ഒരേസമയം രാഷ്ട്രീയക്കാരനും ദാര്‍ശനികനുമായി ജീവിച്ച അപൂര്‍വ ഭാരതീയനായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. ഇന്ത്യയുടെ ചരിത്രവും സാമൂഹിക പ്രതിസന്ധികളും ഒൗത്സുക്യപൂര്‍വം പഠനവിധേയമാക്കി അദ്ദേഹം രാജ്യത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് പോംവഴികള്‍ കണ്ടത്തെി. സമത്വത്തിനും മതേതരത്വത്തിനുംവേണ്ടി ശക്തമായി അദ്ദേഹം നിലകൊണ്ടു. ഇത്തരമൊരു മഹാപ്രതിഭയെ തമസ്കരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത ആരിലും നടുക്കവും വേദനയും ആശ്ചര്യവും ഉളവാക്കാതിരിക്കില്ല. സ്കൂള്‍ സിലബസില്‍നിന്ന് നെഹ്റുവിനെ സംബന്ധിച്ച അധ്യായങ്ങള്‍ നീക്കിക്കളയുമെന്ന് രാജസ്ഥാന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
നെഹ്റുവിനെ നേരില്‍ കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല. പക്ഷേ, ആ വ്യക്തിത്വത്തിന്‍െറ ധവളിമയെ സംബന്ധിച്ച് ബാല്യകാലംതൊട്ടേ കേള്‍ക്കാന്‍ സാധിച്ചിരുന്നു. ഒരു നേതാവിന് ചേര്‍ന്ന സര്‍വ ഗുണഗണങ്ങളും അദ്ദേഹത്തില്‍ മേളിച്ചിരുന്നു. പാണ്ഡിത്യവും ചിന്താശീലവും ഉണ്ടായിരുന്നതിനാല്‍ പണ്ഡിറ്റ്ജിയെന് അദ്ദേഹം ആദരപൂര്‍വം വിശേഷിപ്പിക്കപ്പെട്ടു. സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞിരുന്നതിനാല്‍ ചാച്ചാ എന്നും വിളിക്കപ്പെട്ടു. ഇന്ത്യയുടെ ഈ പ്രഥമ പ്രധാനമന്ത്രിയെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയ കുറിപ്പിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.
‘എന്‍െറ വല്യുമ്മ അംന റഹ്മാനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആ സവിശേഷ സന്ദര്‍ഭമാണ് മനസ്സില്‍ സദാ വന്നണയാറുള്ളത്. ഷാജഹാന്‍പുരിലെ ഉമ്മവീട്ടില്‍ ഞങ്ങള്‍ റേഡിയോ കേട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭം. റേഡിയോ പ്രവര്‍ത്തിപ്പിക്കാനുള്ള അധികാരം വല്യുമ്മക്ക് മാത്രമായിരുന്നു. പെട്ടെന്ന് വല്യുമ്മയെ സ്തബ്ധയാക്കിയ ഒരു വാര്‍ത്ത റേഡിയോവിലൂടെ കേട്ടു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. വാര്‍ത്ത ശ്രവിച്ച് വല്യുമ്മ പൊട്ടിക്കരഞ്ഞു. ന്യൂഡല്‍ഹിയില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നുമെല്ലാം ഏറെ അകലെ യു.പിയിലെ വിദൂര ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ കുടുംബം. പണ്ഡിറ്റ്ജി നമ്മെ വിട്ടുവിരിഞ്ഞു. നമുക്ക് ഇനി ആരുണ്ട്? ഇന്ത്യയിലെ പാവപ്പെട്ട മുസ്ലിംകളുടെ രക്ഷക്കും ഇനി ആരുണ്ട്?’ വല്യുമ്മയുടെ ഈ ദീനവിലാപത്തിന്‍െറ അര്‍ഥം കുട്ടിയായിരുന്ന എനിക്ക് അന്ന് പിടികിട്ടിയിരുന്നില്ല. ഞങ്ങളുടെ കുടുംബത്തില്‍ രാഷ്ട്രീയക്കാരായി ആരുമില്ളെന്നും ഞാനോര്‍ക്കുന്നു.’
വര്‍ഷങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കെ വല്യുമ്മയുടെ ആശങ്കനിറഞ്ഞ രോദനത്തിന്‍െറ പൊരുള്‍ എനിക്ക് ബോധ്യപ്പെടാന്‍ തുടങ്ങി. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച ജനകീയ നേതാവ് എന്ന പ്രതിച്ഛായയായിരുന്നു അന്ന് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും അന്തസ്സിനുംവേണ്ടി നിലകൊണ്ട ധീരവ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തില്‍ പലരും ഒരു രക്ഷകനത്തെന്നെ ദര്‍ശിച്ചു.
