Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎന്തുകൊണ്ട് ജനകീയ...

എന്തുകൊണ്ട് ജനകീയ മാനിഫെസ്റ്റോ?

text_fields
bookmark_border
എന്തുകൊണ്ട് ജനകീയ മാനിഫെസ്റ്റോ?
cancel

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അതിന്‍െറ പ്രഖ്യാപനസമ്മേളനത്തില്‍ ഗാന്ധിജിയുടെ അസാന്നിധ്യം നെഹ്റുവിനെയും കൂട്ടരെയും എറെ വിഷമിപ്പിച്ചു. കൂടിയാലോചനകള്‍ക്കൊടുവില്‍ ഒരു പ്രത്യേക ദൂതനെ ഗാന്ധിജിയുടെ അടുക്കലേക്ക് നിയോഗിച്ചു. പശ്ചിമബംഗാളില്‍ നവഖാലിയില്‍വെച്ച് ദൂതന്‍ ഗാന്ധിജിയെ കാണുകയും നെഹ്റു കൊടുത്തയച്ച സന്ദേശം കൈമാറുകയുമുണ്ടായി. ദീര്‍ഘമായ ഒരു സന്ദേശം പ്രതീക്ഷിച്ച ദൂതന് ഗാന്ധിജി നല്‍കിയത് കടലാസില്‍ പൊതിഞ്ഞ ഒരു കരിയില ആയിരുന്നു. ‘നിങ്ങള്‍ ഇന്ത്യയെ ഈ കരിയിലയുടെ പരുവത്തിലാക്കരുത്’. ഇതായിരുന്നു ഹ്രസ്വമായ സന്ദേശം. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് കഴിയുമ്പോള്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ അവസ്ഥ അന്ന് ഗാന്ധിജി കൊടുത്തയച്ച കരിയിലക്ക് സമാനമാണ്.

കൊടുംചൂടിന്‍െറയും വരള്‍ച്ചയുടെയും പരിസ്ഥിതിത്തകര്‍ച്ചയുടെയും സാമൂഹിക അസമത്വങ്ങളുടെയും മത-ജാതി അസഹിഷ്ണുതകളുടെയും മൂര്‍ത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് കേരളീയരുടെ മുന്നില്‍ എത്തിനില്‍ക്കുന്നത്. ഇടതുവലത് മുന്നണികള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളെ ഒരുപോലെ സംരക്ഷിച്ചുനിര്‍ത്തുന്നതിലൂടെ തികച്ചും ഒരു സൗഹൃദമത്സരമാണ് കാഴ്ചവെക്കുന്നത്. ‘അരിവാള്‍ കൈ’ ആണോ ‘കൈ അരിവാള്‍’ ആണോ മേല്‍ക്കൈ നേടുക എന്നതുമാത്രമാണ് മേയ് 19ാം തീയതി വെളിവാകുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ എവിടെ കൊണ്ടുചെന്നത്തെിച്ചുവെന്ന് ഇരുമുന്നണികളോടും ഭരണകര്‍ത്താക്കളോടും തിരിച്ചുചോദിക്കാന്‍ സമയമായിരിക്കുന്നു. കാപ്പിറ്റലിസ്റ്റ് കോര്‍പറേറ്റ് വത്കരണത്തെ പിന്താങ്ങുന്ന ഈ രണ്ടു മുന്നണികള്‍ക്കും ബദലായി കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് മുന്നണിയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സര്‍വസന്നാഹങ്ങളുമായി രംഗത്തുണ്ട്. ഇവര്‍ ലക്ഷ്യംവെക്കുന്ന ഫാഷിസ്റ്റ് കോര്‍പറേറ്റ് വത്കരണം സാധ്യമായാല്‍ അവശേഷിക്കുന്ന പരിമിതമായ ജനാധിപത്യാവകാശങ്ങള്‍വരെ ഇല്ലാതാകുമെന്ന് ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നു.

