Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘തന്ത്രപ്രധാന...

‘തന്ത്രപ്രധാന ഹസ്തദാന’വും ഇന്ത്യയുടെ പരമാധികാരവും

text_fields
bookmark_border
‘തന്ത്രപ്രധാന ഹസ്തദാന’വും ഇന്ത്യയുടെ പരമാധികാരവും
cancel

യുദ്ധം രാഷ്ട്രങ്ങളുടെ ഉന്മാദമാണോ? എങ്കില്‍, ഏറ്റവും ചിത്തഭ്രമമുള്ളത് അമേരിക്കക്ക് തന്നെ! മറുവശത്ത് റഷ്യക്കും! ഇരുശക്തികളുടെയും സാമ്രാജ്യത്വജ്വരം ഇത് അടയാളപ്പെടുത്തുന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഇവരോട് തോളുരുമ്മി നില്‍ക്കുന്നു. ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ചൈനയും ഉത്തര കൊറിയയും മാത്രമേ ഇവരോട് മത്സരത്തിനുള്ളൂ! എന്നാല്‍, സാമ്പത്തികമായി വികസിച്ചുവരുന്ന രാഷ്ട്രങ്ങളെല്ലാം മുഖം പടിഞ്ഞാറോട്ട് തിരിക്കുന്നതിലാണ് ആനന്ദം കണ്ടത്തെുന്നത്!
ശീതസമരം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ചേരിചേരായ്മയായിരുന്നു ഇന്ത്യയുടെ നയം. ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ അത് സഹായകമായി. ഭരണകര്‍ത്താക്കളുടെ സോഷ്യലിസ്റ്റ് നയങ്ങളും പഞ്ചവത്സര പദ്ധതികളും നമ്മെ അല്‍പമെങ്കിലും അരികുചേര്‍ത്ത് നിര്‍ത്തിയത് റഷ്യയോടാണ്. എന്നാല്‍, സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ അമേരിക്ക ഏകധ്രുവ ലോകത്തെ പൊലീസ് ചമയാന്‍ തുടങ്ങി. ഏകധ്രുവ ലോകമേധാവിയായ അമേരിക്ക പാശ്ചാത്യശക്തികളെ കരവലയത്തിലൊതുക്കിയപ്പോള്‍ അത് വികസ്വരരാഷ്ട്രങ്ങളുടെ ബന്ധങ്ങളിലും നിലപാടുകളിലും മാറ്റംവരുത്തി. ഏഷ്യയിലെയും ആഫ്രിക്കയിലെയും സാമ്പത്തികമായി വളര്‍ന്നുവരുന്ന രാഷ്ട്രങ്ങളൊക്കെയും പാശ്ചാത്യദിക്കിലേക്ക് പ്രതീക്ഷാപൂര്‍വം ഉറ്റുനോക്കാന്‍ തുടങ്ങി.