നെഹ്റുവിന്‍െറ വിയോഗത്തോടെ സാമൂഹികമായ കെട്ടുറപ്പിന്‍െറ അടരുകള്‍ തകര്‍ന്നുതുടങ്ങി. മുസ്ലിംകള്‍ പ്രാന്തവത്കരിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. അവര്‍ക്കെതിരായ വിഷലിപ്ത പ്രചാരണങ്ങളും വ്യാപകമായി. എന്‍െറ കുട്ടിക്കാലത്ത് അനുഭവിക്കാത്ത പല പ്രശ്നങ്ങളും പ്രത്യക്ഷമാകുന്നതിന് ഞാന്‍ സാക്ഷ്യംവഹിച്ചു. നെഹ്റുവിന്‍െറ ഭരണകാലത്തും വര്‍ഗീയലഹളകള്‍ അരങ്ങേറുകയുണ്ടായി. എന്നാല്‍, പ്രതികള്‍ക്ക് ഉടന്‍ ശിക്ഷ വിധിക്കുന്ന രീതി അത്തരം പ്രശ്നങ്ങളുടെ വ്യാപനത്തെ മികച്ചരീതിയില്‍ പ്രതിരോധിക്കുകയും ചെയ്തു. ഇക്കാലത്താകട്ടെ, പടക്കം പൊട്ടുന്ന സന്ദര്‍ഭങ്ങളില്‍ വരെ മുസ്ലിം യുവാക്കളെ പിടികൂടി തുറുങ്കിലടക്കുന്ന വിവേകശൂന്യത നാട്ടുനടപ്പായി മാറിയിരിക്കുന്നു. മുസ്ലിം യുവാക്കളെ നിസ്സാരസംശയങ്ങളുടെ പേരില്‍ മാത്രം പീഡനവിധേയമാക്കുന്ന അനുഭവങ്ങള്‍ സംബന്ധിച്ച് നിരവധി ആക്ടിവിസ്റ്റുകള്‍ ഞാനുമായി പങ്കുവെക്കുകയുണ്ടായി. ഹൈദരാബാദ്, ജയ്പുര്‍, മുംബൈ, അജ്മീര്‍, അലീഗഢ്, ലഖ്നോ തുടങ്ങിയ നഗരങ്ങളില്‍ പര്യടനം നടത്തവെ അത്തരം ദാരുണ കഥകള്‍ നിരവധി വ്യക്തികളില്‍നിന്ന് കേള്‍ക്കാനിടയായി.
അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുന്നിടത്ത് ആദ്യം അറസ്റ്റ്ചെയ്യപ്പെടുന്ന ഹതഭാഗ്യരാണ് മുസ്ലിംകള്‍. ഭരണകൂട മെഷിനറികളും നിയമപാലകരും പക്ഷപാതപരമായ സമീപനം വഴി അവരെ കൂടുതല്‍ അപരവത്കരിക്കുന്നു. ‘നിര്‍ധന മുസ്ലിംകളും നിര്‍ധനരായ ഹിന്ദുക്കളും അഭിമുഖീകരിക്കുന്നത് ഒരേ ദുര്‍വിധിയല്ളേ എന്നായിരുന്നു ഈയിടെ ഒരാള്‍ എനിക്കു മുമ്പാകെ നിരത്തിയ സംശയം. ‘രണ്ടു കൂട്ടരും ഹതഭാഗ്യരാകുന്നു. പട്ടിണിയും തൊഴിലില്ലായ്മയുമാണ് അവരുടെ മുഖ്യപ്രശ്നങ്ങള്‍. പക്ഷേ, ഒരു പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടാതെ വയ്യ. അരക്ഷിതത്വം എന്ന ആശങ്കകൂടി അനുഭവിക്കേണ്ട ഗതികേടിലാണ് മുസ്ലിംകള്‍. അവര്‍ സംശയപൂര്‍വം വീക്ഷിക്കപ്പെടുന്നു. സംഘ്പരിവാര ശക്തികള്‍ അധികാരം കൈയാളുമ്പോള്‍ ഈ അരക്ഷിതാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നു’ -അയാളുടെ സംശയത്തിന് ഇതായിരുന്നു എന്‍െറ മറുപടി.
