കടല്‍ക്കാക്കയുടെ ചിറകും കാക്കിമങ്ങലും
text_fieldsനിരവധി ശാഖകളുള്ള ഒരൊറ്റമരക്കാടിന്‍െറ സാന്ദ്രച്ഛവിയാണ് എന്‍.വി. കൃഷ്ണവാരിയരുടെ വ്യക്തിത്വത്തോടൊപ്പം നമ്മുടെ നിനവില്‍ വരുന്നത്. കവി, ബഹുഭാഷാപണ്ഡിതന്‍, ഗവേഷകന്‍, അധ്യാപകന്‍, വിമര്‍ശകന്‍, പത്രാധിപര്‍, ലേഖകന്‍, വൈയാകരണന്‍ എന്നിങ്ങനെ ബഹുശാഖകള്‍. എന്‍.വി അന്തരിച്ചപ്പോള്‍,
‘പകല്‍ തീവെയില്‍ ചീറ്റവേ
തണല്‍ച്ചോടെങ്ങ്? നീരെങ്ങ്?
സാന്ധ്യദീപവുമെങ്ങിനി?’ എന്ന് തന്‍െറ ആത്മീയമായ അനാഥത്വത്തെ ആവിഷ്കരിച്ച സുഗതകുമാരി ആ വന്മരത്തിന്‍െറ തിരോധാനത്തെയാണ് വാങ്മയപ്പെടുത്തിയത്. എന്നാല്‍, രണ്ടരപ്പതിറ്റാണ്ടുകള്‍ക്കിപ്പുറം അദ്ദേഹത്തിന്‍െറ ജന്മശതാബ്ദിയാഘോഷിക്കുമ്പോള്‍ പാണ്ഡിത്യത്തിന്‍െറ ഉരത്ത തായ്ത്തടിയേക്കാളും പത്രാധിപത്യത്തിന്‍െറ പടര്‍വള്ളികളേക്കാളും ഉയരത്തില്‍ എന്‍.വി. കൃഷ്ണവാരിയര്‍ എന്ന കവിയെയാണ് നമ്മള്‍ കാണുന്നത്; കാണേണ്ടതും.
ഒരുപക്ഷേ, മലയാളകവിതയിലെ ഏറ്റവും ആദര്‍ശോജ്ജ്വലവും അനശ്വരവുമായ ഈരടികളില്‍ ചിലത് ഈ കവിയുടേതായിരിക്കും.
‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ;-
ണെങ്ങോ മര്‍ദന, മവിടെ പ്രഹരം
വീഴുവതെന്‍െറ പുറത്താകുന്നു’ എന്ന ‘ആഫ്രിക്ക’ എന്ന കവിതയിലെ വരികളാണവ. മാനവികത എന്ന മഹാമൂല്യത്തെ മുന്‍നിര്‍ത്തി ധാര്‍മികമായ വീറും ചൊടിയും പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം ആ ഈരടികള്‍ മലയാളിയുടെ നാവിലും നെഞ്ചിലും ഉയിര്‍ക്കൊള്ളുന്നു. എന്നാല്‍, ഇതേ കവിതന്നെയാണ്, മലയാളകവിതയില്‍ ഏറ്റവും നിരാശാഭരിതമായ വരികളെന്ന് പറയാവുന്ന, ഈ ഈരടിയുമെഴുതിയിട്ടുള്ളത്-
‘ഉറക്കെക്കരയുവാന്‍ ധൈര്യമി;ല്ലതുമൂല-
മുറക്കെക്കൂടെക്കൂടെപ്പൊള്ളയായ്ച്ചിരിപ്പൂ
ഞാന്‍!’ (ലോകദു$ഖം).