തകരുന്ന കേരളമോഡല്‍
130 കോടി വരുന്ന ജനങ്ങളുടെ പൊതുവിഭവങ്ങള്‍ കവര്‍ന്നെടുത്ത് വിരലിലെണ്ണാവുന്ന ഏതാനും കുത്തകകളെ സഹസ്രകോടികളുടെ ഉടമകളാക്കി മാറ്റുന്നതല്ല വികസനമെന്ന് നാം ഉറക്കെ പറയേണ്ടതുണ്ട്. മണ്ണും വെള്ളവും വായുവും വിഷലിപ്തമാക്കി സാധാരണജനങ്ങളെ പുറമ്പോക്കിലേക്ക് തള്ളിവിട്ടുകൊണ്ട്, പ്രകൃതിവിഭവങ്ങള്‍ അന്യമാക്കിക്കൊണ്ട് നടക്കുന്ന ഈ പുറന്തള്ളല്‍ വികസനത്തിന് അറുതിവരുത്താന്‍ നേരമായെന്ന് ഈയൊരുവേളയിലെങ്കിലും നാം വിളിച്ചു പറയേണ്ടതുണ്ട്. കടക്കെണിമൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെടുന്ന ദലിത്-പിന്നാക്കവിഭാഗങ്ങള്‍, വംശഹത്യയിലേക്ക് നയിക്കുന്ന ആദിവാസി-ഗോത്രവിഭാഗങ്ങള്‍, വംശീയ വെറിയുടെ പേരില്‍ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തേ മതിയാകൂ. വികസനത്തിനായി ബലിയര്‍പ്പിക്കാന്‍ കേരളത്തില്‍ ഇനി കാടുകള്‍, പുഴകള്‍, കുന്നുകള്‍, തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍, കണ്ടല്‍ക്കാടുകള്‍, തുടങ്ങിയവ ഇല്ളെന്ന തിരിച്ചറിവില്‍ അവയുടെ സംരക്ഷണത്തിനായി പോരാടുന്ന സംഘടനകള്‍, ജാതിമത ലിംഗ വിവേചനങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംഘടനകള്‍, ജനകീയബദലുകള്‍ അടക്കമുള്ള അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ ഇവയെ ഒരുമിച്ച് ചേര്‍ത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദപരവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ ഒരു ജനകീയ വികസന അജണ്ട നിശ്ചയിക്കേണ്ടതുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വികസനം വന്‍തോതിലുള്ള പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന വസ്തുത ഇന്ന് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും അനുഭവവേദ്യമാകുന്ന തരത്തില്‍ പ്രകടമാണ്. ആരോഗ്യ-വിദ്യാഭ്യാസ-സേവനമേഖലകളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായ ഉയര്‍ന്നപദവി കൈവരിക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. ഉയര്‍ന്നസാക്ഷരത, കുറഞ്ഞ ശിശുമരണ നിരക്ക്, നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുവിതരണ സമ്പ്രദായം, സ്ത്രീപുരുഷ അനുപാതത്തിലെ സമാനത തുടങ്ങി കേരളത്തിന് എടുത്തു പറയാവുന്ന നിരവധി നേട്ടങ്ങള്‍ നാം നേടിയെടുത്തിരുന്നു. കേരളത്തിലെ ശിശുമരണനിരക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതും, ധനിക-ദരിദ്ര അനുപാതത്തിലെ വിടവ് ഭീമമായ തോതില്‍ കൂടിക്കൊണ്ടിരിക്കുന്നതും, പെണ്‍കുട്ടികളുടെ എണ്ണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം ഈ മേഖലകളിലെ പ്രതിശീര്‍ഷ ചെലവുകളിലെ വര്‍ധനവും ഒക്കത്തെനെ കേരള വികസന മാതൃകയുടെ പരാജയത്തെ സ്ഥിരീകരിക്കുന്നതാണ്.