അഫ്ഗാനിസ്താനിലും ഇറാഖിലും അധിനിവേശം നടത്തി ലക്ഷക്കണക്കിന് മനുഷ്യരെയാണ് അമേരിക്ക കൊന്നൊടുക്കിയത്. ഇത് ലോകത്തിനുമുന്നില്‍-പ്രത്യേകിച്ചും ഏഷ്യനാഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍-തങ്ങളുടെ മുഖം വികൃതമാക്കിയെന്ന് അമേരിക്കതന്നെ സംശയിച്ചു. ഇതേ തുടര്‍ന്നായിരുന്നു ‘പ്യൂഗ്ളോബല്‍ ആറ്റിറ്റ്യൂഡ് പ്രോജക്ട്’ 2005ല്‍ 15 രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ മതിപ്പിനെ സംബന്ധിച്ച് പഠനം നടത്തിയത്. സര്‍വേയില്‍ ഇന്ത്യയിലെ 71 ശതമാനം ജനങ്ങള്‍ അമേരിക്കക്ക് അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ശക്തിമാനെ പിന്തുണക്കുന്നതാണല്ളോ സൗകര്യം! തുടര്‍ന്ന് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു ബുഷ് 2006 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചു. ബുഷിനെ മുന്നില്‍ നിര്‍ത്തി, മന്‍മോഹന്‍ സിങ് ഇന്ത്യ-അമേരിക്ക സഹകരണ സാധ്യതകളെക്കുറിച്ച് വാചാലനായി. ഇന്ത്യയുടെയും അമേരിക്കയുടെയും പങ്കാളിത്തം തലമുറകളോളം നിലനില്‍ക്കേണ്ടതും പരിധികളില്ലാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മോദി അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് 2012ല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ‘ഡിഫന്‍സ് ടെക്നോളജി ആന്‍ഡ് ട്രേഡ് ഇനീഷ്യേറ്റിവ്’ (ഡി.ടി.ടി.ഐ) എന്ന ധാരണ നിലവില്‍ വന്നു. ഈയൊരു ബന്ധമാണ് ഇപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ താല്‍പര്യാനുസരണം നമ്മുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീകറും അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി അഷ്ടന്‍ കാര്‍ട്ടറും ‘തന്ത്രപ്രധാന ഹസ്തദാന’ത്തിലൂടെ (Strategic handshake) ശക്തമാക്കിയിരിക്കുന്നത്. ആയുധവ്യാപാര കരാറായ ‘ആംസ് ട്രേഡ് ട്രീറ്റി’യിലൂടെ (എ.ടി.ടി) ഇന്ത്യക്ക് അമേരിക്കയുടെ ആണവായുധങ്ങളൊഴിച്ചുള്ള എല്ലാ ആധുനികായുധങ്ങളും ലഭിക്കുന്നതാണ്. ഇതില്‍ ടാങ്കുകളും കവചിത വാഹനങ്ങളും സൈനിക ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും മിസൈലുകളും എല്ലാം ഉള്‍പ്പെടുമത്രെ. മാത്രമല്ല, ഇന്ത്യയുടെയും അമേരിക്കയുടെയും ഒന്നിച്ചുള്ള സൈനിക പരിശീലനങ്ങളും അരങ്ങേറുന്നതാണ്. നല്ല കാര്യം; നമ്മുടെ നാട് ഒരു സൈനികശക്തിയായി വളരുമല്ളോ!
എന്നാല്‍, നമ്മെ ഇടങ്കൈകൊണ്ട് തലോടുമ്പോള്‍ അമേരിക്ക ചുമലിലിരുന്ന് ചെവിതിന്നുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ ഏകധ്രുവ ലോകസങ്കല്‍പത്തെ തകിടംമറിച്ചുകൊണ്ട് ചൈന ഒരു ബദല്‍ശക്തിയായി വളര്‍ന്നുവരുന്നത് അമേരിക്കയെ അലട്ടുകയാണ്. ചൈനയും റഷ്യയും അവര്‍ക്കിടയില്‍ ഇന്ത്യയും ചേര്‍ന്നാല്‍ അതവരെ അലോസരപ്പെടുത്തുന്നൊരു സഖ്യമായി മാറുമല്ളോ. ഇതില്‍നിന്ന് ഹസ്തദാനത്തിലൂടെ ഇന്ത്യയെ വേര്‍പെടുത്താന്‍ സാധിക്കുന്നത് നിസ്സാരകാര്യമല്ല. രണ്ടാമതായി, ആയുധ വിപണനത്തിന് ഇന്ത്യ നല്ളൊരു കമ്പോളമായി മാറുന്നത് അമേരിക്കയിലെ ആയുധവ്യവസായികള്‍ക്ക് സുഖസുഷുപ്തി നല്‍കുന്ന കാര്യമാണ്!

കുത്തക മുതലാളിത്തം ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ ശിഥിലമായ സന്ദര്‍ഭത്തിലാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ 21ാം നൂറ്റാണ്ടിലേക്ക് കാലെടുത്തുവെച്ചത്. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ അടച്ചുപൂട്ടേണ്ടിവന്നു. സാമ്പത്തികമാന്ദ്യം ജീവിതം ദുസ്സഹമാക്കി. നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും മൂര്‍ച്ഛിച്ചു. ഇതിനെ മറികടക്കുന്നത് മുതലാളിത്ത രാഷ്ട്രങ്ങളുടെ ജീവല്‍ പ്രശ്നമായിത്തീര്‍ന്നു. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് പുറത്തുചാടാനുള്ള ഒറ്റമൂലി ആയുധ വ്യവസായങ്ങള്‍ കൊഴുപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇറ്റലിയുമെല്ലാം തങ്ങളുടെ ആയുധങ്ങള്‍ക്ക് വിപണി കണ്ടത്തൊനുള്ള ശ്രമങ്ങളാരംഭിച്ചു. അവരുടെ ‘മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ളക്സു’കള്‍ പ്രാപ്പിടിയനെപ്പോലെ ഇരതേടി ഊരുചുറ്റുന്ന വേളയിലാണ് അവര്‍ ഇന്ത്യ, പാകിസ്താന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നീ രാഷ്ട്രങ്ങളുമായെല്ലാം സൈനിക സഹകരണം ശക്തിപ്പെടുത്തുന്നത്.

