Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശ്വാസപദ്ധതികള്‍...

ആശ്വാസപദ്ധതികള്‍ ഇല്ലാതെ തൊഴില്‍സമൂഹം

text_fields
bookmark_border
ആശ്വാസപദ്ധതികള്‍ ഇല്ലാതെ തൊഴില്‍സമൂഹം
cancel

1886 മേയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കയിലെ ഷികാഗോ നഗരത്തില്‍ അരങ്ങേറിയ വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങളോടനുബന്ധിച്ച് മേയ് നാലിന് ഹേമാര്‍ക്കറ്റ് ചത്വരത്തില്‍ നടന്ന വെടിവെപ്പും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് മേയ് ദിനാചരണത്തിന് കാരണമായിത്തീര്‍ന്നത്. ഇന്ന് നാം സാര്‍വദേശീയ തൊഴിലാളിദിനം ആചരിക്കുമ്പോഴും രൂക്ഷമായ പ്രശ്നങ്ങള്‍ തൊഴില്‍സമൂഹത്തിന് ഭീഷണികളായി നിലനില്‍ക്കുന്നു.
ലോക സാമ്പത്തികപ്രതിസന്ധികളുടെ ഊരാക്കുടുക്കില്‍പെട്ട് കൈകാലിട്ടടിക്കുന്ന ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന മൂലധനശക്തികളും പ്രതിസന്ധിയുടെ ആഘാതം തൊഴിലാളിവര്‍ഗത്തിന്‍െറ മേല്‍ കെട്ടിവെക്കുന്നത് ജീവിതപ്രതിസന്ധിയിലേക്ക് ഇവരെ തള്ളിവീഴ്ത്തിയിരിക്കുകയാണ്.
അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും മറ്റനേകം രാജ്യങ്ങളെയും പാപ്പരാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധി മൂലധനശക്തികളുടെ സൃഷ്ടിയാണ്. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഭരണകൂടങ്ങളും മൂലധനശക്തികളും അവരുടെ ഉപദേഷ്ടാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പ്രയോഗിച്ച ഉപായങ്ങളൊക്കെ പരാജയമായി. ഏറ്റവും എളുപ്പ മാര്‍ഗമെന്ന നിലയില്‍ കോടിക്കണക്കിനു തൊഴിലാളികള്‍ അനുഭവിച്ചുപോരുന്ന അവകാശാനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയും തൊഴിലില്‍നിന്ന് അവരെ പിഴുതെറിയുകയും ചെയ്തു. ഗുരുതരമായ ഈ നടപടിക്കെതിരെ യൂറോപ്പിലും മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും പോരാട്ടങ്ങള്‍ നടക്കുന്നു. യൂറോപ്പിലെ മുഖ്യപ്രശ്നം തൊഴിലില്ലായ്മയാണ്. ഒൗദ്യോഗിക കണക്കനുസരിച്ച് ഗ്രീസില്‍ 27.4 ശതമാനവും സ്പെയിനില്‍ 26.7 ശതമാനവും പോര്‍ചുഗലില്‍ 15.5 ശതമാനവും ബര്‍ഗേറിയയില്‍ 12.9 ശതമാനവും ഇറ്റലിയില്‍ 12.7 ശതമാനവുമാണ്. തൊഴിലില്ലാത്തവരില്‍ അധികവും യുവാക്കളും സ്ത്രീകളുമാണ്.
മൂലധനശക്തികള്‍ വിജയലഹരിയില്‍ തിരിയുന്നത് തൊഴിലാളികള്‍ക്ക് നേരെയാണ്. മൂലധനശക്തികള്‍ തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് നടത്തുന്നതിലുള്ള കലിതീര്‍ക്കുന്നതും തൊഴിലാളികളുടെ ചുമലില്‍തന്നെ. പ്രതിസന്ധിച്ചുഴിയിലായ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും മൂലധനശക്തികളെ മാത്രം രക്ഷിക്കാന്‍ പൊതുഖജനാവ് യഥേഷ്ടം വിനിയോഗിക്കുകയായിരുന്നു. ധനകാര്യസ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും രക്ഷാപാക്കേജ് എന്നപേരില്‍ ഭീമമായ തുകകള്‍ വാരിക്കോരി കൊടുത്തതൊക്കെ കായലില്‍ കായം കലക്കിയതുപോലെയായി. ഇന്ത്യയെ സാമ്പത്തികപ്രതിസന്ധി ബാധിച്ചില്ളെന്നുപറയുന്ന സര്‍ക്കാര്‍ ഇവിടെയും അതുതന്നെയാണ് പിന്തുടരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നികുതി ഇളവായും ആനുകൂല്യങ്ങളായും കോര്‍പറേറ്റുകള്‍ക്ക് കൊടുത്തതാകട്ടെ 21.5 ലക്ഷം കോടി രൂപ. തൊഴില്‍സ്ഥാപനങ്ങള്‍ തലങ്ങും വിലങ്ങും അടച്ചുപൂട്ടുന്നു. അതു ചെയ്യാത്തിടത്ത് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഒരു പൈസപോലും നഷ്ടപരിഹാരം നല്‍കാതെയാണ് പിരിച്ചുവിടല്‍. ഇന്ത്യയിലെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഖനികള്‍ എന്നിവ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുകയാണ്. സാമ്പത്തികമേഖലയില്‍ വിദേശ മൂലധനനിക്ഷേപം അനുവദിച്ച് രാജ്യാന്തര സാമ്പത്തികശക്തികള്‍ക്ക് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സ്വാധീനം ഉറപ്പിക്കാന്‍  അവസരം നല്‍കുന്നു. വിദേശ പണത്തെ മാത്രം ആശ്രയിച്ച് ലോകത്ത് ഒരിടത്തും ഒരു സമ്പദ്ഘടനയും വളര്‍ന്നിട്ടില്ല എന്ന യാഥാര്‍ഥ്യം കാണാതെപോകുകയാണ്.