കാര്‍ഷികമേഖലയെ കൈയൊഴിഞ്ഞ് നടപ്പിലാക്കിയ വികസനസംസ്കാരം ഒരു ജനതയെന്ന നിലയില്‍ വലിയൊരു ദുരന്തത്തിലേക്കാണ് നമ്മെ നയിക്കുന്നത്. കാര്‍ഷിക ഉല്‍പാദനമേഖലയെ പൂര്‍ണമായും കൈയൊഴിഞ്ഞുകൊണ്ടുള്ള കേരള വികസനമാതൃക പരാജയപ്പെടുന്നതിന് പിന്നിലെ കാരണവും ഇതുതന്നെ. അരി, പഴം-പച്ചക്കറികള്‍, പാല്‍, മുട്ട, മാംസം തുടങ്ങി സകലമാന ഭക്ഷ്യവസ്തുക്കള്‍ക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിച്ചു നില്‍ക്കേണ്ട ഗതികെട്ട അവസ്ഥയിലേക്കാണ് അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ കൊണ്ടുചെന്നത്തെിച്ചിരിക്കുന്നത്. നികത്തപ്പെട്ട നെല്‍വയലുകളുടെയും കൃഷിയിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട കൃഷിഭൂമിയുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 1960-62 കാലത്ത് 7.90 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ അരനൂറ്റാണ്ടിനുള്ളില്‍ 1.91 ലക്ഷം ഹെക്ടറായി ചുരുങ്ങിയതിനെ നാം വികസനമെന്ന് വിളിക്കുന്നു. പ്രതിശീര്‍ഷവരുമാനത്തിലും ഉപഭോഗത്തിലും കേരളത്തിലെ ജനസംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ ഇടിവ് ഒരുവേള മുന്‍കാല നേട്ടങ്ങളെ മുഴുവന്‍ തകിടംമറിക്കുന്നതായിരിക്കും. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരില്‍ ആദിവാസികളുടെയും (36.7 ശതമാനം) ദലിത് വിഭാഗങ്ങളുടെയും (38 ശതമാനം) മുസ്ലിംകളുടെയും (28 ശതമാനം) നിരക്ക് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലാണെന്ന് പുതുതായി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ’90കളുടെ മധ്യത്തില്‍ 10/1000 എന്ന നിലയിലായിരുന്നു ശിശുമരണനിരക്ക് എങ്കില്‍ പുതിയ കണക്കുകള്‍ 14/1000 എന്നായി ഉയര്‍ന്നിരിക്കുന്നു. രോഗാതുരത കൂടിയ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. 15-45 വയസ്സിനിടയിലുള്ള സ്ത്രീകളിലെ അനീമിയ 22.7 ശതമാനത്തില്‍നിന്ന് 32.3 ശതമാനമായി ഉയര്‍ന്നത് ആശങ്കയുയര്‍ത്തുന്നു. 1980കളില്‍ 89 രൂപയാണ് ഒരു വ്യക്തി ആരോഗ്യാവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നതെങ്കില്‍ ഇന്നത് 1800 രൂപയില്‍ അധികമായിരിക്കുന്നു. പൊതുവില്‍ സംഭവിച്ച പണപ്പെരുപ്പമായി ഇതിന് ബന്ധമില്ല.

കാര്‍ഷികമേഖലയിലെ തകര്‍ച്ച, ഭക്ഷ്യസ്വയംപര്യാപ്തതയില്ലായ്മ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ പുതുതായി കണ്ടുവരുന്ന ആശാസ്യമല്ലാത്ത ഗതിവിഗതികള്‍ എന്നിവക്ക് പുറമേ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിലേറെയായി നാം തുടര്‍ന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ദുരന്തഫലങ്ങള്‍കൂടി ഇന്നു കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. താളംതെറ്റിയ മഴക്കാലം, കൊടുംവരള്‍ച്ച, മാലിന്യപ്പെരുപ്പം തുടങ്ങി അന്തമില്ലാത്ത പരിസ്ഥിതിപ്രശ്നങ്ങളാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. തോട്ടവത്കരണത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കും വേണ്ടി നാം നശിപ്പിച്ച വനങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഒരു തത്ത്വദീക്ഷയുമില്ലാതെ കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി സ്വാഭാവിക ജലസംഭരണികളായ കുന്നുകളും പുഴകളും ഏതാണ്ട് പൂര്‍ണമായി നാം നശിപ്പിച്ചുകഴിഞ്ഞു. 11.2 ലക്ഷം ആളില്ലാവീടുകള്‍ കേരളത്തില്‍ നിലനില്‍ക്കുമ്പോള്‍ 6.5 ലക്ഷം ജനങ്ങള്‍ അന്തിയുറങ്ങാന്‍ കൂരയില്ലാതെ വഴിവക്കിലും പീടികത്തിണ്ണയിലും പുറമ്പോക്കിലുമായി കഴിഞ്ഞുകൂടുന്നു. പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകവുമായി ഇതിനെ കൂട്ടിവായിക്കണം. കട്ടുമുടിക്കാന്‍ കാടുകളും കുന്നുകളും പുഴത്തീരങ്ങളും ഇല്ലാതായപ്പോള്‍ കായലും കടലും തീരവും അവര്‍ ലക്ഷ്യംവെക്കുന്നു. അതിരപ്പിള്ളി, വിഴിഞ്ഞം, അഴീക്കല്‍ ഇവ കൃത്യമായി പങ്കുവെക്കാന്‍ കേരളത്തിലെ രാഷ്ട്രീയമേലാളന്മാര്‍ മത്സരിക്കുന്നു. കേരളത്തില്‍ വിപ്ളവകരമായ ഭൂപരിഷ്കരണം നടപ്പിലാക്കി, അത് ഇന്ത്യക്കുതന്നെ മാതൃകയാണെന്ന് മേനി നടിക്കുമ്പോഴും ജന്മി-കുടിയാന്‍ വ്യവസ്ഥകള്‍ ഇല്ലാതാകുകയും ചെയ്തുവെന്ന് ആവേശംകൊള്ളുമ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികളുടെ ഭൂമിപ്രശ്നം ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നു. ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട പട്ടികജാതി-ദലിത് വിഭാഗങ്ങള്‍ക്ക് ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല. അതില്‍ ഇടതുവലത് മുന്നണികള്‍ക്ക് ഒരു താല്‍പര്യവുമില്ല എന്നതിന്‍െറ തെളിവാണ് മുത്തങ്ങ, ചെങ്ങറ, അരിപ്പ, മലപ്പുറം ജില്ല ഇവിടങ്ങളില്‍ ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഭൂമിക്കുവേണ്ടി നടത്തിവരുന്ന സമരങ്ങള്‍.  