ഗാന്ധിയന്‍യുഗചേതനയില്‍നിന്ന് പകര്‍ന്നുകിട്ടിയ അചഞ്ചലമായ മൂല്യനിഷ്ഠയും അതേ മൂല്യങ്ങള്‍ക്കേറ്റ പ്രഹരങ്ങള്‍ വടുക്കെട്ടിയ മന$സാക്ഷിയും ചേര്‍ന്നുനിര്‍മിക്കുന്ന ഉദയാവസ്ഥയില്‍ നിന്നൂറിക്കൂടിയ സങ്കീര്‍ണതയാണ് എന്‍.വി കവിതയുടേത്. കാല്‍പനികതയെ അത് റിയലിസംകൊണ്ട് പ്രതിരോധിച്ചു; ഭാവാതുരതയെ കലുഷമായ നര്‍മബോധംകൊണ്ടും. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും സാഗരസ്വപ്നങ്ങള്‍ക്കും സമകാലിക ജീര്‍ണതകള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടുപോയ ഒരു കടല്‍പക്ഷിയുടെ ആത്മാവുമായാണ് ഈ കവി ജീവിച്ചത്. നീണ്ട വെണ്‍ചിറകുമായി കടലിനു മീതെ പറക്കുകയും കടല്‍ത്തിരകള്‍ക്കുമേല്‍ സമാധികൊള്ളുകയും ചെയ്യുന്ന കടല്‍ക്കാക്ക എന്ന രൂപകം, അങ്ങനെ എന്‍.വി ജീവിതത്തിലും കവിതയിലും ലാളിച്ചിരുന്ന മഹത്ത്വസങ്കല്‍പങ്ങളുടെ മുഴുവന്‍ പ്രതിരൂപയായി മാറി. എന്നാല്‍, അതിന്‍െറ ആകാശസ്വപ്നങ്ങളെയും അനന്തദൂരങ്ങളെയും ആരും അറിയുന്നില്ല. ചളിയും ചെറ്റത്തവും നിറഞ്ഞ കരയാണവര്‍ക്ക് ജീവിതം. കടലെന്നാലോ, അയിലയും മത്തിയും ആവോലിയും മാത്രം.
‘കടല്‍ ഞങ്ങള്‍ക്കീ നാറും
ചെളി,യിച്ചെറ്റത്തങ്ങള്‍
അടി,കുത്ത,വസാനമതില്‍ വീണടിയലും.
അറിയുന്നതാര്‍ കടല്‍ക്കാക്കയെ?
അതിന്‍ നീണ്ട ചിറകിന്‍ വളവിനെ?
അപ്പക്ഷിനുരകണ-ക്കമരും തിരകളെ?
അവ പോയ്ത്തഴുകുന്ന
ചിരസുന്ദരനീലപ്രാലേയ സ്വപ്നങ്ങളെ?
(കടല്‍ക്കാക്കയെ ആര്‍ അറിയുന്നു?)
തന്‍െറയും മറ്റുള്ളവരുടെയും ജീവിതം ‘ചളിയും ചെറ്റത്ത’വും നിറഞ്ഞതാവുമ്പോള്‍ കവിക്ക് കടല്‍ക്കാക്കയുടെ ഉദാത്തഗംഭീരമായ ശാന്തജീവിതം സാധ്യമല്ല. ഞങ്ങളല്‍പന്മാര്‍, കാല-/മഴയേ,റ്റൊരേകാക്കി-/മങ്ങലായ് ഞങ്ങള്‍ക്കുള്ള/ജീവിതക്കുപ്പായങ്ങള്‍’ എന്ന ‘കൊച്ചുതൊമ്മനി’ലെ കാലഘട്ടത്തിന്‍െറ ഹൃദയരേഖയായ വാക്യം അങ്ങനെ എഴുതപ്പെട്ടു. ഈ കാക്കിമങ്ങലിനെക്കുറിച്ച് ആത്മനിന്ദയും പരിഹാസവും നിറഞ്ഞ തിക്തഭാഷയിലെഴുതാനാണ് തന്‍െറ പ്രധാന കൃതികളിലെല്ലാം എന്‍.വി ശ്രമിച്ചത്.
‘കരളിന്‍െറയുള്ളില്‍ക്കനലെരിവീല.
കനലിരുന്നേടം മലിനമാക്കിക്കൊ-
ണ്ടവിടെയുണ്ടിപ്പോളൊരുപിടിച്ചാരം,
നനഞ്ഞിരുണ്ടതാമൊരുപിടിച്ചാരം!’
