വര്‍ഗീയതക്കെതിരായി കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ കര്‍ശനമായ സമീപനം ജനം പ്രതീക്ഷിച്ചു. എന്നാല്‍, ജനത്തിന്‍െറ പ്രതീക്ഷക്കൊത്തുയരാന്‍ പാര്‍ട്ടിക്കായില്ല എന്നത് സത്യമാണ്. കുറെക്കൂടി കര്‍ശനമായ സമീപനമാണ് വേണ്ടിയിരുന്നത്; അതുണ്ടായില്ല. ദേശീയതലത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതക്ക് തടയിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന പ്രതിച്ഛായയുണ്ട്. എന്നാല്‍, കേരളത്തില്‍ ഇത്തരം ഒരു പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയായിമാറി. കേരളജനതയുടെ മനസ്സ് മതേതരമാണ്. അതില്‍ വര്‍ഗീയവിഷം കുത്തിവെക്കാന്‍ ചില രാഷ്ട്രീയ-സാമുദായികനേതാക്കള്‍ ശ്രമിച്ചുവരുകയാണ്. അതിനെ രാഷ്ട്രീയമായാണ് നേരിടേണ്ടിയിരുന്നത്. അത്തരമൊരു നേരിടല്‍ ഉണ്ടായില്ല.
ആരുടെ കാലുപിടിച്ചും ഏതുവിധേനയും തെരഞ്ഞെടുപ്പ് ജയിക്കുക എന്നതായിരിക്കരുത് ഒരു മുന്നണിയുടെയും പാര്‍ട്ടിയുടെയും നയം. വ്യക്തമായ രാഷ്ട്രീയം മുന്നോട്ടുവെച്ച്, രാഷ്ട്രീയ അജണ്ട നിശ്ചയിച്ച ആശയപോരാട്ടമാണ് വേണ്ടത്. കേരളത്തിന്‍െറ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവെക്കാനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായി നേരിട്ടാല്‍ വിജയംവരിക്കാനാകുമെന്നത് സ്വന്തം അനുഭവത്തില്‍നിന്നാണ് പറയുന്നത്. പറവൂരില്‍ എന്‍െറ വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്കും ബി.ഡി.ജെ.എസിലേക്കും പോകാതിരുന്നത് ഞാന്‍ നടത്തിയ രാഷ്ട്രീയപോരാട്ടത്തിന്‍െറ ഫലമാണ്. ഇത്തരം രാഷ്ട്രീയപോരാട്ടം സംസ്ഥാനത്തുടനീളം നടത്തുകയാണ് കേരളത്തെ വര്‍ഗീയവത്കരണത്തില്‍നിന്ന് രക്ഷിക്കാനുള്ള വഴി.
വര്‍ഗീയതയോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിലപാടുമാറ്റം ഉണ്ടാകണം. എങ്കിലെ രക്ഷയുള്ളൂ. തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ കാരണങ്ങള്‍ വിലയിരുത്താനുള്ള യോഗങ്ങള്‍ നടക്കാനിരിക്കുകയാണ്. ഈ യോഗങ്ങളിലെല്ലാം, വര്‍ഗീയതയോട് കര്‍ശനസമീപനം സ്വീകരിക്കാതിരുന്നതിന്‍െറ പോരായ്മ തെരഞ്ഞെടുപ്പിലുണ്ടായി എന്ന എന്‍െറ നിലപാട് വിശദീകരിക്കും. കേരളത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലാണ് ഈ വീഴ്ചയില്‍നിന്ന് കരകയറാനുള്ള വഴി. അതിനായി എല്ലാ വേദികളിലും വാദിക്കും.കാലങ്ങളായി സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരുന്ന നുണപ്രചാരണം കണക്കുകള്‍ നിരത്തി ഞാന്‍ തുറന്നുകാട്ടി എന്നതാണ് എന്നോട് അവര്‍ക്ക് ശത്രുതയുണ്ടാകാന്‍ കാരണം.
