Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവീണ്ടും യു.എ.പി.എ...

വീണ്ടും യു.എ.പി.എ ഭീഷണി

text_fields
bookmark_border
വീണ്ടും യു.എ.പി.എ ഭീഷണി
cancel

യു.എ.പി.എ എന്ന കരിനിയമം പിന്‍വലിക്കേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. യാതൊരു തത്വദീക്ഷയുമില്ലാതെ യു.എ.പി.എ ഉപയോഗിക്കുന്നതിനെതിരെ ഈ പംക്തിയില്‍ തന്നെ പലപ്രാവശ്യം എഴുതിയിട്ടുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്‍െറ ഈടുവെപ്പായ പൗരസ്വാതന്ത്ര്യത്തെ അകാരണമായി ഹനിക്കുന്ന നിയമങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് യു.എ.പി.എ. ഭീകരതയെ ചെറുക്കാനെന്ന പേരില്‍ ടാഡയും പോട്ടയും ഒക്കെ കൊണ്ടുവന്നിട്ടുള്ളപ്പോള്‍ ഉണ്ടായിരുന്ന അതേ എതിര്‍പ്പ് ഈ നിയമത്തിന്‍െറ കാര്യത്തിലുമുണ്ട്. എന്നാല്‍ ചില സമീപകാല സംഭവങ്ങള്‍ ഈ നിയമം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങളുടെ കാര്യത്തിലും ചില നഗ്നമായ വിവേചനങ്ങള്‍ പൊലീസും കോടതിയും കാട്ടുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.  
ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് പോരാട്ടം പ്രവര്‍ത്തകരായ അജിതന്‍, സാബു, ചാത്തു, ഗൗരി എന്നിവരെയും ‘പാഠാന്തരം’ മാസികയിലെ ദിലീപിനെയും അറസ്റ്റ് ചെയ്ത് അവരുടെ പേരില്‍ ചാര്‍ത്തി  ക്കൊടുത്തിരിക്കുന്നത്  യു.എ.പി.എ ആണ്. ഈനിയമം കേരളത്തില്‍ എത്ര ലാഘവബുദ്ധിയോടെയാണ് ഉപയോഗിക്കുന്നത്! ആരും പറഞ്ഞില്ളെങ്കില്‍കൂടി ജനം ബഹിഷ്കരിച്ച് പോകുന്ന നിര്‍ലജ്ജ മുന്നണി സംവിധാനങ്ങള്‍ കൊമ്പുകോര്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കല്‍ എന്‍െറ രാഷ്ട്രീയമല്ല. പ്രാതിനിധ്യജനാധിപത്യത്തെ അതിന്‍െറ എല്ലാ പരിമിതികളോടും കൂടി അംഗീകരിക്കുന്ന സമീപനമാണ് ശരി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബി.ജെ.പിയും സി.പി.എമ്മും ഒന്നും പ്രാതിനിധ്യജനാധിപത്യത്തെ ആത്യന്തികമായി അംഗീകരിക്കുന്ന പാര്‍ട്ടിതകള്‍ അല്ല. ഹിന്ദുരാഷ്ട്രവും സോവിയറ്റ്-ചൈനീസ് മാതൃകയിലുള്ള കമ്യൂണിസ്റ്റ് ഭരണവും ഒക്കെ സ്വപ്നം കാണുന്നവരാണെങ്കില്‍ പോലും ഇന്ത്യയില്‍ നിലനില്‍ക്കു ന്ന പ്രാതിനിധ്യജനാധിപത്യത്തിന്‍െറ ശക്തിക്ക് കീഴ്വഴങ്ങിയവരാണ് ഈ പാര്‍ട്ടി കള്‍ പോലും. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഇത്തരം ശക്തികളെക്കൂടി വലിയ ഓര്‍മപ്പെടുത്തലുകള്‍ക്ക്   വിധേയമാക്കുന്ന പ്രക്രിയയാണ്. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല -വോട്ട് ചെയ്യുന്നതാര്‍ക്ക്  എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ആണെങ്കിലും. ‘നോട്ട’ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത് ഞാന്‍ ലേഖനം എഴുതിയിരുന്നു. സിവില്‍ സമൂഹരാഷ്ട്രീയം പങ്കുവെക്കുന്ന ചില സുഹൃത്തുക്കള്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും അതില്‍ നീരസം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഞാന്‍ ഇപ്പോഴും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ അത് കാര്യത്തിന്‍െറ ഒരുവശം മാത്രമാണ്.