(ജീവിതവും മരണവും)
എന്നു തെളിച്ചും ‘എലികള്‍’ എന്ന കവിതയിലെന്നപോലെ ഗുപ്തപരിഹാസത്തിന്‍െറ തീക്ഷ്ണദന്തങ്ങളുപയോഗിച്ചും ‘കൊച്ചുതൊമ്മനി’ലെപ്പോലെ പ്രണയത്തെ പാരഡിചെയ്തും ‘മദിരാശിയില്‍ ഒരു സായാഹ്ന’ത്തിലെന്നപോലെ കാമുകനുകണിയായി അനാഥജഡത്തിന്‍െറ കിഴട്ടുനഗ്നത വരച്ചുവെച്ചും എന്‍.വി തനിക്കഭിമുഖീകരിക്കേണ്ടിവന്ന ജീര്‍ണജീവിതയാഥാര്‍ഥ്യത്തെ ആവിഷ്കരിച്ചു. കാല്‍പനികതക്കും ആധുനികതക്കും ഇടയിലുള്ള സംക്രമഋതുവിന്‍െറ കവിയായും പ്രതികാല്‍പനികതയുടെ മലയാളമാതൃകയായും മലയാളവും ആംഗലവും ചേര്‍ന്ന പുത്തന്‍മണിപ്രവാളത്തിന്‍െറ സ്രഷ്ടാവായും വിലയിരുത്തപ്പെടുമ്പോഴും നിര്‍വചിക്കാന്‍ പ്രയാസമുള്ള സങ്കീര്‍ണതകളുടെയും വൈരുധ്യങ്ങളുടെയും സമാഹാരമായിരുന്നു എന്‍.വിയുടെ കവിത്വം. ‘എന്‍.വി കര്‍മയോഗത്തിന്‍െറ കവി’ എന്ന ലേഖനത്തില്‍ എം.എന്‍. വിജയന്‍ എഴുതുന്നു:
‘...എന്‍.വിയെ നമ്മുടെ നാട്ടിന്‍െറ ചരിത്രത്തില്‍ക്കൂടി ഇഴഞ്ഞുപോയ ഒരു ജീവിയായി, നടന്നുപോയ ഒരു മനുഷ്യനായി, നമ്മുടെ ചരിത്രത്തിന്‍െറ അന്തരീക്ഷത്തില്‍ ദീര്‍ഘകാലം നിലനിന്ന ഒരു ശ്വാസമായി നമുക്കു വിലയിരുത്താം. എന്‍.വി ഒരു ആശയവും ഒരു വികാരവും ഒരു പ്രചോദനവും ഒരു വിജയവും ഒരു പരാജയവും ഒക്കെയാണ്.’ വിജയം എന്നപോലെ പരാജയവുമായിരുന്നു എന്‍.വി. കൃഷ്ണവാരിയര്‍ എന്ന കവി, പത്രാധിപര്‍, പണ്ഡിതന്‍ എന്നംഗീകരിച്ചുകൊണ്ടുതന്നെ ഈ ശതാബ്ദിവേളയില്‍ അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ ഓര്‍മവരുന്നത് ഈ കാലഘട്ടത്തിന്‍െറതന്നെ മന$സാക്ഷിയുടെ ശബ്ദമായി മാറിയ ഈ വരികളാണ്.
‘അന്തികള്‍ വാനിന്‍ചാരം തുടിപ്പിക്കുമോ വീണ്ടും?
വെന്തവേനലിന്‍ വിങ്ങല്‍ മാറ്റുമോ
മഞ്ഞിന്‍തുള്ളി?
കരളിന്നടിയിലെച്ചേറ്റില്‍ നി,ന്നൊരു വെള്ള-
ക്കമലം വിടര്‍,ന്നതിന്‍ ഗന്ധം നാം
ശ്വസിക്കുമോ?
ബാക്കിവല്ലതുമുണ്ടോ? സ്വാതന്ത്ര്യം?
സത്യം? ധര്‍മം?
മൈത്രി? കാരുണ്യം? ശാന്തി?
വല്ലതുമുണ്ടോ ബാക്കി?
(ബാക്കിവല്ലതുമുണ്ടോ?)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