ഇന്ത്യയും പാകിസ്താനും സഹോദര രാഷ്ട്രങ്ങളാണ്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും അവ അഭിവാജ്യമാണ്. സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിലും അവയെ വേര്‍പെടുത്താനാവുന്നതല്ല. യോജിച്ചുനിന്നാല്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ശാന്തിയും സമൃദ്ധിയുമുണ്ടാകും. എന്നാല്‍, നിലനില്‍ക്കുന്ന ശത്രുതമൂലം ഇരുരാഷ്ട്രങ്ങളും വികസനത്തിനുപയോഗിക്കേണ്ട ധനം യുദ്ധോപകരണങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നു. സിംല കരാറും ആഗ്ര-ലാഹോര്‍ ഉച്ചകോടികളുമൊക്കെ സമാധാനശ്രമങ്ങളായിരുന്നു. എന്നാല്‍, അമേരിക്കയുമായി ഇന്ത്യയുടെ നയതന്ത്രബന്ധം ശക്തിപ്പെടുന്നത് പാകിസ്താനോ ചൈനയോ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് പാകിസ്താന്‍ കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കാനായി വാഷിങ്ടനെ നിര്‍ബന്ധിക്കുന്നത്. ചൈനയാകട്ടെ പ്രത്യേകം താല്‍പര്യമെടുത്ത് പാകിസ്താന് ആണവ, മിസൈല്‍ കരാറുകള്‍ വഴി സഹായഹസ്തം നീട്ടുന്നു. ഇന്ത്യന്‍സമുദ്ര മേഖലയില്‍ കൂടുതല്‍ സ്വാധീനം നേടാനാണ് ചൈനയുടെ ശ്രമം. ഇന്ത്യക്ക് ചുറ്റും വലയം തീര്‍ക്കുന്നൊരു നയമാണിത്. ചൈന ഇന്ത്യക്ക് ചുറ്റും പാകിസ്താന്‍, മ്യാന്മര്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവയുടെ കടല്‍തീരങ്ങളില്‍ തുറമുഖങ്ങളും നേവല്‍ബേസുകളും പണിയുന്ന ശ്രമത്തിലാണ്. ഇതൊക്കെ മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലാക്കാനും അമേരിക്കക്ക് യുദ്ധസാധ്യതകള്‍ക്ക് വഴിതുറക്കാനും കാരണമാകും.

പാകിസ്താനും ഫിലിപ്പീന്‍സും ദക്ഷിണ കൊറിയയും കൂടെ ഇന്ത്യയും അമേരിക്കയുടെ സൈനികസഖ്യത്തിലായാല്‍ മേഖലയിലെ ഏത് രാഷ്ട്രത്തെ ആക്രമിക്കാനും യുദ്ധംനയിക്കാനും അമേരിക്കക്ക് എളുപ്പമാകും. ‘ട്രാന്‍സ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ’ റിപ്പോര്‍ട്ട് അനുസരിച്ച് പെന്‍റഗണ് ലോകത്ത് 700നും 1000ത്തിനുമിടക്ക് സായുധ ബേസുകളുണ്ടത്രെ. ഇതില്‍ പകുതിയോളം മധ്യപൂര്‍വ ദേശത്തായതുകൊണ്ടാണ് അഫ്ഗാനിസ്താനിലും ഇറാഖിലും അവര്‍ക്കെളുപ്പം അധിനിവേശം സാധ്യമായത്. ഇന്ത്യ, അമേരിക്കയുടെ സൈനികത്താവളമായാല്‍ അത് മേഖലയില്‍ സായുധ മത്സരങ്ങള്‍ക്ക് വേദിയൊരുക്കും. അതിനാല്‍, ‘തന്ത്രപ്രധാന ഹസ്തദാന’ത്തിന്‍െറ പിന്നാമ്പുറങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഇന്ത്യയുടെ പരമാധികാരം ഹനിക്കപ്പെടുകയില്ളെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഭരണകര്‍ത്താക്കളുടെ കര്‍ത്തവ്യമാണ്.                                                         

Show Full Article
TAGS:us war propaganda India Pakistan 
Next Story