെ തങ്ങള്‍ കുടുംബവും ജീവിച്ചിരിക്കുവോളം കേരളത്തിലെ മുസ്ലിംകള്‍ ഒന്നിനെയും ഭയക്കേണ്ടതില്ളെന്ന സാന്ത്വനം സമുദായത്തിന് അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ സാധിച്ചില്ല. മാത്രമല്ല, സംയമനമെന്നും പക്വതയെന്നും പേരിട്ട ലീഗിന്‍െറ മൗനം അണികളില്‍പോലും ഗണ്യമായൊരു വിഭാഗത്തിന് ദഹിക്കുന്നതായില്ല. അവരും കാവിയേക്കാള്‍ ഭേദം ചുവപ്പാണെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന്‍െറയൊക്കെ ഫലമായി തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ മാത്രമേ താമരവിരിഞ്ഞുള്ളൂ, അതും കഥയിലെ ബ്രൂസിനെ വെല്ലുന്നവിധം നിരന്തര പരാജയങ്ങള്‍ക്കൊടുവില്‍ അവസാനമത്സരത്തിനിറങ്ങിയ മുതിര്‍ന്നനേതാവായ ഒ. രാജഗോപാലിലൂടെ. തീവ്രഹിന്ദുത്വത്തിന്‍െറ ആള്‍രൂപമായ കുമ്മനം രാജശേഖരനോ സൗമ്യമുഖമായ പി.എസ്. ശ്രീധരന്‍പിള്ളക്കോ ഇന്നലെ വരെ സംസ്ഥാന അധ്യക്ഷനായിരുന്ന വി. മുരളീധരനോ ഒന്നും സന്ദര്‍ശനഗാലറിയിലല്ലാതെ നിയസഭയില്‍ കടക്കാനാവാത്ത അവസ്ഥയാണ് വന്നുപെട്ടത്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ അണിനിരത്തി മഹാശക്തി തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസിന് സ്വന്തമായി ഒരു നേട്ടവുമുണ്ടാക്കാനായില്ല. എന്‍.ഡി.എയുടെ വോട്ട് വിഹിതം അപൂര്‍വം മണ്ഡലങ്ങളില്‍ ഉയര്‍ത്താന്‍ കഴിഞ്ഞത് മിച്ചം.

അതേയവസരത്തില്‍ വോട്ട് വിഹിതം ആറുശതമാനത്തില്‍നിന്ന് പതിനഞ്ചിലേക്കുയര്‍ത്താനും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തത്തൊനും കഴിഞ്ഞ എന്‍.ഡി.എക്ക് മൊത്തം 30.20 ലക്ഷം വോട്ടുകളായി മൂന്നാംസ്ഥാനം പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന വസ്തുത കാണാതെ പോവരുത്. അധികംകിട്ടിയ വോട്ടുകളിലധികവും കോണ്‍ഗ്രസില്‍ നിന്നാണെന്നും കണക്കിലെടുക്കണം. രാജ്യത്ത് പൊതുവേ തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് താരതമ്യേന പിടിച്ചുനിന്ന കേരളത്തിലും അടിപതറുന്നതോടെ ബി.ജെ.പി ശക്തിപ്രാപിക്കുക സ്വാഭാവിക പരിണതിയാണ്. രണ്ട് പാര്‍ട്ടികളുടെയും വോട്ടുകച്ചവടത്തെ ക്കുറിച്ച ആരോപണത്തില്‍ ശരിയുണ്ടെങ്കിലും ഇല്ളെങ്കിലും കോണ്‍ഗ്രസിന്‍െറ പരമ്പരാഗത സവര്‍ണ വോട്ടുകള്‍ തീവ്രവലതുപക്ഷത്തേക്ക് ചോരുന്നുവെന്നത് വാസ്തവമാണ്. ഈ സ്ഥിതിവിശേഷത്തിന്‍െറ ഭവിഷ്യത്ത് അഥവാ സമ്പൂര്‍ണ വര്‍ഗീയ ധ്രുവീകരണം യഥാതഥമായി വിലയിരുത്തി മതേതര സമൂഹത്തിന്‍െറയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ ശിഥിലമാവാതിരിക്കാന്‍ അവധാനപൂര്‍വമായ നടപടികളെടുക്കാന്‍ ഇടതുപക്ഷമാണ് മുന്‍കൈയെടുക്കേണ്ടത്.
അവസാനമായി ഒരു കാര്യംകൂടി: എല്‍.ഡി.എഫിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ന്യൂനപക്ഷങ്ങളുടെ ന്യായമായ പരാതികള്‍ക്ക് പരിഹാരംകാണാനും അര്‍ഹമായ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ മനസ്സിരുത്തേണ്ടത് പ്രാഥമിക ചുമതലയാണ്. മന്ത്രിസഭാതലത്തിലടക്കം തുല്യനീതിയും തുല്യപരിഗണനയും ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടാല്‍ പശ്ചിമബംഗാളിലെ തിക്താനുഭവം കേരളത്തിലും ആവര്‍ത്തിക്കും, സംശയംവേണ്ട.
 

Show Full Article
TAGS:ldf kerala election victory cpm kerala 
Next Story