ഈ നാടിനെപ്പറ്റി ലജ്ജിക്കുകയാണോ ദു$ഖിക്കുകയാണോ വേണ്ടതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം വീട്ടിലിരുന്ന് വായിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്കുപോലും ഇത്ര ഭീകരദുരന്തം ഉണ്ടാകുന്നത് രാജ്യത്തിനുതന്നെ ദു$ഖവും അപമാനവുമാണ്. പൈശാചികം എന്നേ അതിനെക്കുറിച്ച് പറയാനാവൂ. പെണ്‍കുട്ടിയെ കൊന്നുകളഞ്ഞെന്നോ ബലാത്സംഗം ചെയ്തെന്നോ പറയുന്നത് നാട്ടില്‍ സാധാരണ കാര്യങ്ങളാണ്. പക്ഷേ, ഇത്രയധികം പീഡിപ്പിച്ച് സര്‍വാംഗം കുത്തിമുറിച്ച് കുടല്‍മാല വെളിയില്‍ വലിച്ചിട്ട് കൊല്ലണമെങ്കില്‍ അത് പിശാചുക്കളുടെ കൂട്ടമായിരിക്കണം. ഇവരുടെ ഇടയിലാണല്ളോ പെണ്‍കുട്ടികള്‍ ജീവിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. അതിക്രൂര പീഡനങ്ങള്‍ ഏല്‍ക്കുമ്പോള്‍ അവള്‍ അത്യുച്ചത്തില്‍ നിലവിളിച്ചുകാണുമല്ളോ. നിലവിളി കേട്ടെന്ന് പൊലീസിന് മൊഴിനല്‍കിയ അയല്‍പക്കത്തുള്ളവര്‍ എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്. അയല്‍പക്കത്ത് എന്തുനടന്നാലും പോയി നോക്കാത്ത മലയാളിയുടെ അനാസ്ഥയും ധിക്കാരവുമാണ് ഇവിടെ പ്രകടമാവുന്നത്.
വീട്ടിലിരിക്കുമ്പോഴും ഭയപ്പെടണം. ഇക്കാര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ഭരണകൂടത്തെയാണോ സമൂഹത്തെയാണോ നീതിപാലകരെയാണോ നീതിപീഠത്തെയാണോ എന്ന് എനിക്കറിയില്ല. പ്രധാനപ്പെട്ട കാര്യം സമൂഹം അതിന്‍െറ കടമകള്‍ നിര്‍വഹിക്കുന്നില്ളെന്നതുതന്നെയാണ്. തങ്ങളുടെ സഹോദരിയുടെയും പെണ്‍മക്കളുടെയും അമ്മമാരുടെയും സുരക്ഷയെക്കുറിച്ച് വിചാരമില്ലാത്ത പുരുഷവര്‍ഗമാണിവിടെയുള്ളത്. അക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ല. ഏത് അപകടവും കണ്ടാല്‍ കുറച്ച് മാറിനിന്ന് മൊബൈലില്‍ ചിത്രം പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അയച്ച് രസിക്കുന്നവര്‍.
പൂര്‍ണ സ്വാര്‍ഥര്‍. ഹൃദയശൂന്യര്‍. അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു മലയാളികള്‍. നിര്‍ഭയമാതൃക വളരെ രസത്തോടെ അവര്‍ ആസ്വദിക്കുകയാണ്. ഒന്നുമാത്രമേ പറയാനുള്ളൂ... മഹാപാപങ്ങളുടെ കാലഘട്ടമാണിത്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്‍െറ ഏഴാംപക്കം ചിതകളുടെ കനല്‍ അടങ്ങുന്നതിനുമുമ്പ് ഗജരാജന്മാരെ പട്ടംകെട്ടിനിര്‍ത്തി വെടിക്കെട്ട് ആഘോഷിച്ചു. ദു$ഖാചരണത്തിന് ഒരുദിവസം മാറ്റിവെക്കാന്‍പോലും സമയം കിട്ടിയില്ല. വളരെ വര്‍ഷങ്ങളായി പറഞ്ഞും എഴുതിയും കേസുകള്‍ നടത്തിയും കോടതി കയറിയും മനസ്സ് മടത്തു.
പ്രകൃതിയുടെയും വന്യമൃഗങ്ങളുടെയും മനോരോഗികളുടെയും ചെറിയകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം അവസ്ഥയെച്ചൊല്ലി ഏറെക്കാലം കഷ്ടപ്പെട്ടു. ഇപ്പോള്‍ രാത്രിയായിക്കഴിഞ്ഞിരിക്കുന്നു. എന്‍െറ ഭാഗ്യംകെട്ട രാജ്യത്തെ രക്ഷിക്കാന്‍ ഈശ്വരനോട് പ്രാര്‍ഥിക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. -ഇവിടത്തെ പൊലീസുകാരുടെ ചുമതലാബോധം മുതല്‍ കോടതികളുടെ നീണ്ടുപോവുന്ന കേസ് നടത്തിപ്പിന്‍െറ ദീര്‍ഘവര്‍ഷം വരെ, വിധി പുറപ്പെടുവിച്ചു കഴിഞ്ഞാലും വിധി നടപ്പാക്കാന്‍ വേണ്ടുന്ന അതിദീര്‍ഘ കാലവിളംബം വരെ.
കൊടുംക്രൂരതക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയെപ്പോലെ ഒരാളെ ഏറെവര്‍ഷങ്ങള്‍ ജയിലിലിട്ടശേഷം വധശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ മനസ്സ് പൊള്ളിക്കുന്നവയാണ്. തലകുനിപ്പിക്കുന്നവയാണ്. കുഞ്ഞുങ്ങളുടെ മുഖത്തുനോക്കാന്‍ ഭയംമൂലം അമ്മമാരുടെ ഉള്ളുപൊള്ളുന്നു. ഈശ്വരന്‍ ഈ നാടിനെ രക്ഷിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. യൗവനാരംഭത്തില്‍തന്നെ ദാരുണമായി കൊല്ലപ്പെട്ട കൊച്ചുമകളോട് ഈ നാട്ടിലെ അമ്മമാരുടെ എല്ലാം ഒരേ ശബ്ദത്തില്‍ ഞാന്‍ മാപ്പുചോദിക്കുന്നു.