കാരണം, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനോ ‘നോട്ട’ എന്ന് രേഖപ്പെടുത്താനോ  തുനിയുന്നതും അതിനു പ്രേരിപ്പിക്കുന്നതും ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് തടുക്കേണ്ട കുറ്റമാണെന്നല്ല, അത് ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമായിത്തന്നെ ഞാന്‍ കാണുന്നില്ല. ജനാധിപത്യത്തില്‍ സംഗതമായ വിമര്‍ശപാരമ്പര്യത്തില്‍ ഈ സമീപനത്തിനും സ്ഥാനമുണ്ട് എന്നതില്‍ എനിക്ക് സംശയമൊന്നുമില്ല. വിയോജിക്കാനുള്ള അവകാശത്തിന്‍െറ മറ്റൊരുരൂപം മാത്രമാണത്.    
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളതുപോലെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവുമുണ്ട്. കോടതിതന്നെ ഇത് അംഗീകരിച്ചിട്ടുള്ളതാണ്. നോട്ട അനുവദിക്കുന്ന രാജ്യത്ത്  വോട്ട് ചെയ്യരുതെന്ന് ആഹ്വാനംചെയ്ത് പ്രചാരണം നടത്താനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നത് തീര്‍ത്തും  അര്‍ഥരഹിതമാണ്. അതിനെതിരെ യു.എ.പി.എ ചുമത്തുന്നു എന്നത് അതുകൊണ്ടുതന്നെ തികച്ചും പരിഹാസ്യമാണ്.
എന്നാല്‍ ഇവിടെ ശ്രദ്ധേയമായിട്ടുള്ളത് ഈ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവരോടുള്ള പൊലീസിന്‍െറയും കോടതിയുടെയും സമീപനത്തിലുള്ള കടുത്ത വിവേചനമാണ്. ഈ നിയമം ഉപയോഗിച്ച് കേസ് ചാര്‍ജ് ചെയ്യപ്പെട്ട സി.പി.എം നേതാവ് പി. ജയരാജന് കിട്ടിയ പരിഗണനകള്‍ മറ്റ് പ്രതികളും അര്‍ഹിക്കുന്നില്ളേ? അദ്ദേഹത്തിന് കസ്റ്റഡി കാലാവധി മുഴുവന്‍ ആശുപത്രിയില്‍ കഴിയാന്‍ സാധിച്ചു.  ദ്രുതഗതിയില്‍ ജാമ്യം ലഭിച്ചു.  എല്ലായിടത്തും അദ്ദേഹത്തെ ആംബുലന്‍സിലും സ്ട്രെചറിലും കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഈ സൗകര്യങ്ങള്‍ വളരെക്കാലം  അബ്ദുന്നാസിര്‍ മഅ്ദനിക്ക്  നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് എവിടെയും സഞ്ചരിക്കാന്‍ കഴിയുന്നില്ല. ജയരാജന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി ഇരിക്കുന്നു. ജയരാജന് ഈ സൗകര്യങ്ങള്‍ കിട്ടുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ മറ്റ് തടവുകാര്‍ക്ക്  ഇന്ത്യയില്‍ ഇത് നിഷേധിക്കപ്പെടുന്നു. സായിബാബയുടെ കാര്യം നോക്കുക. രോഗിയും അവശനുമായ, ശാരീരിക പരിമിതികളുള്ള അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു ഭരണകൂടം. മദ്നിയുടെ കാര്യത്തിലെന്നപോലെ സായിബാബയുടെ കാര്യത്തിലും ശക്തമായ ഒരു കോടതി ഇടപെടലുണ്ടായത് വളരെ വൈകിയാണ്.
യു.എ.പി.എയുടെ പേരിലല്ളെങ്കിലും മുന്‍മ ന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് തന്‍െറ രോഗാവസ്ഥയില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. അദ്ദേഹമിപ്പോള്‍ ഇടതുമുന്നണിയുടെ നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി ഇരിക്കുന്നു. അദ്ദേഹം ആശുപത്രിയില്‍ സെല്‍ഫോണ്‍ ഉപയോഗിച്ചത് ചില മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവരുകയുണ്ടായി. അതിന്‍െറ പേരില്‍ ഒരു നടപടിയും ഉണ്ടായതായി അറിയില്ല.