ശമ്പളവും മറ്റാനുകൂല്യങ്ങളും ഏകപക്ഷീയമായി വെട്ടിക്കുറക്കുന്ന ഭരണകൂടം പെന്‍ഷനും നിര്‍ത്തലാക്കി ക്ഷേമപദ്ധതികള്‍ അവസാനിപ്പിക്കുന്നു. സബ്സിഡികള്‍ വെട്ടിക്കുറക്കുന്നു. ഇതെല്ലാം തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. ഇതില്‍നിന്നവര്‍ക്ക് തെല്ളൊരാശ്വാസമെങ്കിലും നല്‍കാന്‍ ഒരു പദ്ധതിയുമില്ല, പാക്കേജുമില്ല.
കേരളത്തിലെ ഗ്രാമീണജനതക്ക് ആശ്വാസംപകര്‍ന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കം. 30 ലക്ഷത്തോളം കുടുംബങ്ങള്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന പദ്ധതിയാണിത്. ഇതിലേക്കായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടിന്‍െറ 25 ശതമാനം സംസ്ഥാനവും കൂട്ടിച്ചേര്‍ത്തുവേണം പദ്ധതി നടപ്പാക്കാനെന്നാണ് വ്യവസ്ഥ. എന്നാല്‍, സംസ്ഥാനവിഹിതം നല്‍കാതെ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന ഫണ്ട് കൊണ്ടുമാത്രം പദ്ധതി നടപ്പിലാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനു കഴിഞ്ഞില്ളെങ്കില്‍ ആ ദിവസത്തെ വേതനം നല്‍കണം. ഈ നിബന്ധന ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പുതുതായി കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ്. നഗരങ്ങളില്‍ ദിവസം 32 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരാണെന്ന കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ മാനദണ്ഡം അസംഘടിതമേഖലയിലെ തൊഴിലാളികളില്‍ 95 ശതമാനത്തിനും കുറഞ്ഞനിരക്കിലുള്ള റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത സ്ഥിതിയുണ്ടാക്കും. അതോടൊപ്പം ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. അതിരൂക്ഷമായ വിലക്കയറ്റത്തിന്‍െറ കെടുതിയില്‍പെട്ട് ഞെരിഞ്ഞമരുകയാണ് തൊഴിലാളികളും പണിയെടുക്കുന്ന മറ്റെല്ലാ ജനവിഭാഗങ്ങളും. വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ജനകീയപ്രക്ഷോഭങ്ങള്‍ ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്നു. ഇതിനൊക്കെ പുറമെയാണ് തൊഴിലാളികള്‍ ദീര്‍ഘകാലസമരത്തിലൂടെ നേടിയെടുത്ത സംഘടിക്കാനും അവന്‍െറ മൗലികാവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടം നടത്താനുമുള്ള സ്വാതന്ത്ര്യത്തിന്‍െറ കടക്കല്‍ കത്തിവെക്കാന്‍ മോദിഭരണം മുന്നോട്ടുവന്നിരിക്കുന്നത്. രാജ്യത്തെ 87 ശതമാനത്തോളം വരുന്ന തൊഴിലാളികള്‍ ദീര്‍ഘകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍നിയമങ്ങളുടെ എല്ലാ സംരക്ഷണവും പുതിയ തൊഴില്‍നിയമ ഭേദഗതികളിലൂടെ എടുത്തു കളയുകയാണ്. ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ച 1923ലെ എംപ്ളോയീസ് കോമ്പന്‍സേഷന്‍ ആക്ട് പോലും.
2014 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക വ്യവസായ സര്‍വേപ്രകാരം രാജ്യത്ത് 1,75,710 ഫാക്ടറികളും അതില്‍ 1,34,29,956 തൊഴിലാളികളും ജോലി ചെയ്യുന്നു. ഇതില്‍ 1,25,301 ഫാക്ടറികളില്‍ 50ല്‍ താഴെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച നിയമങ്ങള്‍ അനുസരിച്ചുള്ള ഒരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ലാതായിരിക്കുന്നു.
ഇത്തരം ദുരവസ്ഥ ദൂരീകരിക്കാന്‍ മറ്റാരെക്കാളും ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
 

Show Full Article
TAGS:may day workers day 
Next Story