ക്ഷേത്രസ്വത്ത് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോയി പൊതു ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നായിരുന്നു സംഘ്പരിവാര്‍ കാലങ്ങളായി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ക്ഷേത്രങ്ങളില്‍നിന്ന് എടുക്കുന്നതിനേക്കാളധികം തുക ക്ഷേത്രങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്ന് ഞാന്‍ കണക്കുകള്‍ സഹിതം തുറന്നുകാട്ടി. ഇത് അവരുടെ പ്രചാരണത്തിന്‍െറ മുനയൊടിച്ചു. അതോടെ എന്നോട് ഈ ശക്തികള്‍ക്ക് കടുത്ത വിരോധമായി. തെരഞ്ഞെടുപ്പായപ്പോള്‍ ജാതിശക്തികളുടെ പിന്‍ബലത്തോടെ ഇവര്‍ മണ്ഡലം കേന്ദ്രീകരിച്ച് എനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നെ പരാജയപ്പെടുത്തുന്നതിന് പ്രചാരണത്തിന്‍െറ നേതൃത്വം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും ചെയ്തു. ജനങ്ങളെ സാമുദായികമായും വര്‍ഗീയമായും ധ്രുവീകരിക്കാനും ശ്രമംനടന്നു. എന്നാല്‍, അവര്‍ നടത്തിയ ജാതീയ, വര്‍ഗീയപ്രചാരണങ്ങളെ രാഷ്ട്രീയനിലപാടുകൊണ്ട് പ്രതിരോധിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവര്‍ വര്‍ഗീയത പറഞ്ഞപ്പോള്‍ ഞാന്‍ രാഷ്ട്രീയം പറഞ്ഞു. ഈ ശ്രമത്തിന് മണ്ഡലത്തിലെ രാഷ്ട്രീയ-മത-ജാതി ഭേദമന്യേ മുഴുവന്‍ വിഭാഗങ്ങളില്‍നിന്നും പിന്തുണയുണ്ടായി. വര്‍ഗീയശക്തികള്‍ക്കെതിരെ ഒരു രാഷ്ട്രീയ ഏകീകരണംതന്നെ മണ്ഡലത്തിലുണ്ടായി. അതിന്‍െറ ഗുണഫലം തെരഞ്ഞെടുപ്പുഫലത്തില്‍ കാണുകയും ചെയ്തു. യഥാര്‍ഥത്തില്‍ എന്നെ ജയിപ്പിച്ചത് കേരളത്തിന്‍െറ വര്‍ഗീയവിരുദ്ധ മനസ്സാണ്.
പെരുമ്പാവൂരിലെ ജിഷ വധം യഥാര്‍ഥത്തില്‍ ഒറ്റപ്പെട്ട സംഭവമാണ്. എന്നാല്‍, അത് പ്രചാരണകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യഥാസമയം പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നതും വിപരീത ഫലം ചെയ്തു. പ്രചാരണരംഗത്ത് പല വേദികളിലും ഇതിന് മറുപടിപറയേണ്ട അവസ്ഥയും വന്നു.
അഴിമതി ആരോപണങ്ങള്‍
ജാതിരാഷ്ട്രീയത്തേക്കാള്‍ ദോഷം ചെയ്തത് അഴിമതി ആരോപണങ്ങളായിരുന്നു. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്‍റ് ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. അതൊന്നും ചര്‍ച്ചയായില്ല. പകരം, മന്ത്രിമാര്‍ക്കും മറ്റും എതിരായ അഴിമതി ആരോപണങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഗവണ്‍മെന്‍റിന്‍െറ അവസാനകാലത്ത് ഇറങ്ങിയ വിവാദ ഭൂമിദാന ഉത്തരവുകള്‍ തെരഞ്ഞെടുപ്പില്‍ ഏറെ ദോഷംചെയ്തു. അത്തരം ഉത്തരവുകള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഈ ഉത്തരവുകള്‍ ഗവണ്‍മെന്‍റ് അഴിമതിക്കാരാണെന്ന പ്രതിച്ഛായ ജനങ്ങളില്‍ ഊട്ടിയുറപ്പിക്കാനാണ് ഉപകരിച്ചത്.
ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുമ്പായി ഒട്ടേറെ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു; അതുണ്ടായില്ല. അജണ്ട ഉള്‍പ്പെടെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. യഥാര്‍ഥത്തില്‍ അധികാരത്തിലിരുന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ചില അനുകൂല സാഹചര്യങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അത്തരം അവസരം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു മുന്നൊരുക്കവും ഭരണപക്ഷത്തുനിന്നുണ്ടായില്ല. ഭരണമുന്നണിയില്‍ മുസ്ലിം ലീഗ് മാത്രമാണ് വേണ്ടത്ര മുന്നൊരുക്കത്തോടെ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. അതിന്‍െറ ഗുണം അവര്‍ക്കുണ്ടായി. അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ മിക്കവരും ജയിച്ചു കയറി.
ഹരിതരാഷ്ട്രീയത്തിന്‍െറ പ്രസക്തി
ഹരിതരാഷ്ട്രീയത്തിന് സംസ്ഥാനത്ത് പ്രസക്തി വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ഗവണ്‍മെന്‍റിന്‍െറ കാലത്ത് ഞങ്ങള്‍ ചില എം.എല്‍.എമാര്‍ ഹരിതരാഷ്ട്രീയത്തിനായി കൂട്ടായ്മയുണ്ടാക്കി. ഈ കൂട്ടായ്മയുടെ ശബ്ദം പരിഗണിക്കപ്പെടുകയും അതിന്‍േറതായ ഗുണഫലങ്ങള്‍ സര്‍ക്കാറിന്‍െറ സമീപനത്തില്‍ ഉണ്ടാവുകയും ചെയ്തു. ചില ഉത്തരവുകളും നിലപാടുകളും തിരുത്തിക്കാന്‍ ഞങ്ങള്‍ക്കായി. നെല്ലിയാമ്പതി പ്രശ്നത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച അതേ നിലപാടാണ് കോടതിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ടും ഞങ്ങള്‍ ശബ്ദമുയര്‍ത്തി. അമിതമായി ഭൂമി ആവശ്യമായിവരുന്ന 29 പദ്ധതികള്‍ സര്‍ക്കാറിനെക്കൊണ്ട് വേണ്ടെന്നുവെപ്പിക്കാന്‍ ആ കൂട്ടായ്മക്ക് കഴിഞ്ഞു. അമിതമായ തോതില്‍ ഭൂമി വേണ്ടിവരുന്ന പദ്ധതികള്‍ക്കെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തിയതോടെ സര്‍ക്കാറിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെവെച്ച് പദ്ധതികള്‍ സൂക്ഷ്മപരിശോധന നടത്തേണ്ടിവന്നു. അങ്ങനെയാണ് കേരളത്തിന്‍െറ സാഹചര്യങ്ങള്‍ക്ക് അനുഗുണമല്ലാത്ത 29 പദ്ധതികള്‍ തള്ളിക്കളഞ്ഞത്. കുടിവെള്ളം വില്‍പനക്കുവെക്കാനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍തന്നെ ശബ്ദിക്കുകയും സമ്മര്‍ദഫലമായി വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. നദീതട സംരക്ഷണനിയമം, മെത്രാന്‍ കായല്‍ പതിച്ചുനല്‍കല്‍, കടമക്കുടിയില്‍ കായല്‍ പതിച്ചുനല്‍കല്‍ തുടങ്ങി സമീപകാലത്തുണ്ടായ വിഷയങ്ങളിലും ഹരിത രാഷ്ട്രീയത്തില്‍ ഊന്നിയുള്ള നിലപാടാണ് താനടക്കമുള്ളവര്‍ സ്വീകരിക്കുന്നത്. ഹരിത രാഷ്ട്രീയത്തിന് ഇനിയും കേരളത്തില്‍ പ്രസക്തിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായി പ്രകൃതിക്കുവേണ്ടിയുള്ള കൂട്ടായ്മയുടെ മുന്നില്‍ ഞാനുണ്ടാവും.
തയാറാക്കിയത്: എം.കെ.എം. ജാഫര്‍