പി. ജയരാജന്‍ കുറ്റവാളി ആണോ എന്ന് എനിക്കറിയില്ല. അത് കോടതിക്ക് തീരുമാനിക്കാം. പക്ഷേ, അദ്ദേഹത്തിന്‍െറ കാര്യത്തിലുള്ളതുപോലെ ഒരു അരുംകൊലയും ആരോപിക്കപ്പെട്ടിട്ടില്ലാത്ത രൂപേഷും ഷൈനിയും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്. അവരുടെ പേരില്‍ കേസുകള്‍ക്ക്  മുകളില്‍ കേസുകള്‍ കൊണ്ടുവന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് പൊലീസ്. അവര്‍ക്ക്  വായിക്കാനുള്ള പുസ്തകങ്ങള്‍ മകള്‍ ആമി എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതുപോലും തടയപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക് പലപ്പോഴും അവരെ കാണാന്‍ സാധിക്കുന്നില്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കോടിയേരി ബാലകൃഷ്ണനും മറ്റ് സി.പി.എം നേതാക്കളും സന്ദര്‍ശിച്ചത് ഞാന്‍ ഓര്‍ക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനമെന്നാണ് അവര്‍ അന്ന് പറഞ്ഞത്. ഇതേ മനുഷ്യാവകാശമാണ് രൂപേഷിനും ഷൈനിക്കും നിഷേധിക്കപ്പെടുന്നത്. മുരളി കണ്ണമ്പള്ളിയെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തിട്ട് മാസങ്ങളായി. അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത് പോകട്ടെ, ശരിയായ ചികിത്സ കിട്ടുന്നുണ്ടോ എന്നുപോലും വ്യക്തമല്ല. രോഗിയും വൃദ്ധനുമായ അദ്ദേഹത്തിന്‍െറ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് യാതൊരു രൂപവുമില്ല.
സി.പി.എം കേരളത്തില്‍ ഇടയ്ക്കിടെ ഭരണാധികാരം കൈയാളുന്ന പാര്‍ട്ടി ആയതിനാലാവാം പൊലീസ് ആ പാര്‍ട്ടിയിലെ പ്രതികളെ നിയമപരമായ എല്ലാ സംരക്ഷണവും നല്‍കി പരിപാലിക്കുന്നത്. യു.എ.പി.എ പോലുള്ള കേസുകള്‍ ചാര്‍ജ്  ചെയ്യപ്പെടുമ്പോള്‍ പോലും ഇതാണ് സമീപനം. സി.പി.എമ്മിന്‍െറയും മറ്റ് രാഷ്ട്രീയ സംവിധാനങ്ങളുടെയും നിഗ്രഹാനുഗ്രഹ ശക്തിയോടുള്ള ഭീതിയാവാം  ഇതിനുള്ള കാരണം. പക്ഷേ, ഇത് പൊലീസിന്‍െറ ഒൗദാര്യമല്ല. എല്ലാ തടവുകാര്‍ക്കും ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് എന്നത് ഇവിടെ പൂര്‍ണമായും വിസ്മരിക്കപ്പെടുന്നു. പി. ജയരാജന്‍ സംഭവത്തില്‍ മാധ്യമപ്പട അദ്ദേഹത്തെ പിന്തുടര്‍ന്നതിന്‍െറ ഫലമായി പൊലീസിന്‍െറ ഈ ഇരട്ടത്താപ്പ് കൂടുതല്‍ വെളിവായി എന്നതേയുള്ളൂ. അധികാരവും നിര്യാതനശക്തിയും സമ്പത്തുമുള്ളവര്‍ക്ക്  ഒരുനീതിയും സാധാരണ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മറ്റൊരു നീതിയുമാണ് എന്നത് അത് പിന്നെയും ബോധ്യപ്പെടുത്തി. ആയിരക്കണക്കിന്  മുസ്ലിം യുവാക്കളെ ഈ നിയമത്തില്‍പെടുത്തി വിചാരണ പോലുമില്ലാതെ തടവില്‍ പാര്‍പ്പി ച്ചിരിക്കുന്ന കാര്യം ഞാന്‍ മുമ്പും  എഴുതിയിട്ടുണ്ട്.
പോരാട്ടം പ്രവര്‍ത്തകരുടെ കാര്യത്തിലെന്നതുപോലെ നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ ഈ കരിനിയമം ചാര്‍ത്തി സാധാരണ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന സമീപനം എത്രയുംപെട്ടെന്ന് ഉപേക്ഷിക്കണമെന്ന് ഒരിക്കല്‍കൂടി അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.
പക്ഷേ, യു.എ.പി.എയുടെ ദുരുപയോഗം തടയാനുള്ള ആത്യന്തികമായ മാര്‍ഗം  അത് പിന്‍വലിക്കുക എന്നത് തന്നെയാണ്. എന്നാല്‍, ഇതിനെതിരെയുള്ള ശബ്ദങ്ങള്‍ ഇപ്പോള്‍ തീരെ നേര്‍ത്തുപോവുകയും ഇല്ലാതാവുകയും എന്നതാണ് ഖേദകരമായ വസ്തുത.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapa
Next Story