ആരോഗ്യകരമായ ഒരു ജനാധിപത്യ സംവാദത്തിനു കീഴില്‍ ഭരണകൂടത്തിന്‍െറ തലപ്പത്ത് ഹിന്ദുവോ മുസ്ലിമോ സിഖ് വംശജനോ ആരുമാകട്ടെ, അതില്‍ ആര്‍ക്കും പ്രശ്നം കാണാനാകില്ല. ഭരണകര്‍ത്താക്കള്‍ മതേതര സ്വഭാവക്കാര്‍ ആയിരിക്കണമെന്നുമാത്രം. നിഷ്പക്ഷമായ നീതിയും സുതാര്യതയുമാകണം അവരുടെ മുദ്ര. അത്തരമൊരു നിയമവാഴ്ചയുടെയും മതേതരത്വത്തിന്‍െറയും സുരക്ഷാബോധത്തിന്‍െറയും അന്തരീക്ഷം നിലനിര്‍ത്താന്‍ നെഹ്റുയുഗത്തിന് സാധിച്ചുവെന്നതാണ് ആ കാലഘട്ടത്തെ സവിശേഷമായി കരുതാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നെഹ്റു ജീവിച്ചിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല. ആര്‍.എസ്.എസ് പ്രചാരകര്‍ അധികാരത്തില്‍ വിഹരിക്കുമായിരുന്നില്ല. ഇന്നു കാണുന്ന രാഷ്ട്രീയ കപടനാടകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നില്ല.
യഥാര്‍ഥത്തില്‍ ശരിയായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു നെഹ്റു. ഒരിക്കല്‍ ഒരു ഇറാഖി നയതന്ത്ര പ്രതിനിധിയുമായി ആശയവിനിമയം നടത്തുന്നതിനിടെ നെഹ്റു ഇറാഖിനോട് സ്വീകരിച്ച സമീപനം അദ്ദേഹം അഭിമാനപൂര്‍വം വിശദീകരിച്ചത് ഓര്‍മിക്കുന്നു. ന്യൂഡല്‍ഹിയിലെ പൃഥ്വിരാജ് റോഡിലെ ബംഗ്ളാവുകള്‍ ഇറാഖി എംബസിക്ക് നല്‍കാന്‍ ഉത്തരവിട്ടത് നെഹ്റുവായിരുന്നു. അമേരിക്കന്‍ സേന ഇറാഖിനെ ശിഥിലമാക്കിയെങ്കിലും ന്യൂഡല്‍ഹിയിലെ ബംഗ്ളാവുകള്‍ ഇപ്പോഴും പോറലേല്‍ക്കാതെ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഊഷ്മളമായ പശ്ചിമേഷ്യന്‍ സമീപനമായിരുന്നു അദ്ദേഹത്തിന്‍േറത്.
ഖുശ്വന്ത് സിങ്ങിന്‍െറ വിലയിരുത്തല്‍
അല്ലാമാ ഇഖ്ബാല്‍ പരാമര്‍ശിച്ച ഉന്നതമായ കാഴ്ചപ്പാട്, ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന ഭാഷണചാരുതി, ഊഷ്മള വ്യക്തിത്വം തുടങ്ങിയ നേതൃഗുണങ്ങള്‍ സ്വാംശീകരിച്ച നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും മാതൃകയാക്കാവുന്ന പ്രധാനമന്ത്രിയായിരുന്നു നെഹ്റു. മുന്‍വിധികള്‍ക്കും ജാതിമത ഭേദങ്ങള്‍ക്കും അതീതനായി ചിന്തിച്ച മഹാവ്യക്തിയാണദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അടിയുറച്ച മതേതരത്വമാണ് അദ്ദേഹത്തെ ഏറ്റവും ആകര്‍ഷക വ്യക്തിയായി മാറ്റിയത്. തന്‍െറ പിന്‍ഗാമികളെക്കാള്‍ വിദ്യാഭ്യാസം നേടിയവന്‍. സ്ത്രീവോട്ടവകാശത്തിനുവേണ്ടി പോരാടിയ വ്യക്തി, പഞ്ചവത്സര പദ്ധതികളുടെ ശില്‍പി. ഒമ്പതു വര്‍ഷത്തെ ജയില്‍വാസവേളയില്‍ നെഹ്റു ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അഗാധമായ ആലോചനകളില്‍ മുഴുകി. തന്‍െറ ചിന്തകള്‍ ഓരോന്നും ക്രമബദ്ധമായി കുറിച്ചുവെച്ചു. എന്നാല്‍, അദ്ദേഹവും ഒരു മനുഷ്യനാകയാല്‍ ചില വീഴ്ചകള്‍ സംഭവിച്ചു.