വികസനദുര്‍ഭൂതം
1990കളോടെ ലോകത്തെയാകെ ഒരു ദുര്‍ഭൂതം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്  ‘സാമ്പത്തിക വികസനം’ എന്ന ദുര്‍ഭൂതം. ഇതിനെ ലോകത്തിന്‍െറ പൊതുമതമാക്കി മാറ്റാന്‍ അമേരിക്ക നേതൃത്വം കൊടുക്കുന്ന മൂലധനശക്തികള്‍ക്ക് സാധിച്ചു. ‘നിരന്തര വളര്‍ച്ച’, ‘ദ്രുതവികസനം’, ‘ഭൗതിക പുരോഗതി’ തുടങ്ങിയവ  മനുഷ്യന്‍െറ പൊതുമന്ത്രങ്ങളായി അംഗീകരിക്കപ്പെട്ടു. ഫലത്തില്‍   മനുഷ്യന് സ്വാതന്ത്ര്യമായി, സുലഭമായി ലഭിച്ചുകൊണ്ടിരിക്കുന്ന ശുദ്ധജലം ഇന്ന് കിട്ടാക്കനിയായി. മലിനീകരിക്കപ്പെടാത്ത വായുവും മണ്ണും ഇന്ന് സ്വപ്നമായി മാറിയിരിക്കുന്നു. എന്തും വിലകൊടുത്ത് വാങ്ങാമെന്ന മുതലാളിത്ത ധാര്‍ഷ്ട്യത്തിന്‍െറ അടിവേരില്‍തന്നെ പുതിയ പ്രതിസന്ധികള്‍ പരിക്കേല്‍പിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍െറയും ആഗോളതാപനത്തിന്‍െറയും കുമിഞ്ഞുകൂടുന്ന മാലിന്യത്തിന്‍െറയും രൂപത്തില്‍ അത് മാനവരാശിക്കും ജീവിലോകത്തിനും മുന്നില്‍ വെല്ലുവിളി  ഉയര്‍ത്തുകയാണ്.  

ബഹുഭൂരിപക്ഷം സാധാരണജനങ്ങളുടെ നിലനില്‍പിനെതന്നെ അപകടപ്പെടുത്തുന്ന ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മൗനത്തിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍മാത്രം അവര്‍ ഉറക്കമുണര്‍ന്ന്, തങ്ങള്‍ ചിലതെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നു. ജനകീയപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രംഗത്തിറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളെല്ലാംതന്നെ കോര്‍പറേറ്റുകളുടെ സംഭാവനകള്‍ കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നുവെന്നത് 2015ല്‍ അവര്‍ പിരിച്ചെടുത്ത സംഭാവനകളുടെ കണക്ക് പരിശോധിച്ചാല്‍ മാത്രംമതി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ചേര്‍ന്ന് പിരിച്ചെടുത്ത സംഭാവനത്തുക 622.27 കോടി രൂപയാണ്. ഇതില്‍ കോര്‍പറേറ്റുകളുടെ സംഭാവന 94 ശതമാനം. പാരിസ്ഥിതിക അസന്തുലനത്തിന്‍െറയും സാമൂഹിക അസമത്വത്തിന്‍െറയും വിടവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കേരളത്തിന്‍െറ ഭാവി എന്തായിരിക്കുമെന്നത് തീരുമാനിക്കാനുള്ള എല്ലാ അവകാശവും ആത്യന്തികമായി ജനങ്ങള്‍ക്കാണെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് ‘നിലനില്‍പിന്‍െറ മാനിഫെസ്റ്റോ’ ജനങ്ങളുടെ കൈകളില്‍ ഏല്‍പിക്കുന്നു.

(പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

Show Full Article
TAGS:manifesto 
Next Story